തിരുവനന്തപുരം: സ്വന്തം വീടിന് തീയിട്ട ശേഷം രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ സിപിഎമ്മുകാർ ചെയ്തതതെന്ന് ആരോപിച്ച് കള്ളപ്പരാതി നൽകിയ മുൻ എംഎൽഎയെ ആർ.സെൽവരാജിനെയും ഇയാളുടെ ഗൺമാനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യമുള്ളതിനാൽ സ്റ്റേഷനിൽ ജാമ്യം നൽകി വിട്ടയച്ചു.

സെൽവരാജും ഗൺമാൻ പ്രവീൺ ദാസും തിങ്കളാഴ്ച രാവിലെ റൂറൽ എസ്‌പി ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു. നരുവാമൂട് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ ഗൺമാൻ പ്രവീൺ ദാസിനെ സർവിസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.

2012ൽ സിപിഎമ്മിലെ എംഎൽഎ സ്ഥാനം രാജിവെച്ച ശേഷം കോൺഗ്രസിൽ ചേർന്ന് ഉപതിരിഞ്ഞെടുപ്പിൽ വിജയിച്ച സെൽവരാജ് ഏറെ രാഷ്ട്രീയ ശ്രദ്ധ നേടിയിരുന്നു. സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്ന ശേഷം നെയ്യാറ്റിൻകരയിൽ നടന്ന ഉപതെരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് ,സെൽവരാജിന്റെ നെടിയാങ്കോട്ടെ ദിവ്യ സദനത്തിന് തീ വച്ചതായി കേസുണ്ടായത്. വീടിനോട് ചേർന്ന് പൊലീസ് സംരക്ഷണത്തിനായി കെട്ടിയ ടെന്റിനും തീ പിടിച്ചു.

ഇതേതുടർന്ന് സെൽവരാജ് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ആനാവൂർ നാഗപ്പൻ,ലോക്കൽ കമ്മിറ്റി സെക്രട്ടറി വി. താണുപിള്ള എന്നിവർക്കെതിരെ പൊലീസിൽ പരാതി നൽകി. എന്നാൽ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീട് കത്തിച്ചതിൽ പുറമെ നിന്ന് ഇടപെടലുകളുണ്ടായിട്ടില്ലെന്ന് കണ്ടെത്തി. ഒടുവിൽ താൻ തന്നെ കുടുങ്ങുമെന്ന് ഉറപ്പായപ്പോൾ കേസ് പിൻവലിക്കാൻ സെൽവരാജ് അപേക്ഷ നൽകിയെങ്കിലും, പൊലീസ് ടെന്റ് ഉൾപ്പെടെ കത്തി നശിച്ചതിനാൽ അപേക്ഷ അനുവദിച്ചില്ല.

തുടരന്വേഷണവുമായി മുന്നോട്ട് പോയ പൊലീസ് സെൽവരാജും ഗൺമാനും ചേർന്ന് ചേർന്ന് വീടിന് തീയിടുകയായിരുന്നുവെന്ന് കണ്ടെത്തി. തീയിട്ട ശേഷം സെൽവരാജ് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചത് പാറശാലയിലെ ഒരു മണലൂറ്റുകാരന്റെ മൊബൈൽ ഫോണിൽ നിന്നാണ് . സെൽവരാജിന്റെ ഗൺമാനാണ് ഈ ഫോൺ ഉപയോഗിച്ചു വന്നത്. തന്റെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടതായി മണലൂറ്റുകാരൻ പൊലീസിൽ നേരത്തേ പരാതി നൽകിയിരുന്നു.

സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് സെൽവരാജ് പരാതിയിൽ പറഞ്ഞത്. എന്നാൽ അന്വേഷണത്തിൽ സെൽവരാജിന്റെ ഈ വാദവും പൊളിഞ്ഞു. തുടർന്നാണ് സെൽവരാജും ഗൺമാനും ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയത്.