തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ, വയനാട് ജില്ലകളിൽ എൽഡിഎഫിന് വ്യക്തമായ മേൽക്കൈ പ്രവചിച്ച് മാതൃഭൂമി ന്യൂസ്-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലം. വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളും എൽഡിഎഫ് പിടിക്കുമെന്നും കണ്ണൂരിലെ പേരാവൂരിൽ അട്ടിമറി ജയം നേടുമെന്നും എക്‌സിറ്റ് പോൾ വിലയിരുത്തുന്നു. ഇരിക്കൂർ ഒഴികെ മറ്റ് മണ്ഡലങ്ങളിൽ യുഡിഎഫ് പരാജയപ്പെടുമെന്നാണ് പ്രവചനം.

കണ്ണൂർ ജില്ല

പയ്യന്നൂർ ടിഐ മധുസൂദനനിലൂടെ എൽഡിഎഫ് നിലനിർത്തും. എം പ്രദീപ് കുമാർ(യുഡിഎഫ്), അഡ്വ.കെകെ ശ്രീധരൻ എന്നിവരാണ് പയ്യന്നൂർ മണ്ഡലത്തിലെ മറ്റ് സ്ഥാനാർത്ഥികൾ. 2016ൽ 40263 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി സി കൃഷ്ണൻ പയ്യന്നൂർ മണ്ഡലത്തിൽ വിജയിച്ചത്.

കല്ല്യാശ്ശേരി മണ്ഡലത്തിൽ എ വിജിൻ വിജയിക്കും. അഡ്വ. ബ്രിജേഷ് കുമാർ(യുഡിഎഫ്), അരുൺ കൈതപ്രം(ബിജെപി)എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. ടിവി രാജേഷിന്റെ സിറ്റിങ് സീറ്റായ കല്ല്യാശ്ശേരിയിൽ 2016ൽ 42891 വോട്ടിന്റെ ഭൂരിപക്ഷമാണ് എൽഡിഎഫ് നേടിയത്.

തളിപ്പറമ്പ് മണ്ഡലം എംവി ഗോവിന്ദൻ മാസ്റ്ററിലൂടെ എൽഡിഎഫ് നിലനിർത്തും. വിപി അബ്ദുൾ റഷീദ്(യുഡിഎഫ്), എപി ഗംഗാധരൻ(എൻഡിഎ)എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ.

ഇരിക്കൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി സജീവ് ജോസഫ് വിജയിക്കുമെന്ന് സർവേ പ്രവചിക്കുന്നു. കെസി ജോസഫിന്റെ സിറ്റിങ് സീറ്റായ മണ്ഡലം പതിവ് തെറ്റിക്കാതെ യുഡിഎഫ് നിലനിർത്തും. സജി കുറ്റിയാനിമറ്റം(എൽഡിഎഫ്), ആനിയമ്മ രാജേന്ദ്രൻ(ബിജെപി)എന്നിവരാണ് മറ്റുള്ള സ്ഥാനാർത്ഥികൾ. 2016ൽ 9647 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെസി ജോസഫ് വിജയിച്ചത്.

അഴീക്കോട് മണ്ഡലത്തിൽ മത്സരം പ്രവചനാതീതമെന്ന് സർവേ പ്രവചിക്കുന്നു. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ നേരിയ മുൻതൂക്കമാണ് എൽഡിഎഫ്-യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് പ്രവചിക്കുന്നത്. കെഎം ഷാജി(യുഡിഎഫ്) കെവി സുമേഷ്(എൽഡിഎഫ്), കെ രഞ്ജിത്ത് (എൻഡിഎ)എന്നിവരാണ് അഴീക്കോട് മണ്ഡലത്തിൽ ജനവിധി തേടുന്നത്. 2016ലെ തിരഞ്ഞെടുപ്പിൽ 2287 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെഎം ഷാജി അഴീക്കോട് മണ്ഡലത്തിൽ നിന്ന് വിജയിച്ചത്.

കണ്ണൂർ മണ്ഡലത്തിൽ രാമചന്ദ്രൻ കടന്നപ്പള്ളി രാമചന്ദ്രൻ തന്നെ വിജയിക്കും.സതീശൻ പാച്ചേനി(യുഡിഎഫ്),അർച്ചന വണ്ടിച്ചാലിൽ എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. 2016ലെ തിരഞ്ഞെടുപ്പിൽ 1196 വോട്ടിന്റെ നേരിയ മുൻതൂക്കത്തിലാണ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വിജയിച്ചത്.

ധർമ്മടം മണ്ഡലം മുഖ്യമന്ത്രി പിണറായി വിജയൻ നിലനിർത്തും. 63 ശതമാനമാണ് ലഭിച്ചേക്കാവുന്ന ഭൂരിപക്ഷം. സി രഘുനാഥ്(യുഡിഎഫ്), സികെ പത്മനാഭൻ(എൻഡിഎ) എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. 2016ലെ തിരഞ്ഞെടുപ്പിൽ 36905 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പിണറായി വിജയൻ ധർമ്മടത്ത് നിന്ന് വിജയിച്ചത്.

തലശ്ശേരിയിലും അട്ടിമറികൾക്ക് ഇടകൊടുക്കാതെ എഎൻ ഷംസീർ വിജയിക്കുമെന്ന് സർവേ പ്രവചിക്കുന്നു. എംപി അരവിന്ദാക്ഷൻ(യുഡിഎഫ്), സിഒടി നസീർ(ഇന്ത്യൻ ഗാന്ധിയൻ പാർട്ടി)എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. 2016ൽ 34117 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എഎൻ ഷംസീർ തലശ്ശേരി മണ്ഡലത്തിൽ നിന്ന് വിജയിച്ചത്.

കൂത്തുപറമ്പ് മണ്ഡലത്തിൽ കെപി മോഹനൻ വിജയിക്കും. പൊട്ടങ്കണ്ടി അബ്ദുള്ള(യുഡിഎഫ്), സി സദാനന്ദൻ മാസ്റ്റർ(എൻഡിഎ) എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. 2016ൽ മന്ത്രി കെകെ ശൈലജ 12291 വോട്ടിന്റെ ഭൂരിപക്ഷത്തിന് നിലവിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെപി മോഹനനെ തോൽപ്പിച്ച മണ്ഡലമാണ് കൂത്തുപറമ്പ്.

മട്ടന്നൂർ ആരോഗ്യമന്ത്രി കെകെ ശൈലജയിലൂടെ എൽഡിഎഫ് നിലനിർത്തും. ഇല്ലിക്കൽ അഗസ്തി(യുഡിഎഫ്), ബിജു എളക്കുഴി(എൻഡിഎ)എന്നിവരാണ് മണ്ഡലത്തിൽ ജനവിധി തേടിയ മറ്റ് സ്ഥാനാർത്ഥികൾ. 2016ൽ മന്ത്രി ഇപി ജയരാജൻ 43381 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മട്ടന്നൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ചത്.

പേരാവൂർ മണ്ഡലത്തിൽ അട്ടിമറി നടക്കുമെന്ന് സർവേ ഫലം. എൽഡിഎഫ് സ്ഥാനാർത്ഥി സക്കീർ ഹുസൈനിലൂടെ എൽഡിഎഫ് തിരിച്ചുപിടിക്കും. സിറ്റിങ് എംഎൽഎ സണ്ണി ജോസഫ്(യുഡിഎഫ്)
സ്മിത ജയമോഹൻ(എൻഡിഎ)എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. 2016ൽ സണ്ണി ജോസഫ് 7989 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പേരാവൂരിൽ നിന്ന് വിജയിച്ചത്.

വയനാട് ജില്ല

മാനന്തവാടി മണ്ഡലം സിറ്റിങ് എംഎൽഎ ഒആർ കേളു നിലനിർത്തും. പികെ ജയലക്ഷ്മി(യുഡിഎഫ്), മുകുന്ദൻ പള്ളിയറ(എൻഡിഎ)എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. 2016ലെ തിരഞ്ഞെടുപ്പിൽ 1307 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലാണ് ഒആർ കേളു മണ്ഡലത്തിൽ നിന്ന് വിജയിച്ചത്.

സുൽത്താൻബത്തേരി മണ്ഡലത്തിൽ അട്ടിമറി വിജയം പ്രവചിച്ച് സർവേ. എംഎസ് വിശ്വനാഥൻ ഇവിടെ വിജയിക്കും. സിറ്റിങ് എംഎൽഎ ഐസി ബാലകൃഷ്ണൻ(യുഡിഎഫ്), സികെ ജാനു(എൻഡിഎ)എന്നിവരാണ് മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയത്. 2016ൽ ഐസി ബാലകൃഷ്ണൻ 11198 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുൽത്താൻ ബത്തേരിയിൽ നിന്ന് വിജയിച്ചത്.

കൽപ്പറ്റ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി എംവി ശ്രേയാംസ് കുമാർ വിജയിക്കും. അഡ്വ. ടി സിദ്ദിഖ്(യുഡിഎഫ്), ടിഎം സുബീഷ്(എൻഡിഎ)എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. 2016ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫിലെ സികെ ശശീന്ദ്രൻ 13083 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കൽപ്പറ്റയിൽ നിന്ന് വിജയിച്ചത്.

കാസർകോട് ജില്ല

മഞ്ചേശ്വരം നിയമസഭാ മണ്ഡലം യുഡിഎഫ് നിലനിർത്തുമെന്ന് മാതൃഭൂമി ന്യൂസ് ആക്സിസ് മൈ ഇന്ത്യ നടത്തിയ എക്സിറ്റ് പോൾ. ചുരുങ്ങിയത് അയ്യായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ എ.കെ.എം അഷ്റഫ് വിജയിക്കുമെന്നാണ് എക്സിറ്റ് പോൾ ഫലം സൂചിപ്പിക്കുന്നത്. ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥി വിവി രമേശനാണ്. എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രനുമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 89 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യുഡിഎഫിന്റെ പി.ബി. അബ്ദുൾ റസാഖ് വിജയിച്ച മണ്ഡലമാണ് മഞ്ചേശ്വരം

കാസർകോട് മണ്ഡലം യുഡിഎഫ് നിലനിർത്തുമെന്ന് മാതൃഭൂമി-ആക്സിസ് മൈ ഇന്ത്യ സർവേ ഫലങ്ങൾ പ്രവചിക്കുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയായി സിറ്റിങ് എംഎൽഎ എൻഎ നെല്ലിക്കുന്ന് ആണ് ഇക്കുറിയും മത്സരത്തിനിറങ്ങിയത്. രണ്ടായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷമാവും എൻഎ നെല്ലിക്കുന്ന് വിജയിക്കുന്നതെന്നും സർവേ പ്രവചിക്കുന്നു. എൽഡിഎഫിന് വേണ്ടി എംഎ ലത്തീഫ്, യുഡിഎഫിന് വേണ്ടി എൻഎ നെല്ലിക്കുന്ന് എൻഡിഎയ്ക്ക് വേണ്ടി കെ ശ്രീകാന്ത് എന്നിവരാണ് ജനവിധി തേടിയത്. 2016ൽ യുഡിഎഫ് സ്ഥാനാർത്ഥിയായ എൻഎ നെല്ലിക്കുന്ന് വിജയിച്ച മണ്ഡലമാണ് കാസർകോട്. 8607 വോട്ടിന്റെ ഭീരിപക്ഷത്തിനാണ് എൻഎ നെല്ലിക്കുന്ന് മത്സരിച്ചത്. ബിജെപിയായിരുന്നു രണ്ടാം സ്ഥാനത്ത്.

ഉദുമ സിഎച്ച് കുഞ്ഞമ്പുവിലൂടെ സിപിഎം നിലനിർത്തും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 3832 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫിന്റെ കെ.കുഞ്ഞിരാമനാണ് ഉദുമയിൽ നിന്ന് വിജയിച്ചത്

കാഞ്ഞങ്ങാട് മണ്ഡലം എൽഡിഎഫ് നിലനിർത്തുമെന്ന് സർവേ പ്രവചിക്കുന്നു. സിറ്റിങ് എംഎൽഎ ആയ ഇ ചന്ദ്രശേഖരനാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരത്തിനിറങ്ങിയത്. പിവി സുരേഷ്(യുഡിഎഫ്),എം ബൽരാജ്(എൻഡിഎ) എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. 2016ലെ തിരഞ്ഞെടുപ്പിൽ 26011 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇ ചന്ദ്രശേഖരൻ കാഞ്ഞങ്ങാട് മത്സരിച്ചത്.

തൃക്കരിപ്പൂരിൽ എം.രാജഗോപാൽ ഇത്തവണയും നിന്ന് വിജയിക്കുമെന്നാണ് എക്സിറ്റ് പോൾ ഫലം. 16348 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് കഴിഞ്ഞ തവണ വിജയിച്ച മണ്ഡലമാണ് തൃക്കരിപ്പൂർ.