തിരുവനന്തപുരം: കണ്ടെയ്നിറിൽ നിന്ന് 500 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ വൻ റാക്കറ്റെന്ന് എക്സൈസ്. കണ്ടെയ്നറിൽ കഞ്ചാവ് വിവിധ സംസ്ഥാനങ്ങളിലേക്കെത്തിക്കുന്ന പഞ്ചാബ് സ്വദേശി രാജു ഭായ് എന്നയാളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.

സംസ്ഥാന ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയായിരുന്നു ഇത്. ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന വൻ റാക്കറ്റിന്റെ ഭാഗമാണ് രാജുഭായ്. കേരളത്തിലെ ഏജന്റുമാർ എന്ന് സംശയിക്കുന്ന തിരുവനന്തപുരം സ്വദേശി ജയൻ, വടകര സ്വദേശി ആബേഷ് എന്നിവരെ കുറിച്ച് ചോദ്യം ചെയ്യലിൽ വിവരം ലഭിച്ചിട്ടുണ്ട്.

കേരളത്തിലെത്തിച്ച കഞ്ചാവ് കെട്ടുകൾ കൊല്ലം, ആലപ്പുഴ, ചിറയൻകീഴ് എന്നിവിടങ്ങളിലെ ഗോഡൗണുകളിൽ സൂക്ഷിക്കാനായിരുന്നു പദ്ധതി. സംഭവവുമായി ബന്ധപ്പെട്ട് മറ്റ് സംസ്ഥാനങ്ങളിലെ അന്വേഷണ ഏജൻസികളുമായി ചേർന്ന് അന്വേഷണം പുരോഗമിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഇന്നലെയായിരുന്നു ആറ്റിങ്ങലിൽ ദേശീയ പാതയ്ക്കടുത്ത കോരാണി ജംഗ്ഷന് സമീപംവെച്ച് നാഷണൽ പെർമിറ്റ് കണ്ടെയ്‌നർ ലോറിയുടെ രഹസ്യ അറയിൽ കടത്തിക്കൊണ്ട് വന്ന 500 കിലോ കഞ്ചാവ് സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌മെന്റ്റ് സ്‌ക്വാഡ് പിടികൂടിയത്.

വാഹനത്തിൽ ഉണ്ടായിരുന്ന പഞ്ചാബ് സ്വദേശി കുൽവന്ത് സിങ് ഝാർഖണ്ഡ് സ്വദേശി കൃഷ്ണ എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.