ന്യൂഡൽഹി: ഇന്ത്യൻ സമ്പദ് വ്യവസ്ഥ പ്രതിസന്ധിയിലാണോ? വലിയ ചർച്ചകളാണ് പ്രതിപക്ഷം മോദി സർക്കാരിനെതിരെ നടത്തുന്നത്. എന്നാൽ ഇതൊന്നും ഒരു പ്രശ്‌നവുമാകില്ലെന്നാണ് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റിന്റെ വിലയിരുത്തല്ഡ. ഇന്ത്യയുടെ ആഭ്യന്തര മൊത്ത ഉൽപാദനം(ജിഡിപി) 5.7 ശതമാനം ആയതിനെ ഇന്ത്യക്കാരല്ലാതെ പുറത്തുള്ള ഒരു രാജ്യക്കാരും കുറ്റം പറയില്ലെന്ന് യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഴാങ്‌ക്ലോദ് ജങ്കർ പറയുന്നു.

പല യൂറോപ്യൻ രാജ്യങ്ങളും കണക്കുകൂട്ടി വച്ചിരിക്കുന്നതിനെക്കാൾ മികച്ച വളർച്ചയാണ് ഇന്ത്യ നേടിയിരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. ഇന്ത്യ യൂറോപ്യൻ ബിസിനസ് ഫോറത്തിൽ പങ്കെടുക്കാനെത്തിയ യൂറോപ്യൻ നേതാവിന്റെ പ്രസ്താവന മോദി സർക്കാരിനും കരുത്താണ്. 6.1 ശതമാനമായിരുന്നു ഈ വർഷമാദ്യം ഇന്ത്യയുടെ ജിഡിപി നിരക്ക്. എന്നാൽ ഏപ്രിൽജൂൺ പാദത്തിൽ അത് 5.7 ശതമാനമായി കുറയുകയായിരുന്നു. ഇതോടെയാണ് വിമർശനങ്ങൾ തുടരുന്നത്. എന്നാൽ ഇതൊക്കെ താൽകാലികമാണെന്നാണ് യൂറോപ്പിൽ നിന്നെത്തിയ നേതാക്കൾ പറയുന്നത്.

ഇന്ത്യ മോശമെന്നു പറഞ്ഞുവച്ചിരിക്കുന്ന ജിഡിപി നിരക്ക് യൂറോപ്പിനെ സംബന്ധിച്ച് മികച്ച വളർച്ചയാണ്. യൂറോപ്പുമായി തട്ടിച്ചു നോക്കുമ്പോൾ 5.7 ശതമാനമെന്നത് ഇന്ത്യ മികച്ച രീതിയിൽ മുന്നേറുന്നുവെന്നാണ് കാണിച്ചു തരുന്നത്. ഇന്ത്യക്കാർ 'ഇടിവ്' എന്നു വിളിക്കുന്നതിനെയോർത്ത് തനിക്ക് യാതൊരു വേവലാതിയുമില്ലെന്നും ജങ്കർ കൂട്ടിച്ചേർത്തു. മൂന്നു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 5.7 ശതമാനത്തിൽ ജിഡിപി എത്തിയതിന് കേന്ദ്രസർക്കാർ വിമർശന മുനയിലാണ്. ജിഎസ്ടി നടപ്പാക്കിയതാണ് ഈ പ്രശ്‌നങ്ങൾക്ക് കാരണമെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. നോട്ട് നിരോധനത്തിനെതിരേയും അവർ പ്രതികരിക്കുന്നു. എന്നാൽ ഇതിനെയൊക്കെ പുകഴ്‌ത്തുകയാണ് യൂറോപ്യൻ നേതൃത്വം.

ജിഎസ്ടി ഏർപ്പെടുത്തിയതോടെ ഇനി ഇന്ത്യയുമായി വ്യാപാര ഇടപാടുകൾ കൂടുതൽ എളുപ്പമാകുമെന്ന് യൂറോപ്യൻ യൂണിയൻ പ്രതിനിധികൾ പറഞ്ഞു. രാജ്യത്തെ സാമൂഹികസാമ്പത്തിക മുന്നേറ്റത്തിന് സർക്കാർ നടത്തുന്ന ശ്രമങ്ങളെയും പ്രശംസിച്ച യൂണിയൻ, മേക് ഇൻ ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ, സ്‌കിൽ ഇന്ത്യ തുടങ്ങിയ പദ്ധതികളിൽ പങ്കാളികളാകാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു. പതിനാലാം ഇന്ത്യയൂറോപ്യൻ യൂണിയൻ വാർഷിക ഉച്ചകോടിയുടെ ഭാഗമായുള്ള സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

സാമ്പത്തിക മേഖലയിൽ ഇന്ത്യയ്ക്കുണ്ടായ പിന്നോട്ടുപോക്ക് ജിഎസ്ടിയെ തുടർന്നുണ്ടായ താത്കാലിക 'വഴിതെറ്റലിന്റെ' ഭാഗമെന്ന് ലോകബാങ്ക് പ്രസിഡന്റ് ജിം യോങ് കിമ്മും അഭിപ്രായപ്പെട്ടിരുന്നു. ജിഎസ്ടി നടപ്പാക്കുമ്പോഴുണ്ടായ സാങ്കേതിക പിഴവുകളാണ് ഇതിന് പിന്നിൽ. ഉടൻ കൂടുതൽ സാമ്പത്തിക വളർച്ചയിലേക്ക് തിരിച്ചുവരാൻ ഇന്ത്യക്കാകുമെന്നും ജിം യോങ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു പ്രധാന ലോക നേതാവും മോദി സർക്കാരിനെ അഭിനന്ദിക്കുന്നത്.

രാജ്യത്തെ വ്യവസായ മേഖലയുടെ നേട്ടത്തിനായുള്ളപ്രധാന മന്ത്രിയുടെ പ്രവർത്തനങ്ങളെയും ജിം പ്രശംസിച്ചു. വ്യവസായിക മേഖലയുടെ വികാസത്തിനായി പ്രധാന മന്ത്രി നരേന്ദ്ര മോദി മികച്ച കാര്യങ്ങളാണ് നടത്തുന്നത്. വൈകാതെ അത് ഫലം കാണുമെന്ന് പ്രതീക്ഷിക്കാം. മോദിയുടെ പ്രവർത്തനങ്ങളിൽ സ്വച്ഛ് ഭാരത് അഭിയാൻ വളരെ പ്രധാനപ്പെട്ടതാണെന്നും യുഎസിൽ നടക്കുന്ന ലോകബാങ്കിന്റെയും ഐഎംഎഫിന്റെയും യോഗത്തിൽ പങ്കെടുക്കാനെത്തിയ ജിം യോങ് വ്യക്തമാക്കി.