- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇരുമുടികെട്ടില്ലാതെ മുഖം മറച്ച് കറുത്ത വേഷത്തിൽ മലകയറ്റം; യൂണിഫോമിലെ പൊലീസുകാരെ ഒപ്പം വീടാതെ മഫ്തിക്കാരെ കൂടെ വിട്ട് പൊലീസിന്റെ കരുതലെടുക്കൽ; സന്നിധാനത്തേയും പമ്പയിലേയും പൊലീസ് ഓഫീസർമാരിൽ നിന്ന് പോലും ഓപ്പറേഷൻ രഹസ്യമാക്കി; ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാതിൽ എത്താതിരിക്കാനും മുൻകരുതലെടുത്തു; കനകദുർഗയും ബിന്ദുവും അയ്യനെ ദർശിച്ചത് പൊലീസിന്റെ രഹസ്യ വലയത്തിൽ; വനിതാ മതിലിലേക്ക് ശ്രദ്ധമാറിയപ്പോൾ നടന്ന ഓപ്പറേഷന് ചുക്കാൻ പിടിച്ചത് മുഖ്യമന്ത്രി നേരിട്ട്
പമ്പ: ശബരിമലയിൽ ഇനി യുവതികൾ ദർശനത്തിന് എത്തില്ലെന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തൽ. ഇത് തെറ്റിച്ചാണ് അഡ്വ ബിന്ദുവും കനകദുർഗ്ഗയും ശബരിമലയിൽ എത്തിയത്. ഭക്തരുടെ പ്രതിഷേധം ഉയരാതിരിക്കാനുള്ള മുൻകരുതലെടുത്താണ് ഇരുവരും സോപാനത്ത് എത്തിയത്. പതിനെട്ടാംപടി ഇവർ ചവിട്ടിയോ എന്നോ വ്യക്തമല്ല. പുറത്തുവന്ന ദൃശ്യങ്ങൾ അനുസരിച്ച് രണ്ട് ഇടത് ആക്ടിവിസ്റ്റുകളും കൊടിമരത്തിന് മുമ്പിലൂടെയാണ് അയ്യപ്പസന്നിധിയിലെത്തിയത്.
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറും ഇക്കാര്യം അറിയാതിരിക്കാൻ പൊലീസ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടാണ് എല്ലാം നിയന്ത്രിച്ചത്. ഡിജിപി ലോക്നാഥ് ബെഹ്റയും എഡിജിപിമാരിൽ ഒരാൾക്കും ഇക്കാര്യം അറിയാമായിരുന്നു. ദേവസ്വം ബോർഡ് മെമ്പർ ശങ്കർദാസിന്റെ മകൻ കൂടിയായ കോട്ടയം എസ് പി ഹരിശങ്കറാണ് എല്ലാത്തിനും മേൽനോട്ടം വഹിച്ചതെന്നാണ് സൂചന. നേരത്തെ മനിതി സംഘാംഗങ്ങളെ പമ്പയിലെത്തിച്ചതും കോട്ടയം
എസ് പി ഹരിശങ്കറിന്റെ മികവായിരുന്നു. കനക ദുർഗ്ഗയും ബിന്ദുവുമെത്തുമ്പോൾ ആക്ടിവിസ്റ്റുകളുടെ സംഘവും അവരെ അനുഗമിച്ചിരുന്നു.
വനിതാ മതിലിന്റെ ചർച്ചകൾക്കിടെയാണ് യുവതികളെ കയറ്റാനുള്ള തന്ത്രങ്ങൾ ഒരുങ്ങിയത്. അതുകൊണ്ട് തന്നെ ആരും ഒന്നും ശ്രദ്ധിച്ചില്ല. ഡിജിപിയും മുഖ്യമന്ത്രിയും നിരന്തര ആശയ സംവാദം നടത്തി. അതി വിശ്വസ്തരെ മാത്രമാണ് ഓപ്പറേഷന് നിയോഗിച്ചത്. യുവതികൾക്കൊപ്പം മലകയറിയതും വിശ്വസ്തരായിരുന്നു. ഇവരെയെല്ലാം നിശ്ചയിച്ചതും കോട്ടയം എസ് പിയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖർ പോലും ഇതൊന്നും അറിഞ്ഞിരുന്നില്ല. അത്ര രഹസ്യമായാണ് എല്ലാം നടത്തിയത്.
കൊയിലാണ്ടി സ്വദേശിയാണ് ബിന്ദു. പെരിന്തൽമണ്ണക്കാരിയാണ് കനകദുർഗ്ഗ. ഇരുവരും സാമൂഹിക പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്നവരാണ്. യുവതി പ്രവേശന വിധി നടപ്പാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഇതാണ് വിജയത്തിലെത്തുന്നത്. ഇതിൽ പൊലീസിന്റെ പിന്തുണയും കിട്ടിയിരിക്കുന്നു. അതീവ രഹസ്യമായാണ് തന്ത്രങ്ങളൊരുക്കിയത്. പൊലീസ് അതിരാവിലെ സന്നിധാനത്ത് ഇവരെ എത്തിച്ചു. പതിവിൽ നിന്ന് വിപരീതമായി പൊലീസ് വലിയ കരുതലുകൾ എടുത്തില്ല. മാധ്യമങ്ങളോടും രഹസ്യമാക്കി വച്ചു. അങ്ങനെ എല്ലാം ലക്ഷ്യത്തിലെത്തി.
നിലയ്ക്കലിൽ നിന്ന് യുവതികൾ എങ്ങനെ പമ്പയിലെത്തിയെന്നത് അജ്ഞാതമാണ്. ഇരുവരേയും പൊലീസ് പമ്പയിൽ എത്തിച്ചുവെന്ന സൂചനയുണ്ട്. എന്നാൽ പമ്പയിലെത്തിയ തങ്ങൾക്ക് പൊലീസ് സുരക്ഷയൊരുക്കിയെന്നാണ് യുവതികൾ പറയുന്നത്. യൂണിഫോമിട്ട പൊലീസുകാർ ആരും യുവതികൾക്കൊപ്പം പോയില്ല. മറിച്ച് മഫ്തിയിലാണ് പൊലീസ് യുവതികൾക്കൊപ്പം പോയത്. ഇതോടെ സുപ്രീംകോടതി വിധി നടപ്പായി എന്ന് ഇനി സർക്കാരിനും അവകാശപ്പെടാം. മനിതിയുടെ ശബരിമല പ്രവേശന ശ്രമത്തെ ഭക്തർ ചെറുത്ത് തോൽപ്പിച്ചിരുന്നു. ഇതോടെ ബിന്ദുവിനേയും കനകദുർഗ്ഗയേയും തന്ത്രപരമായി പൊലീസ് കൊണ്ടു പോവുകയായിരുന്നു. സന്നിധാനത്തേയും പമ്പയിലേയും പൊലീസ് ഉദ്യോഗസ്ഥരെ പോലും ഇക്കാര്യം അറിയിച്ചില്ല.
മുഖം മറച്ച് ആരും അറിയാതെയാണ് ഇരുവരും സന്നിധാനം വരെ എത്തിയത്. ഇന്ന് പുലർച്ചെ മല ചവിട്ടാൻ ആളുകൾ കുറവായിരുന്നു. ഈ സാഹചര്യമാണ് പൊലീസ് സമർത്ഥമായി ഉപയോഗിച്ചത്. പമ്പയിലും മറ്റും പൊലീസുകാരിലേക്ക് ഇക്കാര്യം എത്താതിരിക്കാനും ശ്രദ്ധിച്ചു. സാധാരണ ഭക്തരെ പോലെ മല ചവിട്ടിയ ഇവർ തിരിച്ച് പമ്പയിലെത്തിയ ശേഷമാണ് ദർശന വിവരം പുറത്തു വിട്ടത്. വളരെ കുറച്ച് പൊലീസുകാർക്ക് മാത്രമേ ഇക്കാര്യം അറിയാമായിരുന്നുള്ളൂ. ദേവസ്വം ബോർഡ് പ്രസിഡന്റിനോടും ഇക്കാര്യം പറഞ്ഞിരുന്നില്ല. ഇങ്ങനെ വിവരം പുറത്തു പോകാതിരിക്കാൻ പരമാവധി മുൻകരുതലുകൾ പൊലീസെടുത്തിരുന്നു. നേരത്തെ ദർശനത്തിന് ശ്രമിച്ച് പ്രതിഷേധം കാരണം പിൻവാങ്ങേണ്ടി വന്ന കനകദുർഗയും ബിന്ദുവും ഏറെ കരുതലുകൾ എടുത്തിരുന്നു.
ഇരുമുടികെട്ട് എടുത്തിരുന്നില്ല. സന്നിധാനത്ത് എത്തിയ ഇരുവരേയും പൊലീസ് എക്സിക്യൂട്ടീവ് ഓഫീസറുടെ മുറിക്ക് സമീപത്തുള്ള വിഐപികൾക്ക് പോകാനുള്ള വഴയിലൂടെ കൊണ്ടു പോവുകയായിരുന്നു. പതിനെട്ടാംപടി കയറുമ്പോൾ ഭക്തർ അറിയാതിരിക്കാനായിരുന്നു ഈ മുൻകരുതലും. പൊലീസ് നിർദ്ദേശ പ്രകാരമാണ് യുവതികൾ ഇരുമുടികെട്ട് കെട്ട് ഒഴിവാക്കിയതെന്ന് വ്യക്തമാണ്. പൊലീസ് സംരക്ഷണത്തോടെ ഇന്ന് പുലർച്ചെ ദർശനം നടത്തിയെന്നാണ് ഇവരുടെ അവകാശവാദം. നേരത്തെ ഈ മാസം 24നാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി ബിന്ദുവും, മലപ്പുറം സ്വദേശിനി കനകദുർഗയും ശബരിമല ദർശനത്തിനെത്തിയത്. എന്നാൽ കടുത്ത പ്രതിഷേധം കാരണം ഇവർ തിരിച്ചിറങ്ങുകയായിരുന്നു.
പൊലീസ് സംരക്ഷണയിലാണ് ദർശനം നടത്തിയതെന്നും പമ്പയിൽ എത്തിയ ശേഷമാണ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടതെന്നും ബിന്ദു മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. പമ്പയിൽ നിന്ന് സന്നിധാനം വരെയുള്ള പാതയിൽ ഏതാനും ഭക്തർ തങ്ങളെ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ പ്രതിഷേധമൊന്നും ഉണ്ടായില്ല. ഭക്തർ മാത്രമേ സന്നിധാനത്ത് ഉണ്ടായിരുന്നുള്ളൂ. 1.30ന് പമ്പയിൽനിന്ന് പുറപ്പെട്ടു. 3.30 സന്നിധാനത്തെത്തി. സുരക്ഷിതമായി മലയിറങ്ങാൻ സാധിച്ചു. സ്ത്രീ വേഷത്തിൽത്തന്നെയാണ് ദർശനം നടത്തിയതെന്നും ബിന്ദു വ്യക്തമാക്കി. എന്നാൽ സ്ത്രീ വേഷത്തിൽ എത്തുമ്പോൾ തന്നെ ഭക്തർ അറിയാതിരിക്കാൻ നിരവധി മുൻകരുതലുകൾ എടുത്തിരുന്നുവെന്നാണ് പുറത്തുവരുന്ന സൂചനകൾ.