- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എജിയുടെ നിർദ്ദേശം കാബിനറ്റിന് മുമ്പിൽ സമർപ്പിക്കാൻ മുഖ്യമന്ത്രി എഴുതിയത് നിയമ മന്ത്രി അറിയാതിരിക്കാൻ; ഉമ്മൻ ചാണ്ടി പറയുന്നത് പച്ചക്കള്ളം എന്ന് ജീവിക്കുന്ന രേഖകൾ സാക്ഷി: ബാർ വിവാദത്തിൽ ബാബുവിന്റെ റോൾ മറച്ച് വെയ്ക്കാൻ കോൺഗ്രസ്സ് നേതൃത്വത്തിന്റെ നെട്ടോട്ടം
തിരുവനന്തപുരം: വിവാദമായ മാർച്ച് 26ൽ കാബിനെറ്റ് ബാർ തുറക്കുന്നത് സംബന്ധിച്ച് ഫയൽ എത്തിയത് നിയമമന്ത്രി അറിയാതെ തന്നെയെന്ന് വ്യക്തമാക്കുന്ന രേഖകൾ ഉള്ളപ്പോഴും നിയമ വകുപ്പ് അറിഞ്ഞ് തന്നെയെന്ന് മുഖ്യമന്ത്രിയുടെ വിശദീകരണം കോഴവിവാദത്തിൽ മന്ത്രി കെ ബാബുവിന്റെ പങ്ക് മറച്ചുവയ്ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമെന്ന് വ്യക്തമാക്കുന്നു. ഇന്നലെ
തിരുവനന്തപുരം: വിവാദമായ മാർച്ച് 26ൽ കാബിനെറ്റ് ബാർ തുറക്കുന്നത് സംബന്ധിച്ച് ഫയൽ എത്തിയത് നിയമമന്ത്രി അറിയാതെ തന്നെയെന്ന് വ്യക്തമാക്കുന്ന രേഖകൾ ഉള്ളപ്പോഴും നിയമ വകുപ്പ് അറിഞ്ഞ് തന്നെയെന്ന് മുഖ്യമന്ത്രിയുടെ വിശദീകരണം കോഴവിവാദത്തിൽ മന്ത്രി കെ ബാബുവിന്റെ പങ്ക് മറച്ചുവയ്ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമെന്ന് വ്യക്തമാക്കുന്നു. ഇന്നലെ മറുനാടൻ മലയാളി പുറത്ത് വിട്ടതും സർവ്വ മാദ്ധ്യമങ്ങളും ഏറ്റെടുത്തതുമായ രേഖകൾ തന്നെ മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് സ്ഥാപിക്കുന്നു. വിവാദം ചൂടുപിടിച്ചതോടെ ഇന്ന് രാവിലെ നിയമമന്ത്രി അറിഞ്ഞാണ് തീരുമാനം ഉണ്ടായത് എന്ന വാദവുമായി ഉമ്മൻ ചാണ്ടി ബാബുവിനെ രക്ഷിക്കാൻ രംഗത്തിറങ്ങുകയായിരുന്നു. എന്നാൽ മാർച്ച് 20ന് മുഖ്യമന്ത്രിക്ക് ലഭിച്ച അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോർട്ട് കാബിനെറ്റ് മുമ്പാകെ സമർപ്പിക്കാൻ മുഖ്യമന്ത്രി തന്നെ എഴുതിയിരിക്കുന്നതെന്ന് വ്യക്തമാണ്. ഇന്നലെ ഞങ്ങൾ പ്രസിദ്ധീകരിച്ച രേഖകളിൽ ചീഫ് സെക്രട്ടറിയോട് പ്ലയ്‌സ് ബിഫോർ കാബിനെറ്റ് എന്ന് മുഖ്യമന്ത്രി എഴുതിയിരിക്കുന്ന കുറിപ്പ് വ്യക്തമാണ്.
മാർച്ച് 31ന് ബാറുകളുടെ ലൈസൻസ് പുതുക്കി നൽകേണ്ടത് നയപരമായ തീരുമാനം ആയതിനാൽ കാബിനറ്റ് അനുമതി വേണമെന്നും കാബിനറ്റ് അനുമതി വേണമെങ്കിൽ നിയമ വകുപ്പിന്റെ ക്ലിയറൻസ് വേണമെന്നും അറിയാമായിരുന്നിട്ടും മാർച്ച് 26ലെ കാബിനറ്റിലേക്ക് ഇത് സംബന്ധിച്ച് ഫയലുമായി മന്ത്രി ബാബു എത്തുക ആയിരുന്നു എന്നാണ് മാണിയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. മാർച്ച് 17 ന് അക്കൗണ്ട് ജനറൽ നൽകിയ വിശദീകരണം 19ന് മുഖ്യമന്ത്രി ആവശ്യപ്പെട്ട് വീണ്ടും തിരുത്തി വാങ്ങുകയും ആ ഫയൽ നിയമ വകുപ്പ് അറിയാതെ കാബിനറ്റിൽ എത്തിക്കുകയുമായിരുന്നു.
ഈ ഫയലിന് നിയമ വകുപ്പ് ക്ലിയറൻസ് കിട്ടിയില്ലെങ്കിൽ നിയമ ലംഘനം ആവുമെന്ന് മാണി ചൂണ്ടിക്കാട്ടിയപ്പോൾ മന്ത്രി ബാബു ദേഷ്യപ്പെട്ട് ഫയൽ മേശയിലേക്ക് വലിച്ചെറിഞ്ഞതായും റിപ്പോർട്ടുകൾ ഉണ്ട്. നിയമവിരുദ്ധമായി ബാറുടമകൾക്ക് വേണ്ടി ബാബു നടത്തിയ നീക്കങ്ങളുടെ ഭാഗമായിരുന്നു ഇത്. ഈ ഫയലിനെ കുറിച്ച് മുഖ്യമന്ത്രിക്കും അറിവുണ്ടായിരുന്നതുകൊണ്ടാണ് നിയമ വകുപ്പിൽ വിടാതെ കാബിനറ്റിൽ സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചത്.
ചട്ടങ്ങൾക്ക് അനുസൃതമായി എതിർപ്പുകാട്ടിയ മാണി പക്ഷേ നിയമവകുപ്പിൽ എത്തിയ ഫയൽ അതേദിവസം തന്നെ ക്ലിയർ ചെയ്ത് നൽകിയിരുന്നു. എന്നാൽ മാണി മനപ്പൂർവ്വം പണം വാങ്ങാൻ വേണ്ടി ഫയലുകൾ താമസിപ്പിക്കുകയാണ് എന്ന പ്രചാരണം അതിനിടയിൽ മന്ത്രി ബാബുവിന്റെ നേതൃത്വത്തിൽ അഴിച്ചുവിട്ടു. കാബിനറ്റ് മീറ്റിങ് കഴിഞ്ഞ് പുറത്തിറങ്ങിയ മന്ത്രി ബാബു വെളിയിൽ കാത്തു നിന്ന ബാറുടമകളുടെ പ്രതിനിധികളോട് പാലയിലെ മന്ത്രി ചതിച്ചു എന്ന് പറഞ്ഞത് മനപ്പൂർവ്വമാണെന്നാണ് റിപ്പോർട്ട്. ഇതാണ് ബാറുടമകളുടെ മുന്നിൽ മാണി വില്ലനാകാൻ കാരണം. തുടർന്ന് ഇവർ മുഖ്യമന്ത്രിയെ ബന്ധപ്പെട്ടപ്പോൾ നിയമ വകുപ്പിന്റെ ക്ലിയറൻസ് കിട്ടാതെ ഒന്നും ചെയ്യാൻ കഴിയില്ല എന്ന് അർത്ഥഗർഭമായ സൂചനയാണ് നൽകിയത്. ഇതാണ് ബാറുടമകൽക്ക് മാണിയോടുള്ള വിദ്വേഷമായി വളർന്നതും മാണിക്കെതിരെ രംഗത്ത് വരാൻ കാരണമായതും.
കെ എം മാണി പണം വാങ്ങാൻ വേണ്ടി ഫയലുകൾ താമസിപ്പിച്ചു എന്ന വാദം ഉയർത്തി നിന്നവർക്ക് തിരിച്ചടിയായി ഇന്നലെ മറുനാടൻ രേഖകൾ പുറത്തുവന്നതോടെയാണ് നിഷേധക്കുറിപ്പുമായി പുറത്തിറങ്ങിയിരിക്കുന്നത്. മുഖ്യമന്ത്രി എന്ത്ര നിഷേധിച്ചാലും ഈ രേഖകൾ സത്യം പറയും എന്ന് തന്നെയാണ് ഞങ്ങളുടെ വിശ്വാസം. ആദ്യം നോ പറഞ്ഞ അക്കൗണ്ട് ജനറൽ രണ്ട് ദിവസം കൊണ്ട് മലക്കം മറിഞ്ഞു യേസ് പറഞ്ഞതും എല്ലാ നൂലാമാലകളും ഉണ്ടാക്കിയതും ബാറുടമകളുടെ താൽപ്പര്യം സംരക്ഷിക്കാൻ ആണ് എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. എന്നാൽ പാപഭാരം മുഴുവനും കെ എം മാണിയുടെ തലയിൽ കെട്ടി രക്ഷപെടാനുള്ള എക്‌സൈസ് മന്ത്രിയുടെ നീക്കമാണ് ഇവിടെ പൊളിഞ്ഞിരിക്കുന്നത്.
അതേസമയം ഇന്ന് കെ ബാബുവും ഉമ്മൻ ചാണ്ടിയും നടത്തിയ പ്രസ്താവനകൾ തന്നെ പരസ്പ്പര വൈരുധ്യം നിറഞ്ഞതാണ്. ലൈസൻസ് പുതുക്കി നൽകിയത് നിയമവകുപ്പ് അറിഞ്ഞുകൊണ്ട് തന്നെയാണെന്ന് ഉമ്മൻ ചാണ്ടി ഇന്ന് പറഞ്ഞപ്പോൾ നേരിട്ട് എജിയോട് എക്‌സൈസ് വകുപ്പ് നിയമോപദേശം തേടിയതിൽ തെറ്റില്ലെന്നാണ് കെ ബാബു പറഞ്ഞത്. മാണി അറിയാതെ തന്നെയാണ് കാര്യങ്ങൾ നീക്കിയതെന്ന സൂചന തന്നെയാണ് കെ ബാബുവിന്റെ വാക്കുകളിൽ ഉള്ളത്. സർക്കാരിന്റെ റൂൾസ് ഓഫ് ബിസിനസ്സ് അനുസരിച്ച് പാലിക്കേണ്ടതായ ചട്ടങ്ങൾ പാലിച്ചിട്ടുണ്ട്. വിവിധ വകുപ്പുകൾ എ.ജിയോട് നിയമോപദേശം തേടാറുണ്ട്. എന്നാൽ നിയമവകുപ്പുമായി ദൈനംദിന ഇടപെടൽ നടത്താറില്ലെന്നും മന്ത്രി പഞ്ഞു. എന്നാൽ ബാർ വിഷയത്തിൽ നിയമവകുപ്പിന്റെ അഭിപ്രായം സ്വീകര്യമല്ലെങ്കിൽ മാത്രമേ എജിയുടെ അഭിപ്രായം ആരായാൻ സാധിക്കുകയുള്ളൂ എന്നിരിക്കെ തന്നെ ഈ വിഷയത്തിൽ ബാബു നിയമ വകുപ്പിനെ മറികടക്കുകയാണ് ചെയ്തത്. തന്റെ ഭാഗത്തെ വീഴ്‌ച്ച മറയ്ക്കാനുള്ള ശ്രമമെന്ന നിലയിലാണ് ബാബുവിന്റെ പ്രസ്താവനയെ വിലയിരുത്തേണ്ടത്.
അതേസമയം വിവാദങ്ങളെല്ലാം മാദ്ധ്യമ സൃഷ്ടി മാത്രമാണെന്ന് പറഞ്ഞൊഴിയുന്ന മുഖ്യമന്ത്രി ഇക്കാര്യത്തിൽ മാദ്ധ്യമങ്ങൾക്ക് പിടികൊടുക്കാതെ കടന്നുപോയത് തന്നെ സംശയങ്ങൾക്ക് ഇടനൽകുന്നതാണ്. മുഖ്യമന്ത്രിയുടെയും ബാബുവിന്റെയും വാദങ്ങൾ വിശ്വസനീയമല്ലെന്ന് വ്യക്തമാക്കുന്ന രേഖകളും മറുനാടൻ ഈ വാർത്തക്കൊപ്പം നൽകുന്നു. 26ാം തീയതി നിയമവകുപ്പിന്റെ ഉപദേശം തേടണമെന്ന ഫയൽ എത്തുകയും 28ന് എക്‌സൈസ് വകുപ്പിൽ നിന്നും ഫയൽ എത്തിയ ഫയൽ ക്ലിയർ ചെയ്തുവെന്നും വ്യക്തമാക്കുന്ന രേഖയാണ് ഇത്. ഇതിന് ശേഷം ഏപ്രിൽ രണ്ടാം തീയതി ഫയൽ വീണ്ടും മന്ത്രിസഭയുടെ പക്കൽ വരികയും സുപ്രീംകോടതിയുടെ പരാമർശത്തിലുള്ള നിലവാരമില്ലാത്ത ബാർ ഹോട്ടലുകൾക്ക് ലൈസൻസ് പുതുക്കി നൽകുന്ന കാര്യം ഏകാംഗ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് സെക്രട്ടറിയുട റിപ്പോർട്ടിൽ തീരുമാനം കൈക്കൊള്ളാൻ ശ്രമിക്കുകയും ചെയ്യുകയാണ് ഉണ്ടായത്.
മന്ത്രസഭാ യോഗത്തിൽ നടന്ന കാര്യങ്ങൾ കേരളാ കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും മുസ്ലിംലീഗിന്റെയും മന്ത്രിമാർക്ക് അറിവുള്ളതാണ്. അതുകൊണ്ട് തന്നെ ആരോപണത്തിന്റെ മുന തങ്ങളിലേക്ക് നീളുമ്പോൾ കാര്യങ്ങൾ വീണ്ടും അവതാളത്തിലാകുമെന്ന് മുഖ്യമന്ത്രിയും കെ ബാബുവും ഭയക്കുന്നുണ്ട്. മാണിയുടെ ഭാഗത്തു നിന്നും കൂടുതൽ തിരിച്ചടികൾ ഉണ്ടാകുമെന്ന ആശങ്ക കൂടി ഉള്ളതിനാലാണ് മറുനാടൻ വാർത്തയെ നിഷേധിച്ചുകൊണ്ട് രംഗത്തെത്തിയതും.