ഓ... അത്രയൊന്നും പ്രായമായിട്ടില്ലല്ലോ... പിന്നെ അൽപം കൊളസ്‌ട്രോൾ ഉണ്ടായെന്ന് വച്ച് കുഴപ്പമൊന്നുമില്ലെന്നേ...അതു കൊണ്ട് അൽപം ചിക്കൻഫ്രൈയും രണ്ട് സ്മാളും ദിവസവും കഴിച്ചതു കൊണ്ട് കുഴപ്പമൊന്നും ഉണ്ടാകത്തില്ലെന്നേ...'. ചിക്കനും സ്മാളും ഒഴിവാക്കാൻ പറ്റാത്ത ചിലർ ഇത്തരത്തിൽ ന്യായീകരണങ്ങൾ നിരത്തുന്നത് കാണാറുണ്ട്. എന്നാൽ നിങ്ങളുടെ പ്രായം 35നും 55നും ഇടയിലാണെങ്കിൽ കൊളസ്‌ട്രോളിന്റെ അളവിലുണ്ടാകുന്ന ചില്ലറ ഏറ്റക്കുറച്ചിലുകൾ പോലും ഹൃദയാഘാതത്തിന് കാരണമാകുമെന്നാണ് പുതിയ കണ്ടെത്തൽ. അതിനാൽ അവ ശീലമാക്കിയവർ എത്രയും പെട്ടെന്ന് നിർത്തുന്നതായിരിക്കും തടിക്ക് നല്ലത്.

കൊളസ്‌ട്രോളിലുണ്ടാകുന്ന ചെറിയ വർധനവ് പോലും പിൽക്കാലത്ത് ഹൃദയത്തിന് ഭീഷണിയുണ്ടാക്കുമെന്നാണ് ആരോഗ്യ വിഗദ്ധർ മുന്നറിയിപ്പ് നൽകുന്നത്. അതായത് ഹൃദയധമനികൾക്കുണ്ടാകുന്ന ദീർഘകാല കേടുപാടുകൾ നിങ്ങളുടെ 30കളിലും 40കളിലുമാണ് ആരംഭിക്കുന്നതെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.35നും 55നും ഇടയ്ക്കുള്ള പ്രായത്തിൽ ഓരോ പത്ത് വർഷത്തിലുമുണ്ടാകുന്ന കൊളസ്‌ട്രോളിന്റെ വർധനവിലൂടെ ഹൃദ്രോഗസാധ്യത 40 ശതമാനം വർധിക്കുന്നുവെന്നാണ് യുഎസിൽ അടുത്തിടെ നടത്തിയ ഒരു പഠനത്തിലൂടെ തെളിഞ്ഞിരിക്കുന്നത്. 1948ൽ ആരംഭിച്ച ഫ്രാമിൻഗ്ഹാം ഹേർട്ട് സ്റ്റഡിയിൽ നിന്നുള്ള വസ്തുതകളെ അടിസ്ഥാനമാക്കിയാണ് ശാസ്ത്രജ്ഞർ ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട് ഏറ്റവും ബൃഹത്തായതും ഇപ്പോഴും തുടരുന്നതുമായ ഒരു പഠനമാണിത്.

പ്രസ്തുത പഠനത്തിന്റെ ഭാഗമായി 55 വയസ്സുള്ള 1478 പേരെ നിരീക്ഷണവിധേയമാക്കിയിരുന്നു.അവരെല്ലാം ഹൃദ്രോഗമില്ലാത്തവരാണെങ്കിലും അവർക്കോരോരുത്തർക്കും ആ പ്രായത്തിൽ ഹൃദ്രോഗം വരാനുള്ള സമയദൈർഘ്യം കണക്കാക്കുകയും ചെയ്തിരുന്നു. തുടർന്ന് ഗവേഷകർ 20 വയസ്സുകാരായ നിരവധി പേരെ നിരീക്ഷിച്ചു. ഉയർന്നു കൊണ്ടിരിക്കുന്ന കൊളസ്‌ട്രോൾ കാരണം ദീർഘകാലാടിസ്ഥാനത്തിൽ ഹൃദ്രോഗം വരുന്നതെങ്ങനെയെന്ന് കണ്ടെത്തുകയായിരുന്നു ഈ നിരീക്ഷണത്തിലൂടെ ലക്ഷ്യമിട്ടിരുന്നത്. നിരീക്ഷണവിധേയമാക്കിയ 389 ആളുകളിൽ 55ാം വയസ്സിൽ പത്ത് വർഷം മുമ്പുള്ളതിനേക്കാൾ കൊളസ്‌ട്രോൾ കണ്ടെത്തിയിരുന്നു. 577 ആളുകളിൽ 11 മുതൽ 20 വർഷം മുമ്പുള്ളതിനേക്കാൾ കൊളസ്‌ട്രോൾ അധികരിച്ചിരിക്കുന്നതായും കണ്ടെത്തി. എന്നാൽ 512 പേരുടെ കോളസ്‌ട്രോളിൽ മാറ്റമൊന്നുമുണ്ടായില്ലെന്നും വെളിപ്പെട്ടിട്ടുണ്ട്.

11 മുതൽ 20 വർഷം വരെയുള്ള കാലയളവിനുള്ളിൽ ഉയരുന്ന കൊളസ്‌ട്രോൾ ഹൃദയാഘാതം വരാനുള്ള സാധ്യത 16.5 ശതമാനം വർധിപ്പിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. പത്ത് വർഷത്തെ കൊളസ്‌ട്രോൾ 8.1 ശതമാനം ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നു.എന്നാൽ ഇക്കാലളവിൽ കൊളസ്‌ട്രോൾ വർധിക്കാത്തവർക്ക് ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യത വെറും 4.4 ശതമാനം മാത്രമാണ്. അതായത് ഓരോ പത്ത് വർഷത്തിലുമുണ്ടാകുന്ന കൊളസ്‌ട്രോൾ വർധനവിലൂടെ ഹൃദ്രോഗമുണ്ടാകാൻ 39 ശതമാനം സാധ്യതയുണ്ടെന്ന് ചുരുക്കം. കൊളസ്‌ട്രോളിന്റെ അളവിലുണ്ടാകുന്ന ചെറിയ വർധനവ് പോലും ഹൃദയത്തിന് ഭീഷണിയാണെന്ന് സാരം. സ്റ്റാറ്റിൻസ് പോലുള്ള ആന്റി കൊളസ്‌ട്രോൾ ഡ്രഗ്‌സുകൾ ചെറിയ പ്രായത്തിൽ ഉപയോഗിക്കുന്നത് ആപത്താണെന്നും പ്രസ്തുത പഠനം മുന്നറിയിപ്പ് നൽകുന്നു. ദീർഘകാലമായി കൊളസ്‌ട്രോളുള്ളവരും പഠനത്തിൽ ഭാഗഭാക്കായവരുമായ ആറിൽ ഒരാൾക്ക് 40ാം വയസ്സിലും മൂന്നിൽ ഒരാൾക്ക് 50ാം വയസ്സിലും സ്റ്റാറ്റിൻ തെറാപ്പി ചെയ്യാമെന്നാണീ പഠനം നിർദേശിക്കുന്നത്. യുകെയിലെ മുതിർന്നവരിൽ പകുതി പേർക്കും 5ാാീഹ/ ഘ ൽ കൂടുതൽ കോളസ്‌ട്രോൾ സ്‌കോർ ഉണ്ടെന്നാണ് എൻഎച്ച്എസ് പറയുന്നത്. കൊളസ്‌ട്രോൾ ലെവൽ മെല്ലെ മെല്ലെ വർധിച്ചു വരുന്നുവെന്ന് കണ്ടാൽ കൂടുതൽ ഫലപ്രദമായ പ്രതിരോധം നേരത്തെ തന്നെ ആരംഭിക്കണമെന്നാണ് പഠനത്തിന് നേതൃത്ത്വം നൽകിയ ഡോ. ആൻ മാരി നവർ ബോഗൻ നിർദേശിക്കുന്നത്. അമേരിക്കൻ ഹേർട്ട് അസോസിയേഷൻ ജേർണലായ സർക്കുലേഷനിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.