കോട്ടയം: ഇടുക്കി എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെ സ്‌പെഷൽ സ്‌ക്വാഡിലെ ഗാർഡിനെ കസ്റ്റഡിയിൽ എടുത്ത പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് എക്‌സൈസ് കമ്മീഷണർ റിഷിരാജ് സിങ്. എക്‌സൈസ് ഗാർഡ് പിടിയിലായത് കഞ്ചാവ് വിൽപനയ്ക്കിടെയെന്ന് പൊലീസ് പ്രചരിപ്പിച്ചിരുന്നു. കോട്ടയം ജില്ലയുടെ കിഴക്കൻ അതിർത്തിയായ എരുമേലിയിൽ നിന്ന് ഞായറാഴ്ച രാത്രിയിലാണ് എക്‌സൈസ് ഗാർഡ് വിനോജ് പൊലീസിന്റെ പിടിയിലായത്. ഇയാളെ മോചിപ്പിച്ച്ത ഉന്നതതല ഇടപെടൽ മൂലമാണമെന്നും പൊലീസ് സൂചന നൽകി. ഇതിനിടെയാണ് താൻ ഇടപെട്ടാണ് എക്‌സൈസ് ഗാർഡിനെ മോചിപ്പിച്ചതെന്നും പൊലീസുകാർക്കെതിരെ നടപടി വേണമെന്നും കാട്ടി ഋഷിരാജ് പത്രക്കുറിപ്പ് ഇറക്കിയത്.

മയക്കുമരുന്ന് വിൽപ്പനം ആരോപിച്ച് കട്ടപ്പനയിലെ വീട്ടിൽ നിന്നാണ് വിനോജിനെ കസ്റ്റഡിയിലെടുത്തത്. ഇടുക്കിയിലെ മയക്കുമരുന്ന് മാഫിയയെ കണ്ടെത്താനുള്ള സ്‌ക്വാഡിലെ അംഗമായിരുന്നു വിനോജ്. എക്‌സൈസുകാരനാണെന്ന തിരിച്ചറിയിൽ കാർഡ് കാട്ടിയിട്ടും പൊലീസ് മോചിപ്പിച്ചില്ല. ഇതോടെ താൻ പ്രശ്‌നത്തിൽ ഇടപെട്ടെന്നും ഋഷിരാജ് സിങ്് പറയുന്നു. മയക്കുമരുന്ന് മാഫിക്ക് വേണ്ടി വിനോജിനെ കുടുക്കാൻ പൊലീസ് ശ്രമിച്ചെന്ന പരോക്ഷ വിമർശനമാണ് സിങ്കം നടത്തുന്നത്. എക്‌സൈസിൽ സത്യസന്ധമായി ജോലി നോക്കുന്നവരെ സംരക്ഷിക്കാൻ താനുണ്ടാകുമെന്ന സന്ദേശം കൂടിയാണ് ഋഷിരാജ് സിങ് നൽകുന്നത്.

പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം കോഴഞ്ചേരി സിഐ വിദ്യാധരൻ, ആറന്മുള എസ്.ഐ. അശ്വിത്ത് എസ്. കാരാണ്മയിൽ എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. ആറന്മുള സ്റ്റേഷൻ അതിർത്തിയിൽ പിടിയിലായ കഞ്ചാവ് വിൽപനക്കാരനിൽ നിന്നാണ് ഇയാളെപ്പറ്റിയുള്ള സൂചന ലഭിച്ചതെന്നായിരുന്നു പൊലീസ് ഭാഷ്യം. ഇതനുസരിച്ച് ഇടപാടുകാരെന്ന മട്ടിലാണ് പൊലീസ് സംഘം ഇയാളെ വിളിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചിന് സാധനം കൈമാറാമെന്നാണ് ഇയാൾ പറഞ്ഞത്. ഇതനുസരിച്ച് എരുമേലിയിൽ ചെന്ന പൊലീസ് ഉദ്യോഗസ്ഥരെ ഇയാൾ വട്ടം കറക്കി. കേന്ദ്രങ്ങൾ മാറിമാറിപ്പറഞ്ഞ് ഇയാൾ പൊലീസിനെ പറ്റിച്ചുവെന്നായിരുന്നു പൊലീസ് പറഞ്ഞത്. ഇത് പൂർണ്ണമായും കളവാണെന്നാണ് എക്‌സൈസ് കമ്മീഷണർ പറയുന്നത്.

ഇടുക്കിയിലെ മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ കർശന നടപടികളെടുത്ത ഉദ്യോഗസ്ഥനെ കുടുക്കാനായിരുന്നു ശ്രമമെന്നാണ് എക്‌സൈസിന്റെ പക്ഷം. ഒരു മാസം മുമ്പ് രണ്ടു കിലോ കഞ്ചാവുമായി പിടിയിലായ പ്രതി തനിക്ക് ഇതു തന്നത് കട്ടപ്പനയുള്ള എക്‌സൈസ് ഗാർഡ് ആണെന്ന് പൊലീസിന് മൊഴി നൽകിയിരുന്നു. ഇതേപ്പറ്റി തുടരന്വേഷണം വേണ്ടെന്ന ഉന്നതതല നിർദേശത്തെ തുടർന്ന് ഫയൽ അവിടെ മടക്കി. ഞായറാഴ്ച തങ്ങൾ ഡീൽ ഉറപ്പിച്ച കഞ്ചാവ് വിൽപനക്കാരൻ ഇതേ എക്‌സൈസ് ഗാർഡ് തന്നെയാണെന്ന് പിടികൂടിക്കഴിഞ്ഞാണ് പൊലീസിന് മനസിലായത്. താൻ കഞ്ചാവ് വിൽപനക്കാരനെ കുടുക്കാനുള്ള സ്‌പെഷൽ ഡ്യൂട്ടിയിലാണെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇത് പൊലീസ് മുഖവിലയ്ക്ക് എടുത്തില്ല. എന്നാൽ തന്റെ അറിവോടെയാണ് വിനോജ് പ്രവർത്തിച്ചതെന്ന് വ്യക്തമാക്കുകായണ് ഋഷിരാജ് സിങ്.

ഇതുമായി ബന്ധപ്പെട്ട് പൊലീസ് പ്രചരിപ്പിച്ച കഥകളിൽ എക്‌സൈസ് കമ്മീഷണർ അസ്വസ്ഥനാണ്. ഉന്നത ഇടപെടൽ കാരണം എക്‌സൈസ് ഉദ്യോഗസ്ഥനെ കേസെടുക്കാതെ വിട്ടയച്ചു എന്നായിരുന്നു പ്രചരണം. ഇടപെട്ട ഉന്നതൻ താൻ തന്നെയാണെന്നും നിരപരാധിത്വം ഉറപ്പുള്ളതുകൊണ്ടാണ് ഇടപെട്ടതെന്നു കൂടി വ്യക്തമാക്കുകയാണ് എക്‌സൈസ് കമ്മീഷണർ.