തിരുവനന്തപുരം: അവിഹിതബന്ധത്തിനായി കൊടുംപാതകം ചെയ്യും മുമ്പ് ആറ്റിങ്ങൽ സ്വദേശി അനുശാന്തി നാട്ടുകാരുടെ പ്രിയപ്പെട്ടവളായിരുന്നു. കൊലപാതക വിവരമറിഞ്ഞു ഞെട്ടിത്തരിച്ച ഉറ്റവരും സുഹൃത്തുക്കളുമിപ്പോൾ കേസിൽ പരമാവധി ശിക്ഷ തന്നെ ഇവർക്കു നൽകണമെന്ന ആവശ്യമാണ് ഉയർത്തുന്നത്.

നാല് വയസ്സ് മാത്രം പ്രായമുള്ള സ്വന്തം മകളേയും സ്വന്തം ഭർത്താവിന്റെ മാതാവിനേയും കൊലപ്പെടുത്താൻ കാമുകനു ഒത്താശ ചെയ്തതു പൊറുക്കാനാകാത്ത കുറ്റമാണെന്നു തന്നെയാണു ശക്തമായ വികാരം.

ദാരുണമായ ഈ കൊലപാതകത്തിനു മുൻപ് അനുശാന്തി എന്ന സ്ത്രീയെക്കുറിച്ച് അവർ ജനിച്ച് വളർന്ന ആറ്റിങ്ങൽ മാമത്തെ നാട്ടുകാർക്കോ പരിസരവാസികൾക്കോ യാതൊരു പരാതികളോ മോശമായ അഭിപ്രായങ്ങളോ ഉണണ്ടായിരുന്നില്ല. എല്ലാവരോടും സ്നേഹം നിറഞ്ഞ പെരുമാറ്റമായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. സമാനമായ അഭിപ്രായം തന്നെയാണ് ആറ്റിങ്ങൽ ആലംകോട് അനുശാന്തിയുടെ ഭർത്താവ് ലിജീഷിന്റെ അയൽക്കാർക്കും പറയാനുള്ളത്. കൊലപാതക വാർത്തയും അതിലെ അനുശാന്തിയുടെ പങ്കിനെകുറിച്ചുള്ള വാർത്തകളും പുറത്തുവന്നപ്പോൾ ഏവരും അമ്പരപ്പോടെയാണ് അത് കേട്ടത്.

എന്നാൽ കൊലപാതകം നടക്കുന്നതിനും ഏതാനം മാസങ്ങൾക്ക് മുൻപ് കുടുംബത്തിൽ തുടങ്ങിയ അസ്വാരസ്യങ്ങൾ ചിലരിലെങ്കിലും സംശയവും ഉയർത്തിയിരുന്നു. നിനോയുമായി അടുപ്പത്തിലായശേഷമാണ് കുടുംബത്തിൽ പ്രശ്നങ്ങൾ തുടങ്ങുന്നത്. നിനോയും അനുശാന്തിയും തമ്മിലുള്ള ബന്ധം എല്ലാ അർഥത്തിലും വഷളാവുകയും ഇരുവരുടേയും കുടുംബബന്ധം തകരുകയുമായിരുന്നു. ലിജീഷ് നാട്ടിൽനിന്നു മാറിയാണ് ജോലി ചെയ്തിരുന്നത്. ലിജീഷ് നാട്ടിലില്ലാത്ത സമയത്ത് പലപ്പോഴും അസമയത്ത് പരിചയമില്ലാത്ത ഒരു ടൊയോട്ട ഇന്നോവ കാർ പലപ്പോഴും ആലംകോടുള്ള ലിജീഷിന്റെ വീടിനടുത്തെ ജംഗ്ഷനിൽ കണ്ടിട്ടുള്ളതായി പരിസരവാസികൾ പറയുന്നു.

കൊലപാതകത്തിനുശേഷം നിനോയ്ക്ക് രക്ഷപ്പെടുവാനായി അനുശാന്തി അയച്ചുകൊടുത്തെന്നു പറയുന്ന വഴികൾ അടങ്ങിയ വീഡിയോ ക്ലിപ്പുകൾ നേരത്തെ പലപ്പോഴായും അനുശാന്തിയെ കാണുവാനായി എത്തുന്ന നിനോയെ സഹായിക്കാനായിരിക്കണമെന്നും സംശയിക്കുന്നവരുണ്ട്. സംഭവത്തിനു ശേഷം ലിജീഷും അച്ഛനും ഇപ്പോൾ മറ്റൊരു വീട്ടിലാണ് താമസം. ഇടയ്ക്ക് മാത്രമേ ഇവിടെ വരാറുള്ളുവെന്നും നാട്ടുകാർ പറയുന്നു.

നിനോയുമായി അടുപ്പത്തിലായവിവരം മനസ്സിലാക്കിയ ലിജീഷ് അനുശാന്തിയെ താക്കീത് ചെയ്തുവെങ്കിലും ഫലമുണ്ടായില്ല. കടുത്ത പ്രണയത്തിലായിരുന്നു ഇരുവരുമെന്ന് തെളിയിക്കുന്ന അനേകം വീഡിയോക്ലിപ്പുകളും പൊലീസ് കണ്ടെത്തിയിരുന്നു. അനുശാന്തിയമായുള്ള ബന്ധം അറിഞ്ഞ അയാളുടെ ഭാര്യ പിണങ്ങിപ്പോയതിനെതുടർന്ന് തന്റെയൊപ്പം ഒരുമിച്ച് ജീവിക്കാനായി നിനോ അനുശാന്തിയെ ക്ഷണിച്ചിരുന്നു. എന്നാൽ തന്റെ ഭർത്താവും മകളും ജീവനോടെയിരിക്കുമ്പോൾ താൻ ാെരിക്കലും അതിനു തയ്യാറല്ലെന്നായിരുന്നു അനുശാന്തി നൽകിയ മറുപടി. തുടർന്ന് ലിജീഷിന്റെ വീട്ടിലെത്തിയ നിനോ ദാരുണമായ ആ കൃത്യം ചെയ്ത ശേഷം ഒരു സർപ്രൈസ് ഉണ്ടെന്നായിരുന്നു അനുശാന്തിക്ക് അയച്ച സന്ദേശം.

മരണവാർത്തയറിഞ്ഞശേഷം സ്ഥലത്തെത്തിയ അനുശാന്തിയുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർപോലും വന്നിരുന്നില്ലെന്നും ദൃക്സാക്ഷികൾ പറയുന്നു. അനുശാന്തിയുമായി ബന്ധത്തിലായ ശേഷം നിനോ വലിയ അളവിൽ ലൈംഗിക ഉത്തേജക മരുന്നുകളുപയോഗിച്ചിരുന്നുവെന്നാണു വിവരം. കുടുംബജീവിതത്തിനു യാതൊരു വിലയും കൽപ്പിക്കാതെ വെറും ശാരീരിക സുഖത്തിനായ് സ്വന്തം മകളെപ്പോലും കൊലയ്ക്ക്കൊടുത്ത അനുശാന്തി മനുഷ്യസ്ത്രീയല്ലെന്നും രാക്ഷസതുല്ല്യമായ പ്രവർത്തിചെയത അവൾക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നാണ് നാട്ടുകാരും ആഗ്രഹിക്കുന്നത്.