സ്വദേശി പാർപ്പിട മേഖലകളിൽ നിന്നും ബാച്ചിലർമാരെ ഒഴിപ്പിക്കുന്ന നടപടിക്ക് മന്ത്രിസഭയുടെ അംഗീകാരം കൂടി ലഭിച്ചതോടെ അടുത്ത ആഴ്‌ച്ച മുതൽ വിദേശി ബാച്ചിലർമാരെ ഒഴിപ്പിച്ച് തുടങ്ങും. പരിശോധനാ സംഘം ബുധനാഴ്ച മുതൽ പരിശോധന തുടങ്ങും. നിയമലംഘകർക്ക് 1000 ദിനാർ പിഴ ഈടാക്കും.

1992ലെ താമസ നിയമത്തിൽ മൂന്നാഴ്ച മുമ്പ് മുനിസിപ്പൽ കൗൺസിൽ നടപ്പാക്കിയ ഭേദഗതിക്കാണ് ഇന്നലെ ചേർന്ന മന്ത്രി സഭയോഗം അംഗീകാരം നല്കിയത്.ബാച്ചിലർ താമസക്കാരെ ഒഴിപ്പിക്കുന്നതിനു പൊലീസ് സേനയെ ഉപയോഗപ്പെടുത്താനും കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതി വിതരണം നിർത്തി വെക്കാനും മുനിസിപ്പൽ കൗൺസിൽ തീരുമാനിച്ചിരുന്നു. ഭേദഗതി അംഗീകരിച്ച മന്ത്രിസഭ അടുത്ത ആഴ്ച മുതൽ പരിശോധന തുടങ്ങാനും നിയമ ലംഘകരിൽ നിന്ന് 1000 ദിനാർ പിഴ ഈടാക്കാനും അനുമതി നല്കി. തുടർ നടപടികൾ സ്വീകരിക്കാൻ മുനിസിപ്പൽ കാര്യമന്ത്രി ഈസ അൽകന്ദരിയെ കാബിനറ്റ് ചുമതലപ്പെടുത്തുകയും ചെയ്തു.

ഇതേതുടർന്ന് മന്ത്രി വിളിച്ചു കൂട്ടിയ ഉന്നതതലയോഗത്തിലാണ് ബുധനാഴ്ച മുതൽ വ്യാപകമായ പരിശോധന ആരംഭിക്കാൻ ധാരണയായത്. പരിശോധന സംഘങ്ങളുടെ നേതൃത്വം മുനിസിപ്പാലിറ്റി ഡയറക്റ്റർ എഞ്ചിനീയർ അഹ്മദ് അൽമൻഹൂഫിക്കായിരിക്കും. വിവിധ ഗവർണറേറ്റ് അധികൃതരും പൊലീസും നൽകുന്ന വിവരങ്ങൾക്കനുസരിച്ചായിരിക്കും ആദ്യഘട്ടത്തിൽ ഒഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുക.

ആറുമാസമാണ് സ്വദേശി പാർപ്പിട മേഖലകളിൽ നിന്ന് വിദേശി ബാച്ചിലർമാരെ പൂർണമായും ഒഴിപ്പിക്കുന്നതിനായി മുനിസിപ്പൽ അധികൃതർ കണക്കാക്കിയിരിക്കുന്നത്.ഒഴിപ്പിക്കൽ നടപടികൾ മലയാളികളടക്കമുള്ള നിരവധി പ്രവാസികളെ ദുരിതത്തിലാക്കുമെന്നാണ് കരുതുന്നത്.