ന്തൊക്കെയാണ് ഒരു ഹാക്കറുടെ ജോലികൾ? എന്താ വായിക്കാൻ താല്പര്യം ഉണ്ടോ? ആധുനിക ലോകത്തിനു ഒട്ടും ഒഴിവാക്കാൻ പറ്റാത്തത്ര നിലയിലേക്ക് കമ്പ്യൂട്ടറും അനുബന്ധ ടെക്കനോളജിയും വളർന്നിരിക്കുന്നു, അല്ലെങ്കിൽ നമ്മൾ അതിനെ ഒഴിവാക്കാൻ പറ്റാത്തത്ര അടിമപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞാലും അതിൽ തെറ്റില്ല. നമ്മൾ കൂടുതൽ ടെക്‌നോളജിയെ ആശ്രയിക്കുമ്പോൾ നമ്മൾപോലും അറിയാതെ നമ്മളെക്കുറിച്ചുള്ള വിവരങ്ങൾ മറ്റുള്ളവർക്ക് തുറന്നു കൊടുക്കുന്ന ഒരു സാഹചര്യം ഇന്ന് നിലവിൽ ഉണ്ട്.

ഉദാഹരണത്തിന്: ഒരു ഹാക്കർ ഒരു സ്ഥാപനത്തെ (അതിന്റെ കമ്പ്യൂട്ടർ നെറ്റ് വർക്കിനെ) ഹാക്ക് ചെയ്യുന്നതിന് മുൻപ് അതിനെ കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ ഇന്റർനെറ്റിൽ നിന്നും കളക്റ്റ് ചെയ്യാറുണ്ട്. നമ്മൾ നിസാരം എന്ന് കരുതുന്ന പല വിവരങ്ങളും മാത്രം മതി ഒരാളെപ്പറ്റി / സ്ഥാപനത്തെ കൂടുതൽ അറിയാൻ. പുതിയ ജോലിക്കാരെ ആവശ്യമുണ്ട് എന്ന പരസ്യം പോലും ഒരു ഹാക്കർക്ക് വിലപ്പെട്ട വിവരമാണ് (എന്താ വിശ്വാസം വരുന്നില്ല അല്ലെ, വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത്തരം പരസ്യങ്ങളിലൂടെയും ഹാക്കർമാർ തങ്ങൾക്കാവശ്യമായ വിവരങ്ങൾ ശേഖരിക്കാറുണ്ട്).

കുട്ടികളെക്കുറിച്ചുള്ള വേവലാതി, പങ്കാളിയെപറ്റിയുള്ള സംശയം, ബിസിനസ് പാർട്ട്‌നറെപ്പറ്റിയുള്ള കാര്യങ്ങൾ, സ്ഥാപനങ്ങളുടെ കമ്പ്യൂട്ടർ നെറ്റ് വർക്കിന്റെ സുരക്ഷിതത്വം, വിസ്വസ്തരല്ലാത്ത ജോലിക്കാരെ കണ്ടെത്തൽ, ഡേറ്റാ ലീക്ക് ചെക്ക് ചെയ്യൽ, വെബ് സൈറ്റ് സെക്യൂരിറ്റി ചെക്കിങ്ങ്, ബ്ലാക്ക്‌മെയിൽ ചെയ്ത ഇമെയിൽ ട്രെയ്‌സ് ചെയ്യൽ തുടങ്ങിയവയാണ് സാധാരണ ഒരു ഹാക്കർ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ.

മാതാ പിതാക്കളുടെ വേവലാതി

ടുത്തിടെയായി ഞാൻ ശ്രദ്ധിച്ചു തുടങ്ങിയ ഒരു കാര്യമാണ് ഉത്കണ്ഠാകുലരായ മാതാ പിതാക്കൾ തങ്ങളുടെ കുട്ടികളെക്കുറിച്ചുള്ള ആശങ്കകളുമായി എന്നെ തേടി വരുന്നത്. പല ആളുകളുടെയും അനുഭവങ്ങൾ ഏതാണ്ട് ഒരേപോലെയാണ്. മൊബൈൽ, സോഷ്യൽ മീഡിയ, കുട്ടികളുടെ ബ്രൗസിങ്ങിലുള്ള ആശങ്ക എന്നിവതന്നെ സ്ഥിരം പ്രശ്‌നം. ടെക്‌നോളജി മാതാ പിതാക്കളെക്കാളും അറിയാവുന്നവരാണ് ഇന്നത്തെ പുതു തലമുറ, പല കുട്ടികളും അവർ ബ്രൗസ് ചെയ്ത വിവരങ്ങളും ഡിലീറ്റ് ചെയ്താണ് തങ്ങളുടെ കമ്പ്യൂട്ടർ ഓഫ് ചെയ്യുന്നത്. പിന്നെ ടെക്കികളല്ലാത്ത മാതാ പിതാക്കൾക്ക് എന്തു കണ്ടു പിടിക്കാൻ. പലപ്പോഴും കുട്ടികൾ പഠനത്തിൽ പുറകിലേക്ക് പോകുംമ്പോളോ, മറ്റു പ്രശ്‌നങ്ങളിൽ ചാടുമ്പോളോ ആകും മാതാ പിതാക്കളുടെ ശ്രദ്ധയിൽ പെടുക. ഇവരോടെല്ലാം ഞാൻ ആദ്യമേ പറയുന്നത് കുട്ടികൾ ഉപയോഗിക്കുന്ന കമ്പ്യൂട്ടർ മാതാ പിതാക്കൾ എപ്പോളും കാണാവുന്ന സ്ഥലത്ത് വെക്കുകയാണെങ്കിൽ, കുട്ടികളുടെ കമ്പ്യൂട്ടർ ദുരുപയോഗം ഒരു പരിധി വരെ നിയന്ത്രിക്കാം, പല മാതാ പിതാക്കളും പ്രശ്‌നങ്ങളും ആയി വരുമ്പോളേക്കും കുട്ടികൾ അപകടത്തിൽ ആയിട്ടുണ്ടാകും. ചിലർ ഭാഗ്യവശാൽ തങ്ങളുടെ കുട്ടികൾ അപകടത്തിൽ എത്തുന്നതിനു മുൻപേ അറിയുന്നതിനാൽ എനിക്ക് അവരെ സഹായിക്കാൻ പറ്റാറുണ്ട്.

മരുന്നിനെക്കാൾ നല്ലത് പ്രതിരോധം തന്നെയാണ്, ഇത് ഇവിടെയും ബാധകമാണ് രക്ഷിതാക്കളുടെ ശ്രദ്ധ എപ്പോളും കുട്ടികളിലും, അവരുപയോഗിക്കുന്ന നവീന വാർത്താവിനിമയ മർഗങ്ങളിലും എപ്പോളും ഉണ്ടായിരിക്കണം. നിങ്ങളുടെ അശ്രദ്ധ നിങ്ങളുടെ അടുത്ത തലമുറയെതന്നെ ഇല്ലാതാക്കിയേക്കാം.

പങ്കാളികളെ പറ്റിയുള്ള സംശയം

ന്റെ ഭർത്താവ് / ഭാര്യ എപ്പോളും കമ്പ്യൂട്ടറിന്റെ മുമ്പിലാണ്, അല്ലെങ്കിൽ എപ്പോളും വാട്ട്‌സ് ആപ്പ് ചെക്ക് ചെയ്യുന്നത് കാണാം എനിക്ക് അയാളെപ്പറ്റി/അവരെപ്പറ്റി സംശയം ഉണ്ട്. ഇതാണ് രണ്ടാമത്തെ വിഭാഗം. ഇവർക്ക് വേണ്ടത് തന്റെ പങ്കാളി വേറെ ആരെങ്കിലുമായി ബന്ധമുണ്ടോ എന്നറിയുകയാണ് ലക്ഷ്യം. 2011 ൽ ഇന്റർനെറ്റ് ലോകം വ്യാപകമായി ഉപയോഗിച്ച ഒരു പുതിയ വാക്കാണ് 'സൈബർ വിഡോ' ഈ വാക്കിനെ മലയാളീകരിക്കാൻ എനിക്കറിയില്ല പക്ഷെ അത് എന്താണെന്നു വിശദീകരിക്കാൻ സാധിക്കും. ഭർത്താവ് ഭാര്യയോട് ഇടപെടുന്നതിനെക്കാൾ കൂടുതലായി ഇന്റർനെറ്റിൽ സമയം ചിലവഴിക്കുന്നതുമൂലം ഒരു വിധവയെപ്പോലെ ജീവിക്കാൻ ഇടവരിക. എന്നാൽ കഴിഞ്ഞ രണ്ടു മൂന്നു വർഷങ്ങൾകൊണ്ട് ഏതൊരാൾക്കും നിസാര പൈസക്ക് സ്മാർട്ട് ഫോണുകൾ വാങ്ങാം എന്ന നിലയിലായതോടുകൂടെ ഇവിടെയും സമത്വം വന്നു കഴിഞ്ഞു (ഇത് ഒരു തമാശ രൂപേണ ഞാൻ ഇവിടെ പറഞ്ഞു, പക്ഷെ ആ തമാശക്കുള്ളിലെ ഞെട്ടിക്കുന്ന യാദാർത്ഥ്യം ഇന്ന് പല കുടുംബങ്ങളിലും വിള്ളലുകളും തകർച്ചയും ഉണ്ടാക്കി തുടങ്ങിയിരിക്കുന്നു). നിസാര കാര്യങ്ങൾക്കു വേണ്ടി കുടുംബ ബന്ധങ്ങൾ തകരുന്ന ഗുരുതരമായ നിലയിലാണ് ഇന്നത്തെ നമ്മുടെ തലമുറ. പങ്കാളികളെ കുറിച്ചുള്ള വിവരങ്ങൾ തേടി വരുന്നവരുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്നതായി എനിക്ക് ഇതുവരെ തോന്നിയിട്ടില്ല.

ബിസിനസ് പാർട്ട്‌നറെ രഹസ്യമായി പിന്തുടരുക

മേൽ പറഞ്ഞതിന്റെ ഒരു തനി കച്ചവട രൂപമാണ് ഇത് . തന്റെ ബിസിനസ് പാർട്ട്‌നര് വേറെ ആരെങ്കിലുമായി ചേർന്ന് തനിക്കോ തന്റെ സ്ഥാപനത്തിനോ മത്സരത്തിനു വരുമോ, അല്ലെങ്കിൽ അയാളുടെ മറ്റു പരിപാടികൾ എന്തെല്ലാം ആണ് , വിശ്വസിക്കാൻ കൊള്ളാവുന്ന ആളാണോ തുടങ്ങിയവയാണ് ഈ കൂട്ടർക്ക് അറിയേണ്ടത്. ആദ്യം പറഞ്ഞ രണ്ടു കൂട്ടരുടെ അത്രയും ഇല്ലെങ്കിലും വല്ലപ്പോഴും ഇത്തരക്കാരുമായിട്ടും എനിക്കിടപടെണ്ടി വന്നിട്ടുണ്ട്. പലപ്പോഴും ഇത്തരം അസൈന്മേന്ടു കൊണ്ടുവരിക ഏതെങ്കിലും ഡിട്ടെക്റ്റീവ് എജൻസികളാണ് , അവരുടെ അന്വേഷണത്തിന് സപ്പോർട്ട് ചെയ്യാവുന്ന തെളിവുകളായിരിക്കും ഒരു ഹാക്കർ എന്ന നിലയിൽ അവർ ആവശ്യപ്പെടുക.

സ്ഥാപനങ്ങളുടെ കമ്പ്യൂട്ടർ നെറ്റ്‌വർക്ക് സെക്യൂരിറ്റി ചെക്കിങ്ങ്

സ്വന്തം സ്ഥാപനത്തിന്റെ നെറ്റ്‌വർക്ക് എത്രമാത്രം സുരക്ഷിതമാണ് എന്ന് ചെക്കുചെയ്യാൻ പൊതുവെ നല്ല രീതിയിൽ ബിസിനസ് ചെയ്യുന്ന ഏതൊരു ബിസിനെസ്സ്‌കാരനും താല്പര്യം ഉണ്ടാകും. കമ്പ്യൂട്ടർ ഇല്ലെങ്കിൽ ബിസിനസ് ചെയ്യാൻ പറ്റില്ല എന്നാ രീതിയിലുള്ള ധാരാളം ബിസിനസ് ഇപ്പോൾ ഉണ്ട്. ഒരു മണിക്കൂർ കമ്പ്യൂട്ടർ നിശ്ചലമായാൽ വലിയ നഷ്ടങ്ങൾ ഉണ്ടാകുന്ന ബിസിനസ്‌കളിൽ സ്വന്തം ഐ റ്റി നെറ്റ്‌വൊർക്കിന്റെ സുരക്ഷിതത്ത്വം എത്രത്തോളം ഉണ്ട് എന്ന് ഒരു തേർഡ് പാർട്ടി സെക്യൂരിറ്റി എക്‌സ്‌പെർട്ടിനെ കൊണ്ട് ഒരു നിശ്ചിത ഇടവേളകളിൽ ചെക്ക് ചെയ്യാറുണ്ട്. ഇതിനെ പെനിട്രേഷൻ ചെക്കിങ്ങ് എന്നാണ് ഹക്കെര്മാരുടെ ഇടയിൽ അറിയപ്പെടുക.

വിശ്വസ്തരല്ലാത്ത ജോലിക്കാരെ കണ്ടെത്തുക

ല വലിയ ബിസിനസ്‌കളും നിലനിൽക്കുന്നത് തങ്ങളുടെ ഡാറ്റയുടെ ( വിവരങ്ങളുടെ ശേഖരം) കൃത്യത കൊണ്ടും, ആധികാരികത കൊണ്ടും, അപൂർവത കൊണ്ടും ആണ്. ഇവ എന്ത് വിലകൊടുത്തും ആ കമ്പനികൾ മറ്റൊരാളുടെ കയ്യിൽ എത്തിപ്പെടാതിരിക്കാൻ നോക്കും. ഇതേ ബിസിനസ് ചെയ്യുന്ന മറ്റു കമ്പനികൾ ഏതു വിധത്തിലും തങ്ങളുടെ എതിരാളികളുടെ കയ്യിലുള്ള ഡാറ്റ തങ്ങളുടെ കയ്യിൽ കൊണ്ടുവരാനും നോക്കും.ഇതിനു സാധാരണ കമ്പനികൾ ചെയ്യുന്നത് തങ്ങളുടെ എതിരാളികളുടെ ജോലിക്കാരെ പാട്ടിലക്കിയായിരിക്കും. ഇങ്ങനത്തെ ജോലിക്കാരെ കണ്ടെത്താനും കമ്പനികൾ സഹായം തേടി വരാറുണ്ട്.

ഡാറ്റ ലീക്ക് തടയുക

മേൽപറഞ്ഞ കാര്യങ്ങളും ഡാറ്റ ലീക്ക് തടയുന്ന പ്രക്രിയയിൽ പെടുന്നതാണ്. ഇവ കൂടാതെ ഫയർവാൾ കൃത്യമായി കോണ്ഫിുഗർ ചെയ്യുക , കമ്പനിയുടെ സെക്യൂരിറ്റി പോളിസി ചെക്കുചെയ്യുക ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്തുക, തേർഡ് പാർട്ടി സ്റ്റൊറേജ് നെറ്റ്‌വൊർക്കിൽ ഉപയോഗിക്കുന്നത് തടയുക , കമ്പനി നെറ്റ്‌വൊർക്കിൽ നിന്നും പോകുന്നതും വരുന്നതുമായ മെസ്സേജുകൾ മോണിറ്റർ ചെയ്യുകയും ആവശ്യമെങ്കിൽ അവയെ ഫിൽറ്റർ ചെയ്യുകയും ചെയ്യുക തുടങ്ങിയവയും ഇതിൽ ഉൾപ്പെടും . ഡാറ്റ മുഖ്യ ശ്രോതസായി ഉപയോഗിക്കുന്ന കമ്പനികൾ ഏതു വിലകൊടുത്തും ഡാറ്റ ലീക്ക് തടയാൻ നോക്കാറുണ്ട്. ഇതിനും എത്തിക്കൽ ഹാക്കർമാരെ ഉപയോഗിക്കാറുണ്ട്.

വെബ്‌സൈറ്റ് ഹാക്കിങ് തടയുക

വെബ്‌സൈറ്റ് മാനേജ് ചെയ്യുന്നവർ തങ്ങളുടെ സൈറ്റിന്റെ സെക്യൂരിറ്റി ചെക്ക് ചെയ്യാനും, അതിനെ ഫിക്‌സ് ( പാച്ചിങ് ) ചെയ്യാനും എത്തിക്കൽ ഹാക്കരുടെ സഹായം തേടാറുണ്ട്. ഇന്റർനെറ്റുമായി ബന്ധപ്പെടുമ്പോൾ അതിന്റെ സെക്യൂരിറ്റി ചെക്കുചെയ്യുക വളരെ പ്രാധാന്യമുള്ള ഒരു കാര്യമാണ്. സെക്യൂരിറ്റി ചെക്കുചെയ്യാത്ത സൈറ്റുകൾ വളരെ എളുപ്പന്നു കുഴപ്പത്തിൽ ചെന്ന് കയറുവാനുള്ള സാധ്യത വളരെ കൂടുതലാണ്.

ബ്ലാക്ക്മയ്ൽ ചെയ്ത ഈ മെയിൽ സന്ദേശങ്ങൾ ട്രാക്ക് ചെയ്യുക

ബ്ലാക്മയ്ൽ സന്ദേശങ്ങൾ ട്രാക്കുചെയ്യുകയും അവയുടെ ഉറവിടം കണ്ടെത്തി പൊലീസിനെയോ, മറ്റു അന്വേഷണ എജൻസികളെയോ സഹായിക്കുക, ഇത്തരം ആവശ്യങ്ങളും എനിക്ക് ചില സമയങ്ങളിൽ നേരിടേണ്ടി വന്നിട്ടുണ്ട്.

ടെക്‌നോളജി വികസിക്കും തോറും, നമ്മൾ കൂടുതൽ മേഖലകൾ ടെക്‌നോളജിയുമായി ബന്ധിപ്പിക്കുമ്പോളും ഓരോ കേസിലും വ്യത്യസ്ഥമായ കാര്യങ്ങളാണ് എനിക്ക് നേരിടേണ്ടി വന്നിട്ടുള്ളത്. ഇതേ വ്യത്യസ്ഥത തന്നെയാണ് ഒരു ഹാക്കർ എന്ന പ്രോഫഷനിൽ എന്നെ കൂടുതൽ കൂടുതൽ അടിക്റ്റഡാക്കുന്നതും.

www.twitter.com/binosh