തിരുവനന്തപുരം: ബംഗാളിലെ അവസാന ഘട്ട തിരഞ്ഞെടുപ്പും പൂർത്തിയായതോടെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. കാസർകോഡ് ജില്ലയിൽ മഞ്ചേശ്വരം നിയമസഭാ മണ്ഡലം യുഡിഎഫ് നിലനിർത്തുമെന്ന് മാതൃഭൂമി ന്യൂസ് ആക്സിസ് മൈ ഇന്ത്യ നടത്തിയ എക്സിറ്റ് പോൾ. ചുരുങ്ങിയത് അയ്യായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ എ.കെ.എം അഷ്റഫ് വിജയിക്കുമെന്നാണ് എക്സിറ്റ് പോൾ ഫലം സൂചിപ്പിക്കുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ യുഡിഎഫ് മുന്നിലെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ പോസ്റ്റ് പോൾ സർവ്വേയിലും പറയുന്നത്. മുസ്ലിം ലീഗിന്റെ എ കെ എം അഷ്റഫ് വിജയിക്കുവാനാണ് സാധ്യത എന്നും ഏഷ്യാനെറ്റ്. അതേസമയംമഞ്ചേശ്വരത്ത് 0.60 % വ്യത്യാസത്തിൽ എൻഡിഎ മുന്നിലെന്ന് മനോരമന്യൂസ്-വി എം.ആർ എക്‌സിറ്റ് പോൾ ഫലം വ്യക്തമാക്കുന്നു. യുഡിഎഫ് രണ്ടാമതും എൽഡിഎഫ് മൂന്നാംസ്ഥാനത്തെന്നും ഫലം സൂചന നൽകുന്നു.

2006ൽ നേടിയ വിജയം പിന്നീട് ആവർത്തിക്കാൻ എൽ.ഡി.എഫിന് കഴിഞ്ഞിട്ടില്ല. 2011, 2016, 2019 ഉപതിരഞ്ഞെടുപ്പ് മൂന്നിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. കാഞ്ഞങ്ങാട് നഗരസഭാ അധ്യക്ഷനായിരുന്ന വി.വി. രമേശനെയാണ് ഇത്തവണ എൽഡിഎഫ് കളത്തിലിറിക്കിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണ് ഇവിടെ എൻഡിഎ സ്ഥാനാർത്ഥി.

കാസർകോട് മണ്ഡലം യുഡിഎഫ് നിലനിർത്തുമെന്ന് മാതൃഭൂമി-ആക്സിസ് മൈ ഇന്ത്യ സർവേ ഫലങ്ങൾ പ്രവചിക്കുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയായി സിറ്റിങ് എംഎൽഎ എൻഎ നെല്ലിക്കുന്ന് ആണ് ഇക്കുറിയും മത്സരത്തിനിറങ്ങിയത്. രണ്ടായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷമാവും എൻഎ നെല്ലിക്കുന്ന് വിജയിക്കുന്നതെന്നും സർവേ പ്രവചിക്കുന്നു. എൽഡിഎഫിന് വേണ്ടി എംഎ ലത്തീഫ്, യുഡിഎഫിന് വേണ്ടി എൻഎ നെല്ലിക്കുന്ന് എൻഡിഎയ്ക്ക് വേണ്ടി കെ ശ്രീകാന്ത് എന്നിവരാണ് ജനവിധി തേടിയത്. കാസർകോട് മണ്ഡലത്തിൽ യുഡിഎഫിന് വിജയ സാധ്യതയെന്ന് ഏഷ്യാനെറ്റ് ന്യൂസ് പോസ്റ്റ് പോൾ സർവ്വേ പറയുന്നു. ഈ മണ്ഡലത്തിൽ എൽഡിഎഫ് മൂന്നാമത് പോകാൻ സാധ്യത. മുസ്ലിം ലീഗിന്റെ എൻ.എ.നെല്ലിക്കുന്ന് വിജയം ആവർത്തിക്കും എന്നാണ് സർവേ പ്രവചിക്കുന്നത്. കാസർകോട്ട് യുഡിഎഫ് തന്നെ ജയിക്കുമെന്ന് മനോരമന്യൂസ്‌വി എം.ആർ എക്‌സിറ്റ് പോൾ ഫലവും വ്യക്തമാക്കുന്നു. എക്‌സിറ്റ് പോളിൽ ലീഗ് ബിജെപിയെക്കാൾ 11.70% മുന്നിലെന്ന് എക്‌സിറ്റ് പോൾ ഫലം സൂചിപ്പിക്കുന്നു.

ഉദുമ സിഎച്ച് കുഞ്ഞമ്പുവിലൂടെ സിപിഎം നിലനിർത്തുമെന്ന് മാതൃഭൂമി പ്രവചിക്കുന്നു. ഉദുമയിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ പോസ്റ്റ് പോൾ സർവ്വേയിൽ പറയുന്നത്. ബാലകൃഷ്ണൻ പെരിയയും സി എച്ച് കുഞ്ഞമ്പവും തമ്മിലാണ് ഉദുമയിലെ പോര്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 3832 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫിന്റെ കെ.കുഞ്ഞിരാമനാണ് ഉദുമയിൽ നിന്ന് വിജയിച്ചത്. അതേസമയം, ഉദുമയിൽ കടുത്ത മൽസരത്തിനൊടുവിൽ യുഡിഎഫ് അട്ടിമറിയുണ്ടാകുമെന്നാണ് മനോരമ ന്യൂസ് എക്‌സിറ്റ് പോൾ. 1.20 % വോട്ടിന് കോൺഗ്രസിലെ സി.ബാലകൃഷ്ണൻ സി.എച്ച് കുഞ്ഞമ്പുവിനെ മറികടക്കുമെന്നാണ് പ്രവചനം. ഇത്തവണ എൽഡിഎഫിന്റെ വോട്ട് വിഹിതവും കുറയുമെന്ന് എക്‌സിറ്റ് പോൾ പറയുന്നു.

കാഞ്ഞങ്ങാട് മണ്ഡലം എൽഡിഎഫ് നിലനിർത്തുമെന്ന് മാതൃഭൂമി സർവേ പ്രവചിക്കുന്നു. സിറ്റിങ് എംഎൽഎ ആയ ഇ ചന്ദ്രശേഖരനാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരത്തിനിറങ്ങിയത്. പിവി സുരേഷ്(യുഡിഎഫ്),എം ബൽരാജ്(എൻഡിഎ) എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. 2016ലെ തിരഞ്ഞെടുപ്പിൽ 26011 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇ ചന്ദ്രശേഖരൻ കാഞ്ഞങ്ങാട് മത്സരിച്ചത്.കാഞ്ഞങ്ങാട് ചന്ദ്രശേഖരന് മുൻതൂക്കമെന്ന് ഏഷ്യാനെറ്റ് സർവേയിൽ പറയുന്നു.

തൃക്കരിപ്പൂരിൽ എൽഡിഎഫിന്റെ എം.രാജഗോപാൽ ഇത്തവണയും നിന്ന് വിജയിക്കുമെന്നാണ് മാതൃഭൂമി എക്സിറ്റ് പോൾ ഫലം. 16348 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് കഴിഞ്ഞ തവണ വിജയിച്ച മണ്ഡലമാണ് തൃക്കരിപ്പൂർ. എൽഡിഎഫിനെന്നാണ് ഏഷ്യാനെറ്റ് ന്യൂസും സാധ്യത കല്പിക്കുന്നത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ എംപി ജോസഫ് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെച്ചില്ലെന്നാണ് സർവേഫലം സൂചിപ്പിക്കുന്നത്