- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നർമ്മദാ സമരത്തിന്റെ ഭാഗമാകാൻ പുറപ്പെട്ടത് ഒറ്റയ്ക്ക് വണ്ടി കയറി; മേധയ്ക്കൊപ്പം സമരമുഖത്ത് നിലകൊണ്ടത് മറക്കാനാകാത്ത അനുഭവം; മഹാരാഷ്ട്രയിലെ ആദിവാസി സമരങ്ങൾക്കൊപ്പം നിന്നത് അവരിൽ ഒരാളായി; ഇടുക്കിയിൽ എന്നല്ല ഒരിടത്തെയും കർഷകർക്ക് എതിരല്ലെന്ന് തുറന്നു പറച്ചിൽ; ജീവിതാനുഭവങ്ങൾ മറുനാടനോട് വിവരിച്ച് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്
തിരുവനന്തപുരം: സാധാരണക്കാരിൽ സാധാരണക്കാരനായ മന്ത്രി.. അതാണ് പി പ്രസാദ് എന്ന പുതിയ കൃഷി മന്ത്രിയെ കുറിച്ച് ഒറ്റവാക്കിൽ വിശേഷിപ്പിക്കാൻ സാധിക്കുക. ഖദർ ധരിക്കാതെ സാധാരണ ഷർട്ടും മുണ്ടും ഹവായ് ചെരിപ്പും ധരിച്ച് സൈക്കിളിൽ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന വ്യക്തിത്വം. പരിസ്ഥിതിയെ സ്‌നേഹിക്കുന്നതിനൊപ്പം മാനുഷിക മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്ന നേതാവ്. രാഷ്ട്രീയ ജീവിതവും വ്യക്തിജീവിതവും എന്നിങ്ങനെ രണ്ടു തരത്തിൽ വേർതിരിച്ചുള്ള ജീവിതം പി പ്രസാദ് എന്ന മന്ത്രിക്കില്ല. രാഷ്ട്രീയം തന്നെയാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ എല്ലാം.
നർമ്മദ ബച്ചാവോ ആന്ദോളനിൽ അടക്കം പങ്കാളിയായ പി പ്രസാദിന് പിണറായി മന്ത്രിസഭയിൽ കൃഷി മന്ത്രിയുടെ സ്ഥാനമാണുള്ളത്. തന്റെ മുൻഗാമി വി എസ് സുനിൽകുമാറിന്റെ പാതയിൽ തന്നെ മുന്നേറുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. കർഷക താൽപ്പര്യം സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്‌ച്ചയില്ലെന്നും മന്ത്രി പി പ്രസാദ് വ്യക്തമാക്കുന്നു. ഇതിനിടെ ഇടുക്കിയിലെ കർഷക വിഷയത്തിൽ താൻ എതിരായ നിലപാട് സ്വീകരിച്ചു എന്ന ആരോപങ്ങളും അദ്ദേഹം തള്ളുന്നു.
ഇടുക്കിയെ കർഷകർക്ക് താൻ എതിരാണെന്ന തരത്തിലുള്ള പ്രചരണങ്ങൾ തെറ്റിധാരണയുടെ പുറത്ത് ഉണ്ടായതാണെന്നും ഇടുക്കിയിലെ എന്നല്ല ഒരിടത്തെയും കർഷകർക്ക് താൻ എതിരല്ലെന്നും അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു. മറുനാടൻ മലയാളി ഷൂട്ട് അറ്റ് സൈറ്റിലാണ് വരുന്ന അഞ്ചുവർഷത്തെ തന്റെ കാഴ്ചപ്പാടുകളെക്കുറിച്ചും നിലപാടുകളെക്കുറിച്ചും മന്ത്രി മനസ്സുതുറന്നത്.
ഇടുക്കിയിലെയും മുന്നാറിലെയും പോലെ ജനങ്ങളുടെ വികാരത്തെ ഇളക്കി വിട്ടാണ്് എപ്പോഴും മാഫിയകൾ സർക്കാരിനെ പ്രിരോധിച്ചിട്ടുള്ളത്. താൻ ഒരിക്കലും കൃഷിക്കോ കർഷകനോ എതിരല്ല. പരിസ്ഥിതിക്ക് നമ്മുടെ മുൻപിൽ ബദൽ ഇല്ല. പരിസ്ഥിതി സംരക്ഷണം മാത്രമാണ് ഏക മാർഗ്ഗം. അതുകൊണ്ടാണ് പരിസ്ഥിതി പ്രശ്നം എന്ന വാക്ക് റദ്ദ് ചെയ്യപ്പെടേണ്ടതാണെന്ന് താൻ പറയുന്നത്. ഇപ്പോഴുള്ളതൊന്നും പരിസ്ഥിതി പ്രശ്നമല്ല. മറിച്ച് ജീവിത പ്രശ്നങ്ങളാണെന്നും മന്ത്രി അഭിമുഖത്തിൽ വ്യക്തമാക്കി. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ ചുവടേ:
നർമ്മദ ബച്ചാവോ ആന്ദോളന്റെ ഭാഗമായി പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് താങ്കൾ? ഈ സമര മുഖത്തേക്ക് എങ്ങനെയാണ് എത്തിപ്പെട്ടത്?
കേരളത്തിലെ പ്രസിദ്ധീകരണങ്ങളിൽ നർമ്മദയുമായി ബന്ധപ്പെട്ട വാർത്തകൾ വരാറുണ്ട്. അത്തരം വാർത്തകൾ നമ്മളെ വല്ലാതെ സ്വാധീനിച്ചിരുന്നു. ഒരു പ്രീഡിഗ്രി കാലത്താണ് പരിസ്ഥിതി എന്ന വിഷയം ശ്രദ്ധയിൽ വരുന്നത്. അതിന് മുന്നെ ആകെ ആറിയാമായിരുന്നത് ജൂൺ അഞ്ച് പരിസ്ഥിതിദിനം എന്നത് മാത്രമായിരുന്നു. പക്ഷെ അപ്പോഴും ഇന്നത്തെപ്പോലെ വലിയ ആഘോഷമൊന്നും ഇല്ലായിരുന്നു. പക്ഷെ കോളേജിലെത്തിയപ്പോഴാണ് എൻഎസ്എസ് ക്യാമ്പുകളിലുടെ പരിസ്ഥിതിയെ അറിഞ്ഞ് തുടങ്ങിയത്.
ആ സമയത്താണ് മാവൂരിലെ ഗ്വാളിയാർ റയോൺസിനെതിരെ സമരം നടക്കുന്നത്. പ്രായത്തിന്റെ തിളപ്പുകൊണ്ട് അങ്ങോട്ടും പോയി. ഇതേ സമയത്താണ് നർമ്മദയെക്കുറിച്ചുള്ള വാർത്തകൾ പ്രാധാന്യത്തോടെ നമ്മുടെ പത്രങ്ങൾ നൽകിത്തുടങ്ങിയത്. ഇത്തരം വാർത്തകൾ മനസിനെ വല്ലാതെ സ്വാധിനിച്ചു. സമരമുഖത്തേക്കൊക്കെ പോകണം എന്നു ഒരുപാട് തവണ പദ്ധതി ഇട്ടെങ്കിലും നടന്നിരുന്നില്ല. ഒരിക്കൽ ഞങ്ങൾ നാലുപേർ ചേർന്ന് നർമ്മദയുടെ സമരഭൂമിയിലേക്ക് പോകാൻ തീരുമാനിച്ചു. എന്നാൽ അവസാന നിമിഷം അവർ പിന്മാറി. എന്നാൽ ഇത്തവണ പിന്മാറാൻ ഞാൻ തയ്യാറായിരുന്നില്ല. അങ്ങിനെ തനിച്ച് വണ്ടികയറി. അപ്പോഴേക്കും എന്റെ കോളേജ് വിദ്യാഭ്യാസമൊക്കെ പൂർത്തിയായിരുന്നു.
അങ്ങിനെ ബഡ്വാനിയിലെത്തി മേധാപട്കറെ നേരിട്ട് കണ്ടു. അവിടെയുണ്ടായിരുന്ന കുറച്ച് സുഹൃത്തുക്കൾ എന്നെ അവർക്ക് പരിചയപ്പെടുത്തുകയും ചെയ്തു. വിദ്യാർത്ഥി രാഷ്ട്രീയത്തിലെ കാര്യങ്ങളൊക്കെ പറഞ്ഞപ്പോൾ മേധക്ക് താൽപ്പര്യമാകുകയും സമരത്തെ സംബോദ്ധന ചെയ്ത് സംസാരിക്കാൻ പറയുകയും ചെയ്തു. ഭാഷ ഇത്തിരി പ്രശ്നമായതുകൊണ്ട് തന്നെ അറിയാവുന്ന ഇംഗ്ലീഷിൽ സംസാരിച്ചു. മേധയത് പ്രവർത്തകർക്ക് പരിഭാഷപ്പെടുത്തുകയും ചെയ്തു.
കുറച്ച് ദിവസത്തെ അവിടത്തെ താമസത്തിന് ശേഷം നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റൊക്കെ ബുക്ക് ചെയ്ത് മേധയോട് യാത്ര പറയാൻ പോയി. ദീദി ഞാനും പോവുകയാണ് എന്നുപറഞ്ഞപ്പോൾ പ്രസാദ് പോവുകയാണോ എന്നായിരുന്നു മറുപടി. പക്ഷെ ആ ചോദ്യം എന്തൊ എന്നെ വല്ലാതെ പിടിച്ചുലച്ചു. അങ്ങിനെ ഞാൻ എന്റെ യാത്ര ഉപേക്ഷിച്ച് മേധക്കൊപ്പം സമരമുഖത്തേക്ക് പോയി. പിന്നീട് മാസങ്ങൾക്ക് ശേഷമാണ് ഞാൻ നാട്ടിലേക്ക് തിരിച്ചുവരുന്നത്.
ഒരു അസാധാരണ സംഭവമായിരുന്നു ആ സമരം. കൃത്യമായ ഒരു നേതൃത്വം ഇല്ലാതെ ഒരു കൂട്ടായ്മയിലുടെ ഒരു സമരം. അവിടെ നമുക്ക് നമ്മുടെ ആശയങ്ങൾ തുറന്ന് പറയാം. തിരത്തേണ്ടതാണെങ്കിൽ കൃത്യമായി മേധ തിരുത്തും. അംഗീകരിക്കേണ്ടതാണെൽ അംഗീകരിക്കുകയും ചെയ്യും. അങ്ങിനെ എന്റെ ചില ആശയങ്ങളും അവിടെ സമരമുറകളായി മാറിയിട്ടുണ്ട്. അത്തരം അനുഭവങ്ങൾ അവിടുത്തെ ജനതയുമായി ഒരു ആത്മബന്ധം ഉണ്ടാക്കാനും ഇടയായി.
ആ ജനതയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രിയെ കാണാൻ പോയതാണ് മറ്റൊരു അനുഭവം. അവിടങ്ങളിലൊക്കെ ആദിവാസി വിഭാഗത്തോട് കാണിക്കുന്ന അവഗണനയൊക്കെ അടുത്തറിയുന്നത് അക്കാലത്താണ്. ട്രെയിനിലൊന്നും ഇരിക്കാൻ പോലും സമ്മതിക്കില്ല. ആ യാത്രയിൽ രസകരമായ ഒരു അനുഭവം ഉണ്ടായി. സമരഭൂമിയിൽ ആയതുകൊണ്ട് പത്രങ്ങൾ ഒക്കെ കണ്ടിട്ട് മാസങ്ങളായിരുന്നു. തീവണ്ടിയിലെ യാത്രക്കിടെ അടുത്ത സീറ്റിലിരുന്ന ഒരാൾ ഇംഗ്ലീഷ് പത്രം വായിക്കുന്നത് കണ്ട് ആകാംഷയോടെ ഞാനും ആ പത്രത്തിലേക്ക് നോക്കി. എന്റെ നോട്ടം കണ്ട് ഒരു അവജ്ഞതയോടും പുച്ഛത്തോടുമാണ് അയാൾ എന്നെ തിരിച്ചു നോക്കിയത്.
എന്റെ നോട്ടം കണ്ട് ആയാൾ പത്രം എനിക്കുനേരെ നീട്ടി വേണോ എന്ന് ചോദിച്ചു. ഞാൻ വേണം എന്നുംപറഞ്ഞ് പത്രം വായിക്കാൻ തുടങ്ങിയപ്പോൾ അയാൾ ശരിക്കും ഞെട്ടി. കാരണം ആദിവാസികളുടെ കൂട്ടത്തിലായതുകൊണ്ട് എന്നെയും അങ്ങിനെയാണ് അവർ പരിഗണിച്ചിരുന്നത്. ഇരിക്കാൻ സീറ്റൊന്നും നൽകിയിരുന്നില്ല. പക്ഷെ ഈ സംഭവത്തോടെ അദ്ദേഹം എനിക്കിരിക്കാൻ സീറ്റൊക്കെ തന്നു. എത്രത്തോളം ഭീകരമായാണ് ആ ജനതയെ അവിടെയൊക്കെ അവഗണിക്കുന്നത് എന്ന് ശരിക്കും അറിഞ്ഞത് ആ നാളുകളിലായിരുന്നു. പിന്നീട് ഇവിടെ നിന്ന് പാർട്ടി കുറച്ചുകൂടി ഉത്തരവാദിത്തം എൽപ്പിച്ചതോടെയാണ് നാട്ടിലേക്ക് മടങ്ങുന്നത്.
അച്ഛൻ രാഷ്ട്രീയപ്രവർത്തകൻ ആയതു ആയിരുന്നു. അതുകൊണ്ടാണോ എഐഎസ്എഫിലേക്കും, എഐവൈഎഫിലേക്കുമൊക്കെ കടന്നുവന്നത്?
അങ്ങനെ പറയുന്നത് തന്നെയാകും ശരി. അച്ഛൻ സിപിഐ പക്ഷക്കാരനായിരുന്നു. എന്റെ ഓർമ്മയിൽ തെളിയുന്ന കാലം അച്ഛൻ സിപിഐ പന്തളം മണ്ഡലം സെക്രട്ടറിയായിരുന്നു. സിപിഐയുടെ ആലപ്പുഴ ജില്ല കൗൺസിലംഗം, ചെത്തു തൊഴിലാളി സംഘടന നേതൃത്വം ഇങ്ങനെയൊക്കെ സജീവമായിരുന്നു അച്ഛൻ. അന്ന് നൂറനാട് പന്തളം മണ്ഡലവും പന്തളം മണ്ഡലം ആലപ്പുഴ ജില്ലയുമാണ്. പിന്നീടാണ് പത്തനംതിട്ട ജില്ലയുടെ ഭാഗമാകുന്നത്.
ഒരു മുഖ്യധാര രാഷ്ട്രീയപാർട്ടിയുടെ പ്രവർത്തനത്തിൽ നിന്ന് എങ്ങിനെയാണ് ഒരു പരിസ്ഥിതി പ്രവർത്തകൻ എന്ന തരത്തിലേക്ക് മാറുന്നത്. സാധാരണ പരിസ്ഥിതി പ്രവർത്തനം ഒരു പ്രധാനവിഷയമായി രാഷ്ട്രീയ പാർട്ടികൾഎടുക്കാറില്ലലോ?
അങ്ങിനെ അല്ല. സിപിഐക്ക് പരിസ്ഥിതി വിഷയത്തിൽ കൃത്യമായ കാഴ്‌ച്ചപ്പാടുണ്ടായിരുന്നു. നിരവധി നേതാക്കൾ ഈ വിഷയത്തിൽ ഉദാഹരണങ്ങളായി നമുക്ക് മുൻപിലുണ്ട്. കെ വി സുരേന്ദ്രനാഥ്, അച്യുതമേനോൻ, ശർമ്മ തുടങ്ങിയവർ. പരിസ്ഥിതിക്ക് വേണ്ടി എഴുതുകയും സംസാരിക്കുകയും പ്രവർത്തിക്കുകയും ഒക്കെ ചെയ്തവരായിരുന്നു അവർ. ഇവരിൽ നിന്നൊക്കെയാണ് പരിസ്ഥിതിയും ഒരു രാഷ്ട്രീയമാണെന്നും മാർക്സിസത്തിന്റെ ഭാഗമാണെന്നുമൊക്കെ തിരിച്ചറിയുന്നത്.
പരിസ്ഥിതി പ്രശ്നം എന്നത് മുതലാളിത്തത്തിന്റെ ദ്യുതീയ വൈരുദ്ധ്യമാണ്. തൊഴിലാളികളെ എങ്ങിനെയാണോ ചൂഷണം ചെയ്യുന്നത് അതേപോലെയാണ് പ്രകൃതിയെയും ചൂഷണം ചെയ്യുന്നത്. മുതലാളിത്തത്തിന്റെ മറ്റൊരു മുഖമാണ് പരിസ്ഥിതി ചൂഷണം. ഇതിനെ വളരെയേറെ ഗൗരവത്തോടെ മാർക്സും ഏംഗൽസും കണ്ടിരുന്നു. വിഷയത്തെക്കുറിച്ച് എഴുതാൻ ഇരുവരും തീരുമാനിച്ചതാണ്. എന്നാൽ മാർക്സിന്റെ മരണത്തോടെയാണ് അത് നടക്കാതെ പോയത്.
തുടർന്ന് മാക്സ് അത് പൂർത്തിയാക്കാൻ ശ്രമിച്ചെങ്കിലും നടക്കാതെ പോയി. പിന്നീട് ലെനിൽ ഇതിന്റെ കോപ്പി കണ്ടെടുത്ത് റഷ്യയിൽ കൊണ്ട് പ്രസിദ്ധീകരിച്ചു. ഇതാണ് വിഖ്യാതമായ ഡയലറ്റിക്സ് ഓഫ് നേച്ചർ എന്ന പുസ്തകം. ഒരു ആധുനിക പരിസ്ഥിതി പ്രവർത്തകനെപ്പോലും വിസ്മയിപ്പിക്കുന്ന രീതിയിലാണ് ആ പുസ്തകം എഴുതിയിരിക്കുന്നത്. ഈ ഇടതുപക്ഷ രാഷ്ട്രീയം പരിസ്ഥിതി രാഷ്ട്രീയം ഇത് ഞാൻ ആ ആർത്ഥത്തിൽ ഉൾക്കൊണ്ടു എന്നുമാത്രം.
ഒരു വ്യവസ്ഥാപിത രാഷ്ട്രീയത്തിലേക്ക് വരുമ്പോൾ മുതലാളിത്തത്തോടും സമരസപ്പെട്ടാണല്ലോ നമ്മൾ മുന്നോട്ട് പോകേണ്ടി വരുന്നത്. അപ്പോൾ അതൊരു വെല്ലുവിളിയല്ലേ? അങ്ങ് മന്ത്രിയാകും എന്നൊരു അവസ്ഥ വന്നപ്പോൾ ഇടുക്കിയിലെ ഭൂമാഫിയ ഉൾപ്പടെ രംഗത്തെ വന്നിരുന്നു. അതിനെയോക്കെ എങ്ങിനെ തരണം ചെയ്യും?
വികസനത്തിന്റെ ഒരു പ്രശ്നം നിലനിൽക്കുന്നുണ്ട് അവിടെ. നമുക്ക് റോഡുകൾ വേണം, പാലങ്ങൾ വേണം. അതൊന്നും വേണ്ട എന്ന് പറഞ്ഞല്ല നമ്മൾ പ്രകൃതിയെ സംരക്ഷിക്കേണ്ടത്. എന്തൊക്കെ എവിടംവരെയൊക്കെ ആകാം എന്നാണ് മനസിലാക്കേണ്ടത്. അത് വിട്ട് ആർത്തിയിലേക്ക് മുതലാളിത്തം പോയാൽ അത് പ്രകൃതിയുടെ അനിയന്ത്രിതമായ ചൂഷണത്തിലേക്കാണ് പോകുന്നത്.
നിങ്ങൾ എന്റെ കുടുംബത്തെ ചൂഷണം ചെയ്താൽ അത് എന്നെ മാത്രമെ ബാധിക്കൂ. പക്ഷെ പ്രകൃതിയെ ചൂഷണം ചെയ്താൽ അതല്ല സ്ഥിതി. പരിണിതഫലം നമ്മൾ രണ്ടുപേരും അനുഭവിക്കേണ്ടി വരും. എന്നു വെച്ച് പരിസ്ഥിതിയെ തൊടാൻ പാടില്ല, മരം മുറിക്കാൻ പാടില്ല എന്നൊന്നുമല്ല പറയുന്നത്. ഇടുക്കിയിൽ ഉണ്ടായത് ഒരു തെറ്റുധാരണയാണ്. അവിടെ മിക്കപ്പോഴും വളർത്തുന്നത് തെറ്റിധാരണയാണ്. അത് വളർത്തി മുതലെടുപ്പാണ് ഇടുക്കിയിൽ.
മൂന്നാറിന്റെ കാര്യം വന്നാൽ ഇവർ പറയും തമിഴ് ജനതയെ ഓടിക്കാൻ വേണ്ടിയാണ് ശ്രമിക്കുന്നത് എന്ന്. അപ്പോൾ അവർക്കും തോന്നും അങ്ങിനെയാണോ എന്ന്. പിന്നെപ്പറയും കൃഷിക്കാര് മൊത്തം പോകണമെന്നാണ് പറയുന്നത്. അങ്ങിനെ അവിടുത്തെ ജനങ്ങളുടെ വികാരത്തെ ഇളക്കിവിട്ടാണ് മാഫിയകൾ അവരുടെ പദ്ധതികൾ നടപ്പാക്കുന്നത്.
ഒരുമുറി മാത്രം വച്ച് ഉപജീവനം നടത്തുന്നവനെയല്ല നമ്മൾ നോക്കേണ്ടത്. മറിച്ച് ഒരു ലൈസൻസോ രേഖകളോ ഇല്ലാതെ സർക്കാറിനെ കബളിപ്പിച്ച് കോടികൾ കൊയ്യുന്നവരുണ്ട്. അവരെയാണ് ലക്ഷ്യം വെക്കേണ്ടത്. ഇടുക്കിയിലെ മാത്രമല്ല ലോകത്തെ ഒരു കർഷനും പരിസ്ഥിതിയെ നശിപ്പിച്ചിട്ടില്ല. പശ്ചിമഘട്ടത്തിന്റെ സംരക്ഷകർ ഇടുക്കിയും വയനാടും ഉൾപ്പടെയുള്ള കേരളത്തിലെ കർഷകർ തന്നെയാണ് എന്ന് നിസംശയം പറയാം. അതിന് കൃഷിക്കാരന് അങ്ങോട്ട് വല്ലതും കൊടുക്കണമെങ്കിൽ കൊടുക്കണം എന്നുപറയുന്ന അഭിപ്രായക്കാരനാണ് ഞാൻ. അതുകൊണ്ട് തന്നെ താൻ ഇടുക്കിയിലെ എന്നല്ല, ഒരിടത്തെയും കർഷകർക്ക് എതിരല്ല.
അനധികൃത കൈയേറ്റക്കാരെ.. അല്ലാതെ കുടിയേറ്റക്കാരെയല്ല ലക്ഷ്യം വെക്കേണ്ടത്. കാരണം ജീവിതവും ആർത്തിയും തമ്മിൽ വ്യത്യാസമുണ്ട്. ഉദാഹരണത്തിന് കടൽ.. ഒരു മത്സ്യത്തൊഴിലാളി ഒരിക്കലും കടലിനെ നശിപ്പിച്ചിട്ടില്ല. കടലിലെ ഇന്നു കാണുന്ന മാലിന്യങ്ങൾ ഒന്നും അവർ കൊണ്ടിട്ടതല്ല. അതുപോലെ തന്നെയാണ് കാടും. ഒരു ആദിവാസിയും ഇന്നുവരെ കാടിനെ നശിപ്പിച്ചിട്ടില്ല. ഒരു കർഷകന് മണ്ണിനോട് തോന്നുന്ന ആത്മബന്ധം ഒരു ആധുനിക പരിസ്ഥിതി ശാസ്ത്രജ്ഞനും തോന്നില്ല.
മൂന്നാറിൽ താങ്കൾക്ക് എന്ത് ചെയ്യാൻ കഴിയും?
മൂന്നാർ മാത്രമല്ല കേരളം മൊത്തമായാണ് നമുക്ക് ചിന്തിക്കേണ്ടത്. ഇപ്പോൾ മൂന്നാറിലെ പരിസ്ഥിതിയെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് പാർട്ടിയുടെ അറിവോടെ തന്നെ ഞാൻ ഒരു കേസ് കൊടുത്തിരിക്കുകയാണ്. എന്തിനാണ് പ്രകൃതിയെ സംരക്ഷിക്കുന്നത്.. അത് അവിടുത്തെ മനുഷ്യരെ സംരക്ഷിക്കാൻ കൂടി വേണ്ടിയാണ്. ഇങ്ങനെ പോയാൽ മൂന്നാർ മാലിന്യങ്ങളുടെ കൂമ്പാരമാകും. അവിടുത്തെ പുഴകളിൽ മാലിന്യങ്ങൾ നിറയുന്നുണ്ടോ ഇല്ലയോ എന്ന് ആർക്കും പരിശോധിക്കാവുന്ന കാര്യമാണ്. ഇത് തുടർന്നാൽ എല്ലാവരും മൂന്നാറിനെ കൈയോഴിയും.
ഇത്തരം ചൂഷണങ്ങളെ നിയന്ത്രിക്കാനുള്ള നിയമങ്ങൾ നമുക്കുണ്ട്. പക്ഷെ അതൊന്നും വേണ്ടവിധത്തിൽ നടപ്പാക്കുന്നില്ല.ചിലർ വരുമ്പോൾ ചിലർ കണ്ണടയ്ക്കുന്നു. ഈ നിയമങ്ങൾ നടപ്പിലാക്കണം, അനധികൃത കൈയേറ്റങ്ങൾ തടയണം, മൂന്നാറിനെ സംരക്ഷിക്കണം, അതിലെവിടെയാണ് തെറ്റ്.. അനധികൃത കൈയേറ്റത്തിന് വേണ്ടി ആരാണ് പറയുക..കേരള ഹൈക്കോടി വിധി ഉൾപ്പടെ ഉണ്ട്.. ഇത്രയെ ഞാനും പറഞ്ഞുള്ളു..
കേസ് ഇപ്പോൾ കോടതിയുടെ പരിഗണനിയിലാണ്. ഇത് ഒരു വകുപ്പ് മന്ത്രി മാത്രം ചിന്തിക്കേണ്ടതല്ല. കോവിഡ് ഇപ്പോൾ ഇതൊക്കെ ഏതാണ്ട് നമ്മൾക്ക് ബോധ്യപ്പെടുത്തിത്തന്നു.ചൊവ്വയിലേക്ക് ഉപഗ്രഹങ്ങളെ വരെ വിക്ഷേപിച്ച ശാസ്ത്രം ലോകം വളർന്നിരിക്കുന്നു. പക്ഷെ ആ ശാസ്ത്രം വിചാരിച്ചാൽ ഒരേക്കർ വയൽ ഉണ്ടാക്കാൻ പറ്റുമോ.ഇല്ല എന്നുതന്നെയാണ് ഉത്തരം. അതുകൊണ്ടാണ് പറയുന്നത് ബദൽ ഇല്ലാത്ത അധ്യായമാണ് പ്രകൃതി. സെക്രട്ടറിയേറ്റിന് മുന്നിൽ നദിയുണ്ടാവട്ടെ എന്ന് പ്രഖ്യാപിച്ചാൽ നദിയുണ്ടാകില്ല. അതിന് പശ്ചിമഘട്ടം തന്നെ വേണം.
കൃഷിമന്ത്രി എന്ന ചുമതലയാണ് ഇപ്പോൾ അങ്ങേയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇപ്പോൾ ലഭിച്ചിരിക്കുന്ന ഈ പദവി അങ്ങ് പറയുന്ന പരിസ്ഥിതിക്ക് വേണ്ടി എത് തരത്തിൽ ഉപയോഗപ്പെടുത്താൻ കഴിയുമെന്നാണ് കരുതുന്നത്?
പരിസ്ഥിതി സംരക്ഷണം മാത്രം എന്നൊരു അജണ്ടയും പരസ്ഥിതി പ്രശ്നം എന്നൊരു പ്രശ്നവും ഇല്ലെന്നാണ് എന്റെ പക്ഷം. കാസർകോടത്തെ എൻഡോസൾഫാൻ എടുക്കാം. നമുക്കതൊരു പരിസ്ഥിതി പ്രശ്നം, പക്ഷെ അവർക്ക് അവരുടെ ജീവിത പ്രശ്നമാണ്. നർമ്മദയും അതെ. വിളപ്പിൽശാലയിൽ ജനങ്ങൾ രംഗത്തിറങ്ങിയത് അവരുടെ ജീവിതത്തിന് വേണ്ടിയാണ്. ട്രോളിങ്ങ് നിരോധനം എന്ന ആശയം ആദ്യമായി അവതരിപ്പിക്കുന്നത് മത്സ്യത്തൊഴിലാളികൾ തന്നെയാണ്.
പരിസ്ഥിതി പ്രശ്നം എന്നവാക്ക് തന്നെ ഇത്തന്നെ കാലത്ത് റദ്ദ് ചെയ്യപ്പേടെണ്ടതാണ്. എല്ലാം ജീവിതപ്രശ്നങ്ങളായി മാറി. കൃഷി പരിസ്ഥിതിയുമായി ഇണങ്ങി നിൽക്കുന്ന ഒന്നാണ്. അതിനെ എങ്ങിനെ ജനങ്ങളിലേക്ക് എത്തിക്കാം എന്നാണ് ആദ്യം നോക്കുന്നത്. എല്ലാ കൃഷിയും എല്ലായിടത്തും പറ്റില്ല. ഇന്ന് നമ്മൾ കോപ്പിചെയ്യുകയാണ് കൃഷിയെ. മറ്റൊരിടത്ത് കണ്ട കൃഷിയെ നമ്മുടെ സ്ഥലത്തേക്ക് മാറ്റാൻ ആണ് നോക്കുന്നത്.പക്ഷെ അത് വിജയിക്കണമെന്നില്ല.കാരണം ഭൂപ്രകൃതി തന്നെ മാറ്റമുണ്ടാകും. മണ്ണിനോട് ഇണങ്ങിയെ കൃഷി രീതിയെ പ്രോത്സാഹിപ്പിക്കുകയാണ് പ്രഥമലക്ഷ്യം. തുടർന്ന് കർഷകർക്കാവശ്യമായ വിപണി ഒരുക്കിക്കൊടുക്കുക ഇങ്ങനെ അവരുടെ വരുമാനത്തിൽ വർധനവ് ഉണ്ടാക്കുകയാണ് ലക്ഷ്യമിടുന്നത്. എങ്കിൽ മാത്രമെ കൂടുതൽ പേരെ കൃഷിയിലേക്ക് ആകർഷിക്കാൻ നമുക്ക് കഴിയു.കർഷകർക്കുള്ള നഷ്ടം നികത്തണം.
കർഷകനെ സംരക്ഷിക്കാനും കാർഷിക മേഖലയിൽ തന്നെ നിലനിർത്താനും മന്ത്രി എന്ന നിലയിൽ എന്ത് ചെയ്യാൻ പറ്റും?
നൂറുരൂപ ഒരു കർഷകൻ മുടക്കിയാൽ അവന് 150 രൂപയെങ്കിലും ലാഭം കിട്ടണം. ഇതാണ് എൽഡിഎഫ് ഗവൺമെന്റ് മുന്നോട്ട് വെക്കുന്ന അജണ്ട.നിലവിൽ കർഷകർക്കായി ഒരുപാട് സഹായങ്ങൾ ഗവൺമെന്റ് ചെയ്യുന്നുണ്ട്. ഒരുപക്ഷെ രാജ്യത്ത് തന്നെ ആദ്യമായി പച്ചക്കറിക്കൊക്കെ തറവില പ്രഖ്യാപിച്ചത് കഴിഞ്ഞതവണത്തെ എൽഡിഎഫ് സർക്കാരാണ്. ഇതൊന്നും കൊണ്ട് നിർത്തും എന്നല്ല മറിച്ച് കൃഷി വകുപ്പിന്റെ കീഴിലുള്ള ഹോർട്ടികോർപ്പ് ഉൾപ്പടെയുള്ള സംവിധാനങ്ങളിലുടെ കർഷകരിൽ നിന്ന് ഉത്പന്നങ്ങൾ ശേഖരിക്കും. പക്ഷെ ആ ഉത്പന്നത്തിന് മാത്രം വിപണികണ്ടെത്താൻ ശ്രമിച്ചാൽ നാം ഉദ്ദേശിക്കുന്ന ലാഭം ചിലപ്പോൾ കിട്ടിയെന്ന് വരില്ല. അതിനാൽ കർഷകരിൽ നിന്ന് ശേഖരിക്കുന്ന ഉത്പന്നങ്ങളുടെ മൂല്യവർധിത ഉത്പ്പന്നങ്ങൾ കൂടി പരിഗണനയിലുണ്ട്.
ഇതിനൊക്കെ ആദ്യം ഉണ്ടാകുന്ന വെല്ലുവിളി ചുവപ്പ് നാട അഴിക്കുക എന്നതാണ്. ഉദാഹരണം കൃഷി ആരംഭിക്കണമെങ്കിൽ വെള്ളം വേണം അതിനുള്ള അപേക്ഷ സമർപ്പിക്കുമ്പോൾ ആദ്യം വരുന്ന ചോദ്യം എത്ര കൃഷിയുണ്ടെന്നാവും. പക്ഷെ വെള്ളം കിട്ടാതെ കൃഷി തുടങ്ങാനും പറ്റില്ല. ഇത്തരം പ്രതിസന്ധികൾ ഇ മേഖലയിൽ നിരവധിയാണ് അവയെ എങ്ങിനെ പരിഹരിക്കും?
അതിൽ രണ്ട് പ്രശ്നങ്ങൾ ഉണ്ട്. ഒന്ന് തന്റെ അനുഭവത്തിൽ നിന്ന് തന്നെ പറയാം. ഞാൻ കുറച്ച് വർഷങ്ങൾക്ക് മുൻപ് സ്വർണം പണയം വച്ച് കാർഷിക ലോണെടുത്തു. പക്ഷെ എന്റെ ലക്ഷ്യം വീട്ടിലെ ചില അറ്റകുറ്റപ്പണികളായിരുന്നു. തിരിച്ചടവ് തുടരുന്നതിനിടയിലാണ് കാർഷിക കടങ്ങൾ എഴുതിത്ത്ത്ത്തള്ളുന്ന പ്രഖ്യാപനം ഉണ്ടായത്. നോക്കിയപ്പോൾ എന്റെ നാട്ടിലെ വക്കീൽ, ഡോക്ടർ ഉൾപ്പടെയുള്ള പ്രമുഖരുടെ പേരും പട്ടികയിലുണ്ട്. ഇവരുടെയൊക്കെ കടങ്ങൾ എഴുതി തള്ളി.
പക്ഷെ എന്റെത് മാത്രം തള്ളിയില്ല. ബാങ്കിനോട് ബന്ധപ്പെട്ടപ്പോൾ പറഞ്ഞത് പ്രസാദ് കൃത്യമായി അടയ്ക്കാറുണ്ടായിരുന്നല്ലോ. അടയ്ക്കാൻ ശേഷിയില്ലാതെ വീഴ്‌ച്ച വരുത്തിയവരുടെത് മാത്രമാണ് തള്ളിയത് എന്നാണ്. ഇത്തരത്തിൽ രണ്ട് വശങ്ങൾ ഇതിനുണ്ട്. ഇപ്പോൾ നമുക്ക് നല്ലൊരു ടീമുണ്ട്. അവരെ വച്ച് പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകാൻ കഴിയുമെന്നാണ് കരുതുന്നത്.
തുടരും...