ന്യൂഡൽഹി: കടൽക്കൊല കേസ് പ്രതികളായ ഇറ്റാലിയൻ മറീനുകളെ ചൊല്ലി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഥമ യുറോപ്യൻ സന്ദർശന പദ്ധതിയിൽ കല്ലുകടി. വിവിധ യൂറോപ്യൻ രാജ്യങ്ങളുമായി സ്വന്തം നിലയ്ക്ക് ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്ന നീക്കങ്ങൾ നടക്കുമ്പോൾ 28 അംഗ രാജ്യങ്ങളുള്ള യൂറോപ്യൻ യൂണിന്റെ പ്രതികരണത്തെ ചൊല്ലിയാണ് പുതിയ ഉടക്ക്. ജർമ്മനിയും ഫ്രാൻസുമാണ് അടുത്ത മാസം നടക്കാനിരിക്കുന്ന മോദിയുടെ പ്രഥമ യൂറോപ്യൻ സന്ദർശന പട്ടികയിലുള്ളത്. സന്ദർശന അപേക്ഷ നൽകിയിട്ടും യുറോപ്യൻ യുണിയൻ ഗൗനിക്കാത്തതിനെ തുടർന്ന് പട്ടികയിൽ നിന്നും ബ്രസൽസിനെ വെട്ടുകയായിരുന്നു. മാസങ്ങൾക്കു മുമ്പ് സന്ദർശന താൽപര്യമറിയിച്ചിരുന്നെങ്കിലും ഇതുവരെ മറുപടി ലഭിക്കാത്തതാണ് മോദിയുടെ ബ്രസൽസ് സന്ദർശനം റദ്ദാക്കാൻ ഇന്ത്യയെ പ്രേരിപ്പിച്ചത്.

യൂറോപ്യൻ യൂണിയന്റെ ഉന്നത നേതൃത്വം ഇന്ത്യ-ഇയു ഉച്ചകോടിക്ക് അനുകൂല സമീപനമാണ് സ്വീകരിച്ചിരുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. യൂറോപ്യൻ കൗൺസിൽ അധ്യക്ഷൻ ഡൊനാൾഡ് ടസ്‌ക്, യൂറോപ്യൻ കമ്മീഷൻ അധ്യക്ഷൻ ഴാങ് ക്ലോഡ് ജങ്കർ എന്നിവർ മോദിയുടെ വരവിനെ അനുകൂലിച്ചപ്പോൾ ഇയു വിദേശകാര്യ മുഖ്യ ഫ്രെഡറിക്ക മൊഗെരിനി മോദിയുടെ സന്ദർശനത്തെ എതിർക്കുകയായിരുന്നു. മുൻ ഇറ്റാലിയൻ വിദേശ കാര്യ മന്ത്രി കൂടിയായ ഫ്രെഡറിക്ക ഇറ്റാലിയൻ മറീനുകൾക്കെതിരെ ഇന്ത്യ ക്രിമിനൽ നടപടികൾ സ്വീകരിച്ചതിനെ ശക്തമായി വിമർശിക്കുന്നയാളാണ്. ഈ പ്രശ്‌നത്തിലുടക്കിയാണ് മോദിയുടെ ബ്രസൽസ് സന്ദർശനം മുടങ്ങിയത്.

ഉഭയകക്ഷി പ്രശ്‌നത്തെ യുറോപ്യൻ യൂണിയൻ ബഹുകക്ഷി പ്രശ്‌നമാക്കി മാറ്റിയെന്നാണ് ഇതു സംബന്ധിച്ച ഉന്നത സർക്കാർ വൃത്തങ്ങളുടെ പ്രതികരണം. 2012-ലെ ഇന്ത്യ-ഇയു ഉച്ചകോടിക്കു ശേഷം ഇരു വിഭാഗവും ഔദ്യോഗിക ബന്ധങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയാണ്. ഉച്ചകോടി വർഷം തോറും നടക്കുന്നതാണെന്നിരിക്കെ ഇത്രയും കാലത്തെ ഇടവേള അസാധാരണാണ്. കഴിഞ്ഞ വർഷം നവംബറിൽ ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്‌നിൽ നടന്ന ജി 20 ഉച്ചകോടിക്കിടെ നടന്ന മോദി-ഇയു അധ്യക്ഷൻ ഹെർമൻ വാൻ റോംപി കൂടിക്കാഴ്ചയിലാണ് ഈ വർഷം ഇന്ത്യ-ഇയു ഉച്ചകോടി നടത്താൻ ധാരണയായത്. വ്യാപാര കരാറുമായി ബന്ധപ്പെട്ട നിരവധി തടസ്സങ്ങൾ ഏതാനും വർഷങ്ങളായി ഇന്ത്യയ്ക്കും യുറോപ്യൻ യൂണിയനുമിടയിലുണ്ട്.

വ്യാപാര ബന്ധം മെച്ചപ്പെടുത്താൻ മോദി സർക്കാരിന് താൽപര്യമുണ്ടെങ്കിലും പുതിയ പശ്ചാത്തലത്തിൽ യുറോപ്യൻ യുണിയന്റെ ആവശ്യങ്ങൾക്ക് ഇന്ത്യ വഴങ്ങിക്കൊടുക്കില്ലെന്നാണ് സൂചന. യൂറോപ്യൻ രാജ്യങ്ങളുമായുള്ള വ്യാപാര തർക്കങ്ങളുടെ പരിഹാരം, ഇറ്റാലിയൻ മറീനുകളുടേതുൾപ്പെടെയുള്ള ഉഭയ കക്ഷി പ്രശ്‌നങ്ങൾ തുടങ്ങിയവ പരിഹരിക്കാൻ ഉച്ചകോടി ഇരു വിഭാഗത്തിനും മികച്ച അവസരമായിരുന്നു. വിവിധ യൂറോപ്യൻ രാജ്യങ്ങളുമായി വ്യക്തിഗത ബന്ധം പുലർത്തുന്ന ഇന്ത്യ ഉച്ചകോടിക്കില്ലെന്ന നിലപാടെടുത്താൽ അത് യൂറോപ്യൻ യൂണിയന് ആഘാതമാകുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.