- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടാറ്റു പതിക്കുമ്പോൾ വേദന അറിയാതിരിക്കാൻ ലഹരിമരുന്ന്; സംസ്ഥാനത്ത് ടാറ്റൂ സെന്ററുകളിൽ എക്സൈസിന്റെ വ്യാപക പരിശോധന; കഞ്ചാവ് പിടിച്ചെടുത്തു; കൊച്ചിയിൽ വിദേശ രാജ്യങ്ങളിൽ നിന്ന് പാഴ്സലായി എത്തിച്ച എൽഎസ്ഡി സ്റ്റാമ്പുകളും പിടികൂടി
കൊച്ചി: സംസ്ഥാനത്ത് ടാറ്റൂ സെന്ററുകൾ കേന്ദ്രീകരിച്ച് എക്സൈസിന്റെ വ്യാപക പരിശോധന. ടാറ്റൂ കുത്തുമ്പോൾ ലഹരിമരുന്ന് നൽകുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി എക്‌സൈസ് വകുപ്പ് പരിശോധന നടത്തിയത്. കഴിഞ്ഞദിവസം മലപ്പുറം തിരൂരിലെ സ്ഥാപനത്തിൽ നിന്ന് കഞ്ചാവ് പിടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വ്യാപകമായ പരിശോധന നടത്തിയതും.
ടാറ്റൂ പാർലർ ഉടമ പി എസ് സുജീഷിനെതിരെ നിരവധി ലൈംഗികാതിക്രമ പരാതികൾ ഉയർന്നതിനെ തുടർന്നാണ് ടാറ്റൂ സെന്ററുകൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയത്. ടാറ്റൂ സെന്ററുകളിൽ ലഹരിമരുന്ന് നൽകുന്നതായും ആക്ഷേപം ഉയർന്നിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പരിശോധന വ്യാപകമാക്കിയത്.
ഇന്നലെയും ഇന്നുമായാണ് വ്യാപക പരിശോധന നടത്തുന്നത്. ഇന്നലെയാണ് തിരൂരിലെ ടാറ്റൂ സെന്ററിൽ നിന്ന് 20 ഗ്രാം കഞ്ചാവ് പിടികൂടിയത്. ടാറ്റൂ ചെയ്യുമ്പോൾ സാധാരണയായി വേദന അനുഭവപ്പെടാറുണ്ട്. ഇത് ഒഴിവാക്കുന്നതിനായി ചില ടാറ്റൂ കേന്ദ്രങ്ങളിലെങ്കിലും ഉപഭോക്താവിന് ലഹരിമരുന്ന് നൽകുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന കർശനമാക്കിയത്.
ഒട്ടുമിക്ക സ്ഥാപനങ്ങളും നല്ലനിലയിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ വിനോദസഞ്ചാര കേന്ദ്രങ്ങളോട് ചേർന്ന് പ്രവർത്തിക്കുന്ന ചില സ്ഥാപനങ്ങളിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായാണ് എക്സൈസിന്റെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
അതേസമയം മറ്റൊരു സംഭവത്തിൽ വിദേശ രാജ്യങ്ങളിൽ നിന്ന് പാഴ്സലായി എത്തിച്ച ലഹരിമരുന്നുകൾ പിടികൂടി. കൊച്ചിയിൽ കസ്റ്റംസിന്റെ സഹകരണത്തോടെ എക്സൈസ് നടത്തിയ റെയ്ഡിലാണ് എൽ.എസ്.ഡി. സ്റ്റാമ്പുകളടക്കമുള്ള ലഹരിമരുന്നുകൾ പിടിച്ചെടുത്തത്.
നെതർലൻഡ്സ്, ഖത്തർ എന്നീ രാജ്യങ്ങളിൽനിന്നാണ് കേരളത്തിലേക്ക് ലഹരിമരുന്ന് പാഴ്സലായി എത്തിയത്. ഒരു പാഴ്സൽ തിരുവനന്തപുരം സ്വദേശിക്കും മറ്റൊന്ന് കോഴിക്കോട് സ്വദേശിയുടെയും പേരിലാണ് അയച്ചിരുന്നത്. ഇരുവരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായും എക്സൈസ് അറിയിച്ചു. വിദേശരാജ്യങ്ങളിൽനിന്ന് പാഴ്സൽ അയച്ച വിലാസവും എക്സൈസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ