- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെങ്ങിൻ പൂക്കുല ഇട്ട് വാറ്റിയ ചാരായം യൂട്യൂബിൽ അപ്ലോഡ് ചെയ്തപ്പോൾ വമ്പൻ ഹിറ്റ്! വൈറലായ ചാരായവാറ്റ് പിടികൂടാൻ എക്സൈസ് സംഘം എത്തിയത് അഭിമുഖം എടുക്കാനെന്ന വ്യാജേന യൂട്യൂബ് വ്ളോഗർമാരായി; വിനോദ സഞ്ചാരികൾക്ക് വാറ്റ് ചാരായം വിൽപ്പന നടത്തിയ 'കിടിലം പോൾ' ഒടുവിൽ എക്സൈസ് പിടിയിൽ
കോട്ടയം: തെങ്ങിൻ പൂക്കുല ഇട്ട് പ്രത്യേകം വാറ്റിയ ചാരായത്തിനെക്കുറിച്ചുള്ള അഭിമുഖം എടുക്കാനെന്ന വ്യാജേന യൂട്യൂബ് വ്ളോഗർമാരായി എത്തിയ എക്സൈസ് സംഘം വിനോദ സഞ്ചാരികൾക്ക് വാറ്റ് ചാരായം വിൽപ്പന നടത്തുന്നയാളെ പിടികൂടി. ഇലവീഴാപ്പൂഞ്ചിറ ഇല്ലിക്കൽക്കല്ല് വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഹോം സ്റ്റേയിലും റിസോർട്ടുകളിലും വിനോദ സഞ്ചാരികൾക്ക് ചാരായം വിൽപന നടത്തിയിരുന്ന മേച്ചാൽ തൊട്ടിയിൽ 'കിടിലം പോൾ' എന്നറിയപ്പെടുന്ന പോൾ ജോർജിനെയാണ് (43) എക്സൈസ് സംഘം പിടികൂടിയത്.
പോളിന്റെ തെങ്ങിൻ പൂക്കുല ഇട്ട് വാറ്റിയ ചാരായം യൂട്യൂബിൽ വമ്പൻ ഹിറ്റായിരുന്നു. ഇതിനെ പറ്റിയുള്ള വിശദാംശങ്ങൾ അടക്കം അഭിമുഖം എടുക്കാനാണ് എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പോളിനെ എക്സൈസ് സംഘം കുടുക്കിയത്. ഷാഡോ എക്സൈസ് സംഘത്തിലെ അഭിലാഷ് കുമ്മണ്ണൂർ, കെ വി വിശാഖ്, നൗഫൽ കരിം എന്നിവർ വിനോദസഞ്ചാരികളായി ഇല്ലിക്കൽക്കല്ലിലെ ഒരു സ്വകാര്യ റിസോർട്ടിൽ മുറിയെടുത്താണ് പോളിനെ കുടുക്കിയത്. യൂട്യൂബ് വ്ളോഗർമാരാണെന്നും പോളിന്റെ തെങ്ങിൻപൂക്കുല ഇട്ട് വാറ്റുന്ന നാടൻ ചാരായത്തിന്റെ രുചി തേടിയെത്തിയവരാണെന്നും പോളിനെ വിശ്വസിപ്പിച്ചു. ചാരായത്തിന്റെ വിശേഷങ്ങൾ അറിയാൻ താൽപ്പര്യമുണ്ടെന്നും അഭിമുഖത്തിനായി ചാരായവുമായി എത്താമോയെന്നും ചോദിച്ചു. തുടർന്ന് ചാരായവുമായി വണ്ടി പിടിച്ചെത്തിയ പോളിനെ എക്സൈസ് സംഘം പിടികൂടുകയായിരുന്നു.
ഒട്ടേറെ അബ്കാരി കേസുകളിൽ പ്രതിയായ 'കിടിലം പോൾ' എന്ന് വിളിപ്പേരുള്ള പോൾ ജോർജ് എക്സൈസ് സംഘത്തെ ആക്രമിച്ചു കടന്നുകളയുന്നതായിരുന്നു പതിവ്. മൂന്നിലവ്, മേച്ചാൽ, പഴുക്കാക്കാനം മേഖലയിലെ ചാരായ വിൽപനക്കാരനായ പോൾ പ്രതിമാസം 100 ലിറ്ററോളം ചാരായം വിൽപ്പന നടത്തുമായിരുന്നു. ഒരു ലിറ്റർ ചാരായത്തിന് 1001 രൂപ വാങ്ങുന്ന പോൾ ലിറ്റർ ഒന്നിന് ഒരു രൂപ ദൈവത്തിന് കാണിക്കയായി മാറ്റിവച്ചിരുന്നതായി എക്സൈസ് സംഘം പറഞ്ഞു. ഇങ്ങനെ മാറ്റിവയ്ക്കുന്നതിനാൽ പൊലീസോ എക്സൈസ് സംഘമോ തന്നെ പിടികൂടില്ല എന്നായിരുന്നു വിശ്വാസം. എന്നാൽ ആ വിശ്വാസത്തെ തകിടം മറിച്ചുകൊണ്ടായിരുന്നു എക്സൈസ് സംഘത്തിന്റെ അറസ്റ്റ്. പോളിന്റെ വീട്ടിൽ നിന്ന് 16 ലീറ്റർ ചാരായവും 150 ലിറ്റർ വാഷും ചാരായം വാറ്റാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെടുത്തു. വാഷ് സ്ഥലത്ത് വച്ചു തന്നെ നശിപ്പിച്ചു. ചാരായം കടത്താൻ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു.
യൂട്യൂബിലെ വീഡിയോ കണ്ട് പോളിന്റെ ചാരായം കഴിക്കാനായി നിരവധിപേർ ഇവിടുത്തെ റിസോർട്ടുകളിലും ഹോം സ്റ്റേകളിലും താമസിക്കാനെത്തിയിരുന്നു. നടത്തിപ്പുകാർ തന്നെ ചാരായം എത്തിക്കാനുള്ള സൗകര്യം ചെയ്തു കൊടുത്തു വരികയായിരുന്നു. വളരെ രഹസ്യമായാണ് ഇടപാട് നടത്തിയിരുന്നത്. അതിനാൽ പലപ്പോഴും എക്സൈസ് സംഘത്തിന് പോളിനെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. പോളിന്റെ വീട്ടിൽ പലവട്ടം റെയ്ഡ് നടത്തിയിരുന്നെങ്കിലും രഹസ്യമായി സൂക്ഷിച്ചിരുന്ന ചാരായവും വാറ്റുപകരണങ്ങളും മറ്റും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് യൂട്യൂബ് വ്ളോഗർമാരെന്ന വ്യാജേന പോളിനെ സമീപിക്കാൻ തീരുമാനിച്ചത്. റിസോർട്ട് നവടത്തിപ്പുകാർ തന്നെയാണ് പോളിനെ ബന്ധപ്പെടുത്തികൊടുത്തത്. ആവേശത്തോടെ എത്തിയ പോളിനെ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് കൂടുതൽ എക്സൈസ് സംഘത്തെ വിളിച്ചു വരുത്തി റെയ്ഡ് നടത്തുകയായിരുന്നു.
തെങ്ങിൻ പൂക്കുല വാഷിൽ ഇട്ട് തിളപ്പിച്ചാണ് ചാരായം വാറ്റിയിരുന്നത്. ഇതിൽ ചില പ്രത്യേക ഔഷധക്കൂട്ടുകളും ഇയാൾ ചേർത്തിരുന്നു. മറ്റെങ്ങും ലഭിക്കാത്ത രുചിയായിരുന്നു പോളിന്റെ ചാരായത്തിന്. സാധാരണ വാറ്റുകാർ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ ഉപയോഗിക്കാതെയായിരുന്നു വാറ്റ്. അതിനാൽ വൻ ഡിമാന്റായിരുന്നു. തല എന്നറിയപ്പെടുന്ന ആദ്യം വാറ്റിയെടുക്കുന്ന ചാരായത്തിന് ഇരട്ടി വിലയാണ് ഇയാൾ ഈടാക്കിയിരുന്നത്. ഇതിന് ആവിശ്യക്കാർ ഏറെയായിരുന്നു.
റെയ്ഡിൽ ഈരാറ്റുപേട്ട എക്സൈസ് ഇൻസ്പെക്ടർ വൈശാഖ് വി പിള്ള, പ്രിവന്റീവ് ഓഫീസർ ബിനീഷ് സുകുമാരൻ, സിവിൽ എക്സൈസ് ഓഫിസർമാരായ എബി ചെറിയാൻ, കെ ടി അജിമോൻ, പ്രദീഷ് ജോസഫ്, ജസ്റ്റിൻ തോമസ്, പ്രിയ കെ ദിവാകരൻ, എക്സൈസ് ഡ്രൈവർ ഷാനവാസ് എന്നിവർ പങ്കെടുത്തു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.