തിരുവനന്തപുരം: സംസ്ഥാനത്ത് ഇടതുമുന്നണിക്ക് ഭരണത്തുടർച്ച പ്രഖ്യാപിച്ച് മൂന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ. മാതൃഭൂമി ന്യൂസ്-ആക്‌സിസ് മൈ ഇന്ത്യ, മനോരമ ന്യൂസ്-വി എംആർ, ഏഷ്യാനെറ്റ് ന്യൂസ് - സീ ഫോർ എന്നീ പോസ്റ്റ് പോൾ സർവേകളിലാണ് ഇടതിന്റെ മുന്നേറ്റം ഉറപ്പിക്കുന്നത്. ഇതിൽ ഇടത് തരംഗം പ്രവചിക്കുന്നത് മാതൃഭൂമി ന്യൂസ് മാത്രം. 47 ശതമാനത്തിലേറെ വോട്ടാണ് എല്ലാ ജില്ലകളിലെയും ഇടതുമുന്നേറ്റത്തിലൂടെ എൽഡിഎഫിന് കിട്ടുന്നത്. എൽഡിഎഫിന് 104 - 120 സീറ്റുകൾ ലഭിക്കുമെന്ന് മാതൃഭൂമി സർവ്വേയിൽ പറയുന്നു. യുഡിഎഫ് 20-36 സീറ്റുകൾ നേടുമെന്നും എൻഡിഎക്ക് 0-2 സീറ്റുകൾ ലഭിക്കുമെന്നുമാണ് സർവേ നൽകുന്ന സൂചന. എൽഡിഎഫിന് 47%, യുഡിഎഫ് 38%, എൻഡിഎ 12% എന്നിങ്ങനെയാണ് പ്രവചിക്കപ്പെടുന്ന വോട്ട് വിഹിതം.

തെക്കൻ കേരളത്തിൽ എൽഡിഎഫിന് അനുകൂലമായ ശക്തമായ തരംഗമാണെന്നാണ് സർവേ പറയുന്നത്. യുഡിഎഫിന് വലിയ തിരിച്ചടിയാണ് ഇവിടെ പ്രവചിക്കുന്നത്. വടക്കൻകേരളമാണ് യുഡിഎഫിന് അനുകൂലമായി അൽപമെങ്കിലും നിലകൊള്ളുന്നത്. നേമം മണ്ഡലം എൻഡിഎയ്ക്ക് നഷ്ടമാകുമെന്നും സർവേ പ്രചിക്കുന്നു. പിണറായി സർക്കാരിന്റെ ഭരണനേട്ടങ്ങളും ഭരണ മികവും ക്ഷേമ പദ്ധതികളും എൽഡിഎഫിന് നേട്ടമായി. യുവജന, സ്ത്രീ വിഭാഗങ്ങളുടെ പിന്തുണ എൽഡിഎഫിനെന്നും മാതൃഭൂമി സർവേയിൽ പറയുന്നു.

ഏഷ്യാനെറ്റ് സർവേ

77 മുതൽ 86 സീറ്റ് വരെ എൽഡിഎഫും 52 മുതൽ 61 സീറ്റ് വരെ യുഡിഎഫും നേടുമ്പോൾ ബിജെപിക്ക് രണ്ട് മുതൽ അഞ്ച് വരെ സീറ്റുകളാണ് ഏഷ്യാനെറ്റ് -സീഫോർ സർവേ കണക്കാക്കുന്നത്. മറ്റുള്ളവർ മൂന്ന് സീറ്റ് വരെ നേടിയേക്കാമെന്നും സർവെ പറയുന്നുണ്ട്. 42 ശതമാനം വോട്ടാണ് ഇടതുമുന്നണിക്ക് ലഭിക്കുക. യുഡിഎഫിന് 38 ശതമാനം വോട്ട് ലഭിക്കും. മൂന്നാം സ്ഥാനത്തെത്തുന്ന എൻഡിഎക്ക് 17 ശതമാനം വോട്ടാണ് നേടാനാവുക.

കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഇടതുമുന്നണി വ്യക്തമായ മേൽക്കൈ നേടും. കോട്ടയത്തും ബലാബലമാണ്. എറണാകുളത്തും മലപ്പുറത്തും യുഡിഎഫിന് മികച്ച ഭൂരിപക്ഷം സീറ്റുകളുടെ എണ്ണത്തിലടക്കം ഉണ്ടാകും.

സംസ്ഥാനത്തെ യുവജന-സ്ത്രീ വിഭാഗങ്ങളുടെ പിന്തുണയും ഇടതുമുന്നണിക്ക് തന്നെയാണ്. വോട്ടർമാരിൽ 43 ശതമാനം സ്ത്രീകളും പിന്തുണക്കുന്നത് ഇടതുമുന്നണിയെയാണ്. 37 ശതമാനമാണ് യുഡിഎഫിനെ പിന്തുണക്കുന്നത്. പുരുഷന്മാരിലും കൂടുതൽ പിന്തുണ ഇടതിനാണ്. 41 ശതമാനം. 39 ശതമാനം പേർ യുഡിഎഫിനെ പിന്തുണക്കുന്നു. സ്ത്രീകളിൽ 18 ശതമാനവും പുരുഷന്മാരിൽ 16 ശതമാനവും എൻഡിഎയെ പിന്തുണക്കുന്നവരാണ്.

മനോരമ സർവേ

73 സീറ്റ എഡിഎഫിനും 64 സീറ്റ് യു.ഡി.എഫിനും എൻ.ഡി.എയ്ക്ക് രണ്ടുസീറ്റുകളും കേരള ജനപക്ഷത്തിന് ഒരു സീറ്റും മനോരമ-വി എംആർ എക്‌സിറ്റ്‌പോൾ പ്രവചിക്കുന്നു. ശക്തമായ ത്രികോണമൽസരം നടന്ന തലസ്ഥാനത്തെ നേമത്ത് എൻ.ഡി.എയുടെ സീറ്റിൽ എൽ.ഡി.എഫ് മുന്നിലെത്തും. കഴക്കൂട്ടത്ത് മന്ത്രി കടകംപള്ളിയെ മറികടന്ന് എൻ.ഡി.എയുടെ ശോഭാസുരേന്ദ്രന്റെ അട്ടിമറി ജയമാണ് പ്രവചിക്കുന്നത്. എൽ.ഡി.എഫിന് 68 മുതൽ 78 വരെ സീറ്റുകളിലാണ് സാധ്യത കൽപ്പിക്കുന്നത്.. യു.ഡി.എഫിന് 59 മുതൽ 70 വരെ സീറ്റുകൾ ലഭിച്ചേക്കാം. എൻ.ഡി.എയ്ക്ക് 1 മുതൽ രണ്ട് സീറ്റുവരെയും മറ്റുള്ളവർക്ക് ഒരു സീറ്റും ലഭിക്കാം. ഇടതുമുന്നണിക്ക് ലഭിക്കുന്ന 40.9 ശതമാനവും യു.ഡി.എഫിന് 38.52 ശതമാനവും എൻ.ഡി.എയ്ക്ക് 15.48 ശതമാനവുമാണ് എക്‌സിറ്റ് പോളിലെ വോട്ടുവിഹിത പ്രവചനം.