സോമര്‍സെറ്റ്: സോമര്‍സെറ്റ് ക്രിക്കറ്റ് കൗണ്ടി ലീഗില്‍ ടോണ്‍ടണ്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്ലബ്ബിന് (ടിഐസിസിക്ക്) തകര്‍പ്പന്‍ വിജയം. മലയാളിയായ സാംജു മോഹനന്‍ പടുത്തുയര്‍ത്തിയ കൂറ്റന്‍ സ്‌കോറില്‍ ടീം അനായാസം വിജിയത്തിലേക്ക് നടന്നു കയറുക ആയിരുന്നു. സ്പാക്സ്ടണ്‍ ഇഇയെ 130 റണ്‍സിന് തകര്‍ത്താണ് ടിഐസിസി വിജയ കിരീടം അണിഞ്ഞത്. ആദ്യം ബാറ്റിങിനിറങ്ങിയ ടിഐസിസിയുടെ ചുണക്കുട്ടികള്‍ മികച്ച ഫോമിലാണ് ക്രീസിലേക്ക് എത്തിയത്.

സോമര്‍സെറ്റ് ക്രിക്കറ്റ് കൗണ്ടി ലീഗില്‍ എന്നും ആധിപത്യം പുലര്‍ത്തിയിരുന്ന സ്പാക്സ്ടണ്‍ സിസിയെ നേരിടാന്‍ കൃത്യമായ മുന്നൊരുക്കവുമായാണ് ടിഐസിസി കളത്തിലിറങ്ങിയത്. ആദ്യ ബാറ്റിംഗിനിറങ്ങിയ ടിഐസിസിക്ക് മികച്ച തുടക്കമാണ്. ഓപ്പണര്‍മാരായ സാന്തിന്‍നും ജിനുവും നല്‍കിയത്. സാന്തിന്‍ 102 പന്തില്‍ 103 റണ്‍സും ജിനു 50 പന്തില്‍ 67 റണ്‍സും നേടിയതോടെ ടീം അംഗങ്ങള്‍ ആവേശത്തിരയിലായി. ജിനു ക്രീസ് വിട്ടതോടെ പിന്നാലെ എത്തിയ സാംജു കളിയുടെ ഗതി മറ്റൊരു തലത്തിലേക്ക് തിരുത്തി കുറിച്ചു. 85 പന്തില്‍ സാംജു 142 റണ്‍സ് വാരിക്കൂട്ടി.

സാംജു മോഹനന്‍, മത്സരത്തില്‍ ഏറ്റവും ശ്രദ്ധേയമായ പ്രകടനമാണ് പുറത്തെടുത്തത്. വെറും 85 പന്തുകളില്‍ നിന്ന് 142 റണ്‍സ്, അതില്‍ 19 ഫോറും 7 സിക്‌സും, സ്‌റ്റ്രൈക്ക് റേറ്റ് 167 ഇതൊക്കെ ചേര്‍ന്ന് സാംജുവിന്റെ ഇന്നിംഗ്‌സ് കാണികളെ ആവേശം കൊള്ളിച്ചു. ഇത് വഴി ടിഐസിസി, 40 ഓവറില്‍ 373/4 എന്ന കനത്ത സ്‌കോര്‍ ക്രമീകരിച്ച് മത്സരം കൈയിലാക്കി.

മറുപടി ബാറ്റിംഗിനിറങ്ങിയ സ്പാക്സ്ടണ്‍ ഇഇ, ഡിവിഷനിലെ ഏറ്റവും ശക്തരായ ടീമുകളില്‍ ഒന്നായിരുന്നെങ്കിലും, ആവേശമുളള സ്‌കോര്‍ചേസിനിടെ അവര്‍ വഴിമുട്ടി. ചില ചെറുപ്രതിരോധ ശ്രമങ്ങള്‍ ഉണ്ടായിരുന്നെങ്കിലും, 40 ഓവറില്‍ 243 റണ്‍സ് മാത്രമാണ് അവര്‍ നേടാനായത്. ഇതോട സോമര്‍സെറ്റ് കൗണ്ടി ക്രിക്കറ്റ് ലീഗ് ഡിവിഷന്‍ 3യിലെ മത്സരത്തില്‍ ടിഐസിസി 130 റണ്‍സിന്റെ തകര്‍പ്പം ജയം സ്വന്തമാക്കുക ആയിരുന്നു.

ഇതോടെ സോമര്‍സറ്റ് ക്രിക്കറ്റ് ലീഗിലെ നിറ സാന്നിധ്യമായി മാറിയിരിക്കുകയാണ് മലയാളിയായ സാംജുമോഹന്‍. ആലപ്പുഴ സ്വദേശിയായ സാംജു ചേര്‍ത്തല എസ്എന്‍ കോളേജില്‍ പഠിക്കുമ്പോള്‍ മുതലേ മികച്ച ഒരു ക്രിക്കറ്റ് താരമായിരുന്നു. പഠനം പൂര്‍ത്തിയാക്കി കുവൈറ്റില്‍ ജോലി തേടി പോയ സാംജു അവിടെയും ക്രിക്കറ്റ് എന്ന തന്റെ പാഷനെ കൂടെ കൂട്ടി. കുവൈറ്റിലെ ഡിവിഷന്‍ എ ക്രിക്കറ്റില്‍ നിറ സാന്നിധ്യമായിരുന്നു സാംജു. പിന്നീടാണ് ഇംഗ്ലണ്ടിലേക്ക് കുടിയേറിയതും സോമര്‍സെറ്റ് ക്രിക്കറ്റ് ലീഗില്‍ നിറസാന്നിധ്യമായി മാറിയിരിക്കുന്നതും.