ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി ഭരണഘടനാബഞ്ചിന്റെ വിധിക്കെതിരെ നൽകിയ റിവ്യൂ ഹർജികൾ ജനുവരി 22ന് തുറന്ന കോടതിയിൽ കേൾക്കാൻ തീരുമാനിച്ചത് കോടതി പഴയ നിലപാടിൽനിന്ന് പിറകോട്ട് പോകുന്നതിന്റെ സൂചനയാണോ? ഒരു വിഭാഗം സംഘപരിവാറുകാർ ആ രീതിയിൽ പ്രചാരണം നടത്തുന്നത് ശരിയല്ല എന്നാണ് നിമയവിദഗ്ദ്ധർ പറയുന്നത്. റിവ്യൂ ഹരജി പരിഗണിച്ച കോടതി വളരെ വ്യക്തമായി പറയുന്നത് മുൻ വിധിക്ക് സ്റ്റേ ഇല്ല എന്നതാണ്. അതായത് പ്രായഭേദമന്യയുള്ള സ്ത്രീപ്രവേശം അനുവദിച്ച വിധിയാണ് ഇപ്പോൾ നിലനിൽക്കുന്നത്. അതായത് ഈ മണ്ഡലകാലത്തും ശബരിമലയിൽ കയറണമെന്ന് ആവശ്യപ്പെട്ട് ഏതെങ്കിലും ഒരു സ്ത്രീവന്നാൽ സർക്കാർ സംരക്ഷണം കൊടുക്കേണ്ടിവരും.

തൃപ്തി ദേശായിയെപ്പോലുള്ള ഹൈന്ദവാചാര പരിഷ്‌ക്കരണ വാദികൾ എന്ന് പറയുന്ന വിശ്വാസികൾ ഈ മണ്ഡലകാലത്തുതന്നെ മലചവിട്ടുമെന്ന് പറഞ്ഞിട്ടുണ്ട്. അതുമാത്രമല്ല വെർച്വൽ ക്യൂ പ്രകാരം അഞ്ഞൂറിലേറെ ഈ പ്രായപരിധിയിൽ വരുന്ന സ്ത്രീകൾ ശബരിമലയിൽ എത്താനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഉത്തരവ് സ്റ്റേ ചെയ്യാത്ത സാഹചര്യത്തിൽ ഇവർക്കും സർക്കാർ സംരക്ഷണം കൊടുക്കേണ്ടിവരും. കോടതിയുടെ പുതിയ നീക്കത്തിന്റെ അടിസ്ഥാനത്തിൽ സമരപരിപാടികൾ മാറ്റിവെക്കില്ലെന്ന് ബിജെപി അടക്കമുള്ള സംഘടനകളും വ്യക്തമാക്കിയിട്ടുണ്ട്. അതായത് ചുരുക്കിപ്പറഞ്ഞാൽ ഈ മണ്ഡലകാലത്തും ശബരിമല കലുഷിതമാകുന്നതിന്റെ സൂചനകൾ തന്നെയാണ് ലഭിക്കുന്നത്.

പുതിയ ശക്തമായ തെളിവുകൾ ഉണ്ടാവുക, പഴയ വിധിയിൽ തെറ്റുകൾ ഉണ്ടെന്ന് ബോധ്യപ്പെടുക തുടങ്ങിയ സാഹചര്യത്തിലാണ് കോടതി റിവ്യൂഹർജി അനുവദിക്കാറുള്ളത്. അങ്ങനെ ഒരു സൂചനയുണ്ടായിരുന്നെങ്കിൽ വിധിക്ക് സ്റ്റേ അനുവദിക്കുമായിരുന്നു. പക്ഷേ സ്റ്റേ ഇല്ല എന്ന് എടുത്തുപറയുന്നതിലൂടെ കോടതി ഭരണഘടനാപരമായ ധാർമ്മികതയിൽ തന്നെ ഉറച്ചുനിൽക്കയാണെന്ന് സുപ്രീം കോടതി അഭിഭാഷകയായ വിനോദ് കാർത്തിയേനെ പോാലുള്ളവർ ചൂണ്ടിക്കാട്ടുന്നു. ഇത് ഇത്രയും സെൻസിറ്റീവ് വിഷയമായതുകൊണ്ട് എല്ലാവരെയും ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശം വെച്ചുകൊണ്ടും, നീതി നടപ്പാക്കിയത് സംശയലേശമന്യേയാണെന്ന് ബോധ്യപ്പെടുത്താനുമാണ് തുറന്ന കോടതിയിലേക്ക് മാറ്റിയതെന്ന് എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ അജാനൻ കാഞ്ഞങ്ങാടും അഭിപ്രായപ്പെടുന്നു. അഡ്വ കാളീശ്വരം രാജിനെപ്പോലുള്ള മുതിർന്ന അഭിഭാഷകരും ഈ വാദത്തോട് യോജിക്കുകയാണ്.

മാത്രമല്ല റിവ്യൂഹർജികളിൽ വീണ്ടും വാദം കേൾക്കൽ ഇല്ല. മിക്കവാറും ഒറ്റ ദിവസം കൊണ്ടുതന്നെയാണ് ഇത്തരം കാര്യങ്ങളിൽ തീർപ്പാകാറ്. വിധിന്യായത്തിൽ എന്തെങ്കിലും പിശകുകൾ വന്നിട്ടുണ്ടോ, കോടതി പരിഗണിക്കാതെ വിട്ടുപോയ പുതിയ തെളിവുകൾ ഉണ്ടോ എന്നാണ് പരിശോധിക്കുന്നത്. അത്തരത്തിൽ എന്തെങ്കിലുമൊന്ന് കൃത്യമായി പറയാൻ ഹർജിക്കാർക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ തുറന്ന കോടതിയിൽ വിധി മാറ്റാനുള്ള സാധ്യതയും കുറവാണെന്നാണ് ഒരു വിഭാഗം നിയമജ്ഞർ പറയുന്നത്. അതേസമയം ആൾക്കൂട്ടത്തിന്റെ ഭീഷണിക്ക് വഴങ്ങുന്നതുപോലുള്ള ഒരു പ്രവൃത്തിയായി ഇതിനെ വിമർശിക്കുന്നവരും ഉണ്ട്.

തെളിവുകൾ നയിക്കുന്ന കോടതി

സാധാരണ ഗതിയിൽ റിവ്യൂഹർജികൾ അനുവദിക്കപ്പെടുന്നത് അപുർവമാണെങ്കിലും പുതിയ തെളിവുകൾ കിട്ടിയാൽ അവസാന നിമിഷവും വിധിമാറ്റാൻ ഇന്ത്യൻ ജുഡീഷ്യറി തയാറായിട്ടുണ്ട്. യാക്കൂബ് മേമന്റെ വധശിക്ഷയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉണ്ടായപ്പോൾ അർധരാത്രി കഴിഞ്ഞും സുപ്രീംകോടതി ചേർന്ന് വിധി പരിശോധിച്ചതാണ് പലരും സമാനമായി ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യൻ നീതിന്യായ കോടതികൾ സ്വതന്ത്രവും സുതാര്യവുമാണെന്നും എത് സമയത്തും നീതിക്കായി തുറന്നുകൊടുക്കയാണെന്ന വിശാലമായ പൗരബോധവും ഉറപ്പുവരുത്താനാണ് അവസാന നിമിഷത്തിലെ പാതിരാത്രികോടതി പറയാതെ പറഞ്ഞിരുന്നത്. അന്ന് സുപ്രീംകോടതി മേമന്റെ വധശിക്ഷ എല്ലാ ഭാഗങ്ങളും പരിശോധിച്ചശേഷം ശരിവെക്കയായിരുന്നു. അതുപോലെ തന്നെ തുറന്ന കോടതിയിൽ റിവ്യൂഹർജി പരിഗണിക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ട് ശബരിമല വിധി റദ്ദാക്കാൻ സാധ്യതയില്ലെന്ന് ചുരുക്കം.

മുംബൈ സ്‌ഫോടനക്കേസിലെ ഒന്നാംപ്രതി യാക്കൂബ് മേമനു വധശിക്ഷ വിധിക്കാനായി 2015 ജൂലൈ 30നു പുലർച്ചെ സുപ്രീംകോടതി കൂടിയത് എവരെയും അത്ഭുതപ്പെടുത്തിയിരുന്നു. രാഷ്ട്രപതി ദയാഹർജി തള്ളിയതോടെ 29നു രാത്രി 10.30നു യാക്കൂബ് മേമനു വേണ്ടി പുതിയ ഹർജിയെത്തുകയായിരുന്നു. ഇത് ദീപക് മിശ്രയുടെ മൂന്നംഗ ബെഞ്ചിനാണു ചീഫ് ജസ്റ്റിസ് കൈമാറിയത്. 2015 ജൂലൈ 30ന് പുലർച്ചെ 2.15ന് ഹർജി പരിഗണിക്കുന്നതിനു കോടതി ചേർന്നു. അവസാന ഹർജിയും തള്ളി 4.55നു വിധിയെത്തി. പുലർച്ചെ 6.43നു മേമന്റെ വധശിക്ഷയും നടപ്പാക്കി.

എന്നാൽ നിഥാരി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി സുരീന്ദർ കോലിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയതും ഇത്തരത്തിൽ പുലർച്ചെ ചേർന്നാണ്. വധശിക്ഷ നടപ്പാക്കുന്നതിന് ഒന്നര മണിക്കൂർ മുൻപാണു 2014 സെപ്റ്റംബർ എട്ടിനു പുലർച്ചെ 1.40നു ജസ്റ്റിസുമാരായ എച്ച്.ആർ.ദത്തു, എ.ആർ.ദാവെ എന്നിവരുടെ ബെഞ്ച് ശിക്ഷ റദ്ദാക്കിയത്. അതിന് കാരണമായത് കോലിയെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന പുതിയ തെളിവുകൾ ആയിരുന്നു. ശബരിമല കേസിലും അതുതന്നെയാണ് ഏവരും ഉറ്റുനോക്കുന്നത്.

സ്ത്രീപ്രവേശനം അനുവദിക്കാനായി താഴെ പറയുന്ന അഞ്ച്കാര്യങ്ങളാണ് കോടതി പ്രധാനമായും പരിഗണിച്ചത്.

1) ജീവശാസ്ത്രപരമായ കാരണങ്ങളാൽ സ്ത്രീകൾക്കു പ്രവേശനം നിഷേധിക്കുന്നത് വേർതിരിവാണോ? ആണെങ്കിൽ ഭരണഘടനയിലെ 14, 15, 17 വകുപ്പുകളുടെ ലംഘനമാണോ? ഭരണഘടനയുടെ 25, 26 വകുപ്പുകളിൽ പറയുന്ന 'ധാർമികത' എന്നതിന്റെ സംരക്ഷണം ഇതിനു ലഭിക്കുമോ?

2) ഭരണഘടനയുടെ 25ാം വകുപ്പിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കുമ്പോൾ, സ്ത്രീകളെ ഒഴിവാക്കുന്നത് അനുപേക്ഷണീയ മതാചാരമോ? മതപരമായ കാര്യങ്ങളിലെ സ്വയംനിർണയാവകാശത്തിന്റെ പേരിൽ ഒരു മതസ്ഥാപനത്തിന് ഇത്തരമൊരു അവകാശമുന്നയിക്കാമോ?

3) അയ്യപ്പക്ഷേത്രത്തിന് ഒരു മതവിഭാഗമെന്ന സ്വഭാവമുണ്ടോ? ഉണ്ടെങ്കിൽ, നിയമപരമായി രൂപീകരിക്കപ്പെട്ട ബോർഡിനാൽ ഭരിക്കപ്പെടുന്നതും കേരളത്തിന്റെയും തമിഴ്‌നാടിന്റെയും സഞ്ചിതനിധിയിൽനിന്നു പണം ലഭിക്കുന്നതുമായ 'മതവിഭാഗ'ത്തിന് 14, 15(3), 39(എ), 51എ(ഇ) വകുപ്പുകളിൽ ഉള്ളടങ്ങുന്ന ഭരണഘടനാ തത്വങ്ങളും ധാർമികതയും ലംഘിക്കാമോ?

4) കേരള ഹിന്ദു പൊതു ആരാധനാ സ്ഥല (പ്രവേശനാനുമതി) ചട്ടങ്ങളിലെ മൂന്നാം വകുപ്പ് 10നും 50നുമിടയ്ക്കു പ്രായമുള്ള സ്ത്രീകൾക്കു പ്രവേശനം നിഷേധിക്കാൻ മതവിഭാഗത്തെ അനുവദിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അതു ലിംഗാടിസ്ഥാനത്തിലുള്ള നടപടിയായതിനാൽ ഭരണഘടനയുടെ 14, 15(3) വകുപ്പുകൾക്കു വിരുദ്ധമാവില്ലേ?

5) കേരള ഹിന്ദു പൊതു ആരാധനാ സ്ഥല (പ്രവേശനാനുമതി) നിയമത്തിനു വിരുദ്ധമാണോ ഇതിന്റെ അടിസ്ഥാനത്തിലുള്ള ചട്ടങ്ങളിലെ 3(ബി) വകുപ്പ്?

ഇതിലെല്ലാം വിശദമായി 12 വർഷം നീണ്ടുനിന്ന വാദം കേട്ടശേഷമാണ് ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി വന്നത്.

ആർത്തവം കാരണമാക്കിയുള്ള വിലക്ക് ഭരണഘടന ഉറപ്പു നൽകുന്ന തുല്യതയുടെ ലംഘനമാണെന്നും ശബരിമല അയ്യപ്പഭക്തരെ പ്രത്യേക മതവിഭാഗമായി പരിഗണിക്കാനാവില്ലെന്നും അഞ്ചംഗ ബെഞ്ചിലെ നാലു പേർ വ്യക്തമാക്കി. വ്യക്തികളുടെ മതസ്വാതന്ത്ര്യം സംബന്ധിച്ച ഭരണഘടനാ വകുപ്പിലെ (251) 'എല്ലാ വ്യക്തികളും' എന്ന പ്രയോഗത്തിൽ സ്ത്രീകളും ഉൾപ്പെടുന്നുവെന്നും ജീവശാസ്ത്രപരമായ കാരണങ്ങളാലുള്ള വേർതിരിവില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചൂണ്ടിക്കാട്ടി.

ശബരിമലയിൽ സ്ത്രീപ്രവേശം അനുവദിക്കാൻ, ജസ്റ്റിസ് ഖാൻവിൽക്കറുടെ നിലപാടുകൾ കൂടി ഉൾപ്പെടുത്തി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞ 12 കാരണങ്ങൾ ഇങ്ങനെയാണ്:

1) അയ്യപ്പഭക്തർ പ്രത്യേക മതവിഭാഗമല്ല. അവർക്കു പ്രത്യേക മതസംഹിതയില്ല.

2) വ്യക്തികളുടെ മതസ്വാതന്ത്ര്യം സംബന്ധിച്ച ഭരണഘടനാ വകുപ്പിലെ (251) 'എല്ലാ വ്യക്തികളും' എന്ന പ്രയോഗത്തിൽ സ്ത്രീകളും ഉൾപ്പെടുന്നു. ഈ വകുപ്പനുസരിച്ച് അവകാശത്തിനു ലിംഗഭേദമില്ല; ജീവശാസ്ത്രപരമായ കാരണങ്ങളാലുള്ള വേർതിരിവുമില്ല.

3) ഹിന്ദു സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നതാണു കേരള ഹിന്ദു ആരാധനാ സ്ഥല നിയമത്തിലെ 3(ബി) വകുപ്പുപ്രകാരം ശബരിമലയിലെ രീതി.

4) 3(ബി) വകുപ്പ് ഹിന്ദു സ്ത്രീകളുടെ വിശ്വാസ ആചരണ അവകാശം നിഷേധിക്കുന്നതിനാൽ ഭരണഘടനയുടെ 25(1) വകുപ്പുപ്രകാരമുള്ള മൗലികാവകാശത്തെ നിഷ്ഫലമാക്കുന്നു

5) 25ാം വകുപ്പിൽ പറയുന്ന പൊതുസദാചാരം ഭരണഘടനാപരമായ സദാചാരത്തിന്റെ പര്യായമാണ്. അതിനെ വ്യക്തികളോ മതവിഭാഗങ്ങളോ കൽപിക്കുന്ന ഇടുങ്ങിയ അർഥത്തിലല്ല കാണേണ്ടത്.

6) ഭരണഘടനാ വകുപ്പിൽ പറയുന്ന പൊതുക്രമം, സദാചാരം, ആരോഗ്യം എന്നീ നിയന്ത്രണ കാരണങ്ങൾ, സ്ത്രീകളുടെ മതസ്വാതന്ത്ര്യം നിഷേധിക്കുന്നതിനും വേർതിരിവു കാട്ടാനും നിയമപരമായ അവകാശം നിഷേധിക്കാനുമുള്ളതല്ല.

7) വിലക്ക് മതത്തിന്റെ അനുപേക്ഷണീയ ഘടകമല്ല.

8) വിലക്കു മാറ്റുന്നതു ഹിന്ദുമതത്തിന്റെ സ്വഭാവത്തിനു മാറ്റം വരുത്തുന്നില്ല.

9) വിലക്കിനു ചട്ടത്തിലൂടെ പിൻബലം നൽകിയിരുന്നെങ്കിലും അതു മതത്തിന്റെ അനുപേക്ഷണീയമോ അവിഭാജ്യമോ ആയ സംഗതിയല്ല.

10) 1965ലെ കേരള ഹിന്ദു പൊതു ആരാധനാ സ്ഥല നിയമത്തിലെ 3ാം വകുപ്പ് എല്ലാ പൊതു ആരാധനാ സ്ഥലങ്ങളിലും എല്ലാ ഹിന്ദുക്കൾക്കും പ്രവേശനാനുമതി നൽകുന്നു. ഇതിനു വിരുദ്ധമാണു ചട്ടത്തിലെ 3(ബി) വകുപ്പ്.

11) വർഗ, വിഭാഗ വ്യത്യാസങ്ങൾ പാടില്ലെന്നാണു നിയമത്തിലെ 4(1) വകുപ്പ്. അതിനും വിരുദ്ധമാണു 3(ബി) വകുപ്പ്.

12) ആചാരങ്ങളും പ്രയോഗ രീതികളും ഹിന്ദുക്കളിലെ എല്ലാ വിഭാഗങ്ങൾക്കും പൊതു ആരാധനാ സ്ഥലങ്ങളിൽ പ്രാർത്ഥിക്കാനുള്ള അവകാശത്തിനു വഴിമാറണമെന്നാണു നിയമത്തിലെ 3, 4(1) വകുപ്പുകൾ വ്യക്തമാക്കുന്നത്.

ഇത് തെറ്റാണെന്ന് സ്ഥാപിക്കാനോ പുതിയ തെളിവുകൾ ഹാജരാക്കാൻ കഴിയുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ജനുവരി 22ലെ കേസിന്റെ ഭാവിയെന്നാണ് നിഷ്പക്ഷരായ നിയമ വിദഗ്ദ്ധർ പറയുന്നത്.