ജൊഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ വർണ വിവേചന കാലത്തെ നേതാവും മുൻ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റുമായിരുന്ന ഫ്രെഡ്രിക് വില്യം ഡി ക്ലർക് (85) അന്തരിച്ചു. കേപ്ടൗണിലെ വസതിയിലായിരുന്നു അന്ത്യം.

ദക്ഷിണാഫ്രിക്കയുടെ മുൻ പ്രസിഡന്റ് നെൽസൻ മണ്ടേലയ്‌ക്കൊപ്പം സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ഫ്രെഡ്രികിന് ലഭിച്ചിട്ടുണ്ട്. ശ്വാസകോശ പ്രവർത്തനത്തെ ബാധിക്കുന്ന മെസോത്തെലോമിയ എന്ന കാൻസർ രോഗം ബാധിച്ചതിനെത്തുടർന്ന് ഇമ്യൂണോതെറപ്പി ചികിത്സയിലായിരുന്നു.

വർണ വിവേചന കാലഘട്ടമായ 'അപ്പാർത്തീഡ് യുഗത്തിലെ' അവസാന നേതാവായിരുന്നു ഫ്രെഡ്രിക്. 1993ലാണ് മണ്ടേലയ്‌ക്കൊപ്പം അദ്ദേഹം സമാധാനത്തിനുള്ള നൊബേൽ പങ്കിട്ടത്.

ദക്ഷിണാഫ്രിക്കയുടെ അവസാന വെളുത്ത വർഗക്കാരനായ ഭരണാധികാരിയായിരുന്നു ഫ്രെഡ്രിക്. ഒരാൾ, ഒരു വോട്ട് എന്ന മുദ്രാവാക്യത്തിലൂടെ ദക്ഷിണാഫ്രിക്കയിലെ വംശവിവേചനം എന്നെന്നേക്കുമായി അവസാനിപ്പിച്ചതിൽ നിർണായ പങ്കുവഹിച്ചിരുന്നു. വംശീയത അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നടത്തിയ പ്രവർത്തനങ്ങൾക്കായിരുന്നു നൊബേൽ പുരസ്‌കാരം ലഭിച്ചത്.

ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന് മേലുള്ള നിരോധനം നീക്കി നേതാവായ നെൽസൺ മണ്ടേലയെ 27 വർഷത്തിന് ശേഷം ജയിൽ വിമുക്തനുമാക്കിയത് ഫ്രെഡ്രിക്കാണ്.

ദക്ഷിണാഫ്രിക്കയിലെ അപ്പാർത്തീഡ് കാലഘട്ടത്തിന് അന്ത്യം കുറിച്ച പ്രവർത്തനങ്ങൾക്കു നൽകിയ നേതൃത്വമാണ് ഇരുവരെയും നേട്ടത്തിലെത്തിച്ചത്. മണ്ടേല 2013 ഡിസംബറിലാണു വിട പറഞ്ഞത്.