ദുബായിൽനിന്നും ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തിയ മൂന്ന് യാത്രക്കാരുടെ മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്തിയത് 3.9 ലക്ഷം യൂറോ. 2.9 കോടി രൂപയ്ക്ക് തുല്യമായ നോട്ടുകൾ ഈ രീതിയിൽ കടത്താൻ ശ്രമിച്ചത് കസ്റ്റംസ് ഉദ്യോഗസ്ഥരെയും സ്തബ്ധരാക്കി.

പ്ലാസ്റ്റിക്കുകൊണ്ട് പൊതിഞ്ഞ് മലദ്വാരത്തിൽ കയറ്റിയാണ് നോട്ടുകൾ കടത്താൻ ശ്രമിച്ചത്. തലപ്പാവിനുള്ളിലും കുറച്ചുപണം ഒളിച്ചിരുന്നു. പരിശോധനയ്ക്കിടെ ഇത് കണ്ടെത്തിയതാണ് തുമ്പായത്. വിശദ പരിശോധനയിൽ മലദ്വാരത്തിനുള്ളിലും നോട്ടുകൾ ഒളിപ്പിച്ചതായി റവന്യൂ ഇന്റലിജൻസ് വിഭാഗം കണ്ടെത്തുകയായിരുന്നു. ഈ രീതിയിൽ ഇത്രയധികം നോട്ടുകൾ ഒളിപ്പിച്ച് കടത്തുന്നത് ആദ്യമായാണ് പിടികൂടുന്നതെന്നും അധികൃതർ പറഞ്ഞു.

രഹസ്യ സന്ദേശം ലഭിച്ചതിനെത്തുടർന്നാണ് അധികൃതർ മൂന്നുപേരെയും പരിശോധനയ്ക്ക് വിധേയരാക്കിയത്. മൂവരും ഡൽഹിയിൽനിന്ന് മറ്റൊരു വിമാനത്തിൽ പോകേണ്ടതായിരുന്നു. ബോർഡിങ് പാസ്സുകൾ വാങ്ങാനായി പോകുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. വിദേശത്ത് ബിസിനസ് ആരംഭിക്കുന്നതിനിവേണ്ടി കൊണ്ടുവന്നതാണ് പണമെന്ന് ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

രാജ്യത്തേയ്ക്ക് വിദേശത്തുനിന്ന് പണം മതിയായ രേഖകളില്ലാതെ കൊണ്ടുവരുന്നത് കുറ്റകരമാണ്. ഇവർ കുഴൽപ്പണ ശൃംഖലയിലെ കണ്ണികളാണോ എന്നും അധികൃതർ സംശയിക്കുന്നുണ്ട്. മൂന്നുപേരെയും വിശദമായി ചോദ്യം ചെയ്യാനാണ് അധികൃതരുടെ തീരുമാനം.