- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂറോ കപ്പിൽ ഓസ്ട്രിയക്ക് വിജയത്തുടക്കം; വീറോടെ പൊരുതിയ വടക്കൻ മാസിഡോണിയയെ തകർത്തത് ഒന്നിനെതിരേ മൂന്നു ഗോളുകൾക്ക്
ബുക്കാറസ്റ്റ്: യൂറോ കപ്പിൽ ഓസ്ട്രിയക്ക് വിജയത്തുടക്കം. ഗ്രൂപ്പ് സിയിലെ മത്സരത്തിൽ വടക്കൻ മാസിഡോണിയയെ ഒന്നിനെതിരേ മൂന്നു ഗോളുകൾക്കാണ് ഓസ്ട്രിയ തകർത്തത്.
സ്റ്റെഫാൻ ലൈനർ, മൈക്കൽ ഗ്രെഗോറിറ്റ്സിച്ച്, മാർക്കോ അർനോറ്റോവിച്ച് എന്നിവർ ഓസ്ട്രിയക്കായി സ്കോർ ചെയ്തു. ഗോരൻ പാൺഡെവാണ് വടക്കൻ മാസിഡോണിയക്കായി സ്കോർ ചെയ്തത്.
തുല്യ ശക്തികളുടെ പോരാട്ടം കണ്ട ആദ്യ പകുതിയിൽ 18-ാം മിനിറ്റിൽ ഓസ്ട്രിയയാണ് സമനിലപ്പൂട്ട് പൊട്ടിച്ചത്. തകർപ്പൻ ഗോളിലൂടെ സ്റ്റെഫാൻ ലൈനറാണ് ഓസ്ട്രിയയെ മുന്നിലെത്തിച്ചത്. മാർസൽ സബിറ്റ്സറിന്റെ അളന്നുമുറിച്ച പാസിൽ നിന്നായിരുന്നു ലൈനറുടെ ഗോൾ. പോസ്റ്റിന്റെ വലതു മൂലയിലേക്കു വന്ന പാസ് ലൈനർ പോസ്റ്റിന് തൊട്ടുമുന്നിൽ നിന്ന് വലയിലെത്തിച്ചു.
എന്നാൽ ഗോൾവഴങ്ങി 10 മിനിറ്റിനുള്ളിൽ വടക്കൻ മാസിഡോണിയ തിരിച്ചടിച്ചു. 28-ാം മിനിറ്റിൽ ഗോരൻ പാൺഡെവിലൂടെയാണ് അവർ ഗോൾ മടക്കിയത്. ഓസ്ട്രിയയുടെ പ്രതിരോധ പിഴവിൽ നിന്നായിരുന്നു ഗോൾ. ഓസ്ട്രിയൻ ബോക്സിലേക്കു വന്ന ട്രൈക്കോവ്സ്കിയുടെ ക്രോസ് ക്ലിയർ ചെയ്യാൻ ശ്രമിച്ചത് ഓസ്ട്രിയൻ താരത്തിന്റെ തന്നെ ദേഹത്ത് തട്ടി ബോക്സിലേക്ക്. ലഭിച്ച അവസരം മുതലെടുത്ത് 37 കാരനായ ഗോരൻ പാൺഡെവ് പന്ത് വലയിലെത്തിച്ചു. യൂറോ കപ്പിൽ വടക്കൻ മാസിഡോണിയയുടെ കന്നി ഗോളായിരുന്നു ഇത്.
78-ാം മിനിറ്റിൽ മൈക്കൽ ഗ്രെഗോറിറ്റ്സിച്ചിലൂടെ ഓസ്ട്രിയ വീണ്ടും മുന്നിലെത്തി. ഇത്തവണ ഡേവിഡ് അലാബയുടെ കൃത്യതയാർന്ന ക്രോസാണ് ഗോളിന് വഴിയൊരുക്കിയത്. 89-ാം മിനിറ്റിൽ മാർക്കോ അർനോറ്റോവിച്ച് ഓസ്ട്രിയയുടെ ഗോൾ പട്ടിക തികച്ചു.
സ്പോർട്സ് ഡെസ്ക്