ഇസ്തംബുൾ: കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് യൂറോപ്പിലെ ഏറ്റവും തിരക്കേറിയ ഇസ്തംബുൾ വിമാനത്താവളം തിങ്കളാഴ്ച അടച്ചു. മഞ്ഞുവീഴ്ചയിൽ വിമാനത്താവളത്തിലെ കാർഗോ ടെർമിനൽ തകർന്നുവീണു. ആർക്കും പരുക്കേറ്റിട്ടില്ല. മിഡിൽ ഈസ്റ്റിൽനിന്നും ആഫ്രിക്കയിൽനിന്നും യൂറോപ്പിലേക്കും ഏഷ്യയിലേക്കുമുള്ള വിമാനങ്ങൾ വിമാനത്താവളത്തിൽ നിരന്നു കിടക്കുകയാണ്.

കിഴക്കൻ മെഡിറ്ററേനിയനിലുണ്ടായ മഞ്ഞുവീഴ്‌ച്ചയെ തുടർന്ന് ഏഥൻസിലെ സ്‌കൂളുകളും, വാക്‌സിനേഷൻ ക്യാമ്പുകളും അടച്ചിരുന്നു. ഇതിനുപിന്നാലെയാണ് വിമാനത്താവളവും അടച്ചത്.

കഴിഞ്ഞ ദിവസമാണ് വിമാനത്താവളത്തിന്റെ കാർഗോ ടെർമിനലിന്റെ മേൽക്കൂര നിലംപതിച്ചത്. വിമാനത്താവളം അടച്ച സാഹചര്യത്തിൽ മിഡിൽ ഈസ്റ്റിൽ നിന്നും ആഫ്രിക്കയിൽ നിന്നും യൂറോപ്പിലേക്കും, ഏഷ്യയിലേക്കും പുറപ്പെടുന്ന വിമാനങ്ങളുടെ യാത്ര നിർത്തിവച്ചു.

ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നാണ് ഇസ്തംബുൾ വിമാനത്താവളം. കഴിഞ്ഞ വർഷം 37 ദശലക്ഷത്തിലധികം യാത്രക്കാരാണ് കടന്നുപോയത്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എയർ ഹബ്ബുകളിലൊന്നാണത്. ബൾഗേറിയ, ഗ്രീസ് എന്നിവയുമായി അതിർത്തി പങ്കിടുന്ന മേഖലയിലാണ് കനത്ത മഞ്ഞുവീഴ്ച. പ്രദേശത്തെ ഷോപ്പിങ് മാളുകൾ നേരത്തേ അടച്ചിരുന്നു. ഭക്ഷണ വിതരണ സേവനങ്ങളും നിർത്തിവച്ചിരിക്കുകയാണ്.

പ്രദേശത്തെ മിക്ക റോഡുകളും നഗരങ്ങളും പൂർണ്ണമായും മഞ്ഞുമൂടിയ നിലയിലാണ്. അതേസമയം, ശൈത്യകാലത്തെ ആദ്യത്തെ മഞ്ഞുവീഴ്ച ഇസ്തംബുളിലെ പുരാതന പള്ളികളുടെ ചത്വരങ്ങളിൽ രസകരമായ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്. കുട്ടികൾ മഞ്ഞുകൊണ്ടുള്ള നിർമ്മിതികളിലേർപ്പെടുന്നതിന്റെയും വിനോദസഞ്ചാരികൾ സെൽഫിക്ക് പോസ് ചെയ്യുന്നതിന്റെയും തിരക്കിലാണ്.

തുർക്കിയിലെ ഏറ്റവും വലിയ നഗരമായ ഇസ്തംബുളിലെ 16 ദശലക്ഷം നിവാസികൾക്ക് മഞ്ഞുവീഴ്ച തലവേദനയായി മാറിയിട്ടുണ്ട്. നിരവധി വാഹനങ്ങൾ റോഡിൽനിന്ന് തെന്നിമാറി കൂട്ടിയിടിക്കുകയും വൻതാഴ്ചകളിലേക്ക് പതിക്കുകയും ചെയ്തു. വാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് ഇസ്തംബുൾ ഗവർണർ വിലക്കേർപ്പെടുത്തി.

ഗ്രീസിൽ ഒറ്റ രാത്രികൊണ്ട് താപനില മൈനസ് 14 ഡിഗ്രിയായി കുറഞ്ഞു. കനത്ത ഹിമവർഷത്തിന്റെ സാഹചര്യത്തിൽ പാർലമെന്റിന്റെ സെഷൻ താത്ക്കാലികമായി നിർത്തി വച്ചു.