ന്യൂഡൽഹി:അഭിപ്രായം സ്വാതന്ത്ര്യം വിനിയോഗിച്ചതിന്റെ പേരിൽ രാജ്യദ്രോഹിയായി ചിത്രീകരിക്കപ്പെട്ട് ജെ.എൻ.യുവിലെ സ്റ്റുഡന്റ് യൂണിയൻ പ്രസിഡന്റ് കനയ്യ കുമാറിനെയും മറ്റും ജയിലിലടച്ചതോടെയാണ് രാജ്യസ്‌നേഹവും ദേശീയതയും മുമ്പെന്നത്തെക്കാളും സജീവ ചർച്ചാവിഷയമായത്. ദേശീയതയെയും രാജ്യസ്‌നേഹത്തെയും നിർവചിക്കുന്നതിൽ നമുക്ക് തെറ്റുപറ്റിയിട്ടുണ്ടോ? നേതാജി സുഭാഷ് ചന്ദ്രബോസിന്റെ അനന്തിരവനും തൃണമൂൽ കോൺഗ്രസ് എംപിയുമായ സുഗത ബോസ് ലോക്‌സഭയിൽ നടത്തിയ പ്രസംഗം ഇക്കാര്യത്തിൽ പലരുടെയും കണ്ണുതുറപ്പിക്കേണ്ടതാണ്. പ്രമുഖ ചരിത്രകാരനും ഹാർവാർഡ് ഉൾപ്പെടെയുള്ള സർവകലാശാലകളിലെ അദ്ധ്യാപകനുമായ സുഗത ബോസ് ബംഗാളിലെ ജാദവ്പുർ മണ്ഡലത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ പ്രസംഗത്തിൽനിന്ന്:

തൊട്ടാൽ പൊള്ളുന്ന ഈ വിഷയത്തിൽ സംസാരിക്കണമെന്ന് ഉദ്ദേശിച്ച് ഞാൻ എഴുന്നേറ്റതുതന്നെ സർവകലാശാലകളിലെ അദ്ധ്യാപകനായി മൂന്നരപതിറ്റാണ്ടോളം പ്രവർത്തിച്ച അനുഭവ പരിചയം ഉള്ളതുകൊണ്ടാണ്. അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ വിദ്യാർത്ഥികളോടൊപ്പമാണ് എന്റെ മനസ്സ്. കാലഹരണപ്പെട്ട നിയമങ്ങൾ അസാധുവാക്കുന്നതിനെക്കുറിച്ച് ഈ സർക്കാർ ചിന്തിച്ചുകൊണ്ടിരിക്കുകയാണെന്ന് രാഷ്ട്രപതി കഴിഞ്ഞദിവസം പ്രസ്താവിക്കുകയുണ്ടായി. രാജ്യദ്രോഹത്തെ സംബന്ധിച്ച നിയമത്തെയും അങ്ങനെ കൈകാര്യം ചെയ്യണമെന്നാണ് എന്റെ അഭിപ്രായം.

ഒരുമാസം മുമ്പാണ് ഹൈദരാബാദ് സർവകലാശാലയിൽ ദളിത് വിദ്യാർത്ഥിയായ രോഹിത് വെമുല സ്വന്തം ജീവനെടുത്തത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികളുടെ ആത്മഹത്യയെക്കുറിച്ച് പഠിക്കാനാണ് 2007-ൽ തോറാട്ട് സമിതിയെ നിയോഗിച്ചത്. 23 വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തതിൽ 19 പേരും ദളിതുകളായിരുന്നുവെന്ന് സമിതി കണ്ടെത്തി. രണ്ടുപേർ ഗോത്രവർഗക്കാരും ഒരാൾ മുസ്ലീമുമായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തുല്യതയെക്കുറിച്ചും നമ്മുടെ നാട്ടിലെ സ്വാതന്ത്ര്യത്തെക്കുറിച്ചും തീക്ഷ്ണമായ ചോദ്യങ്ങളാണ് അതുയർത്തിയത്.

രോഹിതിന്റെ ദുരന്തം നമ്മുട ബോധത്തെ ഉണർത്തേണ്ടതാണ്. നമ്മുടെ സർക്കാരിനെയും. എന്നാൽ, നിർഭാഗ്യവശാൽ സമൂഹത്തിലെ ഇത്തരം പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽനിന്നുയരുന്ന നിലവിളികൾ ഹൃദയശൂന്യരായ സർക്കാർ കേൾക്കാൻ വിസമ്മതിക്കുന്നു. സർവകാശാലകളിൽ സാമൂഹ്യനീതി ഉറപ്പാക്കുന്നതിന് പകരം വിദ്യാർത്ഥികൾക്കിടയിൽ അസ്വസ്ഥത പടർത്താനാണ് ഭരണകക്ഷി ശ്രമിക്കുന്നത്. അതിനവർ ദേശീയതയുടെ കുത്തകക്കാരായി സ്വയം അവരോധിക്കുന്നു. വിമർശകരെയെല്ലാം രാജ്യദ്രോഹികളാക്കി ചിത്രീകരിക്കുന്നു.

ഞാനൊരു കമ്യൂണിസ്റ്റുകാരനല്ല. ലോക്‌സഭയിലേക്ക് സീറ്റുനേടിയതുതന്നെ പ്രഗത്ഭനായൊരു കമ്യൂണിസ്റ്റ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയാണ്. എന്നാൽ, കാറൻ മാർക്‌സിനാലും അംബേദ്കറിനാലും പ്രചോദിപ്പിക്കപ്പെട്ട് അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടി യുവാക്കൾ നടത്തുന്ന പോരാട്ടങ്ങൾക്കൊപ്പമാണ് ഞാൻ.

നമ്മുടെയൊക്കെയുള്ളിൽ നിസ്വാർഥമായി സേവനം ചെയ്യാനും നമ്മുടെയൊക്കെ കഴിവുകളെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന വികാരങ്ങളിലൊന്നാണ് ദേശീയത. എന്നാൽ, സർക്കാർ അതിനെ ഇടുങ്ങിയ, സ്വാർഥമായ, ചെടുപ്പിക്കുന്ന വികാരമാക്കി ചിത്രീകരിക്കുന്നു. അതിനെ ഞാൻ എതിർക്കുന്നു. ഹൈദരാബാദ് സർവകലാശാലയിലെ ചില ദുരനുഭവങ്ങളെത്തുടർന്ന് ജെ.എൻ.യുവിൽ ഈ മാസമാദ്യം ചില അനിഷ്ട സംഭവങ്ങളുണ്ടായില. ഒന്നോ രണ്ടോ സംഭവങ്ങളിൽ അസ്വീകാര്യമായ മുദ്രാവാക്യങ്ങളുയരുകയും ചില അനാവശ്യ പോസ്റ്ററുകൾ പതിക്കുകയും ചെയ്തിരുന്നു. ഇതിനെ ഏകസ്വരത്തിൽ നാം എതിർക്കുകയും ചെയ്തതാണ്. എന്നാൽ, ഇതിന്റെ പേരിൽ ജെ.എൻ.യുവിനെ മൊത്തത്തിൽ ദേശവിരുദ്ധ കേന്ദ്രമായി ചിത്രീകരിക്കുന്നതിനെയും വിദ്യാർത്ഥികളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതിനെയും ഞങ്ങൾ എതിർക്കുന്നു.

പാട്യാല ഹൗസ് കോടതിവളപ്പിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും പത്രപ്രവർത്തകരും മർദിക്കപ്പെടുന്നതിന് നാം സാക്ഷിയായി. ഭരണകക്ഷിയിൽപ്പെട്ട കറുത്ത കുപ്പായമിട്ടെത്തിയ അക്രമികളാണ് അവിടെ അക്രമം കാട്ടിയതും ഭാരതാംബയുടെ പ്രതിഛായ തകർത്തതും. ജെ.എൻ.യുവിന്റെ അലയൊലികൾ എന്റെ നാട്ടിലും പ്രതിദ്ധ്വനിയുണ്ടാക്കി. പ്രത്യേകിച്ച് ജാദവ്പുർ സർവകലാശാലയിൽ. അവിടെയും നിർഭാഗ്യകരമായ ചില മുദ്രാവാക്യങ്ങളുയർന്നു. എന്നാൽ, ഡൽഹിയിൽ സംഭവിച്ചതല്ല ബംഗാളിൽ സംഭവിച്ചത്. അവിടെ സംസ്ഥാന മുഖ്യമന്ത്രി മമത ബാനർജിയും യൂണിവേഴസിറ്റി അധികൃതരും പ്രശ്‌നം സങ്കീർണമാകാതെ നോക്കുന്നതിൽ വിജയിച്ചു. അതിനോട് തീവ്രമായി പ്രതികരിക്കാതെ പ്രശ്‌നം അവസാനിപ്പിക്കാനായി.

ജെ.എൻ.യു സ്റ്റുഡന്റ് യൂണിയൻ പ്രസിഡന്റ് കനയ്യ കുമാറിന്റെ പ്രസംഗം യുട്യൂബിലൂടെ ഞാൻ കേട്ടു. അദ്ദേഹം പറഞ്ഞ പല കാര്യങ്ങളോടും എനിക്ക് യോജിപ്പാണുള്ളത്. ചിലതിനോട് എതിർപ്പും. ഭരണഘടനാപരമായ സ്വാതന്ത്ര്യത്തെയും ധാർമികതയെയും കുറിച്ച് അംബേദ്കറിന്റെ കാഴ്ചപ്പാടുകൾ വിശദമാക്കിയ കനയ്യയുടെ പ്രഭാഷണത്തോട് ഞാൻ യോജിക്കുന്നു. ഭഗത് സിങ്ങിനെയും അഷ്ഫഖുള്ളയെയും രാജ്ഗുരുവിനെയും പോലുള്ള രാജ്യസ്‌നേഹികളോടുള്ള കൂറിനോടും ഞാൻ യോജിക്കുന്നു. സ്വാതന്ത്ര്യസമരത്തിൽ ആർ.എസ്.എസ്. ഒന്നും ചെയ്തിട്ടില്ലെന്ന കനയ്യയുടെ പ്രസ്താവനയോടും ഞാൻ യോജിക്കുന്നു.

എന്നാൽ, ഒരു അദ്ധ്യാപകനെന്ന നിലയ്ക്ക് കനയ്യയുമായി ഒരു സംവാദത്തിന് ഞാൻ ആഗ്രഹിക്കുന്നു. ചരിത്രത്തെ സംബന്ധിച്ചാണത്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത കമ്യൂണിസ്റ്റുകാർ പോലും നിർണായക ഘട്ടങ്ങളിൽ അതിനെ വഞ്ചിച്ചിട്ടുണ്ടെന്ന് കനയ്യയോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. 1942-ലെ ക്വിറ്റ് ഇന്ത്യ സമരത്തിലും നേതാജി സുഭാഷ് ചന്ദ്ര ബോസ് നയിച്ച ആസാദ് ഹിന്ദ് മുന്നേറ്റത്തിലു അതു സംഭവിച്ചു.

ദേശീയഗാനം ചിട്ടപ്പെടുത്തിയ രവീന്ദ്ര നാഥ ടാഗോർ പക്ഷേ, അന്ധമായ ദേശീയതയ്ക്ക് എതിരായിരുന്നു. ദേശീയതാവാദത്തിന്റെ കുറ്റവും കുറവുകളും അദ്ദേഹത്തിന് അറിയാമായിരുന്നു. ദേശീയത സംബന്ധിച്ച അദ്ദേഹത്തിന്റെ പുസ്തകത്തിലെ ചില വരികൾ വായിച്ചാൽ, ദേശീയതയെ ഇത്രയും ഇടുങ്ങിയ ചിന്താഗതിയോടെ പുനരുദ്ധരിക്കാൻ ശ്രമിക്കുന്നവർ ഒരിക്കൽ ടാഗോറിനെയും ദേശദ്രോഹിയായി ചിത്രീകരിക്കുമോ എന്നു ഞാൻ ഭയക്കുന്നു.

സർവകലാശാലകളിലെ വിദ്യാർത്ഥികളെ സ്വതന്ത്രരായി വിടുക. അവർ ഭാവിയെക്കുറിച്ചും നമ്മുടെ രാജ്യത്തെക്കുറിച്ചും ഉജ്വലങ്ങളായ സ്വപ്‌നങ്ങൾ കാണട്ടെ. ഭാരതാംബയുടെ കിരീടമെന്നത് മനുഷ്യത്വത്തിലൂന്നിയുള്ളതാകട്ടെ. സ്വാതന്ത്ര്യമെന്നത് നമ്മുടെ ഹൃദയത്തിന്റെ സ്വാതന്ത്ര്യവും.