- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചായ കുടിച്ച് മടങ്ങിയപ്പോൾ വിലപ്പെട്ട ഒന്നുമറന്നു; പൊതി തേടി തിരികെ ചായക്കടയിൽ വന്നപ്പോൾ കണ്ടത് ഉടമയെ തിരയുന്ന നാട്ടുകാരെ; പൊതിയിൽ ഔഷധക്കൂട്ടെന്ന് പറഞ്ഞെങ്കിലും കൊച്ചുകള്ളാ..നുണ പറയരുതെന്ന് നാട്ടുകാർ; എടപ്പാളിൽ യുവാവ് എക്സൈസിന്റെ പിടിയിൽ
മലപ്പുറം: ചായക്കടയിൽ വീണുപോയ പൊതി അന്വേഷിച്ചെത്തിയാൾ എക്സൈസിന്റെ പിടിയിലായി. ബുധനാഴ്ച കാലത്ത് ഒൻപത് മണിയോടെ എടപ്പാൾ നെല്ലിശ്ശേരിയിലാണ് സംഭവം. കടയിൽ നിന്ന് വീണ് കിട്ടിയത് കഞ്ചാവ് പൊതിയാണന്ന് മനസിലാക്കിയ നാട്ടുകാർ ആളെ തിരയുന്ന സമയത്താണ് പൊതി തിരക്കി ഉടമയെത്തുന്നത്. ഔഷധക്കൂട്ടാണ് എന്ന് പറഞ്ഞ ഇയാളെ നാട്ടുകാർ എക്സൈസിന് കൈമാറുകയായിരുന്നു തുടർന്ന് ഇയാളുടെ താമസ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കൂടുതലൊന്നും ലഭിച്ചില്ല.
അതേ സമയം മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്ക് വിതരണത്തിനായി കൊണ്ടുവന്ന 23.5 കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി കൊണ്ടോട്ടിയിൽ പിടിയിലായി. കോയന്പത്തൂർ ഉക്കടം കുനിയന്പത്തൂർ സ്വദേശി മേത്തരത്ത് നൂർമുഹമ്മദി(63)നെയാണ് കൊണ്ടോട്ടി കോടങ്ങാട് വച്ച് വാഹനം സഹിതം മലപ്പുറം ആന്റി നർക്കോട്ടിക്ക് സ്്ക്വാഡും കൊണ്ടോട്ടി പൊലീസും ചേർന്ന് പിടികൂടിയത്. കോയന്പത്തൂർ കേന്ദ്രീകരിച്ചു കേരളത്തിലെ വിവിധ ജില്ലകളിലേക്കു വൻതോതിൽ കഞ്ചാവ് കടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് പിടിയിലായ നൂർ മുഹമ്മദ്.
പിടികൂടിയ കഞ്ചാവിന് ചില്ലറ വിപണിയിൽ 15 ലക്ഷത്തോളം രൂപ വില വരും. പത്തു ദിവസം മുന്പാണ് അഞ്ച് ഗ്രാം ബ്രൗൺ ഷുഗറുമായി തേഞ്ഞിപ്പലം സ്വദേശികളെ കൊണ്ടോട്ടിയിൽ ആന്റി നർക്കോട്ടിക്ക് സ്ക്വാഡ് പിടികൂടിയത്. മലപ്പുറം ജില്ലയിലെ ചെറുകിട കച്ചവടക്കാരെ ഒരു മാസത്തോളമായി നിരീക്ഷിച്ചു വന്നതിലാണ് കോയന്പത്തൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരികടത്ത് സംഘത്തെക്കുറിച്ച് സൂചന ലഭിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തതിൽ മലപ്പുറം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്നു സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന പൊലീസിനു ലഭിച്ചിരുന്നു. ഇവരെ നിരീക്ഷിച്ചു വരികയാണ്.
ഇയാളുടെ സംഘാംഗങ്ങളെ പിടികൂടുന്നതിനുള്ള അന്വേഷണം ഊർജിതമാക്കി. മലപ്പുറം ജില്ലാ പൊലീസ് മേധാവി യു. അബ്ദുൾ കരീമനിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡിവൈഎസ്പി ഹരിദാസൻ, നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി ഷംസ് എന്നിവരുടെ നിർദ്ദേശ കൊണ്ടോട്ടി ഇൻസ്പക്ടർ കെ.എം ബിജു,എസ്ഐ വിനോദ് വലിയാറ്റൂർ എന്നിവരുടെ നേതൃത്വത്തിൽ മലപ്പുറം ആന്റി നർക്കോട്ടിക്ക് സ്ക്വാഡ് അംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണിക്കൃഷ്ണൻ മാരാത്ത്, പി.സഞ്ജീവ്, ഷറഫുദീൻ, മോഹൻദാസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.