- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ് കത്തിയും ഫോറൻസികും ഉണ്ടെങ്കിൽ ആരും പൊലീസ് കേസിൽ പ്രതിയാകും; നാലു കുപ്പി ചാരായവുമായെത്തി പ്രതികാരം തീർക്കുന്ന എക്സൈസും' വിദേശ ഇനം പട്ടിയെ സൗജന്യ വിലയ്ക്ക് കൊടുക്കാത്തതിന് എക്സൈസുകാരൻ അകത്തു കിടത്തി പക തീർത്ത കഥ പറഞ്ഞ് പ്രകാശ്; കള്ള വാറ്റിനെതിരെ പ്രതികരിച്ച് കുടുങ്ങിയ അനിലും
കൊല്ലം: പകയുള്ള അന്വേഷണ ഉദ്യോഗസ്ഥർ വിചാരിച്ചാൽ ആരേയും ക്രിമിനലാക്കാം. ഫോറൻസിക് തെളിവുകളുടെ കൃത്രിമം ചർച്ചയാക്കി മുൻ ഡിജിപി ആർ ശ്രീലേഖ പറഞ്ഞത് ഏവരേയും ഞെട്ടിച്ചിരുന്നു. കള്ള തെളിവുകൾക്ക് ഫോറൻസിക് പരിവേഷം നൽകി പലരേയും കുടുക്കുമെന്നാണ് ശ്രീലേഖ പൊതു വേദിയിൽ ആഞ്ഞടിച്ചത്. ഇതിന് പിന്നാലെ എക്‌സൈസിനെ കുടുക്കി പുതിയ വാർത്തയുമെത്തി. കള്ള ചാരായക്കേസായിരുന്നു ഇതിന് ആധാരം.
വളർത്തുനായ്ക്കുട്ടികളെ എക്‌സൈസ് ഉദ്യോഗസ്ഥനു വിലക്കുറവിൽ നൽകാത്തതിന്റെ വിരോധം മൂലമാണു തന്നെ കള്ളക്കേസിൽ കുടുക്കിയതെന്ന് എക്‌സൈസിനെതിരെ 16 വർഷം നിയമപോരാട്ടം നടത്തി നിരപരാധിത്വം തെളിയിച്ച ആദിനാട് വടക്ക് കുറ്റിത്തറയിൽ ആർ.പ്രകാശ് (55) പറയുന്നു. വാടക വീട്ടിൽ 4 ലീറ്റർ ചാരായം സൂക്ഷിച്ചതായി ആരോപിച്ചു 2006 ഫെബ്രുവരി 25ന് ആണ് ചില എക്‌സൈസ് ഉദ്യോഗസ്ഥർ കേസിൽ കുടുക്കിയത്. 76 ദിവസം പ്രകാശ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞു. ഈ കേസിൽ കോടതി പ്രകാശിനെ വെറുതെ വിട്ടിരുന്നു.
പ്രകാശിനെതിരായ കേസ് കള്ളക്കേസാണെന്നു വിജിലൻസും മനുഷ്യാവകാശ കമ്മിഷനും ലോകായുക്തയും നിയമസഭ പെറ്റിഷൻ കമ്മിറ്റിയും ഹൈക്കോടതിയും ഉൾപ്പെടെ കണ്ടെത്തി. സ്വകാര്യ ബസ് കണ്ടക്ടർ, കൺസ്ട്രക്ഷൻ കമ്പനി സൂപ്പർവൈസർ, താറാവ് കൃഷി എന്നീ ജോലികൾ ചെയ്തിരുന്ന പ്രകാശ് 2005 ൽ പാവുമ്പയിൽ വീട് വാടയ്‌ക്കെടുത്ത് വിദേശയിനം വളർത്തു നയ്ക്കളുടെ വിൽപന ആരംഭിച്ചു. കരുനാഗപ്പള്ളി എക്‌സൈസ് ഓഫിസിലെ ആദിനാട് സ്വദേശിയായ ഉദ്യോഗസ്ഥനു 3500 വിലയുള്ള നായ്ക്കുട്ടികളെ 1500 രൂപയ്ക്ക് നൽകാത്തതിലുള്ള പ്രതികാരമായാണ് തനിക്കെതിരെ കള്ളക്കേസെടുത്തതെന്നു പ്രകാശ് പറയുന്നു.
പ്രകാശിനെതിരായ കേസ് എക്‌സൈസ് ഉദ്യോഗസ്ഥന്റെ വൈരാഗ്യം മൂലം കെട്ടിച്ചമച്ചതാണെന്നു കഴിഞ്ഞദിവസം ഹൈക്കോടതി ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ കണ്ടെത്തിയിരുന്നു. രണ്ടര ലക്ഷം രൂപ നഷ്ട പരിഹാരം സർക്കാർ നൽകണമെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരിൽ നിന്നു തുക ഈടാക്കണമെന്നും കോടതി വിധിച്ചു. ഇതിനൊപ്പം മറ്റൊരു കേസും എക്‌സൈസിന് തീരാ കളങ്കമായി. പാവങ്ങളെ കേസിൽ എക്‌സൈസ് കുടുക്കാറുണ്ടെന്നാണ് ഇതോടെ വ്യക്തമാകുന്നത്.
അയിലറ ആഴാത്തിവിള പുത്തൻ വീട്ടിൽ എ.ബി. അനിൽകുമാറിനെ എക്‌സൈസ് ഉദ്യോഗസ്ഥർ കള്ളക്കേസിൽ കുടുക്കിയത് വ്യാജ മദ്യ ലോബിക്കെതിരെ പരാതി നൽകിയതിന്റെ വിരോധത്തിൽ. 2004 ൽ കുളത്തൂപ്പുഴ ചെറുകരയിൽ റബർ നഴ്‌സറിയും കൃഷിയുമായി കഴിയുന്ന കാലത്ത് പ്രദേശത്തു വ്യാജ വാറ്റുകാരുടെ ശല്യം. എക്‌സൈസിൽ അറിയിച്ചിട്ടും നടപടിയില്ല. വിവരം പൊലീസിനു കൈമാറി. അവർ നടത്തിയ റെയ്ഡിൽ വാറ്റു കേന്ദ്രങ്ങൾ തകർത്തു. വാറ്റുകാരുടെ ആക്രമണത്തെ ഭയന്നു നടക്കുമ്പോൾ തേടിയെത്തിയത് എക്‌സൈസുകാരുടെ കൊടിയ പീഡനമായിരുന്നെന്നു മാത്രം.
2004 ജൂൺ ആറിനു കുറച്ച് എക്‌സൈസ് ഉദ്യോഗസ്ഥർ കൃഷിയിടത്തിൽ എത്തി. അഞ്ചൽ എക്‌സൈസ് ഓഫിസിൽ എത്തണമെന്നു നിർദേശിച്ചു. അഞ്ചലിലെ എക്‌സൈസ് ഓഫിസിൽ എത്തിയതോടെ ഉദ്യോഗസ്ഥരുടെ മട്ടുമാറി. അവർ വാറ്റുകാരുമായി രഹസ്യ ബന്ധം ഉള്ളവരാണെന്ന് മനസ്സിലായത് അപ്പോഴാണെന്ന് അനിൽകുമാർ പറയുന്നു. രാത്രി വൈകി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 18 വർഷം നിയമ പോരാട്ടം നടത്തിയാണ് കഴിഞ്ഞ ദിവസം അനിൽകുമാർ കോടതിയിൽ നിന്ന് അനുകൂല വിധി നേടിയത്.
മറുനാടന് മലയാളി ബ്യൂറോ