- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മാറാലകൾ കീറി മാറ്റി നാടിന്റെ നേരായ വഴി തെളിയിച്ചെടുക്കാം; സത്യവിശ്വാസം അവിശ്വാസത്തെ യുക്തിതൻ ചിന്താ ശരങ്ങളാൽ വധിക്കും'; വിശ്വാസം പ്രമേയമാക്കി ജി സുധാകരന്റെ കവിത 'മിഥ്യാവാദം'; ഏറ്റെടുത്ത് സാമൂഹ്യ മാധ്യമങ്ങൾ
തിരുവനന്തപുരം: വിശ്വാസം പ്രമേയമാക്കിയുള്ള മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരന്റെ പുതിയ കവിത 'മിഥ്യാവാദം' സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. കവിതയിൽ കൈകാര്യം ചെയ്യുന്ന പ്രമേയത്തിന്റെ ഗഹനത നിമിത്തമാണ് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
കലാകൗമുദിയിൽ അച്ചടിച്ചുവന്ന അദ്ദേഹത്തിന്റെ 'മിഥ്യാവാദം' എന്ന പുതിയ കവിതയുടെ പേപ്പർ കട്ടിങ്ങാണ് ഇപ്പോൾ ഏറെ വൈറലായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
'കമ്പിയില്ലാ കമ്പി നിർമ്മിച്ചു 'എന്ന് തുടങ്ങുന്ന ഈ കവിതയിൽ ' അസ്ത്യുത്ത രസ്യാം ദിശി ദേവതാത്മാ' എന്നുള്ള കുമാരസംഭവത്തിലെ വരിയും കവി ഉൾപ്പെടുത്തിയിട്ടുണ്ട്. തുടക്കത്തിൽ തന്നെ കവി പറയുന്നത് ഹിമവാന്റെ മുകളിൽ നിന്ന് നാട്ടിൽ അമ്മയ്ക്ക് കമ്പിയടിക്കുന പട്ടാളക്കാരനെക്കുറിച്ചും, ആ കമ്പി നാട്ടിൽ അമ്മയ്ക്ക് പോസ്റ്റുമാൻ കൊണ്ടുചെന്നു കൊടുക്കുമ്പോൾ അവരുടെ ഹൃദയങ്ങളിൽ അലയടിക്കുന്ന ആഹ്ലാദത്തെക്കുറിച്ചുമാണ്.
പൂർവികർ നമുക്കായി വെട്ടിത്തെളിച്ച വഴികൾ നോക്കാനും മാറാലകൾ കീറി മാറ്റി നാടിന്റെ നേരായ വഴി തെളിയിച്ചെടുക്കാനും കവി വായനക്കാരോട് ആഹ്വാനം ചെയ്യുന്നുണ്ട്. വിശ്വാസമാണ് വലുത്, അവിശ്വാസം മരണമാണ് എന്ന് കവി പറയുമ്പോൾ വായനക്കാരൻ ഒരു ഞൊടി സംശയാലുവായേക്കാം എങ്കിലും, കവിതയുടെ ഒടുക്കത്തെ ആ വിശ്വാസം വിശ്വവിശ്വാസം എന്ന മഹദ് ആശയമാണ് എന്നറിയുമ്പോൾ വായനക്കാരന് സമാധാനലബ്ധി കൈവരുന്നു. സത്യവിശ്വാസം അവിശ്വാസത്തെ യുക്തിതൻ ചിന്താ ശരങ്ങളാൽ വധിക്കും എന്നുകൂടി പ്രസ്താവിച്ചുകൊണ്ടാണ് കവി തന്റെ സൃഷ്ടിക്ക് തിരശീല വീഴ്‌ത്തുന്നത്.
കോവിഡ് ലോക്ക് ഡൗൺ കാലത്ത്, ഏറെ പുതുമയാർന്നൊരു കൊറോണക്കവിതയുമായും അദ്ദേഹം എത്തിയിരുന്നു. ആരാണ് നീ ഒബാമ, ഉണ്ണീ മകനെ മനോഹരാ, സന്നിധാനത്തിലെ കഴുതകൾ, ഇന്ത്യയെ കണ്ടെത്തൽ, പയ്യാമ്പലം, ഉന്നതങ്ങളിലെ പൊള്ളമനുഷ്യർ, അറേബ്യൻ പണിക്കാർ തുടങ്ങി പത്തോളം സമാഹാരങ്ങൾ അദ്ദേഹത്തിന്റേതായി അച്ചടിമഷി പുരണ്ടിട്ടുണ്ട്. കവിതകളോട് പ്രിയം തോന്നി വായനക്കാരിൽ ചിലർ തന്നെ ഈണം കൊടുത്തു ചൊല്ലിയ സുധാകരന്റെ അപൂർവം ചില കവിതകൾ യുട്യൂബിലും ലഭ്യമാണ്.
അമേരിക്കൻ പ്രസിഡന്റായിരുന്ന ബരാക്ക് ഒബാമയെപ്പറ്റി ജി സുധാകരൻ അദ്ദേഹം പ്രസിഡന്റായിരുന്ന കാലത്ത് എഴുതിയ 'ആരാണ് നീ ഈ ഒബാമ' എന്ന കവിത, ചെങ്ങന്നൂർ നിന്നുള്ള ഒരു ഇംഗ്ലീഷ് പ്രൊഫസർ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി സാക്ഷാൽ ഒബാമക്ക് തന്നെ അയച്ചു നൽകുകയും, പരിഭാഷാനന്തരം അഭിനന്ദനപ്രവാഹത്തിനു കാരണമാവുകയും ചെയ്ത ഒന്നാണ്.




