തിരുവനന്തപുരം: കഞ്ചാവും മദ്യവുമുപയോഗിക്കുന്നുവെന്ന പരാതി അന്വേഷിക്കാനായി സ്ഥലതെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിന്റെ മകനുൾപ്പടെയുള്ള സംഘം മർദ്ദിച്ചിട്ടും നടപടിയെടുക്കാതെ കൊല്ലം കടയ്ക്കൽ പൊലീസ്. സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റി അംഗം വിക്രമന്റെ മകൻ അശ്വിൻ ഉൾപ്പട്ട സംഘമാണ് എക്സൈസ് ചടയമംഗലം റേഞ്ച് ഉദ്യോഗസ്ഥരായ തിരുവനന്തപുരം സ്വദേശി സന്തോഷ്, കൊല്ലം സ്വദേശി സബീർ എന്നിവരെ മർദ്ദിച്ചവശരാക്കിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് ഇപ്പോഴും മർദ്ദനമേറ്റ ഉദ്യോഗസ്ഥർ. കേസ് ഒത്തുതർപ്പാക്കാൻ ഒരു വിധത്തിലും സമ്മതിക്കില്ലെന്നും മർദ്ദനമേറ്റവർ മറുനാടൻ മലയാളിയോട് പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. എക്സൈസിന്റെ പതിവ് പരിശോധനയ്ക്കായി രണ്ട് സംഘമായാണ് ഉദ്യോഗസ്ഥർ ഇറങ്ങിയത്. ബൈക്കിൽ മഫ്തിയിലാണ് സന്തോഷും സബീറും പോയത്. ഇൻസ്പെക്ടർ നൗഷാദ്, ഗ്രേഡ് എഇി സുധാകരൻ കാണി, പ്രിവെന്റീവ് ഓഫീസർ ഷിബു പാപ്പച്ചൻ, സിവിൽ എക്സൈസ് ഒഫീസർമാരായ ഷൈജു, സൗമ്യ എന്നിവർ ജീപ്പിലുമാണ് പരിശോധനയ്ക്കിറങ്ങിയത്. ബൈക്കിൽ പോയവർക്ക് 2 കിലോമീറ്റർ പിന്നിലായാണ് ജീപ്പിൽ പോയ സംഘം യാത്ര ചെയ്തത്. ഇൻസ്പെക്ടർ നൗഷാദിന് ഫോണിൽ ഒരു സ്ത്രീയാണ് കടയ്ക്കൽ കോട്ടപ്പുറം പിഎംഎസ്എ കോളേജിന് സമീപം ആറംഗ സംഘം മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്നതായി പരാതി നൽകിയത്.

ഫോൺ സന്ദേശം ലഭിച്ചയുടനെ തന്നെ മഫ്തിയിലുണ്ടായിരുന്ന സന്തോഷിനേയും സബീറിനേയും വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ ഇരുവരും അങ്ങോട്ട് പോയി. ബൈക്ക് 150 മീറ്റർ അകലെ മാറ്റിവെയ്ച്ച ശേഷമാണ് രണ്ട് പേരും സംഘം തമ്പടിച്ചിരുന്ന സ്ഥലത്തേക്ക് പോയത്. അവിടെ എത്തിയപ്പോൾ എക്സൈസ് ഉദ്യോഗസ്ഥർ കണ്ടത് മദ്യം ഒഴിച്ച് നൽകുകയും ബീഡി വലിക്കുകയും ചെയ്യുന്ന രണ്ടുപേരെയാണ്. ഉടൻ തന്നെ യുവാക്കളുടെ അടുതെത്തി പൊതു സ്ഥലത്ത് മദ്യപിക്കുന്നതിനെക്കുറിച്ചും പുകവലിക്കുന്നതിനെക്കുറിച്ചും ചോദിച്ചപ്പോൾ അത് ചോദിക്കാൻ നിങ്ങളാരാണെന്നായിരുന്നു സംഘത്തിന്റെ മറു ചോദ്യം. എക്സൈസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞപ്പോൾ കാർഡ് കാണിക്കാൻ പറയുകയും തുർന്ന് ഇവരെ വളയുകയുമായിരുന്നു.

മദ്യപിക്കുന്നത് മൊബൈലിൽ പകർത്തുമെന്ന പേടിയിൽ നാലുപേരും ചേർന്ന് ഉന്തും തള്ളും തുടങ്ങുകയുമായിരുന്നു. സബീറിന്റെ മൊബൈൽ ഫോൺ ഇവർ പിടിച്ച് വാങ്ങുകയായിരുന്നു. മൊബൈൽ ഫോൺ നൽകാൻ സന്തോഷിനോട് ആവശ്യപ്പെട്ടിട്ടും നൽകാത്തതിനെതുടർന്ന് സംഘത്തിലുണ്ടായിരുന്ന ശ്രീഗണേശെന്ന യുവാവ് മർദ്ദനം ആരംംഭിക്കുകയായിരുന്നു. നൗഫൽ, ജിഷ്ണു ചന്ദ്രൻ എന്നിവരും മർദ്ദിക്കുകയായിരുന്നു. സന്തോഷിനെ വലിച്ചിഴച്ച ശേഷം മകർദ്ദിക്കുകയായിരുന്നു. പ്രതിരോധിക്കാൻ ഇരുവരും ശ്രമിച്ചെങ്കിലും നാല് പേരുണ്ടായിരുന്നതിനാൽ സന്തോഷിനും സബീറിനും കഴിഞ്ഞില്ല.

ബിയർ കുപ്പികൊണ്ടും അവിടെയുണ്ടായിരുന്ന വടി ഉപയോഗിച്ചും തലങ്ങും വിലങ്ങും മർദ്ദിക്കുകയായിരുന്നു. ബിയർ കുപ്പി കൊണ്ട് സന്തോഷിന്റെ തലയിൽ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മദ്യ ലഹരിയിലായിരുന്ന സംഘത്തെ പ്രതിരോധിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ സന്തോഷും സബീറും ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നിട്ടും സംഘം ഇവരെ പിന്തുടരുകയായിരുന്നു. ഒടുന്നതിനിടെ നിലത്ത് വീണ സന്തോഷിനെ പിന്നെയും മർദ്ദിക്കുകയും ചെയ്തു. ഇതിനിടയിൽ ജീപ്പിൽ സ്ഥലത്തേക്ക് വന്ന എക്സൈസ് സംഘത്തോടും തങ്ങൾ മർദ്ദനത്തിനിരയാകുന്നുവെന്ന വിവരം നൽകിയിരുന്നു. എക്സൈസ് സംഘത്തിന്റെ ജീപ്പ് കണ്ടതോടെ യുവാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സന്തോഷിനേയും സബീറിനേയവം ഉടൻ തന്നെ മറ്റുള്ളവർ കടയ്ക്കൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം ഡെിക്കൽ കോളേജിലേക്ക് കൊണ്ട് പോകാൻ നിർദ്ദേശിക്കുകയായിരുന്നു. കടയ്ക്കൽ ആശുപത്രിയിൽ വെച്ച് പൊലീസ് മൊഴി രേഖപ്പെടുത്താനെത്തിയെന്നും എന്നാൽ പ്രതികളുടെ ഉന്നത ബന്ധമറിഞ്ഞതോടെ പൊലീസും കൃത്യ നിർവ്വഹണത്തിൽ നിന്നും പിന്നോട്ട് പോവുകയായിരുന്നു.

മർദ്ദനമേറ്റ സബീർ എക്സൈസ് എംപ്ലോയിസ് യൂണിയന്റെ കൊല്ലം ജില്ലാ കമ്മിറ്റി അംഗമാണ്. ഏത് വലിയ നേതാവിന്റെ മകനായാലും ശരി കേസിൽ യാതൊരു വിധ ഒത്തുതീർപ്പിനും തയ്യാറല്ലെന്നും സന്തോഷും സബീറും മറുനാടൻ മലയാളിയോട പറഞ്ഞു. ഇത്തരം ക്രിമിനൽ വാസനയുള്ളവർ ഏത് പാർട്ടി നേതാക്കളുടെ മക്കളായാലും അത് അനുവദിച്ച് കൊടുക്കുന്നത് തെറ്റായ സന്ദേശമാണ് നൽകുകയെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. സംഭത്തിൽ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിങ്ങ് ഇടപെട്ടിട്ടുണ്ട്. പ്രതികളെ മർദ്ദനമേറ്റവർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്നലെയാണ് പ്രതികളെ സന്തോഷും സബീറും തിരിച്ചറിഞ്ഞത്.