- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാറിൽ ചാരായം കടത്തുന്നതിനിടെ രണ്ടുപേരെ താമരശ്ശേരി എക്സൈസ് പിടികൂടി; അറസ്റ്റിലായത് കട്ടിപ്പാറ, താമരശ്ശേരി മേഖലകളിൽ വ്യാപകമായി ചാരായം വിൽപ്പന നടത്തുന്നവർ
കോഴിക്കോട്: താമരശ്ശേരിയിൽ കാറിൽ ചാരായം കടത്തുന്നതിനിടെ രണ്ടുപേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കട്ടിപ്പാറ ചമൽ പൂവന്മല ബൈജു(43), ചമൽ തെക്കെകാരപ്പറ്റ കൃഷ്ണദാസ്(24) എന്നിവരെയാണ് താമരശ്ശേരി എക്സൈസ് അറസ്റ്റ് ചെയ്തത്. കട്ടിപ്പാറ, താമരശ്ശേരി മേഖലകളിൽ വ്യാപകമായി ചാരായം വിൽപ്പന നടത്തുന്നതായ രഹസ്യവിവരത്തെ തുടർന്ന് താമരശ്ശേരി എക്സൈസ് നടത്തിയ നീക്കത്തിലാണ് രണ്ടുപേരും പിടിയിലായത്.
താമരശ്ശേരി എക്സൈസ് ഇൻസ്പെക്ടർ എൻ കെ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം കരുമല ഉപ്പുംപെട്ടി ഭാഗത്തുവെച്ച് കെ എൽ 12 എൽ 3519 നമ്പർ കാറ് തടഞ്ഞ് പരിശോധിക്കുകയായിരുന്നു. എക്സൈസിനെ കണ്ടതോടെ ചാരായ കുപ്പികൾ പുറത്തേക്ക് വലിച്ചെറിഞ്ഞു. രണ്ട് ലിറ്റർ ചാരായം കണ്ടെടുത്ത എക്സൈസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കൃഷ്ണദാസിന്റെ ഉടമസ്ഥതയിലുള്ള കാറും എക്സൈസ് പിടിച്ചെടുത്തു.
ചമൽ പൂവന്മല കേന്ദ്രീകരിച്ച് ചാരായം വാറ്റുന്ന പ്രധാന കണ്ണികളിൽ ഒരാളാണ് പിടിയിലായ ബൈജുവെന്നും താമരശ്ശേരി മേഖലയിൽ കാറിലും ബൈക്കിലുമായി വില്പനനടത്തുന്നതാണ് ഇവരുടെ രീതിയെന്നും എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു. പ്രിവെന്റീവ് ഓഫീസർമാരായ അനിൽ കുമാർ, സുരേഷ് ബാബു, സിവിൽ എക്സൈസ് ഓഫീസർമാരായ, ടി വി നൗഷീർ, പി ശ്രീരാജ്, എസ് സുജിൽ, പി ജെ മനോജ് എന്നിവരടങ്ങിയ സംഘമാണ് ചാരായം പിടികൂടിയത്.
താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു. ചമൽ, പൂവന്മല ഭാഗങ്ങളിലെ നിരവധി വാറ്റു കേന്ദ്രങ്ങളാണ് അടുത്തിടെ എക്സൈസ് പിടികൂടിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു.