- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാർ പൂട്ടലിന് തുരങ്കം വയ്ക്കാനുറച്ച് എക്‌സൈസ് മന്ത്രിയുടെ ഉത്തരവ്; നോട്ടീസ് കൊടുക്കാതെയും ലൈസൻസ് ഫീസ് മടക്കി നൽകാതെയും ചൊവ്വാഴ്ച എല്ലാ ബാറുകളും പൂട്ടും; നടപടി കോടതിയുടെ ഇടപെടൽ ചോദിച്ചുവാങ്ങാൻ
തിരുവനന്തപുരം: വി എം സുധീരന് മൈലേജ് ലഭിക്കുന്നത് ഒഴിവാക്കാൻ മുഖ്യമന്ത്രി ധൃതി പിടിച്ച് പുറത്തിറക്കിയ മദ്യനിയന്ത്രണ ഉത്തരവ് അട്ടിമറിക്കാൻ മന്ത്രിസഭയിൽ തന്നെ ഗൂഢാലോചന. പൂട്ടിയ ബാറുകളെല്ലാം തുറക്കണമെന്ന് അവസാന നിമിഷംവരെ വാദിച്ച എക്‌സൈസ് മന്ത്രി കെ ബാബുവിന്റെ നേതൃത്വത്തിലാണ് സർക്കാരിന്റെ പുതിയ മദ്യനയം അട്ടിമറിക്കാൻ നീക്കം നടക
തിരുവനന്തപുരം: വി എം സുധീരന് മൈലേജ് ലഭിക്കുന്നത് ഒഴിവാക്കാൻ മുഖ്യമന്ത്രി ധൃതി പിടിച്ച് പുറത്തിറക്കിയ മദ്യനിയന്ത്രണ ഉത്തരവ് അട്ടിമറിക്കാൻ മന്ത്രിസഭയിൽ തന്നെ ഗൂഢാലോചന. പൂട്ടിയ ബാറുകളെല്ലാം തുറക്കണമെന്ന് അവസാന നിമിഷംവരെ വാദിച്ച എക്‌സൈസ് മന്ത്രി കെ ബാബുവിന്റെ നേതൃത്വത്തിലാണ് സർക്കാരിന്റെ പുതിയ മദ്യനയം അട്ടിമറിക്കാൻ നീക്കം നടക്കുന്നത്.
ഇതിന്റെ ഭാഗമായാണ് അടുത്ത ഏപ്രിൽ മുതൽ നടപ്പിലാക്കണമെന്ന് ആദ്യം മുഖ്യമന്ത്രി പ്രഖ്യാപിച്ച മദ്യനിയന്ത്രണ നയം ഒരാഴ്ചപോലും തികയും മുമ്പ് നടപ്പിലാക്കിക്കൊണ്ട് ഉത്തരവിറങ്ങിയത്. ഇന്നലെ എക്‌സൈസ് ഉദ്യോഗസ്ഥർക്ക് മന്ത്രി നൽകിയ ഉത്തരവ് തികഞ്ഞ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ബാറുടമകൾക്ക് നോട്ടീസ് നൽകുകയോ അവരുടെ ലൈസൻസ് ഫീസ് തിരിച്ചു നൽകുകയോ ചെയ്യാതെ ചൊവ്വാഴ്ച തന്നെ പൂട്ടിക്കാനാണ് ഉത്തരവ് ഇറങ്ങിയിരിക്കുന്നത്.
ചൊവ്വാഴ്ച എല്ലാ ബാറുകളും എക്‌സൈസ് ഉദ്യോഗസ്ഥർ എത്തി സീൽ വയ്ക്കാനാണ് സർക്കാർ തീരുമാനം. ഇങ്ങനെ ചെയ്താൽ നടപടിക്രമങ്ങൾ പാലിച്ചില്ല എന്നുകാട്ടി ബാറുകൾ തുറക്കാൻ കോടതി അനുമതി നൽകുമെന്ന പ്രതീക്ഷയിലാണ് ധൃതിപിടിച്ച് തീരുമാനം എടുത്തത്.
ബാറുകൾ പൂട്ടുമ്പോൾ ലൈസൻസ് ഫീസായി വാങ്ങിയ പണം മടക്കി നൽകണം. ഇതിന് 50 കോടിയോളം രൂപ വേണ്ടിവരും. ഇതിനുള്ള പണം എങ്ങനെ കണ്ടെത്തുമെന്നോ ബാറുടമകൾക്ക് ഈ പണം എപ്പോൾ മടക്കി നൽകുമെന്നോ സർക്കാർ വ്യക്തമായി പറയുന്നുമില്ല. കൂടാതെ, ഈ ബാറുകളിൽ ശേഷിക്കുന്ന മദ്യം തിരിച്ചെടുക്കേണ്ടിയുംവരും. അതിനുള്ള പണം ബിവറേജസ് കോർപറേഷൻ നൽകുമെന്നാണ് പറയുന്നതെങ്കിലും ഇക്കാര്യത്തിലും വ്യക്തത കൈവരുത്താത്തത് സർക്കാരിന്റെ മദ്യനയത്തെ അട്ടിമറിക്കാനുള്ള നീക്കമായി വേണം കരുതാൻ.
312 ബാറുകളും പൂട്ടാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു. സർക്കാർ ഉത്തരവ് പ്രകാരം, പഞ്ചനക്ഷത്ര ഹോട്ടലുകളുടെ താത്കാലികമായി പുതുക്കിയ ബാർ ലൈസൻസുകൾ ഒഴികെയുള്ള ലൈസൻസുകൾ റദ്ദാക്കും. ഇനി പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് മാത്രമേ ബാർ ലൈസൻസ് അനുവദിക്കൂ എന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. ക്ലബ്ബുകളുടെ ലൈസൻസ് റദ്ദാക്കുന്ന കാര്യത്തിൽ അടുത്ത മന്ത്രിസഭായോഗം തീരുമാനമെടുക്കുമെന്നാണ് മന്ത്രി പറയുന്നത്.
ഉത്തരവ് അടിയന്തരമായി നടപ്പാക്കാൻ എക്‌സൈസ് കമ്മിഷണറും, ബിവറേജസ് കോർപറേഷൻ മാനേജിങ് ഡയറക്ടറും നടപടി എടുക്കണമെന്നും നിയമ ഭേദഗതിക്കുള്ള ശുപാർശകൾ ഉടൻ സർക്കാരിന് സമർപ്പിക്കണമെന്നും ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്. അടിയന്തരമായി ബാറുകൾ പൂട്ടി കോടതിക്ക് ഇക്കാര്യത്തിൽ ഇടപെടൽ നടത്താനുള്ള അവസരം നൽകുന്നതിലൂടെ പൂട്ടിയവയെല്ലാം തുറക്കാമെന്ന കണക്കുകൂട്ടൽ പിഴയ്ക്കില്ലെന്ന പ്രതീക്ഷയിലാണ് മന്ത്രിയുൾപ്പെടെയുള്ളവർ.