- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
50 വർഷം പഴക്കമുള്ള യൂക്കാലി മരം 40000 ലിറ്റർ വെള്ളം വരെ ഒരു ദിവസം വലിച്ചെടുക്കും; പ്രകൃതിയുടെ സന്തുലിതാവസ്ഥ താളം തെറ്റുമ്പോഴും ആലപ്പുഴയിലും കൊച്ചിയിലും ഇടുക്കിയിലും കൃഷി വ്യാപകം; മുന്നറിയിപ്പുമായി വിദഗ്ദ്ധർ
ആലപ്പുഴ : സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ തീരമേഖലയിലും മലയോര മേഖലയിലും യൂക്കാലി കൃഷി വ്യാപകമാകുന്നു. മലയോര മേഖലയുടെ പ്രധാന ഇടങ്ങളിലെല്ലാം യൂക്കാലി മരങ്ങൾ തഴച്ചു വളരുകയാണ്. ഇടുക്കി ജില്ലയിലെ മൂന്നാറിലാണ് അധികവും. ഇവിടെ യൂക്കാലിപ്‌സ് തോട്ടങ്ങൾ കാർഷിക മേഖലയ്ക്ക് തന്നെ തിരിച്ചടിയാകുകയാണ്. പ്രകൃതിയുടെ സംന്തുലിതാവസ്ഥ തന്നെ തകിടംമറിക്ക
ആലപ്പുഴ : സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ തീരമേഖലയിലും മലയോര മേഖലയിലും യൂക്കാലി കൃഷി വ്യാപകമാകുന്നു. മലയോര മേഖലയുടെ പ്രധാന ഇടങ്ങളിലെല്ലാം യൂക്കാലി മരങ്ങൾ തഴച്ചു വളരുകയാണ്. ഇടുക്കി ജില്ലയിലെ മൂന്നാറിലാണ് അധികവും. ഇവിടെ യൂക്കാലിപ്‌സ് തോട്ടങ്ങൾ കാർഷിക മേഖലയ്ക്ക് തന്നെ തിരിച്ചടിയാകുകയാണ്. പ്രകൃതിയുടെ സംന്തുലിതാവസ്ഥ തന്നെ തകിടംമറിക്കുന്ന ഈ കൃഷി നിരോധിക്കപ്പെട്ടെങ്കിലും പണം കായ്ക്കുന്ന മരമായതുക്കൊണ്ടുതന്നെ ഇവയെ കൈവിടുന്നതിൽ പല കുത്തക കൃഷിക്കാർക്കും വൈമനസ്യം.
ആലപ്പുഴയുടെയും കൊച്ചിയുടെയും തീരമേഖലകളിലാണ് യൂക്കാലി മരങ്ങൾ സമൃദ്ധമായി വളരുന്നത്. വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായി കനാലുകൾ മോടിപിടിപ്പിക്കുന്നതിനായി കരകളിൽ വച്ചുപിടിപ്പിച്ച യൂക്കാലികൾ ഇപ്പോൾ കനാലുകളെ തന്നെ വിഴുങ്ങിയ മട്ടാണ്. കനത്ത മഴയിലും കനാലുകൾ വറ്റിവരണ്ട സ്ഥിതിയിലാണ്. ഇവിടെ കിലോമീറ്റർ ദൈർഘ്യത്തിലാണ് കനാൽ കരകളിൽ യൂക്കാലി മരങ്ങൾ വച്ചുപിടിപ്പിച്ചിട്ടുള്ളത്. സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ വനംവകുപ്പാണ് തീരമേഖലയിൽ യൂക്കാലിയുടെ വ്യാപനത്തിനായി പ്രവർത്തിച്ചത്. എന്നാൽ കനാലുകളിലെ ജലസ്രോതസ് നശിപ്പിക്കുന്ന മരങ്ങൾ വെട്ടിനീക്കാൻ അധികൃതർ ഇനിയും തയ്യാറായിട്ടില്ല. 5 നദികളുടെ പ്രഭവ കേന്ദ്രം കൂടിയായ ഇടുക്കി ജില്ലയിലെ ജലസ്രോതസ്സുകൾ ഇപ്പോൾ കനത്ത ഭീഷണിയിലാണ്. ഊറിയെത്തുന്ന മുഴുവൻ ജലവും യൂക്കാലി മരങ്ങൾ വലിച്ചെടുക്കുകയാണ്.
ഇത് മറ്റ് മരങ്ങളുടെ നിൽപ്പിനെ തന്നെ സാരമായി ബാധിക്കുന്നുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് ചതുപ്പുനിലങ്ങളെ കൃഷിയോഗ്യമാക്കി മാറ്റുന്നതിനായ് ജലാംശം വലിച്ചെടുക്കുന്നതിനായി ഇംഗ്ലീഷുകാർ പ്രയോഗിച്ചതാണ് യൂക്കാലിപ്പ്‌സ് മരങ്ങൾ നടുക എന്ന തന്ത്രം. കൃഷിയോഗ്യമാക്കി മാറ്റിയ ശേഷം പ്രകൃതിക്കു ദോഷമില്ലാത്തവിധം തേയിലയും, ഏലവും മറ്റും നട്ടുവളർത്തുകയായിരുന്നു ബ്രിട്ടീഷുകാരുടെ ലക്ഷ്യം. എന്നാൽ ഇംഗ്ലീഷുകാരിൽ നിന്ന് നാട്ടുകാരിലേക്ക് കൈമറിഞ്ഞ മൂന്നാറിലെയും മറ്റും തേയിലത്തോട്ടങ്ങളിൽ യൂക്കാലിപ്‌സ് മരങ്ങൾ പിന്നീട് കച്ചവട ആവശ്യത്തിലേക്കായി നട്ടുവളർത്തി തുടങ്ങി. ഒരു യൂക്കാലി വൃക്ഷം ഒരിക്കൽ നടുക എന്നതല്ലാതെ മറ്റൊരു മുതൽ മുടക്കും ഇല്ലായെന്നതാണ് ഇതിന്റെ പ്രത്യേകത. ഒരേക്കർ സ്ഥലത്തെ യൂക്കാലി വൃക്ഷങ്ങൾ 20 വർഷത്തിനിടെ 3 തവണ വെട്ടാമെന്നതും, ഇതിൽ നിന്നും ശരാശരി 30 ലക്ഷം രൂപ ലാഭമുണ്ടാക്കാമെന്നതും ആണ് ഇവയുടെ പ്രധാന ലാഭം. ഏതാണ്ട് 50 വർഷം പഴക്കമുള്ള ഒരു യൂക്കാലിപ്‌സ് വൃക്ഷം 40000 ലിറ്റർ വെള്ളം വരെ ഒരു ദിവസം വലിച്ചെടുക്കുമെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്.
എന്നാൽ ഇടുക്കിയിലെ കാലാവസ്ഥയുടെ പ്രത്യേകത കൊണ്ട് മാത്രമാണ് ജില്ല ഇപ്പോഴും സന്തുലിതാവസ്ഥയിൽ നിലനിൽക്കുന്നതെന്നും ഇവർ പറയുന്നു. എന്നാൽ 10 വർഷം മുൻപത്തെ കാലാവസ്ഥയല്ല നിലവിൽ ഇടുക്കിയുടെത്. പല പ്രദേശങ്ങളിലും കാലാവസ്ഥവ്യതിയാനം സംഭവിച്ചുക്കൊണ്ടിരിക്കുകയാണ്. ഇവിടെ 1 ലക്ഷം ഏക്കറിനു മുകളിൽ യൂക്കാലി മരങ്ങൾ നട്ടുവളർത്തിയിട്ടുണ്ടെന്നാണ് കണക്ക്. ജില്ലയിൽ ഹിന്ദുസ്ഥാൻ ലിമിറ്റഡിന്റെ മാത്രമായി 30000 ഏക്കർ യൂക്കാലിപ്‌സ് കൃഷിയുണ്ടെന്നാണ് വനം വകുപ്പിന്റെ കണക്ക്. റ്റാറ്റായുടെ ഉടമസ്ഥതയിലുള്ളത് പതിനായിരത്തോളം ഏക്കർ യൂക്കാലി തോട്ടങ്ങളാണ്. അധികൃതരുടെ ഒത്താശയോടെയാണ് നിരോധിക്കപ്പെട്ട യൂക്കാലിപ്‌സ്, ഗ്രാന്റിസ് വൃക്ഷങ്ങൾ നട്ടുവളർത്തുന്നതെന്നാരോപിച്ച് കർഷകർ പ്രതിരോധത്തിന് ഒരുങ്ങുകയാണിവിടെ. യൂക്കാലി തോട്ടങ്ങൾക്കു സമീപത്തെ കൃഷിയിടങ്ങളിൽ ജലദൗർലഭ്യത വരുന്നതിന്റെ കാരണം ഈ തോട്ടങ്ങൾ ആണെന്നും നാട്ടുകാർ പരാതിപ്പെടുന്നു.
ഇടുക്കി ജില്ലയിലെ കമ്പമെട്ട് മുതൽ രാമക്കൽമെട്ട് വരെയുള്ള 124 ചതുരശ്രകിലോമീറ്ററിനുള്ളിൽ 4 പഞ്ചായത്തുകൾ ആണുള്ളത്. ഇതിൽത്തന്നെ കരുണാപുരം പഞ്ചായത്തിൽ മാത്രം 19000 കുഴൽകിണറുകളാണ് കുഴിച്ചിട്ടുള്ളത്. ഓരോ കുഴൽകിണറും 450 അടി താഴ്ചയിലാണ് കുഴിച്ചിരിക്കുന്നത്. അതായത് അണക്കെട്ടുകളുടെയും, ജലസ്രോതസ്സുകളുടെയും ഇടമെന്നറിയപ്പെടുന്ന ഇടുക്കി ജില്ലയിലാണ് ഈ ജലദൗർലഭ്യത ഉള്ളത്. അതിനു കാരണമാകട്ടെ യൂക്കാലിപ്‌സ് കൃഷിയും, 15 മുതൽ 27 ഡിഗ്രിവരെ മാത്രം ഊഷ്മാവ് വന്നിരുന്ന ജില്ലയിൽ ഇപ്പോൾ 45 ഡിഗ്രി വരെ ചൂട് വർദ്ധിക്കുന്നതിന്റെ കാരണവും അശാസ്ത്രീയമായ വിദേശ വൃക്ഷം നട്ടുപിടിപ്പിച്ചതുകൊണ്ടാണ്. കാലാവസ്ഥ വ്യതിയാനം മൂലം അപൂർവ്വയിനം സസ്യങ്ങൾക്കും, ജന്തുക്കൾക്കും വംശനാശം സംഭവിച്ചുക്കൊണ്ടിരിക്കുകയാണ്.ഇടുക്കിയിലെ തണുപ്പിൽ ജീവിക്കാൻ കഴിയാതിരുന്ന കാക്ക, ഉപ്പൻ വിഷപ്പാമ്പുകൾ എന്നിവ ഇവിടെ വർദ്ധിച്ചതിന്റെ കാരണം തന്നെ കാലാവസ്ഥ വ്യതിയാനമാണ്.
അടുത്ത 15 വർഷത്തിനുള്ളിൽ മൂന്നാർ അടക്കമുള്ള വിനോദസഞ്ചാര മേഖലയെ മരുഭൂമിയാക്കി മാറ്റാൻ കഴിവുള്ളവയാണ് യൂക്കാലിപ്‌സ് വൃക്ഷങ്ങൾ. ഭീമമായ തോതിൽ ജലം വലിച്ചെടുക്കുന്ന ഇവയുടെ കൃഷി അടിയന്തിരമായി തടഞ്ഞില്ലെങ്കിൽ ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നുതന്നെയാണ് വിലയിരുത്തപ്പെടുന്നത്.