യൂറോപ്യൻ യൂണിയനെ ഒന്നിച്ചുനിർത്തിയിരുന്ന ഘടകങ്ങളിലൊന്ന് യൂറോ എന്ന നാണയമായിരുന്നു. എന്നാൽ, തുടക്കം മുതൽ സ്വന്തം കറൻസിയായ പൗണ്ടിൽ തുടരുകയും ഇപ്പോൾ, യൂറോപ്യൻ യൂണിയനെ വിട്ട് സ്വന്തമായി നിലകൊള്ളാൻ തീരുമാനിക്കുകയും ചെയ്ത ബ്രിട്ടൻ യൂറോയ്ക്ക് ഭീഷണി ഉയർത്തി. ഇപ്പോഴിതാ കൂടുതൽ രാജ്യങ്ങൾ യൂറോയെ അവിശ്വസിക്കാൻ തുടങ്ങിയിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. ഹോളണ്ടാണ് സ്വന്തം കറൻസിയിലേക്ക് മടങ്ങുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ കൂടുതൽ ഗൗരവത്തിൽ എടുത്തിട്ടുള്ളത്.

യൂറോയെ കൈയൊഴിയാനാവുമോ എന്നത് ഗൗരവത്തോടെ ചർച്ച ചെയ്യുകയാണ് ഹോളണ്ടിലെ എംപിമാർ. യൂറോയുടെ ഭാവിയെന്താകുമെന്ന കാര്യത്തിൽ രാജ്യത്തെ സാമ്പത്തിക വിദഗ്ധരോട് റിപ്പോർട്ടും തേടിയിയിട്ടുണ്ട്. ഈ റിപ്പോർട്ട് കി്ട്ടിയാൽ യൂറോയിൽ തുടരുന്നത് സംബന്ധിച്ച് പാർലമെന്റ് ചർച്ച ചെയ്യും. ഹോളണ്ടിന് എങ്ങനെ യൂറോയിൽനിന്ന് പിന്മാറാമെന്നതാണ് വിദഗ്ദ്ധർ പ്രധാനമായും പഠിക്കുന്നത്.

യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ തുച്ഛമായ പലിശ ഹോളണ്ടിലെ നിക്ഷേപകരെ തീർത്തും നിരാശരാക്കുന്നുവെന്ന ചർച്ചകളുടെ തുടർച്ചയാണ് സ്വന്തം കറൻസിയിലേക്ക് മടങ്ങിയാലോ എന്ന ആലോചനയും. മാർച്ചിൽ നടക്കുന്ന തിരഞ്ഞെടുപ്പിലും യൂറോ ചർച്ചാവിഷയമാണ്. യൂറോയെക്കുറിച്ചുള്ള ചർച്ച പാർലമെന്റിലെത്തുക തിരഞ്ഞെടുപ്പിന് ശേഷമാകും.

യൂറോ നിലനിർത്തുന്നതിനോടാണ് കൂടുതൽ ഹോളണ്ടുകാർക്കും യോജിപ്പുണ്ട്. എന്നാൽ, ഗീർട്ട് വിൽഡേഴ്‌സിന്റെ തീവ്ര വലതുപക്ഷ പാർട്ടി യൂറോയ്‌ക്കെതിരായ ജനവികാരമാണ് ഉയർത്തുന്നത്. തിരഞ്ഞെടുപ്പിൽ അത് നിർണായകമാകും. പ്രതിപക്ഷമായ ക്രിസ്ത്യൻ ഡമോക്രാറ്റ് നേതാവ് പീറ്റർ ഒംസിറ്റാണ് പാർലമെന്റിൽ യൂറോയുടെ ഭാവിയെക്കുറിച്ച് പഠിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം കൊണ്ടുവന്നത്.

യൂറോയിൽ തുടരുന്നതുമൂലമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനാവുന്നില്ല. ഈ സാഹചര്യത്തിൽ, മറ്റു തടസ്സവാദങ്ങൾ മറന്ന് സ്വന്തം കറൻസിയിലേക്ക് തിരിച്ചുപോകുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് ഒംസിറ്റ് പറയുന്നു. യൂററോപ്യൻ യൂണിയനെതിരെ മറ്റു രാജ്യങ്ങളിലുമുയരുന്ന വികാരം ഇക്കൊല്ലം പുതിയ തലത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫ്രാൻസിലും ജർമനിയിലും തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, വലതുപക്ഷപാർട്ടികൾ ഇതാകും ഉയർത്തിക്കൊണ്ടുവരിക.