- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപിനെതിരായ ഗൂഢാലോചനാ കേസ്: രവിപുരത്തെ ഫ്ളാറ്റിൽ ക്രൈംബ്രാഞ്ചിന്റെ തെളിവെടുപ്പ്; പരിശോധന, ദിലീപ് അടക്കമുള്ള പ്രതികൾ ഫ്ളാറ്റിൽ വെച്ചും ഗൂഢാലോചന നടത്തിയെന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് അടക്കമുള്ള പ്രതികൾ ഗൂഢാലോചന നടത്തിയെന്ന കേസിൽ കൊച്ചി രവിപുരത്തെ ഫ്ളാറ്റിൽ ക്രൈംബ്രാഞ്ചിന്റെ പരിശോധന. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.15-ഓടെയാണ് ക്രൈംബ്രാഞ്ച് സംഘം ഫ്ളാറ്റിൽ പരിശോധന ആരംഭിച്ചത്. ദിലീപ് അടക്കമുള്ള പ്രതികൾ ഇവിടുത്തെ ഫ്ളാറ്റിൽ വെച്ചും ഗൂഢാലോചന നടത്തിയെന്ന മൊഴിയെ തുടർന്നാണ് ക്രൈംബ്രാഞ്ച് സംഘമെത്തി തെളിവെടുപ്പ് നടത്തിയത്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും മറ്റുള്ളവരും ഫ്ളാറ്റിൽവെച്ച് ഗൂഢാലോചന നടത്തിയതായി സംവിധായകൻ ബാലചന്ദ്രകുമാർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നാണ് രവിപുരത്തെ ഫ്ളാറ്റിൽ പരിശോധന നടത്തുന്നത്.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം ഒരുമാസത്തിനകം പൂർത്തിയാക്കണമെന്ന് വിചാരണ കോടതി ഉത്തരവിട്ടു. അന്വേഷണം പൂർത്തിയാക്കാൻ ആറു മാസത്തെ സമയം വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. എന്നാൽ കോടതി ഇത് അംഗീകരിച്ചില്ല. ഒരുമാസത്തിനകം അന്വേഷണം പൂർത്തിയാക്കി അടുത്ത മാർച്ച് ഒന്നിന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം. വിചാരണ കോടതിയുടെ വിധിക്കെതിരേ പ്രോസിക്യൂഷൻ അപ്പീൽ സമർപ്പിച്ചേക്കും. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് തുടരന്വേഷണം ആരംഭിച്ചത്.
തുടരന്വേഷണം നടക്കുന്നതിനാൽ വിചാരണ അവസാനിപ്പിക്കാനുള്ള കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടണം എന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന് സുപ്രിംകോടതിയെ സമീപിച്ചിരുന്നു. നിലവിൽ ഈ മാസം 16 ആണ് സുപ്രീംകോടതി നിശ്ചയിച്ച സമയപരിധി. എന്നാൽ വിചാരണ കാലയളവ് നീട്ടണമോ എന്ന ആവശ്യം ഉന്നയിക്കേണ്ടത് വിചാരണ കോടതിയാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി ഈ ആവശ്യം തള്ളി.
അതേ സമയം ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടും തന്റെ കൈയിൽ ഇല്ലെന്ന് ദിലീപ് പറഞ്ഞ ഫോണിന്റെ വിവരങ്ങൾ ഹൈക്കോടതിക്ക് പ്രോസിക്യൂഷൻ കൈമാറി . ഈ ഫോണിൽനിന്ന് 2,000 കോളുകൾ വിളിച്ചെന്നതടക്കമുള്ള വിവരങ്ങളാണ് പ്രോസിക്യൂഷൻ ഹൈക്കോടതിക്ക് കൈമാറിയത്. അതിനിടെ, ദിലീപ് ഹൈക്കോടതി രജിസ്ട്രാർ ജനറലിന് കൈമാറിയ ഫോണുകളെല്ലാം പരിശോധിക്കാനും കോടതി തീരുമാനിച്ചു.
പ്രോസിക്യൂഷൻ ആവശ്യപ്പെട്ട ഫോണുകളിൽ മൂന്നെണ്ണം ദിലീപ് കൈമാറിയിട്ടില്ലെന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. പ്രതിയുടെ കസ്റ്റഡി ആവശ്യമാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. തുടർന്നാണ് മുദ്രവെച്ച കവറിൽ ദിലീപ് രജിസ്ട്രാർ ജനറലിന് സമർപ്പിച്ച ഫോണുകൾ ഹാജരാക്കാൻ കോടതി നിർദ്ദേശം നൽകിയത്. ഇതോടെ ഫോണുകൾ സംബന്ധിച്ച ആശയക്കുഴപ്പത്തിൽ വ്യക്തത വരുമെന്നാണ് കരുതുന്നത്.
മറുനാടന് മലയാളി ബ്യൂറോ