യൂറോപ്പിലുള്ള മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ ഏറ്റവും വലിയ വെല്ലുവിളി വിമാനയാത്രാക്കൂലിയാണ്. എന്നാൽ, ഇക്കാര്യത്തതിൽ ആശ്വാസകരമായൊരു വാർത്തയാണ് അബുദാബിയിൽനിന്ന് വരുന്നത്. യൂറോപ്യൻ രാജ്യങ്ങൾക്കിടെ ബജറ്റ് എയർലൈൻസുമായി എത്തിഹാദും രംഗത്തെത്തുന്നു എന്നതാണ് ആ വാർത്ത. ജർമനി, ഓസ്ട്രിയ, സ്വിറ്റ്‌സർലൻഡ് എന്നീ രാജ്യങ്ങളിൽനിന്നാകും എത്തിഹാദ് പ്രവർത്തിക്കുക. അബുദാബിയിലേക്ക് കണക്ഷൻ ഫ്‌ളൈറ്റുകൾകൂടി തുടങ്ങുകയാണെങ്കിൽ, അത് ഇന്ത്യക്കാരടക്കമുള്ള യാത്രക്കാർക്ക് വളരെ അനുഗ്രഹമാകും.

ടൂയിയുമായി ചേർന്നാണ് എത്തിഹാദ് ബജറ്റ് എയർലൈൻസ് നടപ്പാക്കുന്നത്. 60 വിമാനങ്ങളാകും ഈ സർവീസിൽ ഉണ്ടാവുക. വവിനോദ സഞ്ചാരകേന്ദ്രങ്ങൾക്കിടെയാകും എത്തിഹാദിന്റെ സേവനമുണ്ടാവുകയെന്നാണ് സൂചന. ജർമൻ വിമാനക്കമ്പനിയായ ടൂയിഫ്‌ളൈയെ മറ്റൊരു കമ്പനിയായി മാറ്റിക്കൊണ്ടാകും ടൂയി ഗ്രൂപ്പ് ഈ സർവീസിന്റെ ഭാഗമാകുക. എയർ ബെർലിനും ചില സർവീസുകളിൽ ഇവരോട് കൈകോർക്കും.

പുതിയ വിമാനസർവീസ് 2017 ഏപ്രിലിൽ നിലവിൽ വരുമെന്നാണ് കണക്കാക്കുന്നത്. നഷ്ടത്തിൽപ്രവർത്തിക്കുന്ന എയർ ബെർലിന്റെ പുനഃസംഘടനയുടെ ഭാഗമായാണ് എത്തിഹാദ് പുതിയ മേഖലയിലേക്ക് കടക്കുന്നത്. എയർ ബെർലിന്റെ സഹ ഉടമകളാണ് എത്തിഹാദ്. വിയന്ന ആസ്ഥാനമാക്കിയാകും ഈ ബജറ്റ് എയർലൈൻസ് പ്രവർ്ത്തിക്കുക. കമ്പനിയുടെ 24.8 ശതമാനം ഓഹരികൾ ടൂയിയുടെ പേരിലും 25 ശതമാനം എത്തിഹാദിന്റെ പേരിലുമായിരിക്കും. ശേഷിച്ച 50.2 ശതമാനം ഒരു ഓസ്ട്രിയൻ ഫൗണ്ടേഷനാകും നിയന്ത്രിക്കുക.

യൂറോപ്പിലെ തിരക്കേറിയ ആഭ്യന്തര സർവീസ് മേഖലയിൽ കടുത്ത മത്സരത്തിനും ഇത് വഴിയൊരുക്കും. റെയ്‌നെയർ, ഈസി ജെറ്റ്, വ്യൂലിങ് തുടങ്ങിയ കമ്പനികളാണ് നിലവിൽ യൂറോപ്പിലെ കുത്തക കൈകാര്യം ചെയ്യുന്നത്. എത്തിഹാദ് കൂടി വരുന്നതോടെ ഈ മേഖലയിൽ മത്സരം മുറുകുമെന്നും അത് ടിക്കറ്റ് നിരക്കിൽ വലിയ കുറവുണ്ടാക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ബജറ്റ് എയർലൈൻസിനെക്കുറിച്ചുള്ള അന്തിമ രൂപമായിട്ടില്ലെന്നാണ് എത്തിഹാദ് അധികൃതർ നൽകുന്ന വിവരം. എന്നാൽ, ഏതാനും മാസങ്ങൾക്കുള്ളിൽത്തന്നെ സർവീസ് ആരംഭിക്കുമെന്നുതന്നെയാണ് സൂചന.