വിദേശജോലി ഏതൊരു ഇന്ത്യക്കാരന്റെയും സ്വപ്‌നമായി മാറുന്നു. നാട്ടിൽ ചെയ്യുന്ന അതേ ജോലിക്ക് ലഭിക്കുന്ന പതിന്മടങ്ങ് ശമ്പളമാണ് പ്രധാന ആകർഷണം. അതിൽ ആർക്കും ആരെയും കുറ്റം പറയാൻ പറ്റില്ല.പക്ഷേ വിദേശരാജ്യങ്ങളിൽ പോയി മികച്ച ശമ്പളം ലഭിക്കാൻ തുടങ്ങുന്നതോടെ മാതൃരാജ്യത്തെ തള്ളിപ്പറഞ്ഞ് പുതിയ രാജ്യത്തിന്റെ പൗരത്വം എടുത്ത് അവിടെ കൂടുന്നവരുടെ എണ്ണവും പെരുകുകയാണ്. ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ എന്ന വിദേശ ഇന്ത്യക്കാരുടെ ഇമിഗ്രേഷൻ കാർഡ് എടുത്തവർ ലക്ഷങ്ങൾ ആണ് എന്നത് മാത്രം മതി ഇതിന് തെളിവായി.

അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, സിംഗപ്പൂർ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയാണ് പ്രധാനമായും വിദേശ പൗരത്വം നൽകുന്നത്. ഗൾഫ്-ആഫ്രിക്കൻ രാഷ്ട്രങ്ങൾ വളരെ കുറച്ചെ ഇത് നൽകൂ. ഓരോ രാജ്യത്തും വിദേശ പൗരത്വം സ്വീകരിക്കാനുള്ള നിയമങ്ങൾ വ്യത്യസ്തമാണ്. അഞ്ച് വർഷം സ്ഥിരതാമസം നടത്തുന്നവർക്കാണ് പൊതുവെ പൗരത്വം ലഭിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്ത് വന്ന യൂറോസ്റ്റാറ്റ് റിപ്പോർട്ടിൽ 2014ൽ മാത്രം 35,000 പേർ ഇന്ത്യൻ പാസ്‌പോർട്ട് ഉപേക്ഷിച്ച് യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ പൗരത്വം എടുത്തു എന്നാണ് വ്യക്തമാക്കുന്നത്.

2014ൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഏതാണ്ട് 890,000 പേരാണ് യൂറോപ്യൻ യൂണിയൻ പൗരത്വമെടുത്തിരിക്കുന്നത്. ഇവരിൽ 35,300 പേർ ഇന്ത്യക്കാരാണെന്നാണ് യൂറോസ്റ്റാറ്റ് കണക്കുകൾ വെളിപ്പെടുത്തുന്നത്. ഇതിൽ 63.6 ശതമാനം ഇന്ത്യക്കാരും ബ്രിട്ടീഷ് പൗരത്വമാണെടുത്തിരിക്കുന്നത്. 14.2 ശതമാനം പേർ ഇറ്റലിയുടെയും 8.3 ശതമാനം പേർ അയർലണ്ടിന്റെയും പൗരത്വമാണെടുത്തിരിക്കുന്നത്. 2014ൽ യൂറോപ്യൻ യൂണിയൻ പൗരത്വം നേടിയിരിക്കുന്ന പാക്കിസ്ഥാനികളുടെ എണ്ണം 25,100 ആണ്. ഇവരിൽ 51.7 ശതമാനം പേർ ബ്രിട്ടീഷ് പൗരന്മാരായി തീർന്നിരിക്കുകയാണ്. 16.8ശതമാനം പേർ ഇറ്റലിയുടെയും 13.2 ശതമാനം പേർ സ്‌പെയിനിന്റെയും പൗരത്വമാണെടുത്തിരിക്കുന്നത്. 2014ൽ ഏററവും കൂടുതൽ യൂറോപ്യൻ യൂണിയൻ പൗരത്വമെടുത്തിരിക്കുന്നത് മൊറോക്കോക്കാരാണ്. ഇവിടെയുള്ള 92,700 പേരാണ് പ്രസ്തുത വർഷത്തിൽ ഇയു സിറ്റിസൺഷിപ്പ് നേടിയിരിക്കുന്നത്. 41,000 പേരുമായി അൽബേനിയ ഇക്കാര്യത്തിൽ രണ്ടാംസ്ഥാനത്തും 37,500 പേരുമായി തുർക്കി മൂന്നാംസ്ഥാനത്തും ഇന്ത്യ നാലാംസ്ഥാനത്തും നിലകൊള്ളുന്നുവെന്നാണ് യൂറോസ്റ്റാറ്റ് കണക്കുകൾ വെളിപ്പെടുത്തുന്നത്.

2014ൽ അനുവദിക്കപ്പെട്ട 10 യൂറോപ്യൻ യൂണിയൻ പാസ്‌പോർട്ടുകളിൽ ഒമ്പതും യൂറോപ്യൻ യൂണിയന് പുറത്തുള്ളവർക്കാണ് ലഭിച്ചിരിക്കുന്നതെന്നാണ് യൂറോപ്യൻ യൂണിയന്റെ സ്റ്റാറ്റിറ്റിക്‌സ് ഏജൻസിയായ യൂറോസ്റ്റാറ്റിന്റെ കണക്കുകൾ വെളിപ്പെടുത്തുന്നത്.ഇത്തരത്തിൽ അനുവദിക്കപ്പെട്ട 889,139 യൂറോപ്യൻ യൂണിയൻ പൗരത്വത്തിൽ 89 ശതമാനവും ലഭിച്ചിരിക്കുന്നത് നോൺ യൂറോപ്യൻ പൗരന്മാർക്കാണ്. ഇതിൽ ചെറിയൊരു ശതമാനം സിറ്റിസൺഷിപ്പ് മാത്രമേ നിലവിൽ ഇവിടെയുള്ളവർക്ക് നൽകിയിട്ടുള്ളൂ. 12 മാസത്തെ കാലയളവിനിടെ ബ്രിട്ടൻ 125,605 പേർക്കാണ് പൗരത്വം നൽകിയിരിക്കുന്നത്.

ഇതിൽ 17,900 പേർ ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാരാണ്.ഇന്ത്യ ഇരട്ടപൗരത്വം അംഗീകരിക്കാത്തതിനാലാണ് വിദേശത്തേക്ക് ജോലിക്ക് പോകുന്ന പലരും ഇവിടുത്തെ പൗരത്വം ഉപേക്ഷിച്ച് ചെന്ന് ചേരുന്ന രാജ്യത്തെ പൗരത്വമെടുക്കുന്നത്.ഇന്ത്യൻ ഗവൺമെന്റ് പാസ്‌പോർട്ട് റീയൂണിഫിക്കേഷൻ നമ്പറുകൾ പ്രസിദ്ധീകരിക്കാറില്ല. എന്നാൽ ഓവർസീസ് സിറ്റിസൻ ഓഫ് ഇന്ത്യ(ഒസിഐ) കാർഡുടമകളുടെ എണ്ണത്തിൽ വർധനവുണ്ടായെന്നാണ് ഇക്കഴിഞ്ഞ ഏതാനും വർഷങ്ങളിലെ കണക്കുകൾ വ്യക്തമാക്കുന്നത്. 2013ൽ 1.2 മില്യൺ പേരാണ് ഒസിഐക്ക് വേണ്ടി രജിസ്ട്രർ ചെയ്തിരിക്കുന്നത്.അതിന് മുമ്പത്തെ വർഷത്തേക്കാൾ 20 ശതമാനം കൂടുതലാണിത്.

ഇന്ത്യയിൽ നിന്നുള്ളവർ വളഞ്ഞ വഴികളിലൂടെ യൂറോപ്യൻ യൂണിയൻ പൗരത്വം നേടുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളും വെളിച്ചത്ത് വന്നിരുന്നു. ഗോവയിൽ ഇത് രാഷ്ട്രീയമായ വിവാദങ്ങളുയർത്തിയ വിഷയമാണ്. എന്നാൽ മികച്ച ജീവിതസാഹചര്യങ്ങൾ ലഭിക്കുന്നതിനായി ഗോവൻ പാരമ്പര്യം ഉപയോഗിച്ച് പോർച്ചുഗീസ് പൗരന്മാരാകുന്ന എളുപ്പവഴി തേടുന്ന ഗോവക്കാർ ഇപ്പോഴുമുണ്ട്. ഗോവയെ 450 വർഷങ്ങൾക്ക് മുമ്പ് ഭരിച്ചിരുന്നത് പോർച്ചുഗലായിരുന്നു. 1961ൽ ഇന്ത്യൻ യൂണിയനിൽ ഗോവ ചേരുന്നത് വരെ അവരായിരുന്നു ഭരിച്ചിരുന്നത്. 1961ന് മുമ്പ് ജനിച്ച ഗോവക്കാർക്കും അവരുടെ മക്കൾക്കും പേരക്കുട്ടികൾക്കും പോർച്ചുഗീസ് പൗരത്വം എളുപ്പം ലഭിക്കുന്നതിനുള്ള സാഹചര്യമുണ്ട്.

എന്നാൽ ഇന്ത്യ ഇരട്ടപൗരത്വം അനുവദിക്കാത്ത സാഹചര്യത്തിൽ നിരവധി ഗോവക്കാർ ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുകയും പോർച്ചുഗീസ്പൗരന്മാരായി മാറുകയും ചെയ്യുന്നുണ്ട്. 2008 ജനുവരി 31നും 2013 ജനുവരി 31നുംഇടയിലുള്ള അഞ്ച് വർഷങ്ങൾക്കിടെ 11,500 ഗോവക്കാരാണ് ഇന്ത്യൻ പാസ്‌പോർട്ട് ഉപേക്ഷിച്ച് പോർച്ചുഗീസ് പൗരത്വമെടുത്തതെന്നാണ് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ ഡാറ്റകൾ വെളിപ്പെടുത്തുന്നത്. പോർട്ടുഗൽ 1986ൽ യൂറോപ്യൻ യൂണിയനിൽ ചേർന്നതിന് ശേഷം മൂന്ന് ലക്ഷം മുതൽ നാല് ലക്ഷം വരെ ഗോവക്കാർ ഇത്തരത്തിൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് പോർച്ചുഗീസ് പൗരന്മാരും അതുവഴി യൂറോപ്യൻ യൂണിയൻ പൗരന്മാരുമായിട്ടുണ്ടെന്നാണ് പാസ്‌പോർട്ട് ഏജന്റുമാർ വ്യക്തമാക്കുന്നത്.ഇതിലൂടെ അവർക്ക് യൂറോപ്യൻ യൂണിയനിലെ ഏത് രാജ്യത്തും കടന്ന് ചെന്ന് ജോലി ചെയ്യാനും ജീവിക്കാനും മികച്ച ജീവിത സാഹചര്യങ്ങൾ അനുഭവിക്കാനുമുള്ള അവസരമാണ് ലഭിക്കുന്നത്.