തിരുവനന്തപുരം: മന്ത്രിയാകുമെന്ന് കരുതി മത്സരിച്ച വ്യക്തിയല്ല പി പ്രസാദ്. ഇപ്പോൾ കിട്ടിയ കൃഷി മന്ത്രി സ്ഥാനത്തിലും അദ്ദേഹം മതിമറക്കില്ല. മണ്ണിൽചവിട്ടി നടക്കുന്ന മന്ത്രിയാകുമെന്ന് തന്നെയാണ് അദ്ദേഹം കേരള ജനതയ്ക്ക് നൽകുന്ന ഉറപ്പ്. കാർഷിക മന്ത്രിയെന്ന നിലയിൽ തന്റെ ഭാഗത്തു നിന്നും കർഷകർക്ക് സഹായകമായ കാര്യങ്ങൾ ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നൽകുന്നു.

രാഷ്ട്രീയത്തിലേക്ക് താൻ എത്തിയതിൽ അച്ഛനും പങ്കുണ്ടായിരുന്നതായി പി പ്രസാദ് തുറന്നു പറയുന്നു. പഞ്ചായത്ത് മെമ്പറായിരിക്കവേ നക്‌സൽ പ്രസ്ഥാനത്തിൽ ആകൃഷ്ടനായിയിരുന്നു പിതാവ്. അദ്ദേഹം ജലിലിൽ പോയ ഘട്ടത്തിലെല്ലാം അമ്മ ഒരുപാട് കഷ്ടതകൾ അനുഭവിക്കേണ്ടി വന്നിരുന്നുവെന്നും പ്രസാദ് ഓർക്കുന്നു. തന്റെ ജീവിതം എന്നും പാർട്ടിയോട് കടപ്പെട്ടതാണെന്നാണ് മന്ത്രിക്ക് പറയാനുള്ളത്. കൃഷി മന്ത്രി എന്ന നിലയിൽ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളും തന്റെ ജീവിതത്തെ കുറിച്ചും പ്രസാദ് മറുനാടന്റെ ഷൂട്ട് അറ്റ് സൈറ്റിൽ തുറന്നു പറഞ്ഞു. അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തിലേക്ക്...

കാർഷികമേഖലയിൽ പുരോഗതി ഉണ്ടാകണമെങ്കിൽ കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരും കാർഷികവൃത്തിയോട് താൽപര്യം ഉള്ളവരായിരിക്കണം. എന്നാൽ നിലവിലെ അവസ്ഥ അങ്ങനെയാണോ? അവർക്ക് കൃഷിയോട് താൽപര്യം സൃഷ്ടിക്കാൻ എന്താണ് വഴി?

അങ്ങനെ ജനറലൈസ് ചെയ്യാൻ പാടില്ല. നല്ലൊരു ശതമാനം കൃഷി ഓഫീസർമാരാണ് വകുപ്പിന്റെ നട്ടെല്ല്. മഹാഭൂരിപക്ഷം ഉദ്യോഗസ്ഥരും കാർഷികരംഗത്തോട് താൽപര്യമുള്ളവരാണ്. അഗ്രിക്കൾച്ചർ പ്രൊഡക്ഷൻ കമ്മീഷണർ ഇഷിതാ റോയി, വകുപ്പ് സെക്രട്ടറി ഡോ. രത്തൻ ഖേൽക്കർ, ഡയറക്ടർ ഡോ. വാസുകി എന്നിവരുമായി ഞാൻ ആശയവിനിമയം നടത്തിയിരുന്നു. വളരെ പോസിറ്റീവായ അനുഭവമാണ് എനിക്കുണ്ടായത്.

നമുക്ക് കൃഷിഓഫീസർമാരെ കാർഷികമേഖലയുമായി നേരിട്ട് ബന്ധപ്പെടുത്തണം. പലപ്പോഴും അത് ഓഫീസ് വർക്കുകൾക്കിടയിൽ മുങ്ങിപ്പോകുന്നു. അവിടെയാണ് സ്മാർട്ട് കൃഷിഭവനുകളുടെ പ്രാധാന്യം. ഓഫീസ് ജോലികൾ മുഴുവൻ ഡിജിറ്റൽ ആകുമ്പോൾ കൃഷി ഓഫീസർമാരെ കൂടുതൽ സമയം നമുക്ക് മണ്ണിനോട് ബന്ധപ്പെടുത്തി നിർത്താൻ കഴിയും. കൃഷി വകുപ്പിലെ ഓഫീസർമാർ മണ്ണിനോട് ബന്ധമുള്ളവരാകണം, കൃഷിയോട് ബന്ധമുള്ളവരാകണം.

കൃഷിയെ കുറിച്ച് കൂടുതൽ ആശയങ്ങൾ നൽകാൻ കഴിയുന്നത് കർഷകർക്കാണ്. അവരുടെ വാക്കുകൾ കേൾക്കാൻ വകുപ്പിൽ നിലവിൽ മാർഗങ്ങളുണ്ടോ?

പ്രായോഗിക അറിവുള്ള കർഷകരുടെ വാക്കുകൾ വിലപ്പെട്ടതാണ്. അത് കേൾക്കാനുള്ള സംവിധാനം ഒരുക്കും. അവർക്കാണ് മണ്ണറിവുള്ളത്. അവർക്കാണ് കൃഷിയെ പറ്റി ആഴത്തിലുള്ള അറിവുകളുള്ളത്.

കൃഷി വകുപ്പിനെ പറ്റി താങ്കൾക്കുള്ള സ്വപ്നം?

ഒരിഞ്ച് ഭൂമി പോലും തരിശ് കിടക്കാൻ പാടില്ല. എല്ലായിടത്തും കൃഷിയെ എത്തിക്കണം. കായ്കനികൾ പറിച്ചുതിന്ന് അലഞ്ഞുനടന്ന മനുഷ്യൻ ഒരിടത്ത് സ്ഥിരതാമസമാക്കിയത് കൃഷി ചെയ്യാൻ ആരംഭിച്ച ശേഷമാണ്. കൃഷിയും ജീവിതവും തമ്മിൽ നാഭീനാള ബന്ധമാണുള്ളത്. അത് മറന്നാണ് നാം പോകുന്നത്. ജീവിതം ഭക്ഷണത്തിലാണ്. ഭക്ഷണം ഉണ്ടാകുന്നത് മണ്ണിലാണ്. ഭക്ഷണം ഫാക്ടറിയിലുണ്ടാകില്ല. ഇത് ഞാൻ പത്തനംതിട്ട കാത്തോലിക്ക കോളേജിൽ പറഞ്ഞപ്പോൾ ഒരു പെൺകുട്ടി ചോദിച്ചു, ബ്രഡ് ഫാക്ടറിയിലല്ലേ ഉണ്ടാകുന്നതെന്ന്. ഞാൻ കുറച്ചുനേരം ഒന്നും പറഞ്ഞില്ല. എല്ലാവരും ചിരിച്ചു. ഞാൻ പറഞ്ഞു, ഗോതമ്പ് ഉണ്ടെങ്കിലേ ബ്രഡ് നിർമ്മിക്കാൻ സാധിക്കു. ഗോതമ്പ് മണ്ണിലല്ലേ ഉണ്ടാകു. ചിക്കൻ ഫാക്ടറിയിലല്ലേ ഉണ്ടാകുന്നതെന്ന് പിന്നീട് എന്റെ മകൾ എന്നോട് ചോദിച്ചു. കോഴിക്ക് തീറ്റ വേണ്ടേ, അത് മണ്ണിലല്ലേ ഉണ്ടാകൂ. മൽസ്യം ഒഴിച്ചാൽ മറ്റെല്ലാം മണ്ണിലാണ് ഉണ്ടാകുന്നത്. നമ്മൾ രാവിലെ മുതൽ രാത്രി വരെ കഴിക്കുന്ന ഭക്ഷണത്തിന്റെ ലിസ്റ്റ് തയ്യാറാക്കി അതുണ്ടാക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ പരിശോധിക്കു. പാത്രം, വെള്ളം, തീ എന്നിവ ഒഴികേ എല്ലാം കൃഷി ചെയ്യുന്നവയാണ്. കാപ്പി, ദോശ, ചമന്തി എന്തുമാകട്ടെ. മൽസ്യം, ഉപ്പ് എന്നിങ്ങനെ കുറച്ചുകാര്യങ്ങളൊഴികെ 95 ശതമാനത്തിലേറെ വസ്തുക്കളും കൃഷി ചെയ്താണ് ഉണ്ടാക്കുന്നത്. ഇപ്പോൾ മൽസ്യവും കൃഷിയാണ്. ഈ കൃഷിക്കാരനേയും കർഷക തൊഴിലാളികളെയും ഗൗനിക്കുന്ന ജനതയും ഭരണകൂടവും ഉണ്ടെങ്കിലെ നാടിന് അഭിവൃത്തിയുണ്ടാകു.

ചിലർ ഭക്ഷണം കഴിക്കുമ്പോൾ ആദ്യം കുറച്ച് ഗണപതിക്ക് മാറ്റിവയ്ക്കും. ചിലർ പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതിയായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കും. ചിലർ ബിസ്മി ചൊല്ലും. എന്നാൽ നമ്മളാരെങ്കിലും ഈ ഭക്ഷണം ഉണ്ടാക്കിയ കൃഷിക്കാരനെ ഓർക്കുമോ, അവന് നന്ദി പറയുമോ? അങ്ങനെ ഓർത്താൽ എല്ലാവരുടെയും മനസിൽകൃഷിയുണ്ടാകും. മനസിൽ കൃഷിയുണ്ടായാലെ മണ്ണിൽ കൃഷിയുണ്ടാകു. ഷാജന്റെ മനസിൽ കൃഷി ഉള്ളതുകൊണ്ടാണ് മണ്ണിൽ കൃഷി ചെയ്യാൻ തയ്യാറാകുന്നത്. മനസിൽ കൃഷി ഇല്ലെ, മണ്ണിലും ഉണ്ടാകില്ല.

ഈ കോവിഡ് കാലത്ത് കാലികർഷകരുടെ പാൽ പൂർണമായും ഏറ്റെടുക്കാൻ മിൽമ തയ്യാറാകുന്നില്ല. കപ്പയ്ക്കാകട്ടെ കിലോയ്ക്ക് വെറും ഏഴ് രൂപ മാത്രമാണ് ലഭിക്കുന്നത്. സർക്കാർ നൽകുന്ന കിറ്റിൽ കടല, പയർ തുടങ്ങി ആളുകൾ വലുതായി ഉപയോഗിക്കാത്ത ഉൽപ്പന്നങ്ങൾക്ക് പകരം പാൽപ്പൊടി, ഉണക്കക്കപ്പ തുടങ്ങിയ പ്രാദേശിക കർഷകരുടെ ഉൽപ്പന്നങ്ങൾ കൂടി ഉൾപ്പെടുത്താൻ കഴിയാത്തത് എന്തുകൊണ്ടാണ്?

പരിഗണിക്കാവുന്ന നിർദ്ദേശമാണിത്. നമ്മുടെ നാട്ടിൽ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളുടെ മാർക്കറ്റിങ് നമ്മൾ ഉദ്ദേശിക്കുന്നതും ഇപ്രകാരം തന്നെയാണ്. കൃഷി വകുപ്പ്, ഫിഷറീസ് വകുപ്പ്, ഡയറി ഡെവലപ്പ്മെന്റ് വകുപ്പ് എന്നിവയുടെ കൂട്ടായ പ്രവർത്തനങ്ങളിലൂടെ ഇന്റഗ്രേറ്റഡ് ഫാമിങ്ങിലൂടെ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളുടെ മൂല്യവർദ്ധിത വസ്തുക്കൾ നമ്മുടെ വിപണിയിൽ തന്നെ എത്തണം. അതിന് താങ്കൾ ചോദിച്ചത് പോലെ കിറ്റ് ഉപയോഗിക്കാവുന്നതാണ്.

അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റിയിൽ സാധാരണക്കാർക്ക് ഡിപ്ലോമ കോഴ്സുകൾ നൽകിക്കൊണ്ട് പുതിയ തലമുറയിൽ കാർഷികതാൽപര്യം വളർത്താൻ വകുപ്പിനെ ഉപയോഗിച്ചുകൂടെ?

യുവജനങ്ങളും സ്ത്രീകളും കൃഷിരംഗത്തേയ്ക്ക് ഇറങ്ങിയാൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും. ചെറുപ്പക്കാരെ കൂടുതലായി ഈ രംഗത്തേയ്ക്ക് കൊണ്ടുവരുക എന്നതാണ് ഇടതുമുന്നണിയുടെ ലക്ഷ്യം. കഞ്ഞിക്കുഴി, ചേർത്തല സൗത്ത്, മുഹമ്മ തുടങ്ങിയ സ്ഥലങ്ങളിൽ കാർഷികരംഗത്ത് അത്ഭുതങ്ങളാണ് നടക്കുന്നത്. കഞ്ഞിക്കുഴിയിൽ തക്കാളി, പൊക്കാളി മുതൽ കാരറ്റ് വരെ കൃഷി ചെയ്യപ്പെടുന്നു. ചേർത്തല സൗത്തിൽ റാഗി കൃഷി നന്നായി വ്യാപിച്ചിട്ടുണ്ട്. സുജിത്ത് എന്നൊരു ചെറുപ്പക്കാരൻ ഏക്കർകണക്കിന് ഭൂമിയിൽ സൂര്യകാന്തി കൃഷി നടത്തുന്നു. ചെറിയൊരു ഫീസ് വാങ്ങി സന്ദർശകരെ കയറ്റുന്നതിലൂടെ ചെറിയൊരു വരുമാനവും അതിലൂടെ ലഭിക്കുന്നു. പിപി സ്വാതന്ത്ര്യം എന്ന പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന വ്യക്തിയുടെ വലിയൊരു ഇടപെടൽ ഇക്കാര്യത്തിലുണ്ടായിട്ടുണ്ട്. ഡോ. തോമസ് ഐസക്കിന്റെ പിന്തുണ കൂടിയായപ്പോൾ കൃഷി അവിടെയൊരു സംസ്‌കാരമായി മാറുകയായിരുന്നു. ഇക്കാര്യത്തിൽ പലയിടങ്ങളിലും തൊഴിലുറപ്പ് തൊഴിലാളികളെയും ഉപയോഗിക്കുന്നുണ്ട്.

ആറന്മുള സമരം തുടങ്ങിയത് താങ്കളുടെയൊക്കെ നേതൃത്വത്തിലാണ്. കുമ്മനമൊക്കെ പിന്നീട് അതിലേയ്ക്ക് വരുകയായിരുന്നു. കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഭാര്യയുടെ വളയൊക്കെ പണയം വയ്ക്കേണ്ടി വന്നിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്.

മൽസ്യകൃഷിക്ക് എന്ന് പറഞ്ഞാണ് ആറന്മുള്യിലെ ഈ ഭൂമി ആദ്യം അവർ വാങ്ങുന്നത്. ആലപ്പുഴയിലെ ഒരു എയ്റനോട്ടിക്കൽ എൻജിനീയറിങ് കോളേജിലെ കുട്ടികൾക്ക് പഠിക്കാൻ ഒരു റൺവേ ഉണ്ടാക്കുന്നു എന്ന് പിന്നീട് പറഞ്ഞു. ഞാൻ അജിത്ത്, ശരത്ത് തുടങ്ങിയ എഐവൈഎഫ് നേതാക്കൾക്കൊപ്പം ഈ സ്ഥലം സന്ദർശിച്ചപ്പോൾ അവിടെ മലയിടിക്കുകയാണ്. ആ മണ്ണ് കൊണ്ട് വയൽ നികത്തുന്നു. ഇത് കണ്ടപ്പോൾ വലിയ വേദനയാണ് തോന്നിയത്. ഈ വിഷയവുമായി ബന്ധപ്പെട്ട് ആദ്യമായി പരസ്യപ്രതികരണം നടത്തുന്നത് ഞാനാണ്. പിന്നെ പാർട്ടി ഈ വിഷയം ഏറ്റെടുത്ത് ആറന്മുള ജംഗ്ഷനിൽ വലിയ പൊതുസമ്മേളനം വിളിച്ചുകൂട്ടി. തുടർന്ന് കർഷകതൊഴിലാളി യൂണിയനൊക്കെ സമരം ആരംഭിച്ചു. ഒരു ഘട്ടമെത്തിയപ്പോൾ കുമ്മനമടക്കമുള്ളവർ എത്തി. എല്ലാ രാഷ്ട്രീയപാർട്ടികളും സമരവുമായി സഹകരിച്ചു. അന്ന് കോൺഗ്രസ് നേതാവായിരുന്ന പീലിപ്പോസ് തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കോൺഗ്രസിന്റെ കെകെ റോയ്സൺ, മലേത്ത് സരളാദേവി തുടങ്ങിയവരൊക്കെ മുൻനിരയിലുണ്ടായിരുന്നു. അന്നത്തെ കോൺഗ്രസ് സിറ്റിങ് എംഎൽഎ ശിവദാസൻ നായർ സമരത്തിന് എതിരായിരുന്നു എന്ന് ഓർക്കണം. സിപിഎമ്മിലെ പത്മകുമാറും സമരനേതൃത്വത്തിൽ ഉണ്ടായിരുന്നു. അതിൽ ഞാനും റോയ്സണുമാണ് ഈ പദ്ധതിക്കെതിരെ കേസ് കൊടുത്തത്.

വയൽ നികത്തിയ മണ്ണ് മാറ്റണം, തോട് പുനഃസ്ഥാപിക്കണം, ഭൂമി സർക്കാർ ഏറ്റെടുക്കണം എന്ന് ആവശ്യപ്പെട്ട് നിരവധി കേസുകളാണ് ട്രിബ്യൂണലിലും ഹൈക്കോടതിയിലും കൊടുത്തത്. കേസുകൾ നടത്താൻ പണം കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടി. ഇതിന് വേണ്ടി പാർട്ടിയുടെ പണം ഉപയോഗിക്കുന്നത് ശരിയല്ലല്ലോ. അതുകൊണ്ട് ഭാര്യയുടെ സ്വർണ പണയം വച്ചു. ഒരുപാട് സ്വർണമൊന്നും ഭാര്യയ്ക്ക് ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീട് അഡ്വ. എംആർ രഞ്ജിത്ത് ഫീസ് വാങ്ങിയില്ല എന്നതും ഒരു ബലമായി. സമരഫണ്ടിലേയ്ക്ക് ഒരുപാട് പേർ സഹായിച്ചു. കൂറിലോസ് തിരുമേനിക്ക് കിട്ടിയ ഒരു അവാർഡിന്റെ തുക അദ്ദേഹം സമരത്തിന് സംഭാവന ചെയ്തു. സുഗതകുമാരി ടീച്ചറും സഹായിച്ചു.

രാഷ്ട്രീയപ്രവർത്തനത്തിന് താങ്കൾ ഒരുപാട് പണം നഷ്ടപ്പെടുത്തിയിരുന്നല്ലേ?

അങ്ങനെ നഷ്ടപ്പെടുത്താൻ ഒരുപാട് പണമൊന്നും ഉണ്ടായിരുന്നില്ല. ജീവിതത്തെ മുന്നോട്ട് കൊണ്ട് പോയത് പാർട്ടിയാണ്. ഈ ശരീരം തന്നെ പാർട്ടി തന്നതാണ്. പാർട്ടി ഹൗസിങ് ബോർഡ് ചെയർമാനാക്കിയപ്പോൾ ലഭിച്ച അലവൻസൊക്കെയാണ് ജീവിതത്തെ മുന്നോട്ട് നയിച്ചത്.

താങ്കളുടെ ഒരു സഹപാഠി എന്നോട് പറഞ്ഞത് വിദ്യാർത്ഥി കാലത്ത് വളരെ ശാന്തനായ, മിടുക്കനായ ഒരാളായിരുന്നു പി. പ്രസാദ്. അന്നേ വായനയും എഴുത്തുമൊക്കെ ഉണ്ടായിരുന്നു. ഒരു ഐഎഎസുകാരനാകുമെന്നാണ് ഞങ്ങളൊക്കെ കരുതിയത് എന്നാണ്. സർക്കാർ ജോലിയിൽ താൽപര്യമുണ്ടായിരുന്നില്ലേ?

ഒരുഘട്ടത്തിൽ എക്സൈസ് പ്രിവന്റീവ് ഓഫീസറായി പി.എസ്.സി ടെസ്റ്റ് എഴുതി റാങ്ക് ലിസ്റ്റിലൊക്കെ വന്നതാണ്. എന്നാൽ അടുത്ത ഘട്ടമെത്തിയപ്പോൾ ഞാൻ ക്യൂബയില് ലോക യുവജന സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു. ജീവിതത്തിൽ പ്രയാസങ്ങളും ദുരിതങ്ങളും വന്ന് മുഖത്തടിച്ചപോലെ നിന്നപ്പോൾ, What is next? എന്ന ആശങ്ക ഉണ്ടായപ്പോഴാണ് പി.എസ്.സി ടെസ്റ്റ് എഴുതിയത്. എന്നാൽ അപ്പോഴും പൊതുപ്രവർത്തനമൊരു ഹരമായി നിൽക്കുകയായിരുന്നു. എംഎൽഎയും മന്ത്രിയുമാകാനല്ല. എന്നെ അന്ന് പാർട്ടി പത്തനംതിട്ടയിലാണ് നിയോഗിച്ചിരുന്നത്. അവിടെ പാർട്ടിക്ക് ഒരു സീറ്റ് പോലുമില്ല. അതുകൊണ്ട് തന്നെ എംഎൽഎയും മന്ത്രിയുമാകുമെന്ന പ്രതീക്ഷ ഒന്നുമില്ല. എങ്കിലും പൊതുപ്രവർത്തനം ഒരു ഹരമായിരുന്നു.

അച്ഛൻ രാഷ്ട്രീയത്തിൽ സജീവമായിരുന്ന ആളായിരുന്നു. അതിന്റെ ഭാഗമായി നീണ്ടകാലം ജയിലിലൊക്കെ ആയിരുന്നല്ലേ?

അച്ഛൻ പഞ്ചായത്ത് മെമ്പറായിരുന്നു. പിന്നീട് വാഴൂർ വിശ്വത്തോടൊപ്പം ഞങ്ങളുടെ നാട്ടിൽ ഒരു പൊതുയോഗം സംഘടിപ്പിച്ച് അച്ഛൻ പരസ്യമായി മെമ്പർ സ്ഥാനം രാജിവച്ച് നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായി. ഏതൊക്കെയോ ആക്ഷനുകളുടെ ഭാഗമായി. അത് ഏതൊക്കെയാണെന്നൊന്നും ഞങ്ങളോട് പറഞ്ഞിട്ടില്ല. അങ്ങനെ ഒരിക്കൽ ഞങ്ങളെ കാണാൻ നാട്ടിലേയ്ക്ക് വന്നപ്പോൾ ലക്ഷ്മണയുടെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തു. മാസങ്ങളോളം പൊലീസ് കസ്റ്റഡിയിലായിരുന്നു. എന്നാൽ കുടെയുള്ള ഒരാളുടെ പേര് പോലും അച്ഛൻ പറഞ്ഞിട്ടില്ല. അതുകൊണ്ട് ഞങ്ങളുടെ നാട്ടിലെ സിപിഐ(എംഎൽ) പ്രവർത്തകരെയാരെയും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല. എന്നാൽ അച്ഛന്റെ അറസ്റ്റോടെ നാട്ടിൽ ഭീതി പരന്നു. പിന്നീട് പുറത്ത് വന്ന അച്ഛന് ഇന്ത്യൻ സാഹചര്യങ്ങൾക്ക് യോജിച്ചതല്ല നക്സലിസമെന്ന് മനസിലായതോടെ സിപിഐയിൽ ചേർന്നു. ഏഴ് കൊല്ലം മുമ്പ് അൽഷിമേഴ്സ് ബാധിച്ച് മരിച്ചു.

അമ്മയോട് വളരെ ഹൃദയബന്ധമുള്ള ആളാണല്ലോ താങ്കൾ. മന്ത്രിയായപ്പോൾ അമ്മയുടെ മുന്നിൽ വച്ച് കരയുകയൊക്കെ ചെയ്തിരുന്നു.

എനിക്കൊരു കുഞ്ഞുണ്ടായതോടെ അച്ഛനോടും അമ്മയോടുമുള്ള ബന്ധം കൂടി. നമ്മളൊരു കുട്ടിയെ വളർത്തുമ്പോഴാണ്, ഇതുപോലെയല്ലേ എന്റെ അച്ഛനും അമ്മയും എന്നെ വളർത്തിയത് എന്ന് തോന്നുന്നത്. അച്ഛൻ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ അമ്മ ഞങ്ങളെ വളർത്താൻ ഏറെ ബുദ്ധിമുട്ടി. അടച്ചുറപ്പില്ലാത്ത വീട്, ബന്ധുക്കളെ ആരെയും വീട്ടിലേയ്ക്ക് വരാൻ ആരും അനുവദിക്കുന്നില്ല. വീട്ടിൽ വന്നാൽ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന ഭയം. അച്ഛന്റെ അമ്മ പോലും വീട്ടിലേയ്ക്ക് വന്നപ്പോൾ നാട്ടുകാർ തടഞ്ഞ് തിരിച്ചയച്ചു. പൊലീസ് വണ്ടികൾ വീടിന് മുന്നിലൂടെ തലങ്ങും വിലങ്ങും പായുന്നുണ്ട്. ഇടയ്ക്കിടെ ചോദ്യം ചെയ്യുന്നു. എല്ലാവർക്കും പേടിയാണ്. ഈ അവസരത്തിൽ പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയും കൊണ്ട് ജീവിക്കുന്ന ഒരു സ്ത്രീയുടെ അവസ്ഥ ആലോചിച്ചു നോക്കു.

എനിക്ക് കുട്ടിയായി അവന് ബാലാരിഷ്ടതകൾ ഉണ്ടാകുമ്പോൾ ഞാൻ മൊബൈലെടുത്ത് ഓട്ടോറിക്ഷ വിളിക്കുകയോ ബസിന് കൈ കാണിച്ച് അതിൽ കയറി ആശുപത്രിയിൽ കൊണ്ടുപോകുകയോ ചെയ്യും. ഇത്രയും സൗകര്യങ്ങളൊന്നുമില്ലാതിരുന്ന കാലത്ത് ഞങ്ങളെ വളർത്താൻ അമ്മ അനുഭവിച്ച കഷ്ടപ്പാടുകളോർത്ത് ദിവസങ്ങളോളം എന്റെ മനസ് മഥിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഓരോദിവസവും കഴിയുമ്പോഴും അമ്മയോടുള്ള എന്റെ അടുപ്പം കൂടിവന്നു.

ഹൗസിങ് ബോർഡ് ചെയർമാനായി വീടൊക്കെ കിട്ടിയപ്പോൾ ഞാൻ അമ്മയെ തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുവന്നു. എന്റെ വീടിനേക്കാൾ എത്രയോ വലിയ വീട്. ആദ്യമായാണ് അമ്മ എസി മുറിയിൽ താമസിക്കുന്നത്. പക്ഷെ അമ്മയ്ക്ക് എസിയുടെ തണുപ്പ് അത്ര പിടിച്ചില്ല. എന്നെകൂടാതെ ഒരു മകളാണ് അമ്മയ്ക്കുള്ളത്. പേര് സുജാത. ചേച്ചി ഇപ്പോൾ മാന്നാറിലാണ് താമസം.

താങ്കൾ ഇലക്ഷൻ റിസൾട്ട് കാണുന്നത് ഒറ്റയ്ക്കാണ്. കുടുംബം അന്ന് ഓരോ സ്ഥലങ്ങളിലായിരുന്നു. അല്ലേ?

ഇലക്ഷൻ റിസൾട്ട് അറിയുമ്പോൾ എന്റെ ഭാര്യയും മക്കളും അവളുടെ സഹോദരിയുടെ വീട്ടിലായിരുന്നു. വീട്ടുകാർ കോവിഡ് ബാധിതരായതിനാൽ ഇവരും ക്വാറന്റൈനിലായിരുന്നു. അമ്മ എന്റെ സഹോദരിയുടെ വീട്ടിലായിരുന്നു. പത്രക്കാർ ചോദിച്ചപ്പോൾ സത്യപ്രതിജ്ഞയ്ക്ക് ഈ സാഹചര്യത്തിൽ എങ്ങനെ പോകുമെന്നാണ് അമ്മ ചോദിച്ചത്. എന്നാൽ സത്യപ്രതിജ്ഞയുടെ അന്ന് ഉച്ചയ്ക്ക് അമ്മ എന്റെ വീട്ടിൽ വന്ന് തിരുവനന്തപുരത്തുകൊണ്ടുപോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എനിക്കറിയാമായിരുന്നു അമ്മയ്ക്ക് വരാതിരിക്കാനാവില്ലെന്ന്.

മന്ത്രിയായി തീരുമാനിച്ച ശേഷം അമ്മയെ കണ്ടപ്പോൾ താങ്കൾ കരഞ്ഞിരുന്നു

എന്നെയോർത്ത് ഒരുപാട് വേദനിച്ചിട്ടുള്ളയാളാണ് എന്റെ അമ്മ. ഞാൻ നർമ്മദാ സമരത്തിന് പോകുമ്പോഴും അമ്മയ്ക്ക് വലിയ സങ്കടമായിരുന്നു. എനിക്ക് പൊലീസ് മർദ്ദനങ്ങൾ ഏൽക്കുന്ന അവസരങ്ങളിലെല്ലാം അമ്മ അതോർത്ത് ഒരുപാട് വേദനിച്ചിട്ടുണ്ട്. അടൂരിലെ നവോദയാ സമരത്തിൽ പങ്കെടുത്ത് എനിക്ക് മർദ്ദനമേറ്റപ്പോൾ അമ്മ തകർന്നുപോയി. ഞാൻ പോകില്ല, അവൻ മരിച്ചാലും ഞാൻ പോകില്ല എന്ന് അമ്മ അന്ന് പറഞ്ഞു. എന്നാൽ അരമണിക്കൂർ കഴിഞ്ഞപ്പോൾ എന്റെ കട്ടിലിന്റെ കാൽക്കൽ അമ്മയുണ്ട്. അതൊക്കെ ഓർത്തപ്പോൾ കരഞ്ഞുപോയി.

ഔദ്യോഗിക വസതിയായി മന്മോഹൻ ബംഗ്ലാവ് തന്നിരുന്നെങ്കിൽ ഏറ്റെടുക്കുമായിരുന്നോ?

നിലവിൽ ഇ ചന്ദ്രശേഖരൻ താമസിച്ചിരുന്ന വീടാണ് അനുവദിച്ചിരിക്കുന്നത്. മന്മോഹൻ ബംഗ്ലാവ് കിട്ടിയാൽ അവിടെ താമസിക്കാനും മടിയില്ല.

എല്ലാവരും ഏറ്റെടുക്കാൻ മടിച്ച 13-ാം നമ്പർ സ്റ്റേറ്റ് കാറാണ് താങ്കൾ ഏറ്റെടുത്തത്. കഴിഞ്ഞ തവണ മന്ത്രിയായിരുന്ന ഐസക്ക് 13-ാം നമ്പർ ഏറ്റെടുത്തതുകൊണ്ടാണ് ഇത്തവണ സീറ്റ് പോലും കിട്ടാത്തതെന്ന ശ്രുതി ഉണ്ട്.

ഐസക്കിന് മാത്രമല്ലല്ലോ, ഒരുപാടുപേർക്ക് ഇത്തവണ സീറ്റ് കിട്ടിയില്ലല്ലോ. അവരെല്ലാം 13-ാം നമ്പർ കാറിലായിരുന്നോ. കാർ നമ്പർ 14 ആയിരുന്നു എനിക്ക് ആദ്യം തന്നത്. 13 ഞാൻ ചോദിച്ചുവാങ്ങിയതാണ്. 13-ാം തീയതി പത്രമിറങ്ങുന്നില്ലേ, കുട്ടികൾ ജനിക്കുന്നില്ലേ, 13-ാം നമ്പർ ചോദ്യമെഴുതുന്നവരെല്ലാം ആ പരീക്ഷ തോൽക്കുന്നുണ്ടോ. അതുകൊണ്ട് അത്തരം വിശ്വാസങ്ങൾ ഒന്നുമില്ല.

താങ്കളെ പോലെ താഴെക്കിടയിൽ നിന്നും വളർന്നുവന്നയാളെ മറ്റൊരു സാമുദായിക- സാമ്പത്തിക പരിഗണനകളുമില്ലാതെ പ്രവർത്തനം മാത്രം മാനദണ്ഡമാക്കി മന്ത്രിയായി തീരുമാനിക്കാൻ സിപിഐയ്ക്ക് മാത്രമെ സാധിക്കു. അതുതന്നെയല്ലെ ആ പാർട്ടിയെ വേറിട്ടതാക്കുന്നത്?

മുമ്പ് സിപിഐയുടെ പാർട്ടി കോൺഗ്രസിൽ മേധാ പട്ക്കർ പ്രസംഗിച്ചിട്ടുണ്ട്. ലോക കമ്യൂണിസ്റ്റ് പാർട്ടികളുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു നോൺ കമ്യൂണിസ്റ്റിന് പാർട്ടി കോൺഗ്രസ് വേദിയിൽ പ്രസംഗിക്കാൻ അവസരം ലഭിക്കുന്നത്. ഒരിക്കൽ പാർട്ടി യോഗം ചേർന്ന് എല്ലാ മന്ത്രിമാരെയും തീരുമാനിച്ചുകഴിഞ്ഞ് പിറ്റേന്ന് പത്രം നോക്കുമ്പോഴാണ് മനസിലാകുന്നത് എല്ലാ മന്ത്രിമാരും ഒരേ സമുദായമാണ്. ഞങ്ങൾ നോക്കുന്നത് ആ മാനദണ്ഡമല്ല. ഇത്തവണയും അതുപോലെ തന്നെ. അതൊക്കെയാണ് കമ്യൂണിസ്റ്റുകൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ. എന്നെപോലുള്ള സാധാരണ കുടുംബത്തിൽ ജനിച്ച, പറയത്തക്ക ബന്ധുബലമില്ലാത്ത, വലിയ പാരമ്പര്യവും പൈതൃകവുമില്ലാത്ത ഒരാളെ മന്ത്രിയാക്കാൻ കമ്യൂണിസ്റ്റ് പാർട്ടിക്കെ കഴിയു എന്ന ഞാൻ പറയും. അക്കാര്യത്തിൽ രണ്ട് കമ്യൂണിസ്റ്റ് പാർട്ടികളും മാതൃകയാണ്.

എന്നാൽ ചിറ്റയത്തെ മന്ത്രിയാക്കാത്തത് പലയിടങ്ങളിലും ചെറിയ നീരസങ്ങൾ ഉണ്ടാകുന്നതിന് കാരണമായില്ലെ?

അദ്ദേഹം സംസ്ഥാന കൗൺസിൽ അംഗമാണ്. നാല് മന്ത്രിമാരിൽ മൂന്ന് പേരും സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളാണ്. നാലാമത്തെയാൾ അഞ്ച് സംസ്ഥാന കൗൺസിൽ അംഗങ്ങളിൽ രണ്ടുപേരെ ജയിപ്പിച്ച തിരുവനന്തപുരത്തെ ജില്ലാ സെക്രട്ടറിയാണ്. സീനിയറുമാണ്.

(അവസാനിച്ചു)