കോതമംഗലം: കഴിഞ്ഞ രണ്ടുദിവസത്തിനുള്ളിൽ വ്യത്യസ്ത സംഭവങ്ങളിലായി കോതമംഗലത്ത് എക്സൈസ് സംഘം 10
കിലോയിലേറെ കഞ്ചാവ് പിടികൂടി.സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ.മൂന്നാർ സ്വദേശി പ്ലാക്കൽ വീട്ടിൽ ഫെലിക്സ് മാലിപ്പാറ വെട്ടിക്കാട്ടിൽ വീട്ടിൽ സുമേഷ് പോൾ എന്നിവരാണ് അറസ്റ്റിലായത്.ഓടി രക്ഷപെട്ട കൂട്ടാളികളായ രണ്ടുപേരെ കണ്ടെത്താൻ തിരച്ചിൽ ഊർജ്ജിതം.

ഫെലിക്സാണ് ആദ്യം പിടിയിലായത്.എക്സൈസ് സംഘം മാമലക്കണ്ടം ഭാഗത്തേക്ക് പതിവ് പരിശോധനകൾക്കായി പോകുന്നതിനിടെ കുട്ടമ്പുഴ ആറാം മൈൽ ചെക്ക് പോസ്റ്റിൽ നിന്ന് ഏദ്ദേശം രണ്ടു കിലോമീറ്റർ മാറി രണ്ടുപേർ ബൈക്കിന് സമീപം നിൽക്കുന്നതുകണ്ട് സംശയം തോന്നി ചോദ്യം ചെയ്യുകയായിരുന്നു.തുടർന്ന് ഇതിൽ ഫെലിക്സിന്റെ കൈവശമുണ്ടായിരുന്ന ബാഗ് ഉദ്യോഗസ്ഥ സംഘം പരിശോധിക്കുകയും 2 കിലോയോളം കഞ്ചാവ് കണ്ടെടുക്കുകയുമായിരുന്നു.

ഇതിനിടെ കൂടെയുണ്ടായിരുന്നയാൾ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് വനത്തിനുള്ളിലേയ്ക്ക് ഓടി രക്ഷപെട്ടു. മൂന്നാറിലെ ഹോം സ്റ്റേകളിലും മറ്റും വർഷങ്ങളായി വ്യാപകമായി കഞ്ചാവ് വില്പന നടത്തിയിരുന്നെന്നും ഇത്തരത്തിൽ രണ്ട് കിലോ കഞ്ചാവ് ചില്ലറ വില്പന നടത്തിയാൽ 2 ലക്ഷം രൂപ വരെ ലാഭം കിട്ടുമായിരുന്നെന്നും ചോദ്യം ചെയ്യലിൽ ഫെലിക്സ് സമ്മതിച്ചതായി അധികൃതർ അറിയിച്ചു.

എംഎ കോളേജിനു സമീപമുള്ള സോനാ ഹോസ്റ്റലിൽ നിന്നും ഇന്നലെയാണ് സുമേഷ് പോളിനെ പിടികൂടിയത്. ഇയാളിൽ നിന്നും നാല് പായ്ക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 8. 273 കിലോഗ്രാം കഞ്ചാവ് ഉദ്യോഗസ്ഥ സംഘം കണ്ടെടുത്തു.ഇയാൾ ഒഡീഷയിൽ നിന്നും വൻതോതിൽ കഞ്ചാവ് കൊണ്ടുവന്ന് വിതരണം ചെയ്യുന്നതായി എക്സൈസിന് വിവരം കിട്ടിയിരുന്നു.വിദ്യാർത്ഥികളിൽ നിന്നും ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം നടത്തിയ നീക്കങ്ങളിലാണ് ഇയാൾ വലയിലായത്.

പ്രിവന്റീവ് ഓഫീസർ ശ്രീകുമാർ ,ഷാഡോ ഉദ്യോഗസ്ഥരായ ജിമ്മി ,സുനിൽ എന്നിവർ നടത്തിയ രഹസ്യ നീക്കത്തിലാണ് ഹോസ്റ്റലിലെ രണ്ടാംനിലയിൽ നിന്നും സുമേഷിനെ പിടികൂടിയത്. എക്സൈസ് സംഘം സുമേഷിനെ കസ്റ്റഡിയിൽ എടുത്തതറിയാതെ ഇയാളുടെ സംഘത്തിലെ ജോർഡി, സജി എന്നിവർ ഹോസ്റ്റലിൽ എത്തിയെങ്കിലും ഉദ്യോഗസ്ഥരെ കണ്ടതോടെ ഓടി രക്ഷപെട്ടു.ഇവരെ കണ്ടെത്താൻ ഷാഡോ എക്സൈസ് സംഘം ഊർജ്ജിത നീക്കം ആരംഭിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ രണ്ടുപേരെയും റിമാന്റുചെയ്തു.

കിഴക്കൻ മേഖലയിലെ കഞ്ചാവ് കടത്തിലെ മുഖ്യകണ്ണികളാണ് പിടിയിലായതെന്നും കഞ്ചാവ് മാഫിയകളുടെ പ്രവർത്തനം അമർച്ചചെയ്യാൻ കർമ്മപദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുമെന്നും കോതമംഗലം എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ ജോസ് പ്രതാപ് അറിയിച്ചു.കേസിന്റെ തുടരഅന്വേഷണം ഊർജിതമാക്കുവാൻ എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ .കെ കെ അനിൽകുമാർ നിർദ്ദേശിച്ചിട്ടുണ്ട്.കേസിന്റെ വിശദവിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ബാബു വർഗീസിന് കൈമാറിയതായി സി ഐ വ്യക്തമാക്കി.

പ്രവന്റിവ് ഓഫീസർ മാരയ നിയാസ്.കെ എ , ശ്രീകുമാർ കെ ജി, സിവിൽ എക്സൈസ് ഓഫീസർമാരായ ഉമ്മർ പി ഇ, ജിമ്മി വി എൽ , സുനിൽ പി എസ്, ബേസിൽ കെ തോമസ്, ഡ്രൈവർ ജയൻ എം സ്ി എന്നിവരും അന്വേഷണസംഘത്തിൽ ഉൾപ്പെട്ടിരുന്നു.