പട്‌ന: ചാനലുകളും സ്വകാര്യ സംഘടനകളും നടത്തിയ എക്‌സിറ്റ് പോൾ ഫലങ്ങളൊക്കെ നിഷ്പ്രഭമാകുന്ന തരത്തിലാണ് മഹാസഖ്യം ബിഹാറിൽ വിജയം നേടിയത്. എക്‌സിറ്റ് പോളുകളെ വീണ്ടും ഇളിഭ്യരാക്കിയാണ് മഹാസഖ്യം മഹാവിജയം നേടിയത്.

ചില സർവെകൾ ബിജെപിക്കു നേരിയ മുൻതൂക്കം നൽകിയപ്പോൾ ചിലർ മഹാസഖ്യത്തിന് ഭൂരിപക്ഷം കിട്ടുമെന്നു പ്രവചിച്ചിരുന്നു. എന്നാൽ മൃഗീയ ഭൂരിപക്ഷവുമായി മഹാസഖ്യം അധികാരത്തിലേറുമെന്ന് ആരും പ്രവചിച്ചിരുന്നില്ല. ഇതോടെയാണ് എക്‌സിറ്റ് പോളുകൾ വെറും പൊള്ളയാണെന്ന വാദമുഖങ്ങൾ ഉയരുന്നത്.

കൃത്യമായ പ്രവചനങ്ങളിലൂടെ ശ്രദ്ധേയമായ ടുഡേസ് ചാണക്യയ്ക്കാണ് ഇത്തവണ ഏറ്റവും വലിയ അടി കിട്ടിയത്. മഹാസഖ്യം വെറും 83 സീറ്റിൽ ഒതുങ്ങുമെന്നും ബിജെപി 155 സീറ്റു നേടുമെന്നുമായിരുന്ന ചാണക്യ പ്രവചനം. എന്നാൽ, ഇവരെ ഇളിഭ്യരാക്കിക്കൊണ്ട് ഏതാണ്ട് എതിരായുള്ള തരത്തിലാണ് ഫലം പുറത്തുവന്നത്. മഹാസഖ്യം 179 സീറ്റു നേടിയപ്പോൾ ബിജെപിയും കൂട്ടുകാരും 58 സീറ്റിലൊതുങ്ങി.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലവും, ഡൽഹി ഫലവും കൃത്യമായി പ്രവചിച്ച ടീമാണു ടുഡേ ചാണക്യ. 120 മുതൽ 130 സീറ്റുകളാണ് എൻഡിടിവി ഹൻസ വിധിയെഴുതിയത്. ന്യൂസ് 24ടുഡേയുടെയും കണക്കുകൂട്ടലിൽ വിജയം ബിജെപി സഖ്യത്തിനായിരുന്നു. മുക്കാൽ ലക്ഷത്തിലധികം സാംപിളുകൾ പരിശോധിച്ചാണ് ഹൻസ ഈയൊരു കണക്കിൽ എത്തിച്ചേർന്നത്. ന്യൂസ്എക്‌സ്‌സിഎൻഎക്‌സ്, എബിപിഎസി നീൽസൺ എന്നീ ഏജൻസികൾ മഹാസഖ്യത്തിന്റെ വിജയം പ്രവചിച്ചെങ്കിലും ഇത്രയധികം മുന്നേറ്റം ഒരു ഏജൻസിയും പ്രവചിച്ചില്ല.

ഏഴിൽ നാല് എക്‌സിറ്റ് പോളുകളും വിശാലസഖ്യത്തിന് നേരിയ മുൻതൂക്കം പ്രവചിച്ചിരുന്നു. എന്നാൽ, നീതിഷ് കുമാറും ലാലുവും കൂട്ടരും ഇത്ര വലിയ വിജയം നേടുമെന്ന് ആരും കരുതിയില്ല. കടുത്തമൽസരമാണ് ബീഹാറിൽ നടന്നതെന്നും വിശാലസഖ്യത്തിന് നേരിയ മുൻതൂക്കമുണ്ടെന്നുമായിരുന്നു മിക്കവാറും എക്‌സിറ്റ് പോളുകളും പ്രവചിച്ചത്. വിശാലസഖ്യം പരമാവധി 140 സീറ്റുകൾവരെ നേടുമെന്നായിരുന്നു ന്യൂസ് എക്‌സിന്റെ പ്രവചനം. മറ്റുള്ളവരെല്ലാം വിശാലസഖ്യം കഷ്ടിച്ചു മുന്നിലെത്തുമെന്ന് പറഞ്ഞപ്പോൾ ഇന്ത്യാ ടുഡേയും എൻഡി ടിവിയും എൻ.ഡി.എക്കാണു മുൻതൂക്കം പ്രവചിച്ചത്.

അതേസമയം, മഹാസഖ്യത്തിന്റെ മുന്നേറ്റം ഏറെക്കുറെ കൃത്യമായി പ്രവചിച്ച സർവ്വെ ഫലം ആശങ്കമൂലം പൂഴ്‌ത്തിവയ്ക്കപ്പെട്ടുവെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. വിശാലസഖ്യം 183 സീറ്റുകൾവരെ നേടാമെന്നും എൻ.ഡി.എ 70 സീറ്റുകളിലൊതുങ്ങുമെന്നും ആക്‌സിസ് സിഎൻഎൻ ഐബിഎൻ സർവ്വെയാണ് കണ്ടെത്തിയത്. ഏറെക്കുറെ കൃത്യമായ ഈ പ്രവചനം ആശങ്കമൂലം പുറത്തുവിടാൻ ഐബിഎൻ തയ്യാറായില്ലെന്നാണു റിപ്പോർട്ട്.

ആരുടെ പ്രവചനങ്ങൾക്കും ഇന്ത്യൻ ജനാധിപത്യത്തിനെ ചോദ്യം ചെയ്യാനാകില്ലെന്നു വീണ്ടും തെളിഞ്ഞിരിക്കുകയാണ് ബിഹാർ ഫലത്തിലൂടെ. നേതാക്കളുടെ പ്രഭാവവും, ജാതിസമവാക്യങ്ങളും കണക്കുകൂട്ടി എക്‌സിറ്റ് പോൾ ഫലം തയ്യാറാക്കിയവർക്കു ഭൂരിഭാഗം വരുന്ന ഗ്രാമീണ ജനതയുടെ മനസിലിരിപ്പ് തിരിച്ചറിയാനായില്ല. എന്നാൽ ലാലു പ്രസാദ് യാദവെന്ന നേതാവ് ബിഹാറിൽ മഹാസഖ്യം മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുമെന്നു പ്രവചിച്ചിരുന്നു. സ്വന്തം നാട്ടുകാരെ അത്രത്തോളം മനസിലാക്കുന്ന നേതാവാണു താനെന്നു തെരഞ്ഞെടുപ്പു വിജയത്തിലൂടെ അദ്ദേഹം വീണ്ടും തെളിയിച്ചു.