ബ്രെക്സിറ്റിന് ശേഷം യൂറോപ്യൻ യൂണിയന്റെ സിംഗിൾ മാർക്കറ്റിൽ നിന്നും വിട്ട് പോകുന്നതിനെ തുടർന്ന് യൂണിയന് പുറത്തുള്ള പരമാവധി രാജ്യങ്ങളുമായി വ്യാപാരക്കരാറുകളുണ്ടാക്കാനുള്ള യജ്ഞത്തിന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും കൂട്ടരും നേരത്തെ തന്നെ ശ്രമം തുടങ്ങിയിരുന്നു. ഇപ്പോഴിതാ പുതിയ വ്യാപാരക്കരാറുണ്ടാക്കാനും മറ്റ് നിർണായകമായ മേഖലകളിൽ സഹകരണം വർധിപ്പിക്കാനും പുതിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി തെരേസ കൈ കോർത്തിരിക്കുകയാണ്. ഇതോടെ യൂറോപ്യൻ യൂണിയന് തങ്ങൾ ഒറ്റപ്പെട്ടെന്ന ഭീതി ശക്തമായിരിക്കകയുമാണ്. അമേരിക്കയോടും യുകെയോടും ഏറ്റു മുട്ടി പരമാവധി രാജ്യങ്ങളുമായി വ്യാപാരക്കരാറുണ്ടാക്കാൻ യൂറോപ്യൻ യൂണിയനോട് നിർദേശിച്ച് ജർമൻ ചാൻസലറും യൂണിയന്റെ സുപ്രധാന നേതാക്കന്മാരിലൊരാളുമായ ഏയ്ജല മെർകൽ രംഗത്തെത്തിയത് ഈ ആശങ്കയെ തുടർന്നാണെന്നാണ് സൂചന.

പുതിയ അമേരിക്കൻ പ്രസിഡന്റ് ട്രംപുമായി മെർകലിനുള്ള നയതന്ത്ര പൊരുത്തമില്ലായ്മയാണിത് പ്രതിഫലിപ്പിക്കുന്നത്. ട്രംപിൻെ വ്യാപാര സമീപനത്തെ വിമർശിച്ച് മെർകലിന്റെ ഓഫീസ് പുറപ്പെടുവിച്ച വിമർശനം ഇവർ തമ്മിലുള്ള ബന്ധത്തെ വഷളാക്കിയിട്ടുണ്ട്.യുഎസും യുകെയും തമ്മിലുള്ള ബന്ധം ശക്തമാക്കുമെന്ന് പ്രഖ്യാപിച്ച് കൊണ്ട് വൈറ്റ് ഹൗസിലൂടെ തെരേസയും ട്രംപും കൈ കോർത്ത് പിടിച്ച് നടന്നത് യൂറോപ്യൻ യൂണിയനെ തെല്ലൊന്നുമല്ല അസ്വസ്ഥമാക്കുന്നത്. ബ്രെക്സിറ്റെന്നാൽ ബ്രിട്ടനെ സംബന്ധിച്ചിടത്തോളം മഹത്തായ കാര്യമാണെന്നും അത് രാജ്യത്തിന് അത്ഭുതകരമായ ഒരു മാറ്റവും ഭാവിയും പ്രദാനം ചെയ്യുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. തെരേസയുടെ അമേരിക്കൻ സന്ദർശനത്തെ താൻ അങ്ങേയറ്റം ബഹുമാനിക്കുന്നുവെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും ആഴത്തിലുള്ളതുമായ ബന്ധം ഇനിയും ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു.

എന്നാൽ തെരേസ ചെയ്തത് പോലെ എളുപ്പത്തിലും സുദൃഢമായതുമായ ഒരു ബന്ധം ട്രംപുമായി ഉണ്ടാക്കിയെടുക്കാൻ തനിക്ക് സാധിക്കാത്തതിൽ ജർമൻ ചാൻസലർ ആകെ അസ്വസ്ഥയാണെന്നാണ് റിപ്പോർട്ട്. ട്രംപ് പ്രസിഡന്റായതിന് ശേഷം അദ്ദേഹത്തെ വൈറ്റ് ഹൗസിൽ ചെന്ന് കാണുന്ന ആദ്യത്തെ ലോകനേതാവെന്ന സ്ഥാനം തെരേസ നേടിയിരിക്കുകയാണ്. ഇതിലും യൂറോപ്യൻ യൂണിയൻ നേതാക്കന്മാർക്ക് അസ്വസ്ഥതയേറെയുണ്ട്. എന്നാൽ ഇന്നലെ ഹ്രസ്വനേരം ഫോണിൽ ട്രംപുമായി സംസാരിക്കാൻ മാത്രമേ മെർകലിന് സാധിച്ചിരുന്നുള്ളൂ. വരാനിരിക്കുന്ന ജർമൻ തെരഞ്ഞെടുപ്പിൽ മെർകൽ പരാജയപ്പെടുമെന്നാണ് അടുത്തിടെ നടന്ന അഭിപ്രായസർവേകളിലൂടെ വെളിപ്പെട്ടിരുന്നത്. ഇതും മെർകലിന കടുത്ത സമ്മർദത്തിലാക്കിയിട്ടുണ്ട്.

ബ്രെക്സിറ്റും ട്രംപ് പ്രസിഡന്റായതും യൂറപ്യൻ യൂണിയന് കടുത്ത ഭീഷണിയാണുയർത്തുന്നതെന്ന് വെള്ളിയാഴ്ച ബ്രസൽസിൽ വച്ച് കൂടിയ യൂറോപ്യൻ യൂണിയൻ ഫിനാൻസ് മിനിസ്റ്റർമാരുടെ യോഗത്തിൽ വച്ച് ജർമൻ ഒഫീഷ്യലുകൾ മുന്നറിയിപ്പേകിയിരുന്നു.ഇതിനാൽ യൂറോപ്യൻ യൂണിയൻ ജപ്പാൻ, ചൈന, ഓസ്ട്രേലിയ, ന്യൂസിലാൻഡ് അടക്കമുള്ള 12 രാജ്യങ്ങളുമായി വ്യാപാരക്കരാറുകൾ ഉടൻ ഉണ്ടാക്കണമെന്ന് മുന്നറിയിപ്പേകിക്കൊണ്ടുള്ള ഒരു രേഖ ജർമൻ ധനകാര്യ മന്ത്രി ഈ യോഗത്തിൽ വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള നീക്കങ്ങൾ ഇതിന് മുമ്പും യൂണിയൻ നടത്തിയിരുന്നെങ്കിലും അതൊന്നും ലക്ഷ്യം കാണാതെ പോവുകയായിരുന്നു.