- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂറോയിൽ ഇന്ന് ആവേശപ്പോരുകൾ; നിലനിൽപ്പിനായുള്ള പോരാട്ടത്തിന് ജർമ്മനിയും സ്‌പെയിനും; പ്രീക്വാർട്ടർ ഉറപ്പിക്കാൻ പോർച്ചുഗലും ഫ്രാൻസും; പോളണ്ടെത്തുക അട്ടിമറി ലക്ഷ്യമിട്ട്
മ്യൂണിക്ക്: മൂന്നൂ തീപാറുന്ന പോരാട്ടങ്ങൾ.. യൂറോയിലെ ഇന്നത്തെ മത്സരങ്ങളെ ഇതിൽക്കുറഞ്ഞൊന്നും വിശേഷിപ്പിക്കാനാകില്ല.നിലനിൽപ്പിനായി പ്രമുഖർ ബുട്ടുകെട്ടുമ്പോൾ യുറോപ്പിലെ പുൽമൈതാനങ്ങളിൽ മറ്റെന്ത് പ്രതീക്ഷിക്കാനാണ്.ഫ്രാൻസും ഹംഗറിയും തമ്മിലാണ് ആദ്യ പോരാട്ടം.രണ്ടാം മത്സരത്തിൽ കരുത്തരായ പോർച്ചുഗൽ ജർമ്മനിയെ നേരിടും.മൂന്നാം മത്സരത്തിൽ നിലനിൽപ്പിനായി സ്‌പെയിനും പോളണ്ടും ഏറ്റുമുട്ടും.
യൂറോ കപ്പിൽ പ്രീ ക്വാർട്ടർ ഉറപ്പിക്കാനാണ് ഫ്രാൻസ് ഇന്നിറങ്ങുന്നത്. വൈകിട്ട് ആറരയ്ക്ക് തുടങ്ങുന്ന കളിയിൽ ഹങ്കറിയാണ് എതിരാളികൾ. ബുഡാപെസ്റ്റിലെ പുഷ്‌കാസ് അറീനയിലാണ് മത്സരം. സ്വന്തം തട്ടകമായ പുഷ്‌കാസ് അറീനയിൽ ഹങ്കറി ഒരിക്കൽക്കൂടി ഇറങ്ങുകയാണ്. പോർച്ചുഗലിനോട് മൂന്ന് ഗോളിന് തോറ്റതിന്റെ ക്ഷീണത്തിൽ നിന്ന് കരകയറുകയാണ് ലക്ഷ്യം. തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിലെ ഇരമ്പിയാർക്കുന്ന ആരാധകരുടെ പിന്തുണയ്ക്കൊത്ത് പന്ത് തട്ടിയില്ലെങ്കിൽ യൂറോയിൽ ഹങ്കറിയുടെ വഴിയടയും.
അതേസമയം ജർമനിയോട് ഒറ്റ ഗോളിന് രക്ഷപ്പെട്ടതിന്റെ ക്ഷീണം തീർക്കുകയാണ് ലോക ചാമ്പ്യമാരായ ഫ്രാൻസിന്റെ ലക്ഷ്യം. അതിലൂടെ പ്രീ ക്വാർട്ടർ ബർത്ത് ഉറപ്പിക്കുകയും മനസിലുണ്ട്. കടലാസിലെ കരുത്ത് കളിയിലേക്കും കാലിലേക്കും കൊണ്ടുവരികയാണ് പ്രധാനം. കിലിയൻ എംബാപ്പേ, അന്റോയ്ൻ ഗ്രീസ്മാൻ, കരീം ബെൻസേമ എന്നിവർ ഗോളിനായി നിരന്തരം ആക്രമണം അഴിച്ചുവിടുമെന്നുറപ്പ്. ഇവർക്ക് പിന്നിൽ യന്ത്രങ്ങളെ തോൽപിക്കുന്ന കൃത്യതയുമായി എൻഗോളെ കാന്റെയും പോൾ പോഗ്ബയും കളി നിയന്ത്രിക്കുമ്പോൾ ഹങ്കറിക്ക് കാര്യങ്ങൾ ഒട്ടും എളുപ്പമാവില്ല.
പോർച്ചുഗലിനെതിരെ പുറത്തെടുത്ത പ്രതിരോധ തന്ത്രം തന്നെയാവും ആതിഥേയരുടെ ആശ്രയം. ഹങ്കറിയെ തോൽപിച്ച് പോർച്ചുഗലിനെതിരായ പോരാട്ടിന് മുൻപ് മരണഗ്രൂപ്പിൽനിന്ന് അവസാന പതിനാറിൽ ഇടംപിടിക്കുകയാവും ഫ്രാൻസിന്റെ ലക്ഷ്യം. ഇരു ടീമും 23 കളിയിൽ മുമ്പ് ഏറ്റുമുട്ടിയപ്പോൾ ഹങ്കറി പന്ത്രണ്ടിലും ഫ്രാൻസ് എട്ടിലും ജയിച്ചു. മൂന്ന് കളി സമനിലയിൽ അവസാനിച്ചു. 16 വർഷം മുൻപ് സൗഹൃദമത്സരത്തിലാണ് അവസാനം ഏറ്റുമുട്ടിയത്. അന്ന് ഒന്നിനെതിരെ രണ്ട് ഗോളിന് ജയം ഫ്രാൻസിനൊപ്പം നിന്നു.
രണ്ടാം മത്സരമാണ് ഏറ്റവും കൂടുതൽ പേർ ആകാംഷയോടെ കാത്തിരിക്കുന്നത്.ജർമ്മനിയും പോർച്ചുഗലും തമ്മിൽ.സ്വന്തം ഗോളിൽ ഫ്രാൻസിന് മുന്നിൽ തലകുനിച്ച ജർമനിക്ക് ഇനിയൊരു തോൽവി കൂടി താങ്ങാനാവില്ല. മരണഗ്രൂപ്പിൽ പ്രീ ക്വാർട്ടർ പ്രതീക്ഷ നിലനിർത്താൻ ജയം അനിവാര്യം. പക്ഷേ, അതത്ര എളുപ്പമായിരിക്കില്ല. മൂന്ന് ഗോൾ ജയവുമായി തുടങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലാണ് മുന്നിലുള്ളത്. അവസാന മത്സരത്തിൽ ഫ്രാൻസിനെ നേരിടും മുൻപ് പ്രീ ക്വാർട്ടറിൽ ഇടംപിടിക്കുകയാണ് പോർച്ചുഗലിന്റെ ലക്ഷ്യം. നായകനിൽ തന്നെയാണ് പോർച്ചുഗലിന്റെ പ്രതീക്ഷയെങ്കിൽ ജർമനിയുടെ ആശങ്കയും സിആർ 7ന്റെ ആ മികവ് തന്നെ.
ഹങ്കറിക്കെതിരെ രണ്ട് ഗോളടിച്ച റൊണാൾഡോയ്ക്കൊപ്പം ബ്രൂണോ ഹെർണാണ്ടസ്, ഡീഗോ ജോട്ട, ബെർണാഡോ സിൽവ തുടങ്ങിയവർ ചേരുമ്പോൾ ജർമനിക്ക് കാര്യങ്ങൾ ഒട്ടും എളുപ്പമാവില്ല. ലോക ചാമ്പ്യന്മാർക്കെതിരെ നന്നായി കളിച്ചെങ്കിലും ഗോളിലേക്കുള്ള വഴിയടഞ്ഞത് ജർമൻ കോച്ച് യോക്വിം ലോയുടെ തലവേദന കൂട്ടും. ഇതുകൊണ്ടുതന്നെ ടീമിൽ മാറ്റത്തിന് സാധ്യതയുണ്ട്. കിമ്മിച്ച്, ഗുൺഡോഗൻ, മുള്ളർ ഗ്‌നാബ്രി എന്നിവർക്കൊപ്പം കായ് ഹാവെർട്‌സിനെയും തിമോ വെർണറയേും പരീക്ഷിക്കാൻ സാധ്യതയുണ്ട്.മരണഗ്രൂപ്പിൽ മൂന്ന് പോയിന്റ് വീതവുമായി പോർച്ചുഗലും ഫ്രാൻസുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. ജയമില്ലാത്ത ജർമനി മൂന്നാമതും ഹങ്കറി അവസാന സ്ഥാനക്കാരുമാണ്.ഇന്ത്യൻസമയം രാത്രി ഒൻപതരയ്ക്കാണ് കളി തുടങ്ങുക.
യൂറോ കപ്പിൽ മൂന്നാം മത്സരത്തിൽ ഗ്രൂപ്പ് ഇയിൽ സ്പെയ്ൻ ഇന്ന് രണ്ടാം മത്സരത്തിന് ഇറങ്ങും. രാത്രി പന്ത്രണ്ടരയ്ക്ക് തുടങ്ങുന്ന കളിയിൽ പോളണ്ടാണ് എതിരാളികൾ. സെവിയ്യയിലാണ് മത്സരം. ടൂർണമെന്റിൽ കാൽ ചവിട്ടി നിൽക്കാൻ ഇരു ടീമിനും ജയം അനിവാര്യമാണ്. സ്വീഡനെതിരെ ഗോളില്ലാ സമനിലയോടെ തുടങ്ങിയ മുൻ ചാമ്പ്യന്മാരായ സ്പെയ്ന് ഗോളടിവീരൻ റോബർട്ട് ലെവൻഡോവ്സ്‌കിയുടെ പോളണ്ടിനെതിരെ ഗോളും പോയിന്റും വേണം. സ്ലോവാക്യയോട് തോറ്റ പോളണ്ടിനും നിലനിൽപിന്റെ പോരാട്ടമാണിന്ന്. ഗ്രൂപ്പ് ഇയിൽ ഒരു പോയിന്റുമായി സ്പെയ്ൻ മൂന്നും അക്കൗണ്ട് തുറക്കാതെ പോളണ്ട് അവസാന സ്ഥാനത്തുമാണ്.
എതിരാളികളെ കാഴ്ചക്കാരാക്കി പന്ത് കൈമാറുന്നുണ്ടെങ്കിലും മൊറാട്ടയ്ക്കും ടോറസിനും ഡാനി ഒൽമോയ്ക്കും ഉന്നം പിഴയ്ക്കുന്നതാണ് സ്പാനിഷ് പ്രതിസന്ധി. ലാ ലീഗയിലെ ഗോളടി മികവുമായി ജെറാർഡോ മൊറേനോ അവസരം കാത്തിരിക്കുകയാണ്. യുവതാരം പെഡ്രിക്ക് പകരം തിയാഗോ അൽകാന്റയ്ക്ക് അവസരം നൽകിയേക്കും. ഒപ്പംനായകൻ സെർജിയോ ബുസ്‌കറ്റ്‌സ് കോവിഡ് മുക്തനായത് സ്പെയ്ന് ആശ്വാസമാണ്. ബുസ്‌കറ്റ്സ് പോളണ്ടിനെതിരെ കളിക്കും എന്നാണ് പ്രതീക്ഷ. ജൂൺ ആറിന് ട്രെയിനിങ് ക്യാമ്പിനിടെയാണ് ബുസ്‌കറ്റ്സിന് കോവിഡ് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ ഏതുമില്ലാതിരുന്ന താരം ബാഴ്സലോണയിലെ വീട്ടിൽ പരിശീലനം നടത്തുന്നുണ്ടായിരുന്നു. വീട്ടിൽ 12 ദിവസത്തെ ക്വാറന്റൈൻ താരം പൂർത്തിയാക്കി.
അതേസമയം പോളണ്ടിന്റെ പ്രതീക്ഷകളെല്ലാം നീളുന്നത് ലെവൻഡോവ്സ്‌കിയിലേക്കാണ്. ഇതുതന്നെയാണ് പോളണ്ടിന്റെ വെല്ലുവിളിയും. ഇരുടീമും 10 കളിയിൽ മുമ്പ് ഏറ്റുമുട്ടിയിട്ടുണ്ട്. ഇതിൽ സ്പെയ്ന് വ്യക്തമായ ആധിപത്യമുണ്ട്. സ്പെയ്ൻ എട്ട് മത്സരങ്ങളിൽ ജയിച്ചപ്പോൾ പോളണ്ട് ചിരിച്ചത് ഒരിക്കൽ മാത്രമെന്നതാണ് ചരിത്രം. ഒരു കളി സമനിലയിൽ അവസാനിക്കുകയും ചെയ്തു.
സ്പോർട്സ് ഡെസ്ക്