ന്യൂഡൽഹി: വീണ്ടും ഒരു തിരഞ്ഞെടുപ്പുകൂടി കടന്നുപോകുമ്പോൾ എക്‌സിറ്റ് പോളുകളുടെ ആധികാരികത ഒരിക്കൽക്കൂടി ചർച്ചയാകുന്നു. കോൺഗ്രസിന് ലഭിക്കുന്ന സീറ്റുകളുടെ എണ്ണം കൃത്യമായി പ്രവചിക്കാൻ ഒരു പ്രവചനത്തിനും ആയില്ലെന്ന വിലയിരുത്തലാണ് ഉയരുന്നത്. അതേസമയം, ബിജെപി തന്നെ അധികാരത്തിൽ എത്തുമെന്ന കാര്യം പ്രവചിക്കാൻ കഴിഞ്ഞുവെന്ന ആശ്വാസത്തിലാണ് എക്‌സിറ്റ് പോൾ നടത്തിയ സ്ഥാപനങ്ങൾ.

തുടക്കംമുതലേ അനിശ്ചിതത്വം ഉണ്ടാവുകയും അപ്രതീക്ഷിതമായി പല വിഷയങ്ങളും അവസാനഘട്ടത്തിൽ ചർച്ചയാവുകയും ചെയ്തതോടെ ആണ് അന്തിമഫലം കൃത്യമായി പ്രവചിക്കാൻ ഒരു സർവേക്കും കഴിയാതെ പോയതെന്നാണ് വിലയിരുത്തപ്പെടുന്നത്.

രാവിലെ വോട്ടെണ്ണി തുടങ്ങിയപ്പോൾ മുതൽ എല്ലാ എക്‌സിറ്റ് പോളുകളേയും തെറ്റിച്ച് കോൺഗ്രസ് അധികാരത്തിലേക്ക് എന്ന പ്രതീതി ഉയർന്നിരുന്നു. ഒരു ഘട്ടത്തിൽ കോൺഗ്രസ് ബിജെപിയെ മറികടക്കുമെന്നുവരെ തോന്നിച്ച ഘട്ടത്തിലായിരുന്നു ഇത്. ബിജെപിയും കോൺഗ്രസും ഇഞ്ചോടിഞ്ച് മുന്നേറിയതോടെ പിന്നെയും ആശങ്ക.

എന്നാൽ അന്തിമഫലങ്ങൾ വരുമ്പോൾ ഗുജറാത്തിൽ ബിജെപി അധികാരം നേടുകയും കോൺഗ്രസ് നില മെച്ചപ്പെടുത്തുകയും ഹിമാചലിൽ കോൺഗ്രസിൽനിന്ന് ഭരണം ബിജെപി പിടിച്ചെടുക്കുകയും ചെയ്തു. ഇതെല്ലാം പ്രവചനങ്ങളിൽ നിന്ന് കുറേ അകലെയാണെങ്കിലും ആർക്കാവും അധികാരം എന്ന കാര്യത്തിൽ പ്രവചനം ഫലിച്ചുവെന്ന് ആശ്വസിക്കുകയാണ് എക്‌സിറ്റ് പോൾ നടത്തിയവർ.

രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിനു പിന്നാലെ വിവിധ ഏജൻസികൾ പുറത്തുവിട്ട എക്‌സിറ്റ് പോൾ ഫലങ്ങൾ ബിജെപിയുടെ വിജയം പ്രവചിച്ചിരുന്നതാണ്. ഇതിൽ ഇന്ത്യാ ടുഡേയുടെ പ്രവചനമാണ് ഏറെക്കുറെയെങ്കിലും ഗുജറാത്തിലെ ഫലത്തിന് അടുത്തെത്തിയത്. ബിജെപിക്ക് 99-113, കോൺഗ്രസിന് 68-82 എന്നിങ്ങനെയായിരുന്നു ഇന്ത്യാ ടുഡേയുടെ പ്രവചനം.

ഫലപ്രഖ്യാപനത്തിനു മുൻപ് ഗുജറാത്തിൽ 150ൽ അധികം സീറ്റ് നേടുമെന്നായിരുന്നു ബിജെപിയുടെ പ്രഖ്യാപനം. എക്‌സിറ്റ് പോൾ ഫലങ്ങളിൽ ഇതിന് അടുത്ത് ബിജെപി സീറ്റുകൾ പ്രവചിച്ചത് ന്യൂസ് 24 ആയിരുന്നു. 135 സീറ്റുകൾ ബിജെപിക്കും 47 സീറ്റുകൾ കോൺഗ്രസിനും ലഭിക്കുമെന്നായിരുന്നു അവരുടെ പ്രവചനം. ഗുജറാത്തിനെ സംബന്ധിച്ച എക്‌സിറ്റ് പോൾ പ്രവചനങ്ങളിൽ പാളിപ്പോയ പ്രവചനവും അവരുടേതുതന്നെ.

ഹിമാചൽ പ്രദേശിലെ ഫലത്തിന്റെ കാര്യത്തിലും കൃത്യത പാലിക്കാൻ കുറച്ചെങ്കിലും സാധിച്ചത് ഇന്ത്യാ ടുഡേയ്ക്കാണ്. ബിജെപിക്ക് 47-55 വരെയും കോൺഗ്രസിന് 13-20 വരെയുമായിരുന്നു ഇന്ത്യാ ടുഡേയുടെ പ്രവചനം. ഹിമാചലിൽ 44 സീറ്റുകൾ ബിജെപിയും 21 സീറ്റുകൾ കോൺഗ്രസും നേടി. ഹിമാചലിന്റെ കാര്യത്തിൽ ന്യൂസ് എക്സിനും ഏറെക്കുറേ കൃത്യത പ്രവചിക്കാനായി. ന്യൂസ് എക്‌സിന്റെ പ്രവചനം അനുസരിച്ച് ഹിമാചലിൽ ബിജെപി 42-50 സീറ്റുകളും കോൺഗ്രസ് 18-24 സീറ്റുകൾക്കുമായിരുന്നു സാധ്യത കൽപിച്ചിരുന്നത്. മറ്റുള്ളവർക്ക് രണ്ടു സീറ്റുകളും.