'ചൊവ്വാദോഷമുള്ള മൂത്തമകളെ ചൊവ്വാഗ്രഹത്തിലേക്കാണ് കല്യാണം കഴിച്ച് കൊണ്ടുപോയത്... പയ്യൻ അവിടെ സോഫ്റ്റ് വെയർ എൻജിനീയറാണ്...' എന്ന് പറയുന്ന മാതാപിതാക്കളുടെ കാലം വരുമോ...? വരാൻ സാധ്യതയുണ്ടെന്നാണ് ചൊവ്വാഗ്രഹത്തിൽ നിന്നുള്ള പുതിയ റിപ്പോർട്ടുകൾ അതാണ് സൂചിപ്പിക്കുന്നത്. നാസയുടെ ക്യൂരിയോസിറ്റി റോവർ ചൊവ്വാഗ്രഹത്തിൽ കണ്ടെത്തിയ പുതിയ വസ്തുതകൾ അതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ചുവന്ന ഗ്രഹത്തിൽ മീഥെയ്‌ന്റെ സ്‌പൈക്കുകളാണ് റോവർ കണ്ടെത്തിയിരിക്കുന്നത്. ഗ്രഹത്തിന്റെ ഉപരിതലത്തിലുള്ള ബാക്ടീരിയയെപ്പോലുള്ള ഓർഗാനിസത്തിൽ നിന്നാണ് ഇവ ആവിർഭവിച്ചതെന്നാണ് ശാസ്ത്രജ്ഞന്മാർ വിശ്വസിക്കുന്നത്. 

ഭൗമാന്തരജീവികളെ സംബന്ധിച്ച ആദ്യ കണ്ടെത്തിലിലേക്ക് ഇത് എത്തിപ്പെടുമെന്നാണ് പ്രതീക്ഷ. താൽക്കാലികമായി കണ്ടെത്തിയ ഈ മീഥെയ്‌ന്റെ സാന്നിധ്യം പ്രാദേശികമായ ജൈവസാന്നിധ്യത്തിൽ നിന്നുത്ഭവിച്ചതാകാമെന്നാണ് മിച്ചിഗൺ യൂണിവേഴ്‌സിറ്റിയിലെ സുശീൽ ആത്രേയയും ക്യൂരിയോസിറ്റി റോവർ ടീമും പറയുന്നത്. ജൈവികമായതും അജൈവികമായതുമായ ഉറവിടങ്ങളിൽ നിന്നും മീഥെയ്ൻ ഉണ്ടാകാനുള്ള സാധ്യതയും അവർ ചൂണ്ടിക്കാട്ടുന്നുണ്ട്.

വെള്ളവും പാറയും തമ്മിലുള്ള സമ്പർക്കത്തിൽ നിന്നും ഇത് സംഭവിക്കാമെന്നവർ പറയുന്നു. ഇതിന് മുമ്പുള്ള ഉപഗ്രഹനീരീക്ഷണങ്ങളിലും ചൊവ്വയിലെ മീഥെയ്ൻ സാന്നിധ്യം ദൃശ്യമായിരുന്നു. എന്നാൽ ഇപ്പോൾ ഉണ്ടായിരുന്ന കണ്ടുപിടിത്തത്തിന്റെ അത്ര അസാധാരണത അതിനൊന്നുമില്ലായിരന്നുവെന്നതാണ് ഇതിനെ ശ്രദ്ധേയമാക്കുന്നത്. കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ചൊവ്വയുടെ പ്രതലത്തിലൂടെ ജലമൊഴുകിയിരുന്നുവെന്നാണിത് സൂചിപ്പിക്കുന്നത. 2012 ഓഗസ്റ്റിലാണ് ക്യൂരിയോസിറ്റി ചൊവ്വയിലിറങ്ങിയത്. ഒരു പുരാതന തടാകം ചൊവ്വയിലുണ്ടായിരുന്നുവെന്ന് നാസ അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. അതിൽ ഭൂതകാലത്തിൽ ജീവനുണ്ടായിരിക്കാൻ സാധ്യതയുള്ളതായും അനുമാനിക്കപ്പെട്ടിരുന്നു. ജേർണൽ സയൻസിലാണ് പുതിയ കണ്ടുപിടിത്തം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കുംബർലാൻഡ് എന്നറിയപ്പെടുന്ന ചൊവ്വയിലെ പാറയിൽ നിന്നും ക്യൂരിയോസിറ്റി ചൊവ്വയിലെ ഓർഗാനിക് കെമിക്കലുകളും കണ്ടെത്തിയിരുന്നു. ഇത് ചൊവ്വയിൽ രൂപപ്പെട്ടതോ അല്ലെങ്കിൽ ഉൽക്കാശിലകളിലൂടെ ചൊവ്വയിലെത്തിയതോ ആകാമെന്നാണ് അനുമാനിക്കപ്പെടുന്നത്.