ബ്രെക്‌സിറ്റിലൂടെ യൂറോപ്യൻ യൂണിയനിൽനിന്ന് പുറത്തുപോകാൻ ബ്രിട്ടൻ തീരുമാനിച്ചെങ്കിലും ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയെ താങ്ങിനിർത്താൻ യൂറോപ്യൻ യൂണിയൻ ഇടപെടുന്നു. ഇമിഗ്രേഷൻ നിയന്ത്രിച്ചുകൊണ്ട് യൂറോപ്യൻ യൂണിയനിലെ സിംഗിൾ മാർക്കറ്റിൽ തുടരാൻ ഏഴുവർഷത്തെ കാലയളവുകൂടി ബ്രിട്ടന് നൽകുന്ന കരാറാണ് ഇപ്പോൾ പരിഗണനയിലുള്ളത്.

യൂറോപ്യൻ യൂണിയൻ പൊടുന്നനെ വിടുമ്പോൾ ബ്രിട്ടൻ നേരിട്ടേക്കാവുന്ന സാമ്പത്തിക ആഘാതം ഒരു പരിധിവരെ പരിഹരിക്കുന്നതിന് ഈ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഇത്തരമൊരു കരാറിനുവേണ്ടി ബ്രിട്ടന്റെയും യൂറോപ്യൻ യൂണിയന്റെയും അധികൃതർ കൂടിയാലോചന തുടങ്ങി.

ബ്രിട്ടനെ സഹായിക്കുക വഴി യൂറോപ്യൻ യൂണിയനിൽനിന്ന് വിട്ടുപോകാൻ ആഗ്രഹിക്കുന്ന മറ്റു രാജ്യങ്ങളിലെ ശ്രമങ്ങളെ ഒരുപരിധിവരെ തടഞ്ഞുനിർത്താൻ കഴിയുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു. യൂറോപ്യൻ യൂണിയന്റെ പ്രസക്തി മറ്റു രാജ്യക്കാരെ ബോധ്യപ്പെടുത്തുന്നതിന് ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ.

വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൺ ഉൾപ്പെടെയുള്ള ബ്രിട്ടീഷ് മന്ത്രിമാർ ബ്രിട്ടൻ സിംഗിൾ മാർക്കറ്റിൽ തുടരണമെന്ന് ആഗ്രഹിക്കുന്നവരാണ്. 28 അംഗ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമായി തീരുവ രഹിത വ്യാപാരം നടത്തുന്നതിന് സിംഗിൾ മാർക്കറ്റിൽ തുടരേണ്ടത് അനിവാര്യമാണ്.

എന്നാൽ, ബ്രിട്ടന് പ്രത്യേക പദവി നൽകുന്നതിനോടുള്ള എതിർപ്പ് യൂറോപ്പിൽ ശക്തമാണ്. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ ഒലാന്ദെയുടെ നേതൃത്വത്തിലാണ് ബ്രിട്ടീഷ് വിരുദ്ധ നീക്കം ശക്തമായി നടക്കുന്നത്. ഹിതപരിശോധനയിലൂടെ യൂറോപ്യൻ യൂണിയൻ വിടാൻ തീരുമാനിച്ച ബ്രിട്ടനെ ഇത്തരത്തിൽ താങ്ങിനിർത്തേണ്ടതില്ലെന്നാണ് എതിർപക്ഷത്തിന്റെ വാദം.