ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി രഘുവംശ് പ്രസാദ് സിങ് അന്തരിച്ചു. കോവിഡ് 19 ബാധിച്ചതിനെ തുടർന്നായ പ്രശ്‌നങ്ങളെ തുടർന്ന് അദ്ദേഹം ഡൽഹി എംയിസിൽ ചികിത്സയിലായിരുന്നു. 74 വയസ്സായിരുന്നു. പാർട്ടി സ്ഥാപക നേതാവായ അദ്ദേഹം ദിവസങ്ങൾക്ക് മുൻപാണ് ആർജെഡി വിട്ടത്. ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി മേധാവിയുമായ ലാലു പ്രസാദ് യാദവിന്റെ സന്തത സഹചാരിയായിരുന്നു രഘുവംശ് സിങ്. ഒന്നാം യുപിഎ സർക്കാരിൽ ഗ്രാമീണ വികസന മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്.

ദിവസങ്ങൾക്കു മുൻപ് ലാലു പ്രസാദ് യാദവിന് തുറന്ന കത്തെഴുതിയ ശേഷം രഘുവംശ് പ്രസാദ് സിങ് ആർജെഡി വിട്ടതു വാർത്തയായിരുന്നു. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ആർജെഡി സ്ഥാപക നേതാവായ രഘുവംശ് പ്രസാദ് സിങ് പാർട്ടി വിട്ടത് ലാലുവിന് തിരിച്ചടിയാകുമെന്നായിരുന്നു വിലയിരുത്തൽ.

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവിൽ അദ്ദേഹം ചേരുമെന്നും അഭ്യൂഹമുണ്ടായിരുന്നു. ലാലു ജയിലിൽ ആയതിനു ശേഷം പാർട്ടി ചുമതലകൾ ഏറ്റെടുത്ത തേജസ്വി യാദവുമായി അഭിപ്രായ ഭിന്നതയിലായിരുന്നു രഘുവംശ് പ്രസാദ് സിങ്. പാർട്ടി ഉപാധ്യക്ഷ പദവിയും അദ്ദേഹം രാജിവച്ചിരുന്നു. എന്നാൽ പാർട്ടി വിടാൻ അദ്ദേഹം തീരുമാനിച്ചതായി താൻ വിശ്വസിക്കുന്നില്ലെന്നായിരുന്നു ലാലുവിന്റെ മറുപടി. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം ചർച്ച ചെയ്യാമെന്നും താങ്കൾ എവിടെയും പോകുന്നില്ലെന്നുമായിരുന്നു ലാലു പ്രതികരിച്ചത്. ലാലുവിന്റെ അടുത്ത അനുയായി ആയിരുന്ന രഘുവംശ് പ്രസാദ് സിങ് വൈശാലി മണ്ഡലത്തെയാണു പ്രതിനിധീകരിച്ചിരുന്നത്.

രണ്ട് ദിവസം മുമ്പാണ് രഘുവംശ് പ്രസാദ് പാർട്ടി വിട്ടത്. 74 കാരനായ രഘുവംശ് പ്രസാദ് സിങ് ആർജെഡി ദേശീയ വൈസ് പ്രസിഡന്റായിരുന്നു. കഴിഞ്ഞ 32 വർഷം ഞാൻ നിങ്ങൾക്ക് പിന്നിൽ ഉറച്ചുനിന്നു. എന്നാൽ ഇപ്പോഴില്ല. രാജിക്കത്തിൽ രഘുവംശ് പ്രസാദ് വ്യക്തമാക്കി. തന്നെ പിന്തുണച്ച പാർട്ടി നേതാക്കളും പ്രവർത്തകരും പൊതുജനങ്ങളും പൊറുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു.

ലാലുവിന്റെ അടുത്ത വിശ്വസ്തനായ രഘുവംശ് പ്രസാദ് ആർജെഡി ടിക്കറ്റിൽ കേന്ദ്രമന്ത്രിയായിട്ടുണ്ട് . എന്നാൽ സമീപകാലത്തെ പാർട്ടിയുടെ പോക്കിൽ അദ്ദേഹം അതൃപ്തനായിരുന്നു. പാർട്ടിയിൽ ധനാഢ്യരുടെ ആധിപത്യം വർധിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. തന്റെ ചിരവൈരിയായ മുൻ എംപി രാമകിഷോർ സിങ് ആർജെഡിയിൽ ചേരാൻ തയ്യാറെടുക്കുന്നതും രഘുവംശിനെ ചൊടിപ്പിച്ചു. 2014 ൽ വൈശാലി ലോക്‌സഭ സീറ്റിൽ രാമകൃഷ്ണ സിങ് ആർജെഡി സ്ഥാനാർത്ഥിയായിരുന്ന രഘുവംശ് പ്രസാദ് സിങിനെ തോൽപ്പിച്ചിരുന്നു. ആർജെഡിയിൽനിന്ന് താങ്കൾക്ക് രാജിവെക്കാനാവില്ലെന്ന് ഹരിവംശ് പ്രസാദ് സിങ്ങിനോട് ലാലു പ്രസാദ് യാദവ് കത്തിലൂടെ അറിയിച്ചിരുന്നു. പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാമെന്നും സിങ്ങിന് എഴുതിയ കത്തിൽ ലാലു വ്യക്തമാക്കിയിട്ടുണ്ട്.