ന്യൂഡൽഹി: ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച് യൂറോപ്യൻ യൂണിയൻ കൗൺസിൽ. ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലത്ത് യൂറോപ്യൻ യൂണിയൻ ഇന്ത്യയ്ക്കൊപ്പം നിലകൊള്ളുന്നുവെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക അതിഥിയായി പങ്കെടുത്ത യോഗത്തിലാണ് കോവിഡ് പോരാട്ടത്തിൽ ഇന്ത്യയ്ക്കൊപ്പമുണ്ടെന്ന് കൗൺസിൽ പ്രഖ്യാപിച്ചത്.

ഇന്ത്യയുമുള്ള നയതന്ത്ര പങ്കാളിത്തം എങ്ങനെ ശക്തിപ്പെടുത്താമെന്നതിനെക്കുറിച്ച് കൂടുതൽ ചർച്ച നടത്തും. യൂറോപ്യൻ യൂണിയനും ഇന്ത്യയ്ക്കും ഒറ്റക്കെട്ടായി നിരവധി കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്നും ഉർസുല പറഞ്ഞു.

ഇന്ത്യയിലും യൂറോപ്പിലും മറ്റ് ലോകരാജ്യങ്ങളിലും കോവിഡ് മൂലമുണ്ടായ നഷ്ടങ്ങളിൽ യൂറോപ്യൻ യൂണിയൻ അതിയായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും മഹാമാരിയിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും യൂറോപ്യൻ യൂണിയൻ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

പ്രതിസന്ധി കാലത്ത് യൂറോപ്യൻ യൂണിയൻ സിവിൽ പ്രൊട്ടക്ഷൻ സംവിധാനത്തിലൂടെ ഇന്ത്യയ്ക്ക് നൽകുന്ന പിന്തുണയിലും സമയബന്ധിതമായ സഹായത്തിലും നന്ദിപറഞ്ഞുകൊണ്ട് യൂറോപ്യൻ യൂണിയനേയും അംഗങ്ങളേയും ഇന്ത്യ അഭിനന്ദിച്ചു. അതിനാൽ ഈ സഹകരണവും ഐക്യദാർഢ്യവും ഇന്ത്യ-യൂറോപ്യൻ യൂണിയൻ ബന്ധത്തിന്റെ മുഖമുദ്രയാണെന്നും പ്രസ്താവനയിൽ പറയുന്നു.

ആദ്യഘട്ടങ്ങളിൽ ഇന്ത്യ പലരാജ്യങ്ങൾക്കും സഹായമെത്തിച്ചുകൊണ്ട് മനുഷ്യത്വപരമായ സമീപനം സ്വീകരിച്ചിരുന്നുവെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പറഞ്ഞു.

സ്പാനിഷ് പ്രസിഡന്റ് പെട്രോ സാചെസ്, ബെൽജിയൻ പ്രധാനമന്ത്രി അലക്സാണ്ടർ ഡി ക്രൂ എന്നിവരും ഇന്ത്യയുടെ മുൻതാല സഹായങ്ങളെ ഓർത്തെടുത്തു. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കിളിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി മോദി യോഗത്തിൽ പങ്കെടുത്തത്.