തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി ഫലം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.26 ആണ് വിജയശതമാനം. 99.47 ശതമാനമായിരുന്നു കഴിഞ്ഞ തവണത്തെ വിജയശതമാനം. 44363 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. ആകെ പരീക്ഷ എഴുതിയ 4,26,469 വിദ്യാർത്ഥികളിൽ 4,23,303 പേരാണ് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്.

കണ്ണൂരാണ് ഏറ്റവും കൂടുതൽ വിജയ ശതമാനമുള്ള റവന്യു ജില്ല. 99.76% ആണ് ജില്ലയിലെ വിജയശതമാനം. ഏറ്റവും കുറവ് വിജയ ശതമാനമുള്ള റവന്യു ജില്ല വയനാടാണ്- 98.07%. ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാർത്ഥികൾ മലപ്പുറത്താണ്. സെക്രട്ടേറിയേറ്റിലെ പി.ആർ ചേംബറിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് മന്ത്രി വി.ശിവൻകുട്ടി ഫലം പ്രഖ്യാപിച്ചത്.

എസ്എസ്എൽസി റെഗുലർ വിഭാഗത്തിൽ 4,26,469 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയിരുന്നു. ഇതിൽ 4,23,303 വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. നാലു മണി മുതൽ ഫലം വെബ്‌സൈറ്റുകളിൽ ലഭ്യമാകും.

2961 പരീക്ഷാ കേന്ദ്രങ്ങളിലായി 4,26,469 വിദ്യാർത്ഥികൾ പരീക്ഷ എഴുതി. ഇതിൽ 2,07,909 പേർ പെൺകുട്ടികളും 218560 ആൺകുട്ടികളുമാണുള്ളത്. 1,91,382 വിദ്യാർത്ഥികൾ മലയാളം മീഡിയത്തിൽ പരീക്ഷ എഴുതി. എസ്എസ്എൽസി പ്രൈവറ്റ് വിഭാഗത്തിൽ 409 പേർ പരീക്ഷ എഴുതി.

ഇത്തവണ ഗ്രേസ് മാർക്കില്ല. ഫോക്കസ് ഏരിയയിൽ നിന്ന് 70%-വും ഫോക്കസ് ഏരിയക്ക് പുറത്ത് നിന്ന് 30% വുമായിരുന്നു ചോദ്യങ്ങൾ. കോവിഡ് പ്രതിസന്ധികൾക്കിടയിലും പ്രാക്ടിക്കൽ പരീക്ഷകൾ പൂർത്തിയാക്കി ഒന്നരമാസത്തിനകമാണ് ഫലം പ്രഖ്യാപിച്ചത്.

70 ക്യാംപുകളിലാണ് മൂല്യനിർണയം നടന്നത്. 9722 അദ്ധ്യാപകർ മൂല്യനിർണയത്തിനുണ്ടായിരുന്നു. ഇതിന് സഹായകമായ അദ്ധ്യാപകരുടെയും, പരീക്ഷാഭവൻ ജീവനക്കാരുടെയും മറ്റുള്ളവരുടെയും കൂട്ടായ പരിശ്രമത്തെ മന്ത്രി അഭിനന്ദിച്ചു. വിദ്യാർത്ഥികളെയും മന്ത്രി അഭിനന്ദിച്ചു

ഔദ്യോഗിക വെബ്സൈറ്റായ keralaresults.nic.in ൽ ഫലമറിയാം. www.results.kite.kerala.gov.in, www.pareekshabhavan.kerala.gov.in, www.sslcexam.kerala.gov.in എന്നീ വെബ്സൈറ്റുകളിലും ഫലമറിയാം.

പരീക്ഷാഫലം അറിയാം

ഘട്ടം 1: ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക- keralaresults.nic.in അല്ലെങ്കിൽ keralapareekshabhavan.in
ഘട്ടം 2: ഹോംപേജിൽ, 'Kerala SSLC Result 2022'എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: റോൾ നമ്പർ, മറ്റ് ലോഗിൻ വിശദാംശങ്ങൾ രേഖപ്പെടുത്തി സമർപ്പിക്കുക
ഘട്ടം 4: എസ്.എസ്.എൽ.സി ഫലം സ്‌ക്രീനിൽ കാണാനാകും
ഘട്ടം 5: ഫലം ഡൗൺലോഡ് ചെയ്ത് പ്രിന്റെടുക്കാം

എസ്.എസ്.എൽ.സി. (എച്ച്.ഐ): www.sslchiexam.kerala.gov.in ടി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ.): www.thslchiexam.kerala.gov.in, ടി.എച്ച്.എസ്.എൽ.സി.: www.thslcexam.kerala.gov.in, എ.എച്ച്.എസ്.എൽ.സി.: www.ahslcexam.kerala.gov.in. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നു Saphalam 2022, PRD Live എന്നീ മൊബൈൽ ആപ്പുകൾ ഡൗൺലോഡ് ചെയ്തും ഫലം അറിയാം.