കദേശം 20 മാസം മുമ്പാണ് കുമാർ (യഥാർത്ഥ പേരല്ല) എന്നെ കാണാൻ എന്റെ ഓഫീസിൽ വരുന്നത്. എന്റെ മറ്റൊരു സുഹൃത്തിന്റെ ഉറ്റ സുഹൃത്താണ് കുമാർ. കേരളത്തിലെ അറിയപ്പെടുന്ന ഒരു സീ ഫുഡ് എക്‌സ്‌പോർട്ടർ ആണ് ഇദ്ദേഹം. നേരിട്ട് കാണണം വളരെ അത്യാവശ്യം ആണ് എന്ന് പറഞ്ഞപ്പോൾ മറ്റെല്ലാ കാര്യങ്ങളും മാറ്റിവച്ചു ഉച്ച മുതൽ ഇദ്ദേഹത്തെ കാത്തിരിക്കുകയായിരുന്നു ഞാൻ. ഓഫീസിൽ എത്തിയപാടെ നേരിട്ട് കാര്യങ്ങളിലേയ്ക്ക് ഞങ്ങൾ കടന്നു. വർഷം സാമാന്യം വളരെ നല്ല ടർനോവർ ഉള്ള സ്ഥാപനത്തിന്റെ ഉടമ. കച്ചവടത്തിൽ വളരെ നാളത്തെ അനുഭവ സമ്പത്ത്, സാമാന്യം ഭംഗിയായി മറ്റ് സംസ്ഥാനങ്ങളിലും ബിസിനസ് നടത്തുന്നയാൾ. കഴിഞ്ഞ രണ്ട് ആഴ്ച മുൻപ് അദ്ദേഹം പോലും അറിയാതെ അദ്ധേഹത്തിന്റെ ഇ-മെയിലിൽ നിന്നും യൂറോപ്പിലുള്ള കസ്റ്റമർക്കു ഒരു മെയിൽ പോയി, അതിന്റെ ഫലമായി അദ്ദേഹത്തിനു ഉണ്ടായ നഷ്ടം ഏകദേശം 1 കോടി രൂപായിക്കടുത്ത് (98 ലക്ഷം ഇന്ത്യൻ രൂപ).

സംഭവം ഇങ്ങനെ ആണ് - കുമാറിന്റെ സ്ഥാപനം കഴിഞ്ഞ ഏഴ് വർഷമായി ഫ്രാൻസിൽ ഉള്ള ഒരു കസ്റ്റമർക്കു ഫ്രഷ് സീ ഫുഡ് എയർ കാർഗോ വഴി എല്ലാ ദിവസവും അയച്ചു കൊടുക്കുകയാണ്. എല്ലാ മാസവും കുമാറിന്റെ കമ്പനിയുടെ ഇന്ത്യയിലെ കറന്റ് അക്കൗണ്ടിൽ ഫ്രാൻസിലെ കസ്റ്റമർ പണം അയച്ചു കൊടുക്കും. കഴിഞ്ഞ രണ്ടാഴ്ച മുൻപ്, ഫ്രാൻസിലെ കസ്റ്റമർക്കു കുമാർ യുകെയിൽ ഒരു ബാങ്ക് അക്കൗണ്ട് ആരംഭിച്ചെന്നും ഇത് ഫ്രാൻസിലുള്ള കസ്റ്റമർക്കു വളരെ ഉപകാരം ആയിരിക്കും എന്നും, ഇത് കിട്ടിയാൽ ഉടൻ തന്നെ പുതിയ അക്കൗണ്ടിൽ പണം നിക്ഷേപിക്കണം എന്നും, കുമാർ ഇന്ന് മുതൽ രണ്ട് ദിവസം ചില അത്യാവശ്യം കാരണം യാത്രയിൽ ആയിരിക്കും എന്നും, വന്നു കഴിഞ്ഞാൽ മാത്രമേ ഇനി ഇമെയിൽ ഒരു പക്ഷെ ഉപയോഗിക്കുവാൻ സാധിക്കുകയുള്ളൂ എന്നും ആയിരുന്നു ഇമെയിലിന്റെ ഉള്ളടക്കം. ഇത് അയച്ചത് ഒരു ബുധനാഴ്ച ഉച്ചക്കാണ്. ഫ്രാൻസിലുള്ള കസ്റ്റമർക്കു പ്രത്യേകിച്ചു സംശയം ഇല്ലാതിരുന്നതുകൊണ്ടും, കുമാറിന്റെ പതിവ് ശൈലിയിലുള്ള ഇമെയിൽ ആയിരുന്നതുകൊണ്ടും അടുത്ത ദിവസം തന്നെ 98 ലക്ഷം ഇന്ത്യൻ രൂപയ്ക്ക് സമമായിട്ടുള്ള യൂറോ പുതിയ അക്കൗണ്ടിൽ നിക്ഷേപിച്ചു.

പണം നിക്ഷേപിച്ചിട്ടും പണം കിട്ടി എന്ന് കുമാർ പറയാതിരുന്ന കാരണം അടുത്ത തിങ്കളാഴ്ച ഫ്രാൻസിലുള്ള കസ്റ്റമർ കുമാറിനോട് പണം പുതിയ ആകൗണ്ടിൽ ഡിപ്പോസിറ്റ് ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞപ്പോളും കുമാറിന് കാര്യം മനസിലായില്ല. ഒന്നും മനസിലാകാതെ സംസാരിച്ച കുമാറിന് കുമാർ അയച്ച ഇമെയിൽ കസ്റ്റമർ തിരിച്ച് അയച്ചു കൊടുത്തപ്പോൾ ആണ് എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് കുമാറിന് തോന്നിത്തുടങ്ങിയത് തന്നെ. കുമാർ ജീ മെയിൽ ഇൻബൊക്‌സ് പരിശോധിച്ചപ്പോൾ ഒന്നും കാണുവാൻ സാധിച്ചില്ല. ഫ്രാൻസിലുള്ള കസ്റ്റമർ കുമാർ നുണ പറയുകയാണ് എന്ന് ഉള്ള സംശയം ഉള്ളിൽ വച്ച് സംസാരിക്കുവാൻ തുടങ്ങി, ഫ്രാൻസിലുള്ള കസ്റ്റമർ ഇനി പണം തരാതിരിക്കുവാൻ വേണ്ടി കാട്ടുന്ന കളികൾ ആണോ എന്ന് കുമാറിനും സംശയം തുടങ്ങി.

കഴിഞ്ഞ മൂന്ന് ആഴ്ചയായി അദ്ദേഹം കേരളത്തിന് പുറത്തുള്ള ഓഫീസിൽ ആയിരുന്നു. സ്വന്തം വെബ് സൈറ്റ് ഉള്ളപ്പോളും ജീ മെയിൽ ആയിരുന്നു ഉപയോഗിച്ചിരുന്നത്. എന്റെ നിർദ്ദേശപ്രകാരം അദ്ദേഹം തന്റെ ജീ മെയിൽ എനിക്കായി തുറന്നു, ഇൻബോക്‌സിൽ സംശയത്തിനു ഇട നൽകുന്നതൊന്നും തന്നെ ഇല്ല. ഔട്ട് ബൊക്‌സിലും ഇല്ല, എന്നാൽ ഡിലീറ്റ് ചെയ്ത ഇമെയിൽ നോക്കുമ്പോൾ അതിൽ കുമാർ അയച്ച ഒരു ഇമെയിൽ (അതായതു കുമാർ കസ്റ്റമർക്കു പുതിയ അക്കൗണ്ടിനെ പറ്റി അയച്ചതയുള്ള ഇമെയിൽ) കാണാൻ പറ്റി. അപ്പോൾ ആരോ കുമാറിന്റെ ഇമെയിൽ അക്‌സെസ് ചെയ്തു എന്ന് ബോധ്യമായി. കേരളത്തിന് പുറത്തുള്ള ഓഫീസ് ആയതിനാൽ അന്ന് തന്നെ എവിഡെൻസ് കളക്റ്റ് ചെയ്യാൻ സാധിച്ചില്ല. അതുകൊണ്ട് അടുത്ത ദിവസങ്ങളിൽ അവിടെ എത്തിച്ചേരാം എന്ന ധാരണയിൽ ഞങ്ങൾ പിരിഞ്ഞു.

അദ്ദേഹം പോയത് മുതൽ ഇത് എങ്ങനെ ആയിരിക്കും നടന്നത് എന്നതിനെക്കുറിച്ചുള്ള ചിന്തകൾ എന്നെ പൊതിഞ്ഞുകൊണ്ടിരുന്നു. തന്റെ ഇമെയിൽ വേറെ ആരും തന്നെ ഉപയോഗിക്കുകയില്ല എന്ന് അദ്ദേഹം വീണ്ടും വീണ്ടും പറഞ്ഞത് എനിക്കൊരു വെല്ലുവിളി ആകുന്നതുപോലുള്ള ഒരു തോന്നൽ. എന്തായാലും അയാളുടെ ഓഫീസിൽ എത്തുന്നതുവരെ എന്റെതായിട്ടുള്ള നിഗമനങ്ങൾക്ക് ഒരു വിലയും ഞാൻ കൊടുക്കേണ്ട എന്ന് തീരുമാനിച്ചു. മൂന്ന് ദിവസത്തിന് ശേഷം ഞാൻ അദ്ധേഹത്തിന്റെ ഓഫീസിൽ എത്തുമ്പോൾ അവിടെ എല്ലാ സ്റ്റാഫുകളും ജോലിക്കെത്തിയിട്ടുണ്ട്. അവിടുത്തെ കമ്പ്യൂട്ടർ നെറ്റ് വർക്കും മറ്റു കാര്യങ്ങളും പരിശോധിക്കുകയായിരുന്നു ആദ്യ ഘട്ടം.

സാമാന്യം നല്ല രീതിയിൽ പ്രവർത്തിക്കുന്ന കമ്പനി ആയിട്ടുകൂടി കമ്പ്യൂട്ടർ നെറ്റ് വർക്കും മറ്റും ഇപ്പോളും പഴയ രീതിയിൽ തന്നെ, ആന്റി വൈറസ് പ്രോഗ്രാം കാലഹരണപ്പെട്ടിട്ട് രണ്ട് വർഷം ആകുന്നു. അദ്ദേഹം ഉപയോഗിക്കുന്ന രണ്ട് ലാപ്‌ടോപ്പുകളും ചെക്ക് ചെയ്തു. രണ്ടും ഏകദേശം ഒരേ ജാതി, ഒരേ പ്രകൃതം. അടുത്തതായി കമ്പ്യൂട്ടറിൽ എന്തെങ്കിലും കീ ലോഗ്ഗറോ, സ്‌പെക്ടരോ ഇവരണ്ടും അവ ഇൻസ്ടാൾ ചെയ്ത കമ്പ്യൂട്ടറിൽ നമ്മൾ എന്തെങ്കിലും ടൈപ്പ് ചെയ്യുകയാണെങ്കിൽ അവ കോപ്പി ചെയ്ത് അത് ഇൻസ്റ്റാൽ ചെയ്ത വ്യക്തിക്ക് എത്തിച്ചു കൊടുക്കുന്ന പ്രോഗ്രാം ആണ്) ഉണ്ടോ എന്ന് ചെക്ക് ചെയ്തു. പക്ഷെ അതിൽ അതൊന്നും കണ്ടില്ല. സിസ്റ്റം ലോഗ് ചെക്ക് ചെയ്തു നോക്കിയപ്പോളും ഒന്നും കണ്ടുപിടിക്കാൻ സാധിച്ചില്ല. സംശയിക്കത്തക്ക രീതിയിൽ ഒന്നും തന്നെ ഇല്ല. ഇദ്ദേഹം എന്നെ കാണാൻ വന്നപ്പോൾ തന്നെ അദ്ധേഹത്തിന്റെ ജീ മെയിലിന്റെ ആക്‌സെസ് ഡീറ്റയ്ൽസ് ചെക്ക് ചെയ്തപ്പോളും സംശയിക്കത്തക്കതായൊന്നും കണ്ടില്ല, അതുപോലെ അദ്ധേഹത്തോട് ജീ മെയിൽ പാസ്സ്‌വേർഡ് മാറ്റുവാനും ആവശ്യപ്പെട്ടു.

എന്റെ അന്വേഷണം തൽക്കാലം വഴിമുട്ടി എന്ന് എനിക്ക് മനസിലായി, കാര്യമായൊന്നും കാണാതിരുന്നതുകൊണ്ട് അദ്ദേഹത്തിനും നീരസമായിരുന്നു ഉള്ളിൽ. എന്നിരുന്നാലും അത്യാവശ്യമായ ചില കാര്യങ്ങൾ അവിടെ നടപ്പാക്കണം എന്ന് അദ്ധേഹത്തോട് പറഞ്ഞപ്പോളും കാര്യമായ പ്രതികരണം ഒന്നും തന്നെ ഉണ്ടായില്ല. പുതിയ ആന്റീവൈറസ് പ്രോഗ്രാമും, ഫയർവോളും, യു എസ് ബീ ഡിസേബളിങ്ങും, മറ്റും ചെയ്തു എന്ന് ബോധ്യമാക്കിയ ശേഷം അദ്ധേഹത്തെ ഒന്നൂടെ കാണുവാൻ തീരുമാനിച്ചു. ഇത്തവണ അദ്ദേഹം അദ്ധേഹത്തിന്റെ മനസിലുള്ള നീരസം നേരിട്ടു പറഞ്ഞു. ' നിങ്ങളിവിടെ വരുന്നതുവരെ എനിക്ക് നല്ല പ്രതീക്ഷ ഉണ്ടായിരുന്നു, നിങ്ങളു നോക്കിയിട്ട് ഒന്നും കണ്ടുപിടിക്കാനും സാധിച്ചിട്ടില്ല, ഇനി നിങ്ങൾക്ക് വല്ലതും ചെയ്യാനുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല, എന്റെം നിങ്ങളുടേം ഒരു ദിവസം പോയിക്കിട്ടി എന്ന് പറഞ്ഞാൽ മതിയല്ലോ' എനിക്കും അദ്ധേഹത്തോട് ഒന്നും തന്നെ പറയുവാൻ ഇല്ലായിരുന്നു.

ഇനിയുള്ള അടുത്ത വഴി ഗൂഗിളിനെ കോണ്ടാക്റ്റ് ചെയ്തു പഴയ ആക്‌സസ് ലോഗ് തരപ്പെടുത്തണം ഇതല്ലാതെ മുൻപോട്ടു പോകുവാൻ ഒരു വഴിയും ഇല്ല. ഇത് സാധാരണ ജീ മെയിൽ ആയതുകൊണ്ട് ഗൂഗിളിന്റെ സപ്പോർട്ട് ഒന്നും തന്നെ പ്രതീക്ഷിക്കാതിരിക്കുകയാണ് നല്ലത്. അത് എങ്ങനെ എങ്കിലും തരപ്പെടുത്തിയെ ഇനി മുൻപോട്ടു പോകുവാൻ സാധിക്കുകയുള്ളൂ. ആക്‌സസ് ലോഗ് കിട്ടുവാൻ കുറച്ചു കടമ്പകൾ ഉണ്ട്. ജീ മെയിൽ യൂസറുടെ ഐഡന്റിറ്റി തെളിയിക്കുന്ന രേഖകൾ, സൈബർ സെല്ലിൽ രജിസ്റ്റർ ചെയ്ത കംപ്ലൈന്റ് കോപ്പി, അക്‌നോളജുമെന്റ് സ്ലിപ്, ഫ്രാൻസിൽ ഉള്ള ക്ലൈന്റിന്റെ പരാതി തുടങ്ങി കുറച്ചു സപ്പോർട്ടിങ് ഡോക്യുമെന്റ്‌സ് ആവശ്യമുണ്ട്. അതിനുള്ള കാര്യങ്ങൾ നീക്കിയ ശേഷം ഗൂഗിളുമായി ബന്ധപ്പെട്ടു. സാധാരണ ഇതിനു കുറച്ചു സമയം എടുക്കും എന്ന് അറിയാവുന്നതുകൊണ്ട്, ഫ്രാൻസിലുള്ള ആളിനോട് കാര്യങ്ങൾ വിശദീകരിച്ചു ഞാൻ ഒരു ഇമെയിലും അയച്ചു. ഇതിനു പിന്നിലുള്ള കാരണം കണ്ടുപിടിക്കുവാൻ എല്ലാ സഹായങ്ങളും ആവശ്യപ്പെട്ടു അയച്ച ഇമെയിലിൽ ഫ്രഞ്ച് പൊലീസിൽ ഒരു കംപ്ലൈന്റും രജിസ്റ്റർ ചെയ്യുവാൻ ആവശ്യപ്പെട്ടു. അതിനു ശേഷം വളരെ അത്യാവശ്യമായി കുമാർ അയച്ചു എന്ന് പറയപ്പെടുന്ന ഇമെയിലിന്റെ ഹെഡ്ഡർ അയച്ചു തരാനും ആവശ്യപ്പെട്ടു. ഇത്രയും ചെയ്ത ശേഷം ഞാൻ കൊച്ചിയിലേക്ക് മടങ്ങി. തിരിച്ചുള്ള യാത്രയിൽ കുമാറിന്റെ മനസിലുള്ള നീരസം എന്നെ കുറച്ചു അലട്ടുന്നുണ്ടായിരുന്നു. എത്ര കഷ്ടപ്പെട്ടാലും ഇതിനു പിന്നിലുള്ള സത്യം കുമാറിനേയും, കുമാറിന്റെ കസ്റ്റമറെയും അറിയിക്കണം എന്ന് ഒരു വാശി മനസിലുണ്ടായി.

ഇതിനിടയിൽ കുമാർ പുതിയതായി ആരംഭിച്ചു എന്ന് പറയപ്പെടുന്ന ബാങ്കിന്റെ ഇന്ത്യയിലെ ഐ റ്റി സെക്യൂരിറ്റി വിഭാഗത്തിനെ ഞാൻ കോണ്ടാക്ട് ചെയ്തു. അവരോടു കാര്യങ്ങൾ സംസാരിക്കുകയും അവരിൽ നിന്നും കുറച്ചു വിവരങ്ങൾ കിട്ടുകയും ചെയ്തു. ഏകദേശം 10 ദിവസം കഴിഞ്ഞപ്പോൾ ഗൂഗിൾ ഇന്ത്യാ ഓഫീസിൽ നിന്നും എനിക്കാവശ്യമുള്ള രേഖകൾ കിട്ടി. ഏകദേശം 5 മാസമായി കുമാറിന്റെ ഇമെയിൽ നൈജീരിയായിൽ നിന്നും ഉള്ള ഐ പീ അഡ്രസിൽ നിന്നും എല്ലാ ദിവസവും ചെക്ക് ചെയ്തിരുന്നതായി എനിക്ക് മനസിലായി. ഇത് തുടങ്ങുന്ന ദിവസം കുമാർ ഏതോ ആവശ്യത്തിനു ഡൽഹിയിൽ പോയപ്പോൾ തന്റെ കമ്പ്യൂട്ടർ പ്രവർത്തിക്കാതിരുന്നപ്പോൾ ഒരു പബ്ലിക് ഇന്റർനെറ്റ് കഫെയിൽ പോയി തന്റെ ഇമെയിൽ ചെക്ക് ചെയ്തതായി ഓർത്തു. അതിന്റെ വില 98 ലക്ഷം രൂപാ ആയിരുന്നു എന്ന് കുമാർ അറിഞ്ഞില്ല.

ഇമെയിൽ ഹെഡ്ഡർ അനലൈസ് ചെയ്തതിൽ നിന്നും, ജീ മെയിൽ അക്‌സെസ് ലോഗ് ചെക്ക് ചെയ്തതിൽ നിന്നും, ബാങ്കിന്റെ ഒഫിഷ്യൽസ് തന്ന വിവരങ്ങളും ചേർത്തപ്പോൾ ഇതിനു പിന്നിലുള്ള സത്യം എന്തായിരുന്നു എന്ന് മനസിലായത് ഇവിടെ ചേർക്കുന്നു.

യഥാർത്ഥത്തിൽ സംഭവിച്ചത് - കുമാർ ഡൽഹിയിൽ പബ്ലിക് ഇന്റർനെറ്റ് കഫെയിൽ ഉപയോഗിച്ച കമ്പ്യൂട്ടറിൽ ഇതിനു മുൻപ് ആരുടയോ ഇമെയിൽ വഴിയോ, അല്ലെങ്കിൽ ആരോ ഇൻസ്ടാൾ ചെയ്ത റിമോട്ട് അക്‌സെസ് ഉള്ള ട്രോജൻ പ്രോഗ്രാം (കീ ലോഗ്ഗർ, സ്‌പെക്ടർ) അവിടെ ലോഗിൻ ചെയ്ത കുമാറിന്റെ ജീ മെയിൽ യൂസർ ഐ ഡി യും പാസ്‌വേർഡും ചോർത്തി അത് ഇൻസ്ടാൾ ചെയ്ത നൈജീരിയക്കാരനിൽ (ഹാക്കരിൽ) എത്തിക്കുന്നു, ഇങ്ങനെ ദിവസവും ലഭിക്കുന്ന അനേകം ഈമെയിലിൽ നിന്നും നല്ല രീതിയിൽ ബിസിനെസ്സ് ചെയ്യുന്ന ആളുകളുടെ ഇമെയിൽ പതിവായി ശ്രദ്ധിക്കുന്നു. അയാളുടെ ബിസിനസ് രീതികൾ, കസ്റ്റമറുമായുള്ള ഇമെയിൽ ഇടപാടുകൾ, അതിന്റെ ശൈലി, ഇമെയിൽ യൂസർ എവിടെ എങ്കിലും അടുത്തയിട പോകുന്നുണ്ടോ എന്ന് തുടങ്ങി അയാൾ ഇമെയിൽ വഴി നടത്തുന്ന ഓരോ കാര്യങ്ങളും ഹാക്കർ ശ്രദ്ധിക്കുന്നു. ഏറ്റവും അനുകൂല സന്ദർഭത്തിൽ ഈ ഹാക്കർ യുകെയിൽ മ്യൂൾ അക്കൗ്ണ്ട് എന്ന് അറിയപ്പെടുന്ന അക്കൗണ്ട് തുറക്കുന്നു (ഇത്തരം അക്കൗണ്ട് ഏറ്റവും എളുപ്പത്തിലും, നൂലാമാലകൾ ഇല്ലാതയും ആർക്കും തുറക്കാം, ചില ബാങ്കുകൾ മാത്രമാണ് ഇത്തരം അക്കൗണ്ട് ഉപഭോക്താക്കൾക്ക് കൊടുക്കുന്നത്. ഇത് തുറക്കാൻ എളുപ്പമായതുകൊണ്ടും, നൂലാമാലകൾ ഇല്ലാത്തതുകൊണ്ടും ഇതിൽ വരുന്ന തുകയുടെ ഒരു നിശ്ചിത ശതമാനം ബാങ്കുകൾ എടുക്കുകയാണ് പതിവ്. സാധാരണയായി മറ്റു രാജ്യങ്ങളിൽ നിന്ന് വരുന്ന വലിയ കോഴപ്പണം, ആയുധ ഇടപാടുകളുടെ കമ്മീഷൻ, മോചന ദ്രവ്യം തുടങ്ങി സകല വിധ കുറ്റകൃത്യങ്ങളിലൂടെ ഉണ്ടാക്കുന്ന പണം മറ്റൊരു രാജ്യത്തേക്ക് തിരിച്ചുവിടാൻ വേണ്ടി ഉപയോഗിക്കുന്ന അക്കൗണ്ടുകളാണിവ. ഇവ തുറക്കുവാൻ മതിയായ രേഖകൾ അവശ്യമില്ലാതതുകൊണ്ടും, യുകെയിൽ ബാങ്കിങ് ഇടപാടുകളെ കുറിച്ച് ഉള്ള കാര്യങ്ങൾ മറ്റുരാജ്യങ്ങളിലെ ഏജൻസികൾക്ക് കൊടുക്കാതുകൊണ്ടും മറ്റു ഇന്റർനാഷനൽ ക്രിമിനലുകൾ ഇത്തരം ബാങ്ക് അക്കൗണ്ട് ആണ് തട്ടിപ്പിനായി ഉപയോഗിക്കുന്നത്. ഈ അക്കൗണ്ടിൽ പണം വന്നു കഴിഞ്ഞാൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ആ പണം മറ്റൊരു രാജ്യത്തേക്ക് പോയിട്ടുണ്ടാകും. അതിനു ശേഷം ആ ബാങ്ക് അക്കൗണ്ട് സ്വയം ഡിലീറ്റ് ആകുകയും ചെയ്യും. ). അവസരം കിട്ടുന്ന മുറക്ക് ഹാക്കർ തന്റെ ഇരയ്ക്കു ഇമെയിൽ അയക്കുകയും പണം തട്ടുകയും ചെയ്യും. ഇത്തരം രീതിയിൽ പണം നഷ്ടപ്പെട്ടാൽ ആദ്യത്തെ കുറച്ചു മണിക്കൂറിനുള്ളിൽ പരാതിപ്പെട്ടാൽ ചിലപ്പോൾ പണം തിരികെ ലഭിക്കാൻ സാധ്യത ഉണ്ട്. ഇല്ലെങ്കിൽ വലിയ നഷ്ടം സംഭവിച്ചേക്കാം. പലപ്പോഴും ഇത്തരം കുറ്റകൃത്യങ്ങൾ 5 -6 മാസം നീണ്ട തയ്യാറെടുപ്പിലൂടെയാണ് അരങ്ങേറുക. നമ്മുടെ ശ്രദ്ധ ഒരുപക്ഷെ വലിയ നഷ്ടങ്ങളിൽ നിന്നും നമ്മളെ രക്ഷിച്ചേക്കാം. കാര്യങ്ങൾ രണ്ടു കൂട്ടർക്കും വിശദീകരിച്ചു കൊടുത്തതിനാൽ കുമാറും കസ്റ്റമരും തമ്മിലുള്ള അഭിപ്രായ വ്യത്യാസം മാറ്റുവാനും, നഷ്ടം രണ്ടു കൂട്ടരും പകുതി, പകുതി ഏറ്റെടുക്കുവാനും തീരുമാനിച്ചു. ഇപ്പോൾ കുമാർ തന്റെ ഇമെയിൽ, ഇന്റർനെറ്റ് ഉപയോഗത്തിൽ വളരെ ശ്രദ്ധാലുവാണ്.

ഇത് എങ്ങനെ തടയാമായിരുന്നു ?

സ്വന്തം ഡൊമൈൻ ഉപയോഗിച്ചുള്ള ഇമെയിലിൽ ഡിജിറ്റൽ സിഗ്‌നേച്ചർ ചേർത്ത് ഉപയോഗിക്കുന്നതും അത് വാലിഡേറ്റ് ചെയ്യുകയും ചെയ്യുന്നത്. ഇമെയിൽ , ഓൺലൈൻ ബാങ്കിങ് തുടങ്ങിയവ പബ്ലിക് ഇന്റർനെറ്റ് കഫേയിൽ/ പബ്ലിക് വൈ ഫൈയിൽ പോയി ഉപയോഗിക്കാതിരിക്കുക. ഇമെയിൽ പാസ്സ്‌വേർഡ് ഒരു നിശ്ചിത സമയത്ത് മാറ്റുന്നത്, ബ്ലാക്ക് ബെറി പോലുള്ള സെക്യൂരിറ്റി ഉള്ള ഫോണുകളിൽ ഇമെയിൽ കോൺഫോഗർ ചെയ്യുക ( ഇമെയിൽ സെന്റ് ചെയ്താൽ പ്രത്യേകം അറിയാൻ സാധിക്കും). നിങ്ങൾക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടെങ്കിൽ മറുനാടനിലൂടെ എഴുതി അറിയിക്കാം.
http://www.twitter.com/binosh