ലണ്ടൻ: യൂറോപ്യൻ യൂണിയനിൽനിന്ന് വേർപിരിയുന്നതിന് മുന്നോട്ടുവെച്ച നിർദേശങ്ങളപ്പാടെ യൂറോപ്യൻ യൂണിയൻ നേതാക്കൾ തള്ളിയതോടെ, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌ക്കുമേൽ സമ്മർദമേറുന്നു. പുതിയ പദ്ധതി പ്രഖ്യാപിക്കുന്നതിനായി സ്വന്തം മന്ത്രിസഭയ്ക്കുള്ളിൽനിന്നുതന്നെയാണ് അവർക്കേറ്റവും സമ്മർദമുണ്ടാകുന്നത്. രാജിഭീഷണിയുമായി മുതിർന്ന മന്ത്രിമാർ വരെ രംഗത്തെത്തിയതോടെ സ്ഥിതി കൂടുതൽ രൂക്ഷമായി. തെരേസയ്ക്കുപോലും പ്രധാനമന്ത്രി പദത്തിൽ അധികകാലം തുടരാനാവില്ലെന്നാണ് ഇപ്പോഴത്തെ സൂചനകൾ.

തെരേസ അവതരിപ്പിച്ച ചെക്കേഴ്‌സ് പ്ലാൻ യുക്തസഹമല്ലെന്നും അപ്രായോഗികമാണെന്നും കാട്ടിയാണ് യൂറോപ്യൻ യൂണിയൻ നേതൃത്വം അത് തള്ളിയത്. സാൽസ്ബർഗിൽ നടന്ന സമ്മേളനത്തിനുശേഷം അസാധാരണമായ രീതിയിൽ പത്രസമ്മേളനം വിളിച്ച് തെരേസ കാര്യങ്ങൾ വിശദീകരിക്കുകയും ഇനിയും യൂറോപ്പിന് അംഗീകരിക്കാവുന്ന ഉപാധികൾ തന്റെ പക്കലുണ്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ആ 'പ്ലാൻ ബി' വിശദീകരിക്കണമെന്നാവശ്യപ്പെട്ടാണ് തെരേസ സ്വന്തം മന്ത്രിസഭയിൽനിന്ന് പഴി കേൾക്കുന്നത്.

തെരേസയെ യൂറോപ്യൻ യൂണിയൻ നേതൃത്വം അപമാനിച്ചുവെന്ന രീതിയിലാണ് ബ്രിട്ടീഷ് സർക്കാർ വിഷയം കൈകാര്യം ചെയ്യുന്നത്. കുടിയേറ്റ നയം ചർച്ച ചെയ്യുന്നതിനായി തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ സാൽസ്ബർഗിലെ തിരിച്ചടിയാകും മുഖ്യവിഷയമെന്നുറപ്പാണ്. യൂറോപ്യൻ യൂണിയൻ നേതാക്കളായ ഡൊണാൽഡ് ടസ്‌കിനും മൈക്കൽ ബാർണിയർക്കുമെതിരെ ശക്തമായ വിമർശനമുന്നയിക്കാൻ ഈ യോഗത്തിൽ തെരേസയ്ക്കായില്ലെങ്കിൽ മന്ത്രിസഭയിലെ പല പ്രമുഖരും രാജിവെക്കാൻ പോലും സാധ്യതയുണ്ട്.

തിങ്കളാഴ്ച തെരേസ സർക്കാരിന് നിർണായക ദിവസമാകുമെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. മന്ത്രിസഭാംഗങ്ങളെ കാര്യങ്ങൾ ധരിപ്പിക്കാൻ തെരേസയ്ക്കായില്ലെങ്കിൽ ബോറിസ് ജോൺസണെയും ഡേവിഡ് ഡേവിസിനെയും പോലെ മറ്റുമന്ത്രിമാരും സ്ഥിതിഗതികൾ വിലയിരുത്തി സർക്കാരിനോട് വിടപറയുന്ന സാഹചര്യമുണ്ടാകുമെന്നും അവർ സൂചിപ്പിക്കുന്നു. ആദ്യ ബ്രെക്‌സിറ്റ് പ്ലാൻ പൂർണമായും തിരസ്‌കരിക്കപ്പെട്ടതോടെ, നടപ്പാക്കാൻ സാധ്യതയുള്ള പ്ലാൻ ബി തിങ്കളാഴ്ചയ്ക്കകം തെരേസയ്ക്ക് കണ്ടെത്തേണ്ടിവരും.

തെരേസ മെയ്‌ തിങ്കളാഴ്ച രാജിവെക്കുമെന്ന അഭ്യൂഹം പോലും ഇപ്പോൾ ശക്തമാണ്. എന്നാൽ, അത്തരമൊരു കടുത്ത നടപടി ഈഘട്ടത്തിൽ അവരിൽനിന്ന് ഉണ്ടാകാനിടയില്ലെന്നാണ് അടുത്ത കേന്ദ്രങ്ങൾ പറയുന്നത്. തന്റെ രാഷ്ട്രീയഭാവിതന്നെ മാറിമറിയുമെന്ന പ്രതീക്ഷയിലാണ് തെരേസ സാൽസ്ബർഗ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പോയത്. എന്നാൽ, അവിടെ അപമാനിതയായതോടെ ബ്രിട്ടനിലും അവർക്ക് പിന്തുണ കാര്യമായി നഷ്ടപ്പെട്ടു. ഈമാസം ഒടുവിൽ കൺസർവേറ്റീവ് പാർട്ടി കോൺഫെറൻസ് നടക്കുന്നുണ്ട്. അതും തെരേസയുടെ പ്രധാനമന്ത്രി സ്ഥാനം നിർണയിക്കുന്നതിൽ നിർണായകമായി മാറുമെന്നാണ് കരുതുന്നത്.

വ്യാപാരക്കരാർ ഇല്ലാതെ യൂറോപ്യൻ യൂണിയനിൽനിന്ന് ബ്രിട്ടന് വേർപിരിയേണ്ടിവരുമെന്ന സൂചനയാണ് ഇപ്പോഴുള്ളത്. അത്തരമൊരു സാഹചര്യത്തിലേക്ക് നയിച്ചത് തെരേസയുടെ പിടിപ്പുകേടാണെന്ന വാദത്തിന് ഇനിയുള്ള ദിവസങ്ങളിൽ സർക്കാരിലും സ്വന്തം പാർട്ടിയിലും ശക്തമാകും. ന്യൂനപക്ഷ സർക്കാരിനെ നയിക്കുന്ന തെരേസയ്ക്ക് ഈ സമ്മർദം താങ്ങി അധിക കാലം മുന്നോട്ടുപോകാനുമാവില്ല. ചർച്ചയിൽ തെരേസയുടെ ഭാഗത്തുനിന്നുണ്ടായ പോരായ്മകൾ അവരോടടുത്ത കേന്ദ്രങ്ങൾ വെളിപ്പെടുത്തുന്നതും തിരിച്ചടിയായിട്ടുണ്ട്.