തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടം നടന്ന വയനാട് ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കുമെന്ന് മനോരമ ന്യൂസ് വി എംആർ എക്‌സിറ്റ്‌പോൾ ഫലം. കണ്ണൂർ ജില്ലയിലെ ഇരിക്കൂറും അഴിക്കോടും നിലനിർത്തുന്നതിനൊപ്പം കണ്ണൂർ മണ്ഡലത്തിൽ സതീശൻ പാച്ചേനിയിലൂടെ യുഡിഎഫ് അട്ടിമറി ജയം നേടുമെന്നും പ്രവചിക്കുന്നു.

വയനാട് ജില്ലയിലെ മാനന്തവാടിയിൽ അതിശക്തമായ പോരാട്ടത്തിൽ മുന്മന്ത്രി പി.കെ.ജയലക്ഷ്മി ജയിക്കുമെന്ന് മനോരമ ന്യൂസ് വി എംആർ എക്‌സിറ്റ്‌പോൾ ഫലം. 0.40 % മാർജിനിൽ സിറ്റിങ് എംഎ‍ൽഎ ഒ.ആർ.കേളുവിനെ മറികടക്കുമെന്ന് എക്‌സിറ്റ് പോൾ. വോട്ടുശതമാനം: യുഡിഎഫ് 40.10 %, എൽഡിഎഫ് 39.70 %, എൻഡിഎ 10.20%. കഴിഞ്ഞതവണ ഇരുവരും ഏറ്റുമുട്ടിയപ്പോൾ 0.90 % (1307 വോട്ട്) മാർജിനിലാണ് ഒ.ആർ.കേളു വിജയിച്ചത്. ബിജെപി വോട്ടിൽ ഇത്തവണ നേരിയ കുറവ്. മറ്റുള്ളവർ 10 % എന്നത് അസാധാരണം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മറ്റുള്ളവർ 3.98 % വോട്ട് മാത്രമേ നേടിയിരുന്നുള്ളു.

സുൽത്താൻ ബത്തേരി 2016ലേക്കാൾ മികച്ച മാർജിനിൽ ഐ.സി.ബാലകൃഷ്ണൻ മണ്ഡലം നിലനിർത്തുമെന്ന് പ്രവചനം. മാർജിൻ 12.60 %. യുഡിഎഫ് 51.00 എൽഡിഎഫ് 38.40, എൻഡിഎ 9.70 എന്നിങ്ങനെയാണ് വോട്ടുശതമാനം. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം 6.51 % (11198 വോട്ട്). 2016ൽ സ്വതന്ത്രയായി മൽസരിച്ചപ്പോൾ 16.23 % വോട്ട് നേടിയ സി.കെ.ജാനു ഇത്തവണ എൻഡിഎ ഔദ്യോഗിക സ്ഥാനാർത്ഥിയായി എത്തിയപ്പോൾ വോട്ട് വിഹിതം 3.17 % കുറയുമെന്ന് എക്‌സിറ്റ് പോൾ.

കൽപ്പറ്റയിൽ ടി.സിദ്ദിഖ് 8.70 ശതമാനം എന്ന മികച്ച മാർജിനിൽ എം വിശ്രേയാംസ് കുമാറിനെ മറികടക്കുമെന്ന് എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. വോട്ടുശതമാനം ഇങ്ങനെ: യുഡിഎഫ് 47.30 ശതമാനം, എൽഡിഎഫ് 38.60 ശതമാനം, എൻഡിഎ 7.90 ശതമാനം വോട്ടും നേടുമെന്ന് എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. കഴിഞ്ഞ തവണ സി.കെ.ശശീന്ദ്രൻ എം വിശ്രേയാംസ് കുമാറിനെ തോൽപ്പിച്ചത് 8.67 % (13083 വോട്ട്) ഭൂരിപക്ഷത്തിലാണ്. ഇത്തവണ മറ്റുള്ളവർക്ക് 6.20 % വോട്ട് ലഭിക്കുമെന്ന് കണക്കാക്കുന്നു. കഴിഞ്ഞതവണ 3.4 % ആയിരുന്നു. ബിജെപി വോട്ടിൽ നേരിയ ഇടിവ് കാണുന്നു. സ്വതന്ത്രൻ കെ.ശൈലേഷും എ.ഡി.എച്ച്.ആർ.പി. സ്ഥാനാർത്ഥി സുനിൽ വൈദ്യനുമാണ് മറ്റുള്ളവരിൽ കൂടുതൽ വോട്ട് നേടുന്നത്.

കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ എൽഡിഎഫ് ജയിക്കുമെന്ന് മനോരമ ന്യൂസ് വി എംആർ എക്‌സിറ്റ് പോൾ ഫലം. പക്ഷേ എൽഡിഎഫിന്റെ ഭൂരിപക്ഷം കുറയുമെന്ന് എക്‌സിറ്റ് പോൾ സൂചന നൽകുന്നു. എൽഡിഎഫ് യുഡിഎഫിനേക്കാൾ 5.50 % വോട്ടിന് മുന്നിലാണ്. വോട്ടുശതമാനം ഇങ്ങനെ: എൽഡിഎഫ് 45.40%, യുഡിഎഫ് 39.90%, എൻഡിഎ 12.50%. 5.50% മാർജിനിൽ എൽഡിഎഫ് പയ്യന്നൂരിൽ നിലനിർത്തുമെന്നാണ് പ്രവചനം. 2016ൽ സി.കൃഷ്ണൻ നേടിയ ഭൂരിപക്ഷത്തിൽ (28.07 % 40263 വോട്ട്) കാര്യമായ ഇടിവുണ്ടാകും. എൻഡിഎ 2016ലേക്കാൾ 2 ശതമാനം വരെ കൂടുതൽ വോട്ട് നേടാം. മറ്റുള്ളവർ 2.10%.

ഇടതുകോട്ടയായി കല്യാശേരി തുടരുമെന്നാണ് പ്രവചനം. 23.50% മാർജിനിൽ കല്യാശേരി എൽഡിഎഫ് നിലനിർത്തുമെന്ന് എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. വോട്ടുശതമാനം: എൽഡിഎഫ് 53.70%, യുഡിഎഫ് 30.20%, എൻഡിഎ 13.50% വോട്ടും നേടും. സിപിഎമ്മിലെ എം.വിജിൻ മികച്ച വിജയം നേടുമെന്ന് എക്‌സിറ്റ് പോൾ പറയുന്നു. ടി.വി.രാജേഷ് 2016ൽ നേടിയ മാർജിൻ 30.91 % (42891വോട്ട്). ബിജെപി വോട്ട് ഇത്തവണ 5 ശതമാനമെങ്കിലും ഉയരുമെന്നാണ് പ്രവചനം.

തളിപ്പറമ്പിൽ എം വിഗോവിന്ദൻ 16.90% വോട്ടിന് മുന്നിലെന്ന് എക്‌സിറ്റ് പോൾ പറയുന്നു. എൽഡിഎഫ് വോട്ട് ഇത്തവണയും 50 ശതമാനം കടക്കുമെന്നാണ് പ്രവചനം. വോട്ടുശതമാനം ഇങ്ങനെ: എൽഡിഎഫ് 50.60 ശതമാനം, യുഡിഎഫ് 37.70 ശതമാനം, എൻഡിഎ 10.70 ശതമാനം.

കഴിഞ്ഞ നിയമസഭയിലെ മികച്ച സാമാജികരിലൊരാളായ ജെയിംസ് മാത്യു 2016ൽ 40617 വോട്ടിന് (25.39 %) ജയിച്ച മണ്ഡലം എൽ.ഡി.എഫ് വലിയ മാർജിനിൽ നിലനിർത്തുമെന്ന് എക്‌സിറ്റ് പോൾ. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം വിഗോവിന്ദന് 16.90 % ലീഡാണ് പ്രവചനം. യുഡിഎഫ് വോട്ട് നേരിയ തോതിൽ ഉയരും. എൽഡിഎഫ് വോട്ട് 2016ലെപ്പോലെ 50 ശതമാനം കടന്നേക്കും. മറ്റുള്ളവർ 5.00 %. കഴിഞ്ഞ തവണത്തേതിന്റെ ഇരട്ടിയാണിത്.

ഇരിക്കൂറിൽ കനത്ത പോരാട്ടം ആണ് പോൾ പ്രവചിക്കുന്നത്. ഇരിക്കൂർ എക്‌സിറ്റ് പോളിൽ യുഡിഎഫ് ലീഡ് പക്ഷേ 1.90 % മാത്രം. ശക്തമായ പോരാട്ടം കാഴ്ചവച്ച് കേരള കോൺഗ്രസ് എം രംഗത്തെത്തുന്നു എന്ന് എക്‌സിറ്റ് പോൾ സൂചിപ്പിക്കുന്നു. ബിജെപിക്കും വോട്ട് വർധന പ്രവചിക്കുന്നുണ്ട്. വോട്ടുശതമാനം; യുഡിഎഫ് 45.20%, എൽഡിഎഫ് 43.30 %, എൻഡിഎ 11.00 %. കടുത്ത മൽസരത്തിനൊടുവിൽ യുഡിഎഫ് 1.90 % വോട്ടിന് മുന്നിലെന്നാണ് പ്രവചനം. 2016ൽ കെ.സി.ജോസഫ് 6.52 ശതമാനം (9647 വോട്ട്) ഭൂരിപക്ഷത്തിന്റെ അടുത്ത് ഇത്തവണ യുഡിഎഫ് എത്തുന്നില്ല. ബിജെപി വോട്ട് ഇരട്ടിയാകുമെന്ന് എക്‌സിറ്റ് പോള് പറയുന്നു.

അഴീക്കോട്ട് കെ.എം.ഷാജി നേരിടുന്നത് കനത്ത വെല്ലുവിളിയെന്നാണ് എക്‌സിറ്റ്‌പോൾ ഫലം. പക്ഷേ വിയർത്തെങ്കിലും ഷാജി തന്നെ ജയിക്കുമെന്ന് പോൾ പ്രവചിക്കുന്നു. എക്‌സിറ്റ് പോളിൽ കെ.എം.ഷാജിയുടെ ലീഡ് 1.50% മാത്രമാണ്. അഴീക്കോട് എൽഡിഎഫ് വോട്ട് 2016ലേതിനെക്കാൾ കുറയുമെന്നും സൂചന നൽകുന്നു ഫലം. വോട്ടുശതമാനം: യുഡിഎഫ് 42.00 %, എൽഡിഎഫ് 40.50 %, എൻഡിഎ 14.30 % എന്നിങ്ങനെയാണ് വോട്ടുനില. ഇവിടെ മറ്റുള്ളവർ 3.20 ശതമാനം നേടും. കടുത്ത പോരാട്ടത്തിൽ 1.50 % മാർജിനിൽ കെ.എം.ഷാജി മുന്നിൽ. 2016ൽ കെ.എം.ഷാജി എം വിനികേഷ് കുമാറിനെതിരെ നേടിയ മാർജിൻ 1.62 % (2287 വോട്ട്) ആണ്. ബിജെപി വോട്ട് 5 ശതമാനത്തിലധികം വർധിക്കുമെന്നാണ് പ്രവചനം. ഇത്തവണ മറ്റുള്ളവർക്ക് പ്രവചിക്കുന്ന 3.20 % അസാധാരണമല്ല. കെ.എം.ഷാജിക്കെതിരെ ഉയർന്ന ആരോപണങ്ങളും അന്വേഷണങ്ങളും കേസുകളും എത്രമാത്രം പ്രതിഫലിച്ചുവെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കും.

കണ്ണൂരിൽ സതീശൻ പാച്ചേനി അട്ടിമറി വിജയം നേടുമെന്ന് എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്കുമേൽ സതീശൻ പാച്ചേനിക്ക് 3.60 % ലീഡുണ്ടാകും എന്നാണ് പ്രവചനം. വോട്ടുശതമാനം: യുഡിഎഫ് 41.00 %, എൽഡിഎഫ് 37.40 %, എൻഡിഎ 14.60 %, മറ്റുള്ളവർ 7.00 ശതമാനം വോട്ടും നേടും. സതീശൻ പാച്ചേനി 3.60 % മാർജിനിൽ ജയിക്കുമെന്ന് എക്‌സിറ്റ് പോൾ പറയുന്നു. കഴിഞ്ഞ തവണ രാമചന്ദ്രൻ കടന്നപ്പള്ളി 0.95 % (1196 വോട്ട്) മാർജിനിലാണ് പാച്ചേനിയെ മറികടന്നത്. മറ്റുള്ളവർക്ക് ഇത്തവണ 7.10% വോട്ട് ലഭിക്കും. കഴിഞ്ഞ തവണ 4.37% ആയിരുന്നു. ബിജെപി വോട്ടിലെ വർധനയും മറ്റുള്ളവർ പിടിക്കുന്ന വോട്ടുകളും എൽഡിഎഫിന്റെ അക്കൗണ്ടിൽ നിന്നാണെന്ന് വ്യക്തം. യുഡിഎഫ് വിഹിതത്തിലും നേരിയ കുറവുണ്ട്.

ധർമ്മടത്ത് പിണറായി വിജയൻ മികച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. വോട്ടുശതമാനം: എൽഡിഎഫ് 55.10 %, യുഡിഎഫ് 34.20 %, എൻഡിഎ 8.90 ശതമാനം വോട്ടും നേടും. പിണറായി വിജയൻ 20.90 % മാർജിനിൽ വിജയമുറപ്പിക്കുന്നു. യുഡിഎഫ് വോട്ടിൽ വർധന കാണുന്നു. 2016ൽ പിണറായിയുടെ മാർജിൻ 24.02 % (36,905 വോട്ട്) ആണ്.

തലശേരിയിൽ എ.എൻ.ഷംസീർ വൻഭൂരിപക്ഷം നേടുമെന്ന് എക്‌സിറ്റ് പോൾ. വോട്ടുശതമാനത്തിൽ അത് വ്യക്തം. എൽഡിഎഫ് 54.20 %, യുഡിഎഫ് 24.60 %, എൻഡിഎ 19.00 ശതമാനം എന്നിങ്ങനെയാമ് വോട്ടുനില. തലശേരിയിൽ സിപിഎം അപ്രമാദിത്വം തുടരും എന്ന് ചുരുക്കം. എ.എൻ.ഷംസീർ 29.60 % മാർജിനിൽ വിജയിക്കുമെന്ന് എക്‌സിറ്റ് പോൾ. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ 25.72% (34117 വോട്ട്) ഭൂരിപക്ഷം ഷംസീർ മറികടക്കും. ബിജെപി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതോടെ അവരുടെ വോട്ട് എങ്ങോട്ട് എന്നത് പ്രധാനം. ആദ്യം പിന്തുണ സ്വീകരിക്കുകയും പിന്നീട് വേണ്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്ത സി.ഒ.ടി. നസീറിന് തന്നെ ഗുണം ലഭിക്കുമെന്നാണ് എക്‌സിറ്റ് പോൾ പ്രവചനം. 2016ൽ ബിജെപി 16.68 % വോട്ട് നേടിയിരുന്നു.