തിരുവനന്തപുരം: എറണാകുളം ജില്ലയിൽ യുഡിഎഫിന് മുൻതൂക്കം പ്രവചിച്ച് മനോരമ ന്യൂസ് വി എംആർ എക്‌സിറ്റ്‌പോൾ ഫലങ്ങൾ. യുഡിഎഫ് 11 സീറ്റും എൽഡിഎഫ് 3 സീറ്റും നേടുമെന്നാണു പ്രവചനം. യുഡിഎഫിനു 2 സീറ്റ് നേട്ടമാകുമ്പോൾ എൽഡിഎഫിന് രണ്ടു സീറ്റ് നഷ്ടമാണ്. തൃപ്പൂണിത്തുറ, കൊച്ചി മണ്ഡലങ്ങൾ യുഡിഎഫ് തിരിച്ചുപിടിക്കും. പെരുമ്പാവൂരിൽ അട്ടിമറി സാധ്യത നിലനിൽ്ക്കുന്നതായും എക്‌സിറ്റ് പോൾ വിലയിരുത്തുന്നു. എൻഡിഎയ്‌ക്കോ ട്വന്റി ട്വന്റിക്കോ സീറ്റൊന്നും ലഭിക്കില്ലെന്നും പ്രവചനത്തിൽ പറയുന്നു.

മണ്ഡലങ്ങളിലെ സാധ്യതകൾ

പെരുമ്പാവൂരിൽ അട്ടിമറി സാധ്യതയാണ് തെളിയുന്നത്. സിറ്റിങ് എംഎൽഎയായ എൽദോസ് കുന്നപ്പിള്ളി പിന്നിലെന്നാണ് പ്രവചനം. 2.90% മാർജിനിൽ എൽഡിഎഫ് അട്ടിമറി നടത്തുമെന്നാണ് പ്രവചനം. എൽഡിഎഫ് 40.00 ശതമാനവും യുഡിഎഫ് 37.10 ശതമാനം വോട്ടും നേടുമെന്നാണ് കണക്ക്. എൽഡിഎഫിന് നേരിയ തോതിൽ വോട്ട് വർധിക്കും.

ട്വന്റി ട്വന്റിക്ക് പോകാനിടയുള്ള 11 ശതമാനത്തോളം വോട്ടാണ് യുഡിഎഫിന് തിരിച്ചടിയാകുന്നത്. 7 ശതമാനം വോട്ട് യുഡിഎഫിന് കുറയും എന്നാണു പ്രവചനം. ബിജെപിക്കും ട്വന്റി ട്വന്റി വലിയ നഷ്ടമുണ്ടാക്കുമെന്ന് അനുമാനിക്കണം. എക്‌സിറ്റ് പോളിൽ അവർക്ക് 5 ശതമാനത്തിനടുത്ത് വോട്ട് കുറഞ്ഞു. 2016ൽ എൽദോസ് കുന്നപ്പിള്ളി 4.86% മാർജിനിലാണ് (7088 വോട്ട്) സിപിഎമ്മിലെ സാജു പോളിനെ അട്ടിമറിച്ചത്.

അങ്കമാലിയിൽ പക്ഷേ മാറ്റമില്ല. തിരിച്ചുവരവിൽ ജോസ് തെറ്റയിൽ ശക്തമായ മത്സരം കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും 3.90% മാർജിനിൽ റോജി എം.ജോൺ മണ്ഡലം നിലനിർത്തുമെന്നാണ് എക്‌സിറ്റ് പോൾ. യുഡിഎഫ് 44.50 ശതമാനം വോട്ടാണ് നേടുക. 2016ൽ റോജി 6.75% മാർജിനിലാണ് (9186 വോട്ട്) കന്നിജയം കുറിച്ചത്. ബിജെപി കേരള കോൺഗ്രസിൽനിന്ന് സീറ്റ് ഏറ്റെടുത്തതോടെ എക്‌സിറ്റ് പോളിൽ എൻഡിഎ വിഹിതം 4% കൂടി. യുഡിഎഫിനും എൽഡിഎഫിനും വോട്ട് കുറഞ്ഞു.

ആലുവയിൽ നല്ല മുന്നേറ്റം യുഡിഎഫ് കാഴ്ച വയ്ക്കുമെന്നാണ് പ്രവചനം. 14.30% മാർജിനിൽ അൻവർ സാദത്ത് ആലുവ നിലനിർത്തുമെന്ന് എക്‌സിറ്റ് പോൾ. 2016ലേക്കാൾ മികച്ച വോട്ട് വിഹിതവും ഭൂരിപക്ഷവും പ്രവചിക്കുന്നു. യുഡിഎഫിനും എൽഡിഎഫിനും വോട്ട് വർധനയുണ്ട്. ബിജെപിക്ക് നഷ്ടമാണ് തെളിയുന്നത്.

കളമശേരിയിൽ വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ മകൻ വി.ഇ.അബ്ദുൽ ഗഫൂർ 7.60% മാർജിനിൽ മണ്ഡലം നിലനിർത്തുമെന്ന് എക്‌സിറ്റ് പോൾ. 2016ൽ വി.കെ.ഇബ്രാഹിംകുഞ്ഞ് 7.82% മാർജിനിൽ (12118 വോട്ട്) ജയിച്ച മണ്ഡലമാണ്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.രാജീവ് മത്സരിച്ചിട്ടും എൽഡിഎഫിന് വോട്ട് കുറയുമെന്നാണ് പ്രവചനം. മറ്റുള്ളവർ പിടിച്ച 15% വോട്ടാണ് ഇവിടെ നിർണായകം.

പറവൂരിൽ വി.ഡി.സതീശൻ ശക്തമായ മത്സരം നേരിടുന്നു എന്നാണ് ചിത്രം. 3% മാർജിനിൽ മണ്ഡലം നിലനിർത്തുമെന്ന് എക്‌സിറ്റ് പോൾ. യുഡിഎഫ് 39.30 ശതമാനം വോട്ട് നേടുമെന്നാണ് കണക്ക്. 2016ൽ 12.85 % മാർജിനിൽ (20,634 വോട്ട്) ജയിച്ച മണ്ഡലമാണ്. എക്‌സിറ്റ് പോളിൽ സതീശന് 7.40% വോട്ട് കുറഞ്ഞിട്ടും സിപിഐയ്ക്ക് 2.45 ശതമാനത്തിന്റെ വർധന മാത്രമേ കാണുന്നുള്ളൂ.

വൈപ്പിനിൽ എൽഡിഎഫ് തന്നെ. എസ്.ശർമ ഒഴിഞ്ഞ മണ്ഡലം 6% മാർജിനിൽ സിപിഎം നിലനിർത്തുമെന്ന് എക്‌സിറ്റ് പോൾ. എൽഡിഎഫ് 48.30 ശതമാനം വോട്ട് നേടി മുന്നിലാണ്. 14.75 % മാർജിനിലാണ് (19353 വോട്ട്) ശർമ 2016ൽ ജയിച്ചത്. യുഡിഎഫ് വോട്ടിലെ വർധന അട്ടിമറിക്ക് പര്യാപ്തമല്ലെന്ന് പ്രവചനം. ട്വന്റി ട്വന്റിയുടെ വോട്ട് കണക്കുകളിൽ വ്യക്തമല്ല.

കൊച്ചി യുഡിഎഫ് തിരിച്ചുപിടിക്കുമെന്നാണ് പ്രവചനം. യുഡിഎഫ് ഇവിടെ 39.80 ശതമാനം വോട്ട് നേടും. കടുത്ത പോരാട്ടത്തിൽ 4 % മാർജിനിൽ യുഡിഎഫ് മണ്ഡലം തിരിച്ചുപിടിക്കുമെന്നാണ് എക്‌സിറ്റ് പോൾ. 2016ൽ നിസാര മാർജിനാണ് (0.88% 1086 വോട്ട്) കെ.ജെ.മാക്‌സി ഡൊമിനിക് പ്രസന്റേഷനെ തോൽപ്പിച്ചത്.

ഇത്തവണ ട്വന്റി ട്വന്റിയും മറ്റുള്ളവരും നേടിയ വോട്ടുകളാണ് എൽഡിഎഫിന് തിരിച്ചടിയാകുന്നത്. വി ഫോർ കേരള കോഓർഡിനേറ്റർ നിപുൺ ചെറിയാൻ ആണ് മറ്റുള്ളവരിൽ ഏറ്റവും കൂടുതൽ വോട്ട് നേടുന്നതെന്നാണു സൂചന.

തൃപ്പൂണിത്തുറയിലും യുഡിഎഫ് തിരിച്ചുവരവാണ് പ്രവചനത്തിൽ. യുഡിഎഫ് 43.50 ശതമാനം വോട്ട് നേടുമ്പോൾ എൽഡിഎഫ് 30.60 ശതമാനം വോട്ടിൽ ഒതുങ്ങുമെന്നും സർവേ പറയുന്നു. ബിജെപി മുന്നണി 23.00 ശതമാനം വോട്ട് നേടുന്നു എന്നതും ശ്രദ്ധേയം. കെ.ബാബു 12.90 % മാർജിനിൽ തൃപ്പൂണിത്തുറ തിരിച്ചുപിടിക്കുമെന്നാണ് എക്‌സിറ്റ് പോൾ.

2016ൽ നേടിയതിനേക്കാൾ 6 ശതമാനത്തിനടുത്ത് വോട്ട് കെ.ബാബു അധികം നേടുമെന്നാണ് പ്രവചനം. എം.സ്വരാജിന് 10 ശതമാനത്തിലധികം വോട്ട് നഷ്ടപ്പെടും. 2016ൽ 2.89% (4467 വോട്ട്) മാർജിനിലാണ് സ്വരാജ് ബാബുവിനെ തോൽപ്പിച്ചത്. ഡോ. കെ.എസ്.രാധാകൃഷ്ണൻ ബിജെപിയുടെ വോട്ട് മൂന്നര ശതമാനം ഉയർത്തും.

എറണാകുളം മണ്ഡലത്തിൽ യുഡിഎഫിന് വൻ മാർജിൻ പ്രവചിക്കുന്നു സർവേ. 20.10 % എന്ന വൻ മാർജിനിൽ യുഡിഎഫ് മണ്ഡലം നിലനിർത്തുമെന്ന് എക്‌സിറ്റ് പോൾ. 2016ൽ 19.86% (21949 വോട്ട്) ആയിരുന്നു ഹൈബി ഈഡന്റെ മാർജിൻ. ട്വന്റി ട്വന്റി എൽഡിഎഫിന്റെ വോട്ട് വൻതോതിൽ ചോർത്തിയെന്ന് സൂചന.

തൃക്കാക്കരയിലും യുഡിഎഫ് തുടരുമെന്നാണ് പ്രവചനം. പി.ടി.തോമസ് 2016ലെ പ്രകടനം ആവർത്തിക്കുമെന്ന് എക്‌സിറ്റ് പോൾ പറയുന്നു. 16.70 % മാർജിനിൽ പി.ടി. മണ്ഡലം നിലനിർത്തും. 8.87% (11996 വോട്ട്) ആണ് 2016ലെ മാർജിൻ. ട്വന്റി ട്വന്റിക്ക് തൃക്കാക്കരയിൽ വലിയ ചലനം ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്ന് എക്‌സിറ്റ് പോൾ ഫലം പറയുന്നു. എൻഡിഎ വോട്ട് വിഹിതം കുറയാതെ കാത്തു.

കുന്നത്തുനാട്ടിൽ ട്വന്റി ട്വന്റി മൂന്നാമതെന്ന് എക്‌സിറ്റ് പോൾ. കടുത്ത പോരാട്ടത്തിൽ1 .90% മാർജിനിൽ യുഡിഎഫിന്റെ വി.പി.സജീന്ദ്രൻ മണ്ഡലം നിലനിർത്തുമെന്ന് പ്രവചനം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 1.81 % (2679 വോട്ട്) മാർജിനിലായിരുന്നു സജീന്ദ്രന്റെ വിജയം. എൽഡിഎഫിനും യുഡിഎഫിനും ബിജെപിക്കും ട്വന്റി ട്വന്റി മാത്രമല്ല മറ്റുള്ളവരും നഷ്ടമുണ്ടാക്കിയെന്നാണ് സൂചന. ട്വന്റി ട്വന്റി ഇവിടെ 17.50 ശതമാനം വോട്ട് നേടും.

പിറവം മണ്ഡലം യുഡിഎഫ് തന്നെ നിലനിർത്തുമെന്നാണ് പ്രവചനം. 4.80% മാർജിനിൽ അനൂപ് ജേക്കബ് മണ്ഡലം നിലനിർത്തുമെന്ന് എക്‌സിറ്റ് പോൾ പറയുന്നു. യുഡിഎഫ് 47.10 ശതമാനം വോട്ട് നേടും. യുഡിഎഫും എൽഡിഎഫും വോട്ട് വിഹിതം ഉയർത്തുമ്പോൾ എൻഡിഎയ്ക്ക് നഷ്ടം. 2016ൽ അനൂപ് ജേക്കബ് 3.84 % (6195 വോട്ട്) മാർജിനിലാണ് ജയിച്ചത്.

മൂവാറ്റുപുഴയിൽ കടുത്ത മത്സരത്തിൽ 2.30% മാർജിനിൽ യുഡിഎഫ് മണ്ഡലം തിരിച്ചുപിടിക്കുമെന്ന് എക്‌സിറ്റ് പോൾ. ട്വന്റി ട്വന്റിക്ക് 15 ശതമാനം വോട്ടും മൂന്നാംസ്ഥാനവും ലഭിക്കുമെന്നും പ്രവചനം. എൽഡിഎഫ് വോട്ടിൽ വൻ നഷ്ടം. 11.67 % വോട്ട് കുറയും. ട്വന്റി ട്വന്റി പിടിച്ചത് എൽഡിഎഫ് വോട്ടുകളെന്ന് വ്യക്തം. യുഡിഎഫ് വോട്ടിലുണ്ടായ 2.8% ഇടിവും പോയത് ട്വന്റി ട്വന്റി അക്കൗണ്ടിലേക്കാകാനാണ് സാധ്യത. ട്വന്റി ട്വന്റി ഇവിടെ 15.00 ശതമാനം വോട്ട് നേടുമെന്നത് ഏറെ ശ്രദ്ധേയം.

കോതമംഗലത്ത് ഇത്തവണയും ആന്റണി ജോൺ നിലനിർത്തുമെന്ന് എക്‌സിറ്റ് പോൾ. എൽഡിഎഫ് 52.70 ശതമാനം വോട്ട് നേടുമെന്നാണ് പ്രവചനം. 2016ൽ മുന്മന്ത്രി ടി.യു.കുരുവിളയെ അട്ടിമറിച്ച് പിടിച്ചെടുത്ത കോതമംഗലം ഇത്തവണയും ആന്റണി ജോൺ നിലനിർത്തുമെന്ന് ചുരുക്കം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 15.01 % (19282 വോട്ട്) ആയിരുന്നു ആന്റണി ജോണിന്റെ മാർജിൻ. പി.ജെ.ജോസഫിന്റെ മരുമകൻ ജോ ജോസഫിനെ സ്ഥാനാർത്ഥിയാക്കിയ ട്വന്റി ട്വന്റി പിജെയുടെ സ്ഥാനാർത്ഥി ഷിബു തെക്കുംപുറത്തിന്റെ സാധ്യത അടച്ചു.